X

ഗാര്‍ഹികപീഡനം തടയല്‍: ബഹ്‌റൈനില്‍ ഏകീകൃത സംവിധാനം നിലവില്‍ വന്നു

2011ല്‍ രൂപീകരിച്ച സംയുക്ത സമിതിയാണ് ഏകീകൃത രജിസ്ട്രേഷന്‍ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. 2012ല്‍ ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍വരുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു

ബഹ്റൈനില്‍ ഗാര്‍ഹികപീഡന പരാതികള്‍ രജിസ്റ്റര്‍ചെയ്യാന്‍ ഏകീകൃത സംവിധാനം നിലവില്‍വന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് ദേശീയ സ്ഥിതിവിവരക്കണക്ക് പുറത്തിറക്കവെ സുപ്രിംകൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ഡോ. ഹാല അല്‍ അന്‍സാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌.

പീഡനവിവരം പുറത്തുപറയാന്‍ മടിക്കുന്നത് അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളെ തടസ്സപെടുത്തുന്നു. അതിനാല്‍ പീഡനവിവരങ്ങള്‍ രഹസ്യമായി സുക്ഷിക്കുന്നതിനു സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഹാല അല്‍ അന്‍സാരി വ്യക്തമാക്കി. ഏകീകൃത രജിസ്ട്രേഷനിലൂടെ പീഡനവിവരങ്ങള്‍ എവിടെവച്ചും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും ഉടനടി പ്രശ്നത്തിലിടപെടാനും കഴിയും.

2011ല്‍ രൂപീകരിച്ച സംയുക്ത സമിതിയാണ് ഏകീകൃത രജിസ്ട്രേഷന്‍ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. 2012ല്‍ ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍വരുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ഈ നിര്‍വചനങ്ങളെ നിയമവുമായി കൂട്ടിയിണക്കിയാണ് വിവരശേഖരണത്തിന് ഇലക്ട്രോണിക് സംവിധാനം തയാറാക്കിയിരിക്കുന്നത്.

ഇത് അടുത്തവര്‍ഷത്തോടെ കൂടുതല്‍ സജീവമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനില്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികപീഡനം തടയുന്നതിന് 123 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.