X

നാടോടിയെ ബസില്‍ കയറ്റാന്‍ കൊള്ളില്ലെന്നു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കു തോന്നി; ഡോറില്‍ കൈകുടുങ്ങി യുവതിയുടെ വിരലറ്റു

അഴിമുഖം പ്രതിനിധി

നാടോടി സ്ത്രീകളെ ബസില്‍ കയറ്റാന്‍ കൊള്ളില്ലെന്നു തോന്നിയ കെഎസ്ആര്‍ടിസി ബസ് കണ്ടകറുടെ വാശിയില്‍ യുവതിക്ക് നഷ്ടനമായത് കൈവിരല്‍. പൊന്നാനിയില്‍ നിന്നും മലപ്പുറത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇത്തരമൊരു ക്രൂരത നടന്നത്. എടപ്പാളില്‍ നിന്നുള്ള അഞ്ചംഗസംഘമായിരുന്നു ബസില്‍ കയറാന്‍ ശ്രമിച്ചത്. കൈക്കുഞ്ഞുങ്ങളടക്കം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരില്‍ മൂന്നുപേര് അകത്തു കയറിയെങ്കിലും ബാക്കിയുള്ളവരെ പുറത്താക്കി കൊണ്ട് ഡോര്‍ അടയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് സെല്‍വി എന്ന യുവതിയുടെ വിരലുകള്‍ ഡോറിനിടയില്‍ കുടുങ്ങിയത്.

അപകടം പറ്റിയെന്നു കണ്ടിട്ടും 100 രൂപ കൊടുത്തു സ്ത്രീകളെ പറഞ്ഞുവിടാനായിരുന്നു കണ്ടക്ടര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ പ്രതികരിച്ചു. തുടര്‍ന്ന് ഇവരെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് സെല്‍വിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാടോടി സ്ത്രീകള്‍ മോഷ്ടാക്കളാണെന്ന ധാരണയാണ് പൊതുവെ. ഇതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളിലും നിന്നും വാഹനങ്ങളില്‍ നിന്നും ഇവരെ ആട്ടിയോടിക്കുന്ന ശീലമാണ് കേരളത്തിലുള്ളത്. ഇതേ മാനസികാവസ്ഥവച്ചാണ് ബസ് കണ്ടക്ടറും ഇവരോട് പെരുമാറിയത്. പക്ഷേ ആ സ്ത്രീക്ക് നഷ്ടമായത് കൈവിരുകളാണ്. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടികളുണ്ടാകുമെന്നോ ആ യുവതിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടുമെന്നോ അറിയില്ല.

This post was last modified on December 27, 2016 4:02 pm