X

കുമ്മനത്തിന്റെ പോസ്റ്റ് നിയമവിരുദ്ധമെന്ന് പിണറായി: ആവശ്യമെങ്കില്‍ കേസെടുക്കും

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നും പിണറായി

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട പോസ്റ്റ് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. എവിടെയാണ് സന്തോഷ പ്രകടനം നടന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഎം നടത്തിയ ആഹ്ലാദപ്രകടനമെന്ന് പറഞ്ഞ് കുമ്മനം ട്വീറ്ററില്‍ വീഡയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നും പിണറായി അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ല. ഇതു തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പയ്യൂന്നൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിനു കിട്ടിയ മൊഴിയെന്ന് സമ്മതിച്ചു. അതേസമയം അഫ്‌സ്പ നടപ്പാക്കണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ല. ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. അവരുടേത് ഫാസിസ്റ്റ് നയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പരാതി ലഭിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൈമാറുകയെന്ന ഭരണഘടനാപരമായ ചുമതലയാണ് ഗവര്‍ണര്‍ നിറവേറ്റിയത്. ജനാധിപത്യ സമൂഹത്തിന് ചേരാത്ത നിലപാടാണ് ബിജെപി കൈക്കൊള്ളുന്നത്.

അതേസമയം സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേരളത്തില്‍ സമാധാന അന്തരീക്ഷം ഇല്ലാതായിരിക്കുകയാണ്. സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

This post was last modified on May 15, 2017 12:38 pm