X

ട്രംപ് അനുകൂല കമ്യൂണിറ്റിയെ സോഷ്യല്‍ മീഡിയ സൈറ്റായ റെഡ്ഡിറ്റ് വിലക്കിയതെന്തുകൊണ്ട്?

സമൂഹ മാധ്യമങ്ങളില്‍ ട്രംപിന് അനുകൂലമായ മെമ്മുകളും ഉള്ളടക്കങ്ങളും ഉണ്ടാക്കി പ്രച്ചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കമ്യൂണിറ്റിയാണ് ദ_ഡൊണാൾഡ്

റെഡ്ഡിറ്റിലെ ഏറ്റവും വലിയ ട്രംപ് അനുകൂല കമ്യൂണിറ്റിയായ ‘ദ_ഡൊണാൾഡി’ന് റെഡ്ഡിറ്റ് വിലക്കേര്‍പ്പെടുത്തി. ആവർത്തിച്ചുള്ള ചട്ടം ലംഘനവും ഉദ്യോഗസ്ഥർക്കു നേരെയുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ദ_ഡൊണാൾഡി’ന് 750,000-ലധികം അംഗങ്ങളുണ്ട്.

‘രാഷ്ട്രീയമായ കാര്യങ്ങളെ ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, പോലീസിനും പൊതുജനങ്ങള്‍ക്കുമെതിരായ ഭീഷണികൾ ഉൾപ്പെടെയുള്ള സമീപകാല പെരുമാറ്റങ്ങൾ ഞങ്ങളുടെ നയം ഒരിക്കലും അനുവദിക്കുന്നില്ല. അതാണ്‌ നടപടികളിലേക്ക് നീങ്ങാന്‍ കാരണം’- കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ ‘2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഒരിക്കലും ആര്‍ക്കും പാലിക്കാന്‍ പറ്റാത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതെന്ന് ദ_ഡൊണാൾഡിന്‍റെ മോഡറേറ്റർമാർ ആരോപിച്ചു.

സമൂഹ മാധ്യമങ്ങളില്‍ ട്രംപിന് അനുകൂലമായ മെമ്മുകളും ഉള്ളടക്കങ്ങളും ഉണ്ടാക്കി പ്രച്ചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കമ്യൂണിറ്റിയാണ് ദ_ഡൊണാൾഡ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യാഥാസ്ഥിതികരോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന്, യാതൊരു തെളിവുകളും ഇല്ലെങ്കിലും, റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നു.

വിലക്കേര്‍പ്പെടുത്തിയ ഉടന്‍തന്നെ ട്രംപിന്‍റെ മുതിർന്ന മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ പ്രതികരണവുമായി രംഗത്തെത്തി. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടയാനുള്ള ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

വിലക്കും നിരോധനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഉപഭോക്താക്കള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒരു കണ്ടന്‍റ് ആകസ്മികമായി കാണുന്നത് തടയുന്നതിനോ, ഉചിതമല്ലാത്ത സന്ദര്‍ഭങ്ങളില്‍ കാണുന്നത് ഒഴിവാക്കാനോ ഒക്കെയാണ് വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതിനു പകരം ഭാഗികമായി മറച്ചു വയ്ക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

Read More: വത്തിക്കാന്റെ ക്ലീന്‍ ചിറ്റില്‍ സര്‍വ്വശക്തനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; എതിര്‍ ശബ്ദങ്ങള്‍ ഇനി സീറോ