X

അവനവന്റെ ആരോഗ്യം അവനവൻ നോക്കണമെന്ന് യുകെ ആരോഗ്യമന്ത്രി; ആരോഗ്യം വ്യക്തിപരമായ ഉത്തരവാദിത്വമല്ലെന്ന് വിമർശനം

ആളുകൾ കാൻസർ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തെരഞ്ഞെടുക്കുന്നതല്ലെന്ന് ലിവർപൂൾ സർവ്വകലാശാലയിലെ സൈമൺ കേപ്‌വെൽ പറയുന്നു.

അവനവന്റെ ആരോഗ്യം അവനവൻ നോക്കണമെന്നു പറഞ്ഞ യുകെ ആരോഗ്യമന്ത്രി വിവാദത്തിൽ. ജനങ്ങൾ സ്വന്തം ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്ഡ തയ്യാറാകണമെന്നും ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കണമെന്നും ആരോഗ്യ, സാമൂഹ്യസുരക്ഷാ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കാൻസർ, അമിതഭാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തടയുവാനുള്ള നിർദ്ദേശങ്ങൾ മുമ്പോട്ടു വെക്കുകയായിരുന്നു ഹാൻകോക്ക്.

ആൽക്കഹോൾ കുറയ്ക്കുക, ജങ്ക് ഫൂഡ് ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാമെന്നായിരുന്നു തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിനിടെ മന്ത്രിയുടെ ഉപദേശം. രോഗപ്രതിരോധം എന്നാൽ സ്വന്തം ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതു കൂടിയാണെന്നും ഹാൻകോക്ക് വ്യക്തമാക്കി. ജീവിതത്തിൽ സജീവത പുലർത്തുക, സിഗരറ്റ് വലി ഒഴിവാക്കുക, ഉപ്പും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക എന്നിവയെല്ലാം ഇതിൽപ്പെടും.

എന്നാൽ ഈ നിലപാടിനെ വിമർശിച്ച് ആരോഗ്യപ്രവർത്തകരും സാമൂഹ്യവിമർശകരുമെല്ലാം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിയുടെ ധാരണക്കുറവാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇരകളെ ആക്ഷേപിച്ച് രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമമെന്നും ആരോപിക്കപ്പെടുന്നു.

ആളുകൾ കാൻസർ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തെരഞ്ഞെടുക്കുന്നതല്ലെന്ന് ലിവർപൂൾ സർവ്വകലാശാലയിലെ സൈമൺ കേപ്‌വെൽ പറയുന്നു. ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നാണ് രോഗം വരുന്നത്. ഇതിനെ വ്യക്തിപരമായ ഉത്തരവാദിത്തമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്.

This post was last modified on November 5, 2018 3:18 pm