X

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ അഭിമുഖം; മനോരമ ചാനല്‍ ഓഫീസില്‍ ഭീഷണിയുമായി ബിജെപിക്കാര്‍

ദര്‍ശനം നടത്തിയ അഡ്വ.ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിമുഖം ഇന്നലെ രാത്രിയില്‍ എംഎം ടിവി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്.

ശബരിമലയില്‍ കയറിയ യുവതികളുടെ അഭിമുഖം കൊടുത്തതിന് മനോരമ ചാനല്‍ ഓഫീസില്‍ ഭീഷണിയുമായി ബിജെപി പ്രവര്‍ത്തകര്‍. മനോരമ ന്യൂസ് ചാനലിന്റെ പ്രധാന ഓഫീസായ അരൂരിലെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിപ്പോയത്. ദര്‍ശനം നടത്തിയ അഡ്വ.ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിമുഖം ഇന്നലെ രാത്രിയില്‍ എംഎം ടിവി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം സുരക്ഷാകാരണങ്ങളാല്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന യുവതികളുടെ അഭിമുഖത്തില്‍ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. ദര്‍ശനം നടത്തിയതിന് പിന്നില്‍ സര്‍ക്കാര്‍, പോലീസ് ഗൂഢാലോചന ഇല്ലെന്നും തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു വ്യക്തമാക്കിയപ്പോള്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ പറഞ്ഞത് ശബരിമല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ്.

കൂടാതെ പോലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയതെന്നും സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി തന്നു. ദര്‍ശനം നടത്താന്‍ പോലീസും പ്രേരിപ്പിച്ചു. സന്നിധാനത്തേക്കുള്ള യാത്ര ആംബുലന്‍സില്‍ ആയിരുന്നില്ല. നടന്നാണ് മല കയറിയത്. ഭക്തര്‍ക്കൊപ്പം തന്നെയാണ് മല ചവിട്ടിയത്. ആരും എതിര്‍ത്തില്ലെന്നും യുവതികള്‍ പറഞ്ഞു.

മനോരമ ന്യൂസിന്റെ അഭിമുഖം

ചിത്രം: മനോരമ ന്യൂസ്