X

അറസ്റ്റിലായ മലയാളികള്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി അറസ്റ്റിലായ മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു. അതേസമയം നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തീവ്രഇസ്ലാം നിലപാടുകള്‍ ഇവര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. കസ്റ്റഡിയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം. കസ്റ്റഡിയിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹ്രാന്‍ ഹാഷിം മുമ്പ് കേരളത്തില്‍ എത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

എങ്കിലും ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നോയെന്ന് പരിശോധിക്കുമെന്നും എന്‍ഐഎ അറിയിച്ചു. കാസറഗോഡ് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. കൊളംബോയിലെ ഭീകരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ അന്വേഷണം.