X

ട്വിറ്ററില്‍ അതിവേഗം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് പഠനം

സത്യം 1500 പേരിലേക്ക് എത്തുന്നതിന്റെ ശരാശരി ആറിരട്ടി വേഗത്തില്‍ കെട്ടുകഥകള്‍ എത്തും

“സത്യം ഞൊണ്ടിക്കൊണ്ട് പിന്നാലെ വരുമ്പോള്‍ അസത്യം പറക്കുകയാണ്” ജോനാഥന്‍ സ്വിഫ്റ്റ് ഒരിക്കല്‍ പറഞ്ഞു.

മൂന്നു നൂറ്റാണ്ടുമുമ്പ് അതൊരു അത്യുക്തിയായിരുന്നു. പക്ഷേ അത് സാമൂഹ്യമാധ്യമങ്ങളുടെ വസ്തുതാപരമായ വിവരണമാണ് എന്ന് വ്യാഴാഴ്ച ‘സയന്‍സില്‍’ പ്രസിദ്ധീകരിച്ച, ഉത്കര്‍ഷേച്ഛ നിറഞ്ഞതും ഇത്തരത്തിലുള്ള ആദ്യത്തേതുമായ പഠനത്തില്‍ പറയുന്നു.

വിപുലമായ ഈ പുതിയ പഠനം ട്വിറ്ററിന്റെ വരവിനുശേഷമുള്ള കാലയളവില്‍ പ്രചരിച്ച ഇംഗ്ലീഷിലെ എല്ലാ പ്രധാന വാര്‍ത്താക്കുറിപ്പുകളെയും അപഗ്രഥിക്കുന്നു – 10 വര്‍ഷത്തിലധികമായി 3 മില്യണ്‍ ഉപയോക്താക്കളാല്‍ ട്വീറ്റ് ചെയ്യപ്പെട്ട 126,000 സംഭവവിവരണങ്ങള്‍. തട്ടിപ്പിനോടും കിംവദന്തിയോടും മത്സരിക്കാന്‍ സത്യത്തിന് കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. എല്ലാ സാധാരണ അളവുകോലും വെച്ച് സത്യത്തേക്കാള്‍ അസത്യങ്ങള്‍ ട്വിറ്ററില്‍ ആധിപത്യം പുലര്‍ത്തുന്നു എന്ന് പഠനം കണ്ടെത്തി. വ്യാജവാര്‍ത്തകളും കിംവദന്തികളും കൂടുതല്‍ ആള്‍ക്കാരിലേക്കെത്തുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ ആഴത്തിലേക്ക് തുളച്ചുകയറുന്നു. കൃത്യമായ വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ പരക്കുകയും ചെയ്യുന്നു.

“വ്യാജമായ വിവരങ്ങള്‍ സത്യമായ വിവരങ്ങളേക്കാള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഞങ്ങളുടെ പഠനത്തില്‍ നിന്ന് വളരെ വ്യക്തമാണ്” 2013 മുതല്‍ വ്യാജവാര്‍ത്തകളെപ്പറ്റി പഠനം നടത്തുകയും ഈ പഠനം നയിക്കുകയും ചെയ്ത എംഐടിയിലെ ഡാറ്റാ സയന്റിസ്റ്റ് സൊരൌഷ് വൊസോഖി പറയുന്നു. “ഇതിന് കാരണം വെബ് റോബോട്ട് മാത്രമല്ല, മനുഷ്യരുടെ സ്വഭാവവുമായി എന്തോ ഒരു ബന്ധമുണ്ട് എന്നതും കൂടിയാണ്.”

ഈ പഠനം ഇതിനോടകംതന്നെ സാമൂഹ്യശാസ്ത്രജ്ഞരെ ജാഗരൂകരാക്കിയിട്ടുണ്ട്. “നമുക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ വിവര ആവാസവ്യവസ്ഥ പുനര്‍ക്രമീകരിക്കേണ്ടതുണ്ട്”, 16 സാമൂഹ്യശാസ്ത്രജ്ഞരുടെ സംഘം ‘സയന്‍സില്‍’ പ്രസിദ്ധീകരിച്ച ഉപന്യാസത്തില്‍ പറയുന്നു. “വ്യാജവാര്‍ത്തകളുടെ പ്രചാരം കുറയ്ക്കുന്നതിനും അത് വെളിവാക്കുന്ന അടിസ്ഥാനപരമായ രോഗലക്ഷണങ്ങളെ അഭിമുഖീകരിക്കുന്നതിനും വേണ്ടി ” അന്തര്‍വൈജ്ഞാനിക ഗവേഷണത്തിലൂടെയുള്ള പുതിയ ഡ്രൈവിന്റെ ആവശ്യമുണ്ടെന്ന് അവര്‍ പറയുന്നു.

“എങ്ങനെയാണ് നമുക്ക്, സത്യത്തെ വിലമതിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ ആവാസവ്യവസ്ഥ ഉണ്ടാക്കാനാവുക?” അവര്‍ ചോദിക്കുന്നു.

അത് എളുപ്പമായിരിക്കില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വൊസോഖിയും സഹപ്രവര്‍ത്തകരും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചത്. എംഐടിക്കു വേണ്ടി കമ്പനി ലഭ്യമാക്കിയ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എങ്കിലും ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്രധാന സാമൂഹ്യമാധ്യമങ്ങളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. ഉദ്ദീപകമായ ഉള്ളടക്കം കൈകാര്യം ചെയ്യുകയോ വിവരിക്കുകയോ ചെയ്യുന്ന ഏതു പ്ലാറ്റ്ഫോമും അതിനോടൊപ്പം വ്യാജവാര്‍ത്തകളെയും വികസിപ്പിക്കാനുള്ള അപകടസാധ്യതയും നേരിടുന്നുണ്ട്.

സ്റ്റാറ്റിസ്റ്റിക്സിന്റെ നിര്‍വികാരമായ ഭാഷയിലാണ് പഠനം എഴുതപ്പെട്ടതെങ്കിലും, ഈ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വിവരങ്ങളുടെ കൃത്യതയെപ്പറ്റിയുള്ള കുറ്റാരോപണം അത് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥസംഭവത്തേക്കാള്‍ കെട്ടുകഥ പ്രചരിക്കാന്‍ സാധ്യത കൂടുതലാണെന്ന് ലേഖകര്‍ കണ്ടെത്തുന്നു. സത്യം 1500 പേരിലേക്ക് എത്തുന്നതിന്റെ ശരാശരി ആറിരട്ടി വേഗത്തില്‍ കെട്ടുകഥകള്‍ എത്തുന്നു. ബിസിനസ്സ്, തീവ്രവാദം, യുദ്ധം, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദം തുടങ്ങിയ എല്ലാ വിഷയങ്ങളിലും സത്യത്തേക്കാള്‍ കൂടുതല്‍ നന്നായി അസത്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ത്തന്നെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളാണ് ഏറ്റവും നന്നായി പ്രചരിക്കുന്നത്.

കൂടുതല്‍ വായിക്കൂ: https://goo.gl/F7ZyEX

This post was last modified on March 10, 2018 5:32 pm