X

മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഇതാണ്

വായ്പ്പ തിരിച്ചടയ്ക്കാനുള്ള അവസാന തിയതിയായ ഇന്നലെ പോലും ചന്ദ്രന്‍ വീട് വില്‍ക്കുന്നതിനോ അതിനുള്ള പണം കണ്ടെത്തുന്നതിനോ ചന്ദ്രന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് ലേഖയുടെ കത്തില്‍ നിന്നും മനസിലാകുന്നത്

ചുമരില്‍ ഒട്ടിച്ചുവച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് ആണ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായകമായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇന്ന് രാവിലെ വരെ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സഹതാപം നേടിയിരുന്ന ചന്ദ്രന്‍ വളരെ പെട്ടെന്നാണ് കേസിലെ വില്ലനായി മാറിയത്. മന്ത്രവാദത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു ഇയാളെന്നാണ് ലേഖയുടെ മരണമൊഴി കൂടിയായി പോലീസ് കണക്കാക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്ത കിടപ്പുമുറിയില്‍ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യക്കുറിപ്പ്. മൂന്ന് പേജ് വരുന്ന കുറിപ്പിന്റെ പലഭാഗങ്ങളും കത്തി നശിച്ചിരുന്നു. ഇതുകൂടാതെ ഭിത്തിയിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ ‘എന്റെയും മോളുവിന്റെയും മരണ കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്’ എന്നും ലേഖ എഴുതിയിരുന്നു.

ഒമ്പത് മാസം മുമ്പാണ് ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ തിരികെയെത്തിയത്. വൈഷ്ണവിയെന്ന പതിനെട്ടുകാരിയെയും ലേഖയെയും കുറിച്ച് നാട് മുഴുവന്‍ അപവാദം പറഞ്ഞു നടക്കുന്നതായിരുന്നു കൃഷ്ണമ്മയുടെയും ശാന്തയുടെയും ജോലി. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ ലേഖയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കി. ആശുപത്രിയില്‍ കൊണ്ടുപോകാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി. ആരോഗ്യം മോശമായപ്പോള്‍ ലേഖയുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് പോയി. കടം വീട്ടാന്‍ വീട് വില്‍ക്കാന്‍ നോക്കിയപ്പോള്‍ ആല്‍ത്തറയുടെ പേര് പറഞ്ഞ് അതിന് തടസ്സം നിന്നു. ആല്‍ത്തറ നില്‍ക്കുന്ന മണ്ണ് ആല്‍ത്തറ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് ചന്ദ്രന്‍ ബാങ്കില്‍ പോയി വായ്പ്പയെക്കുറിച്ച് അന്വേഷിക്കുന്നതോ കടം വീട്ടാന്‍ ശ്രമിക്കുന്നതോ ഇവര്‍ തടഞ്ഞു.

read more:എന്റേയും മോളുടെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പ്

ബാങ്കില്‍ നിന്നും വന്ന നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിക്കുകയാണ് ചെയ്തത്. വായ്പ്പ തിരിച്ചടയ്ക്കാനുള്ള അവസാന തിയതിയായ ഇന്നലെ പോലും ചന്ദ്രന്‍ വീട് വില്‍ക്കുന്നതിനോ അതിനുള്ള പണം കണ്ടെത്തുന്നതിനോ ചന്ദ്രന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് ലേഖയുടെ കത്തില്‍ നിന്നും മനസിലാകുന്നത്. ഭാര്യയെന്ന സ്ഥാനം ലേഖയ്ക്ക് ലഭിച്ചിരുന്നില്ല. മന്ത്രവാദി പറയുന്നത് കേട്ട് ചന്ദ്രന്‍ ലേഖയെ ഉപദ്രവിച്ചിരുന്നു. വീട്ടില്‍ നിന്നും ഇറക്കിവിടാനും ശ്രമം നടന്നിരുന്നു. ലേഖയ്ക്കും വൈഷ്ണവിക്കും ആ വീട്ടില്‍ ആഹാരം കഴിക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. അമ്മയുടെ മുന്നില്‍ ആളാകാന്‍ ഇയാള്‍ ലേഖയെ ഉപദ്രവിച്ചിരുന്നു. അമ്മയെയും മകളെയും മന്ത്രവാദത്തിന് വിധേയരാക്കാനും ശ്രമമുണ്ടായി. ആ വീട്ടിലും പലപ്പോഴും മന്ത്രവാദം നടത്തിയിട്ടുണ്ട്. 18 വയസായ മകളുള്ള ചന്ദ്രനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനാണ് ശാന്ത ശ്രമിച്ചിരുന്നതെന്നും ലേഖയുടെ ആരോപണത്തില്‍ പറയുന്നു.

കിട്ടുന്ന തെളിവ് അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് പോലീസിന്റെ രീതി. അങ്ങനെ നോക്കിയാല്‍ ലേഖയുടെ ആത്മഹത്യക്കുറിപ്പാണ് ഇപ്പോള്‍ പോലീസിന് കിട്ടിയിരിക്കുന്ന തെളിവ്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് തന്നെ ലഭിച്ച കുറിപ്പ് മരണമൊഴിയായി കണക്കാക്കാം. അതുവച്ച് ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണ് ഈ ആത്മഹത്യയുടെ കാരണക്കാര്‍. എങ്കിലും ബാങ്കിന്റെ സമ്മര്‍ദ്ദം ഇവിടെ കണക്കിലെടുക്കാതിരിക്കാനാകില്ല. അഭിഭാഷക കമ്മിഷന്‍ വീട്ടിലെത്തിയതും മൂന്ന് പേരെയും കൊണ്ട് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയുമായി മുന്നോട്ട് പോകാമെന്ന് ഒപ്പിട്ട് വാങ്ങിയതും ഒരു വസ്തുത തന്നെയാണ്. നിലവിലെ സാഹചര്യങ്ങള്‍ ഇതോടെ രൂക്ഷമായിട്ടുണ്ടാകും. ബാങ്കിലെ പണമടയ്ക്കാന്‍ ലേഖയോട് സ്ത്രീധനം ആവശ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ബാങ്കിനെയും ഈ കേസിലെ പ്രതിസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താനാകില്ല.

read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍

This post was last modified on May 15, 2019 1:09 pm