X

മുന്‍വര്‍ഷങ്ങളിലെ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയത്: തെളിവുകളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന് അനാവശ്യമായ കണക്കുകള്‍ പറഞ്ഞ് ആരെയും ബോധ്യപ്പെടുത്തേണ്ട സാഹചര്യമില്ല

പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് എ പദ്മകുമാര്‍. ചിലര്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ കെട്ടിച്ചമച്ചതാണ് ദേവസ്വം ബോര്‍ഡിന്റെ കയ്യിലും പോലീസിന്റെ കയ്യിലും കൃത്യമായ കണക്കുണ്ട്. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും പദ്മകുമാര്‍ സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ശബരിമല സീസണ്‍ 40 ദിവസം കടന്നുപോയത്. പ്രളയത്തിന്റേതായ പ്രശ്‌നം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ഇതെല്ലാം നല്ലനിലയ്ക്ക് കൈകാര്യം ചെയ്ത് പോകാന്‍ ഗവണ്‍മെന്റിന്റെയും ബോര്‍ഡിന്റെയും തീരുമാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് തങ്ങളുടെ വിലയിരുത്തല്‍. അതോടൊപ്പം ഹൈക്കോടതിയുടെ നിരീക്ഷക സമിതിയും നല്ല രീതിയിലുള്ള പിന്തുണ നല്‍കി. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പോലും തിരുത്തി മുന്നോട്ട് പോകാന്‍ തങ്ങളെ സഹായിച്ചത് മാധ്യപ്രവര്‍ത്തകരാണെന്നും അവരോടുള്ള അങ്ങേയറ്റത്തെ നന്ദിയും അദ്ദേഹം അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ വളരെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആകണമെന്ന് തീരുമാനിച്ചിരുന്നു. 2007ല്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചായിരുന്നു ഇത്. ഇതുവരെയും അത് നടപ്പാക്കാനായിരുന്നില്ല. ഇത്തവണ മുതല്‍ നിലയ്ക്കല്‍ ക്യാമ്പ് ആക്കാന്‍ സാധിച്ചു. പതിനയ്യായിരത്തോളം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കാന്‍ സാധിച്ചു. മകരവിളക്ക് കഴിഞ്ഞാല്‍ മുപ്പതിനായിരം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കും. വെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ 95 കോടി രൂപ മുടക്കി സംവിധാനമുണ്ടാക്കും.

ശബരിമല പോലെ അയോധ്യയിലും വേഗത്തില്‍ തീര്‍പ്പുവേണം: സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം

അടുത്തവര്‍ഷം മുതല്‍ എല്ലാ അര്‍ത്ഥത്തിലും ആളുകള്‍ക്ക് വിരിവയ്ക്കാനും ടോയ്‌ലറ്റും ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും വെള്ളത്തിനും പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇവിടെ വരുന്ന ഭക്തജനങ്ങളുടെ കണക്കിനെക്കുറിച്ച് രസകരമായ കണക്കാണ് വന്നുകൊണ്ടിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഒരു പ്രസിഡന്റ് പറഞ്ഞത് ഏകദേശം ഒരു കോടിയോളം ആളുകള്‍ വന്നെന്നാണ്. തൊട്ടടുത്ത് വന്ന പ്രസിഡന്റ് അതിനേക്കാള്‍ കുറവ് ഭക്തര്‍ വരുന്നത് മോശമായതുകൊണ്ട് ഒന്നരയ്ക്കും രണ്ട് കോടിയ്ക്കും ഇടയില്‍ ആളുകള്‍ വന്നുവെന്നാണ് പറഞ്ഞത്. സമരവുമൊക്കെയായി ബന്ധപ്പെട്ട് ചില ആളുകള്‍ അത് നാല് കോടിയായി പ്രഖ്യാപിച്ചു. ഇപ്പോള്‍ ചിലര്‍ അത് അഞ്ച് കോടിയാണെന്നൊക്കെ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞവര്‍ഷം ശബരിമലയില്‍ വന്ന ഭക്തരുടെ എണ്ണം 68 ലക്ഷമാണ്. ഇപ്രാവശ്യം ഇതുവരെ മുപ്പത് ലക്ഷത്തിലധികം വന്നു കഴിഞ്ഞു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന് അനാവശ്യമായ കണക്കുകള്‍ പറഞ്ഞ് ആരെയും ബോധ്യപ്പെടുത്തേണ്ട സാഹചര്യമില്ല. അതിനാലാണ് ഞങ്ങള്‍ യഥാര്‍ത്ഥ കണക്ക് പറയുന്നത്.

