X

ലിഗയുടെ മരണം കൊലപാതകം തന്നെ: കഴുത്തിലെ അസ്ഥികള്‍ പൊട്ടിയിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടം

ബലപ്രയോഗത്തിനിടെയാണ് മരണമെന്ന് നേരത്തെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു

കോവളത്തിനടുത്ത് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗ സ്‌ക്രോമേന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായി. ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായതോടെയാണ് മരണത്തിന്റെ കാരണം വ്യക്തമായത്.

ബലപ്രയോഗത്തിനിടെയാണ് മരണമെന്ന് നേരത്തെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലും കണ്ടെത്തി. ഇതാണ് മരണകാരണമായിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണ് പ്രാഥമിക നിഗമനങ്ങള്‍ ഇന്ന് രാവിലെ പോലീസിന് കൈമാറിയിരിക്കുന്നത്.

ആന്തരിക അവയവ പരിശോധനയുടേതുള്‍പ്പെടെയുള്ള വിശദവിവരങ്ങളുമായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം പോലീസിന് കൈമാറും. കോവളത്തിനും തിരുവല്ലത്തിനും ഇടയിലുള്ള കണ്ടല്‍ക്കാട്ടില്‍ ഇക്കഴിഞ്ഞ ഇരുപതിനാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 14 മുതലാണ് ഇവരെ കാണാതായത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സഹോദരി ഇലീസ് സ്‌ക്രോമേനും ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് മരിച്ചത് ലിഗ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ ഇടം. കോവളത്തു നിന്നും എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ച് ലിഗയെ ഇവിടെ എത്തിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. വള്ളക്കാരന്റെ മൊഴിയും ഇത് വ്യക്തമാക്കുന്നതാണ്. തുടര്‍ന്ന് വള്ളത്തില്‍ പരിശോധനയും നടത്തി. ഇതിന് പിന്നാലെയാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്.