X

എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ നേരം വീട്ടുവളപ്പില്‍ പൂജ; നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകളുമായി ലേഖയുടെ നോട്ട്ബുക്ക്

കടബാധ്യതയുടെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു

നെയ്യാറ്റിന്‍കര മലക്കടയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നാണ് ബുക്കില്‍ പറയുന്നത്. ചന്ദ്രന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ അയച്ച പണം എന്തു ചെയ്‌തെന്ന് ചോദിച്ചായിരുന്നു കുറ്റപ്പെടുത്തലുകള്‍. കടബാധ്യതയുടെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ പേരില്‍ കെട്ടിവയ്ക്കാനും ചന്ദ്രന്‍ ശ്രമിച്ചെന്നും നോട്ട്ബുക്കില്‍ പറയുന്നു.

വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചെന്ന് ചന്ദ്രന്‍ മൊഴിനല്‍കിയിട്ടുണ്ട്. വില്‍പ്പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മയും ലേഖയും തമ്മില്‍ വഴക്കുണ്ടായെന്നും ‘പോയി മരിച്ചു കൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. ആത്മഹത്യാക്കുറിപ്പിലെ പകുതിയിലേറെ ആരോപണങ്ങളും ചന്ദ്രന്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

വീട് വിറ്റ് കടബാധ്യത തീര്‍ക്കാന്‍ ലേഖയും മകളും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍ക്കാന്‍ അമ്മ സമ്മതിച്ചില്ലെന്നും ചന്ദ്രന്‍ പറയുന്നു. ഇതുമൂലം താനും വീട് വില്‍ക്കാന്‍ ശ്രമിച്ചില്ല. കടബാധ്യത തീര്‍ക്കാതെ പൂജയിലായിരുന്നു അമ്മയ്ക്ക് വിശ്വാസം. എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്കൂറെങ്കിലും പുരയിടത്തിലെ ആല്‍ത്തറയില്‍ പൂജ നടത്തുമായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യയ്ക്ക് കാരണമായതായാണ് പോലീസിന്റെ നിഗമനം.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

This post was last modified on May 16, 2019 2:06 pm