X

“ഛലോ ദില്ലി” മാര്‍ച്ചില്‍ ആയിരങ്ങള്‍: കെജ്രിവാളും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നു

അഴിമുഖം പ്രതിനിധി

 

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമൂലയ്ക്ക് നീതി കിട്ടണമെന്നും ജെ.എന്‍.യുവില്‍ അടക്കം ഇപ്പോള്‍ നടക്കുന്ന അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ‘ഛലോ ദില്ലി’ മാര്‍ച്ചിന് തുടക്കമായി. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് അംബേദ്ക്കര്‍ ഭവന്‍ മുതല്‍ ജന്തര്‍ മന്ദര്‍ വരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ജെ.എന്‍.യു വിഷയത്തില്‍ 10,000-ത്തിലേറെ വിദ്യാര്‍ഥികള്‍ ഇതുപോലെ മാര്‍ച്ച് നടത്തിയതിനു പിന്നാലെയാണ് രോഹിത് വെമൂല വിഷയത്തിലുള്ള പ്രതിഷേധവും.

 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഹൈദരാബാദ് സര്‍വകലാശാലയിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ജെ.എന്‍.യു പ്രശ്‌നം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ സമരത്തിനെത്തുമെന്ന ഇരുവരുടേയും പ്രസ്താവന ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതു കൂടിയാണ്. ജെ.എന്‍.യു പ്രശ്‌നത്തില്‍ ഇടപെടുന്നതിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ച്ചയായി രംഗത്തുവന്നിരുന്നു.

 

രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കടുത്ത പ്രസ്താവനകള്‍ നടത്തിയിരുന്നെങ്കിലും ജെ.എന്‍.യു വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ ഇവര്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.