X

ബോറിസ് ജോൺസന്റെ കാനഡ മോഡൽ ബ്രെക്സിറ്റ് പദ്ധതിയെ പരിഹസിച്ച് തള്ളി സർക്കാർ

താൻ കാബിനറ്റ് മന്ത്രിയായിരുന്നപ്പോൾ ഒപ്പുവെച്ച കരാറുകളെപ്പോലും വില വെക്കാതെയുള്ള ബോറിസ് ജോൺസന്റെ വാചോടോപത്തെ ബ്രെക്സിറ്റ് വകുപ്പ് വിമർശിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയൻ വിട്ട് പുറത്തുപോരുമ്പോൾ ഉണ്ടാക്കേണ്ട ഉടമ്പടികൾ സംബന്ധിച്ച് മുൻ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ മുമ്പോട്ടുവെച്ച ബദൽ നിർദ്ദേശം യൂറോപ്യൻ യൂണിയൻ വിടുതൽ ഡിപ്പാർ‌ട്ട്മെന്റ് (ബ്രെക്സിറ്റ് വകുപ്പ്) തള്ളി. അപ്രായോഗികവും ചർച്ചയ്ക്ക് വെക്കാൻ പറ്റാത്തതുമായ പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ബോറിസ് ജോൺസന്റെ നിർദ്ദേശങ്ങളെ തള്ളിയത്. ബ്രെക്സിറ്റ് അടുത്തിരിക്കെ അന്തിമ പദ്ധതികൾക്ക് രൂപം നൽകാൻ ബമിങ്ഹാമിൽ ചേരുന്ന കൺസർവ്വേറ്റീവ് പാർട്ടി കോൺഫറൻസിലേക്ക് ഇനി രണ്ടുദിവസം മാത്രം ശേഷിക്കെയാണ് ബോറിസ് ജോൺസന്റെ പദ്ധതിയെ ബ്രെക്സിറ്റ് വകുപ്പ് തള്ളിക്കളഞ്ഞത്.

താൻ കാബിനറ്റ് മന്ത്രിയായിരുന്നപ്പോൾ ഒപ്പുവെച്ച കരാറുകളെപ്പോലും വില വെക്കാതെയുള്ള ബോറിസ് ജോൺസന്റെ വാചോടോപത്തെ ബ്രെക്സിറ്റ് വകുപ്പ് വിമർശിക്കുകയും ചെയ്തു.

ടെലഗ്രാഫ് പത്രത്തിലെഴുതിയ ദീർഘമായ ലേഖനത്തിലാണ് ബോറിസ് ജോൺസൻ തന്റെ പുതിയ നിർദ്ദേശങ്ങൾ മുമ്പോട്ടു വെച്ചത്. കണ്‍സർവ്വേറ്റീവ് പാർട്ടിയിലും സർക്കാരിലുമുള്ളവർ ജോൺസന്റെ ഈ നിർദ്ദേശങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു പരിഹാരവും മുമ്പോട്ടു വെക്കാനില്ലാതെ വാരിവലിച്ച് എഴുതിയിരിക്കുന്നു എന്ന നിലയിലാണ് മിക്കവരുടെ പരിഹാസം. കഴിഞ്ഞ ഡിസംബറിൽ താൻ മന്ത്രിയായിരുന്നപ്പോൾ ഒപ്പുവെച്ച പിന്മാറ്റക്കരാർ പോലും ബോറിസ് ജോൺസന് ഓർമയില്ലെന്ന് തോന്നുമെന്ന് വിമർശകർ പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ പദ്ധതി

കാനഡയുമായി യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ച കോംപ്രഹൻസിവ് ഇക്കണോമിക് ആൻഡ് ട്രേഡ് അഗ്രീമെന്റ് ആണ് ബോറിസ് ജോൺസൻ മാതൃകയായി നിർദ്ദേശിക്കുന്നത്. താൻ വിദേശകാര്യമന്ത്രിയായിരിക്കുമ്പോൾ, ഡിസംബർ മാസത്തിൽ നിലവിൽ വന്ന ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട കരാറിൽ നിന്നും പിൻവാങ്ങണമെന്നും ജോൺസൺ നിർദ്ദേശിക്കുന്നുണ്ട്. ഇതുവഴി കടുത്ത നികുതി വ്യവസ്ഥകളുള്ള അതിർത്തി ഒഴിവാക്കാമെന്നാണ് നിർദ്ദേശം.

