X

അരുണാചലില്‍ പ്രക്ഷോഭം കത്തിപ്പടരുന്നു; വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, കല്ലേറില്‍ 35 പേര്‍ക്കു പരുക്കേറ്റു, 70 വാഹനങ്ങള്‍ക്ക് തീയിട്ടു

സമാധാനം പുനസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇറ്റാനഗറിലും നഹര്‍ലഗൂണിലും സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

അരുണാചല്‍ പ്രദേശില്‍ പ്രക്ഷോഭം കത്തിപ്പടരുന്നു. പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതേസമയം പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ 35 പേര്‍ക്കു പരുക്കേറ്റു. ഇറ്റാനഗറില്‍ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് ആക്രമിക്കുന്നതിനിടെ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന 70 വാഹനങ്ങള്‍ക്ക് തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

തദ്ദേശീയരല്ലാത്ത 6 സമുദായങ്ങള്‍ക്കു സ്ഥിരം താമസാനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ അരുണാചല്‍ പ്രദേശില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെ ഉപമുഖ്യമന്ത്രി ചൗന മെയ്‌നിന്റെ സ്വകാര്യ വസതി അഗ്‌നിക്കിരയാക്കുകയും ചെയ്തു.

Read: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും


ഇറ്റാനഗറിലും നഹര്‍ലഗൂണിലും ശനിയാഴ്ച മുതല്‍ നിരോധനാജ്ഞയാണ്. ഇറ്റാനഗറില്‍ നിരോധനാജ്ഞ അവഗണിച്ച് ഒട്ടേറെ പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയത്. ഇറ്റാനഗര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ വേദി പ്രതിഷേധക്കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് മേള നിര്‍ത്തിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഇറ്റാനഗര്‍ പോലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു.

Read:  അരുണാചൽ പ്രദേശിൽ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധം

അക്രമണങ്ങളെ ഭയന്ന് കടകളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. എടിഎമ്മുകളും കാലിയായി. സമാധാനം പുനസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇറ്റാനഗറിലും നഹര്‍ലഗൂണിലും സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കൂടാതെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

This post was last modified on February 25, 2019 10:17 am