X

അപ്പീലിന് ദേശീയ കോടതിയെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് രൂപീകരിച്ചു

അഴിമുഖം പ്രതിനിധി

അപ്പീലുകള്‍ കേള്‍ക്കുന്നതിന് ദേശീയ കോടതി സ്ഥാപിക്കുന്നതിനെ കുറിച്ച ചര്‍ച്ച ചെയ്യാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്കും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അപ്പീലിനായി ദേശീയ കോടതിയെന്നത് സാധ്യമല്ലെന്നായിരുന്നു റോത്തഗി വാദിച്ചത്. അതേസമയം ഈ ആശയത്തെ വേണുഗോപാല്‍ അനുകൂലിച്ചു. ആറു വര്‍ഷത്തെ ചര്‍ച്ചയ്ക്കുശേഷം അയര്‍ലന്റ് അപ്പീലിനായി ദേശീയ കോടതി രൂപീകരിച്ചുവെന്ന് വേണുഗോപാല്‍ പറഞ്ഞു. മറ്റു രാജ്യങ്ങളും ഇത് നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സ്വദേശിയായ അഭിഭാഷകന്‍ വി വസന്തകുമാറാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. അടുത്ത ദിവസം മൂന്നംഗ ബഞ്ച് ഇത് പരിഗണിച്ചശേഷം ഭരണഘടനാ ബഞ്ചിന് വിടും. ഫെബ്രുവരി 27-നാണ് ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്.

ചെന്നൈ, മുംബയ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബഞ്ചുകളുള്ള ദേശീയ കോടതി സ്ഥാപിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഈ ബഞ്ചുകളുടെ പരിധിയില്‍ വരുന്ന ഹൈക്കോടതികള്‍, ട്രൈബ്യൂണലുകള്‍ എന്നിവയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന സിവില്‍, ക്രിമിനല്‍, തൊഴില്‍, നികുതി കേസുകളിലെ അപ്പീലുകള്‍ അവ പരിഗണിക്കും. അത്തരം ഒരു കോടതി സ്ഥാപിതമായാല്‍ ഭരണഘടന, പൊതു നിയമങ്ങള്‍ എന്നിവ സംബന്ധിച്ചകാര്യങ്ങള്‍ മാത്രമാകും സുപ്രീംകോടതിയുടെ പരിഗണനയില്‍ വരിക.

This post was last modified on December 27, 2016 3:55 pm