യൂറോപ്യൻ യൂണിയനുമായി കാനഡ 2016ൽ ഒപ്പുവെച്ച കരാറാണ് കോംപ്രഹൻസിവ് ഇക്കണോമിക് ആൻഡ് ട്രേഡ് അഗ്രീമെന്റ് എന്നറിയപ്പെടുന്നത്. ഏഴു വർഷത്തെ കാലയളവിനുള്ളിൽ ഒട്ടുമിക്ക നികുതികളും എടുത്തുകളയുന്നത് ലക്ഷ്യം വെച്ചുള്ളതാണ് ഇരുരാജ്യങ്ങളുടെയും കരാർ. എല്ലാ നികുതികളുടെയും 98% നീക്കം ചെയ്യുന്നതായിരുന്നു കരാർ.

അതിർത്തി നിയന്ത്രണങ്ങള്‍ തുടർന്നു കൊണ്ട് കുറെക്കൂടി തുറന്ന ഒരു വിപണി ഇരുരാജ്യങ്ങൾക്കിടയിൽ സൃഷ്ടിക്കുകയാണ് ഈ കരാർ ചെയ്തത്. ഇറച്ചി, ഇറച്ചിക്കോഴി, മുട്ട, ചില കാർഷികോൽപ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് നികുതികൾ തുടരുന്ന തരത്തിലാണ് കരാർ. കാനഡയിലും യൂറോപ്പിലുമുള്ള കമ്പനികൾക്ക് ഈ കരാർ മൂലം വലിയ സൗജന്യങ്ങളൊന്നും കിട്ടില്ല.

ഈ കരാറിനെ സമാനമായ രീതിയിൽ യുകെയ ബ്രെക്സിറ്റ് കരാറിലേക്ക് സന്നിവേശിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് കഴിയില്ല എന്നാണ് കൺസെർവ്വേറ്റീവ് പാർട്ടിയും സർക്കാർ വൃത്തങ്ങളും നൽകുന്ന ഉത്തരം. കാനഡയുടെ വിദേശവ്യാപാരത്തിന്റെ വെറും പത്ത് ശതമാനം മാത്രമാണ് യൂറോപ്യൻ യൂണിയനുമായി നടക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ചരക്ക് വ്യാപാരമാണ്. സേവനങ്ങളല്ല. അതേസമയം, യൂറോപ്യൻ യൂണിയൻ യുകെയുടെ ഏറ്റവും വലിയ കച്ചവട പങ്കാളിയാണ്. 43% വിദേശവ്യാപാരവും യൂറോപ്യൻ യൂണിയനുമായാണ് നടക്കുന്നത്. ഇതിൽ വലിയ തോതിൽ സേവനങ്ങളും ഉൾപ്പെടുന്നു. കാനഡയുമായുള്ള യൂറോപ്യൻ യൂണിയന്റെ പ്രധാന കച്ചവടം രത്നക്കല്ലുകളും വിമാനങ്ങളും ഇന്ധനവുമൊക്കെയാണ്. ഇത്തരം വ്യത്യാസങ്ങളെല്ലാം പരിഗണിച്ചു വേണം കാനഡയുടെ കരാറിൽ നിന്ന് ബ്രെക്സിറ്റ് കരാറിലേക്ക് കടംകൊള്ളാനാകുമോ എന്ന ചോദ്യം തന്നെ ഉന്നയിക്കാൻ.