സാധാരണഗതിയില്‍ പതിനെട്ടാം പടിയില്‍ പോലീസിന്റെ സമ്മര്‍ദ്ദമില്ലാതെ ഒരു മിനിറ്റില്‍ മുപ്പതിനും നാല്‍പ്പതിനും ഇടയിലാണ് ആളുകള്‍ക്കാണ് കയറാന്‍ സാധിക്കുക. വലിയ തിരക്കില്ലാത്ത സമയത്താണെങ്കില്‍ പോലീസിന്റെ സഹായത്തോടെ എഴുപത് പേര്‍ വരെ കയറും. കഴിഞ്ഞ വര്‍ഷം ഒരു മകരവിളക്കിന്റെ സമയത്ത് ഏറ്റവും സ്പീഡില്‍ ആളെ കയറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. 92 പേരാണ് ഒരുമിനിറ്റില്‍ കയറിയത്. ഒരു പടിയിലും പാവങ്ങള്‍ ചവിട്ടിയിട്ടുണ്ടാകില്ല. എടുത്തെറിയുന്ന രീതില്‍ കയറ്റിവിട്ടിട്ട് പോലും 92 പേരാണ് ഒരു മിനിറ്റില്‍ കയറിയത്. നൂറ് എന്ന് കണക്കു കൂട്ടിയാല്‍ ഒരു മണിക്കൂറില്‍ ആറായിരം പേരാണ് കേറാന്‍ സാധ്യതയുള്ളത്. 20 മണിക്കൂര്‍ നോക്കിയാല്‍ 1.20 ലക്ഷം പേരാണ് കയറേണ്ടത്. ആ കണക്ക് വച്ച് മാത്രം നോക്കിയാല്‍ 60 ദിവസം കൊണ്ട് 72 ലക്ഷം പേര്‍ക്കേ കയറാന്‍ കഴിയൂ. മറ്റ് വശങ്ങളിലൂടെ കയറി വരുന്നത് കൂട്ടിയാലും 80 ലക്ഷം കടക്കില്ല.

തീര്‍ത്ഥാടകരുടെ അമിതമായ കണക്കിനെ നോക്കിയിരുന്നിട്ട് കാര്യമില്ല. കഴിഞ്ഞ വര്‍ഷം വന്നവരുടെ യഥാര്‍ത്ഥ കണക്ക് പോലീസിന്റെ കയ്യിലും ദേവസ്വം ബോര്‍ഡിന്റെ കയ്യിലുമുണ്ട്. വളരെ കൃത്യമായ കണക്കാണ് നമുക്ക് കിട്ടുന്നത്. മകരവിളക്ക് കൂടി കഴിഞ്ഞിട്ട് നമുക്ക് ആ കണക്കുകളിലേക്ക് പോകാം. എന്തായാലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വളരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ നാല്‍പ്പത് ദിവസത്തെ ശബരിമലയിലെ വരുമാനം 105 കോടിയാണ്. കഴിഞ്ഞ വര്‍ഷം സീസണില്‍ ഇതേദിവസം 164 കോടിയാണ് വരുമാനമായി ലഭിച്ചതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

This post was last modified on December 26, 2018 3:19 pm