X
    Categories: കായികം

‘കറുത്തവന്‍’; വംശീയാധിക്ഷേപം നടത്തിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനും കിട്ടി വിലക്ക്

സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ താരം ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന കാരണത്താല്‍ പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് വിലക്ക്. ദക്ഷിണാഫ്രിക്കയ്ക്കതെരിരെ ഇന്ന് നടക്കുന്ന ഏകദിനവും അവസാന ഏകദിനവും പാക് താരത്തിന് നഷ്ടമാവും. മൂന്ന് ട്വന്റി 20 പരമ്പരകളിലെ ആദ്യ രണ്ട് ട്വന്റി മത്സരവും ക്യാപ്റ്റന് നഷ്ടമാവും.

ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 37-ാം ഓവറില്‍ ക്രീസില്‍ നില്‍ക്കുകയായിരുന്ന ഫെലുക്ക്വായെ വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫ്രാസ് ‘കറുത്തവന്‍’ എന്ന് ഉറുദുവില്‍ വിശേഷിപ്പിക്കുകയായിരുന്നു. സര്‍ഫ്രാസിന്റെ വാക്കുകള്‍ മൈക്ക് സ്റ്റംപ് ഒപ്പിയെടുത്തതോടെ വിവാദം കത്തിപ്പടര്‍ന്നു. പിന്നാലെയാണ് ഐസിസിയുടെ നടപടി.

സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചിരുന്നു. സര്‍ഫ്രാസും ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കാന്‍ ആയിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നുംസര്‍ഫ്രാസ് പറഞ്ഞു. വാക്കുകള്‍ എതിരാളികള്‍ക്കോ അവരുടെ ആരാധകര്‍ക്കോ മനസിലാവുമെന്ന് പോലും താന്‍ കരുതിയില്ലെന്നും എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടുപോവൂവെന്നും സര്‍ഫ്രാസ് വ്യക്തമാക്കി

This post was last modified on January 28, 2019 8:54 am