X
    Categories: കായികം

ഓവര്‍ത്രോയില്‍ അഞ്ചു റണ്‍സിന് പകരം ആറു റണ്‍സ്; ആരാധകരുടെ പ്രിയ നായകന്‍ കെയ്ന്‍ വില്യംസണ്‍ പറയുന്നു

ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു പിച്ച്. 300-നുമുകളില്‍ സ്‌കോര്‍ പോകുമെന്നൊക്കെ മത്സരത്തിനുമുമ്പ് ചിലര്‍ പറഞ്ഞു.

ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് കിരീടം നേടിയതിന് ശേഷം ഫൈനല്‍ മത്സരത്തിലെ അംപയറിംഗിനെതിരെയും സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 50 ഓവര്‍ മത്സരവും സൂപ്പര്‍ ഓവര്‍ മത്സരവും സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആ തീരുമാനം കിവീസിന് വലിയ നിരാശയാണ് നല്‍കിയത്. ഇപ്പോള്‍ തോല്‍വിയെ കുറിച്ചുള്ള കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ മറുപടി ചര്‍ച്ചയാകുകയാണ്.

ലോകകപ്പിലെ ഫൈനല്‍ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മത്സരത്തില്‍ ആര്‍ക്കും പരാജയം ഉണ്ടായില്ല. പക്ഷേ, ഒരു കിരീടധാരിയുണ്ടായി. ആരാണ് ജയിച്ചത്? എങ്ങനെയാണ് വിജയിയെ തീരുമാനിച്ചത്? ബൗണ്ടറി കൂടുതലടിച്ചു എന്നോ മറ്റോ പറഞ്ഞല്ലേ. ആരോ ഈ ലോകകിരീടം കൊണ്ടുപോയി, എന്തായാലും ഞങ്ങളല്ല. രണ്ട് തവണ സമനിലയില്‍ കലാശിച്ച പോരാട്ടത്തില്‍ എങ്ങനെ വിജയിയുണ്ടായി. ബൗണ്ടറികളുടെ കണക്കെടുപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമത്തിലുള്ളതാണ്. ഞങ്ങളതില്‍ ഒപ്പുവെച്ചതാണ്. അതുകൊണ്ട് പരാജയത്തെ വിഷമത്തോടെയാണെങ്കിലും സ്വീകരിച്ചേ പറ്റൂ. അക്കാര്യങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഫൈനല്‍ ഒരു നാണക്കേടായി മാറിയെന്ന് ഖേദത്തോടെ പറയട്ടെ. ഫൈനല്‍ ഇപ്പോഴും ടൈ തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഓവര്‍ത്രോയില്‍ അഞ്ചു റണ്‍സിനു പകരം ആറു റണ്‍സ് ഞങ്ങളില്‍ ചുമത്തപ്പെട്ടു. അതിനെപ്പറ്റിയുള്ള ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇഷ്ടപ്പെടുമെന്നതായിരിക്കില്ല. എങ്കിലും പറഞ്ഞല്ലേ പറ്റൂ. ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ത്തട്ടിയാണ് ബൗണ്ടറിയിലേക്കുപോയത്. മറ്റാരുടെയോ പിഴവുകൊണ്ട് നഷ്ടപ്പെട്ട ആ ഒരു റണ്ണിനെക്കുറിച്ച് എന്തുപറയാന്‍. അതും ഒരു നാണക്കേട്. ഫൈനല്‍പോലൊരു മത്സരത്തില്‍ ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എങ്കിലും അമ്പയര്‍മാര്‍ക്കും മാനുഷികമായ പിഴവുകള്‍ പറ്റും. അത് ഒരു ടീമിനെ വേദനിപ്പിക്കും, എതിര്‍ടീമിന് അനുഗ്രഹമാകും. ഇത്തരം ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ കളിക്കിടെ സംഭവിക്കും. മത്സരം ടൈയിലേക്ക് എത്തിയപ്പോള്‍, നഷ്ടപ്പെട്ട ഓരോ റണ്ണും നമ്മുടെ മനസ്സിലേക്കുവരും. ആ ഒരു റണ്‍ മാത്രമല്ല തോല്‍വിക്ക് കാരണം. മറ്റു പല കാര്യങ്ങളുമുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു പിച്ച്. 300-നുമുകളില്‍ സ്‌കോര്‍ പോകുമെന്നൊക്കെ മത്സരത്തിനുമുമ്പ് ചിലര്‍ പറഞ്ഞു. പക്ഷേ, പിച്ച് അങ്ങനെയല്ലായിരുന്നു. 20 റണ്‍സ് കൂടിയെങ്കിലും എടുക്കണമായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. 241 റണ്‍സ് പ്രതിരോധിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷെ കപ്പടിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കിരീടത്തിനായി അവര്‍ നന്നായി പൊരുതി. ഇംഗ്ലണ്ട് ടീമിനും അഭിനന്ദനങ്ങള്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

This post was last modified on July 17, 2019 2:14 pm