X

റാഫേല്‍: കേന്ദ്രസര്‍ക്കാരിനെ സംരക്ഷിച്ച് ഡാസ്സോ; റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ താല്‍പര്യമെന്ന് സിഇഒ

റിലയന്‍സിനെ പങ്കാളിയാക്കുന്നതില്‍ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ആരെ പങ്കാളിയാക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്.

റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് സംബന്ധിച്ച ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാടുമായി ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയായ ഡാസ്സോ രംഗത്ത്. കരാറില്‍ റിലയന്‍സിനെ തിരഞ്ഞെടുത്തത് ഡാസോ നേരിട്ടായിരുന്നു. റിലയന്‍സിനെ പങ്കാളിയാക്കുക കമ്പനിയുടെ തീരുമാനമാണെന്നും സിഇഒ എറിക് ട്രാപിയര്‍ വ്യക്തമാക്കുന്നു.

റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡാസ്സോ ഏവിയേഷന്‍ ഇന്ത്യയുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം അനില്‍ അംബാനിയുടെ റിലയന്‍സുമായുള്ള ഓഫ്സെറ്റ് പങ്കാളിത്തം (അനുബന്ധ കരാര്‍ പങ്കാളി) ബന്ധം നിര്‍ബന്ധിതമായ ഒന്നായിരുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ സഹിതം മീഡിയപാര്‍ട് എന്ന മാധ്യമമാണ് റിപ്പോര്‍ട്ട്് പുറത്ത് വിട്ടത്. 36 ജെറ്റ് വിമാനങ്ങളുടെ കച്ചവടത്തിന് ഇത്തരമൊരു വിട്ടുവീഴ്ച നിര്‍ബന്ധമായിരുന്നെന്ന് രേഖകള്‍ പറയുന്നുണ്ട്. ഇതിന് പിറകെയാണ് ഇന്ത്യന്‍ സര്‍ക്കാനെ സംരക്ഷിക്കുന്ന നിലപാടുമായി ഡാസ്സോ സിഇഒ തന്നെ രംഗത്തെത്തിയത്.

റിലയന്‍സിനെ പങ്കാളിയാക്കുന്നതില്‍ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ആരെ പങ്കാളിയാക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് കമ്പനി റിലയന്‍സിനെ പങ്കാളിയാക്കുന്നത്. ഈ വിഷയത്തിലുണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും എറിക് ട്രാപിയര്‍ പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.

മീഡിയ പാര്‍ട്ട് പുറത്തു വിട്ട റിപ്പോര്‍ട്ട് നേരത്തെ തന്നെ ഡാസോ ഏവിയേഷന്‍ തള്ളിയിരുന്നു. മീഡിയപാര്‍ട് തന്നെയാണ് നേരത്തെ ഇടപാടില്‍ പ്രധാന മന്ത്രിയുടെ താല്‍പര്യങ്ങള്‍ ചുണ്ടിക്കാട്ടുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. മോദിയുടെ ആവശ്യപ്രകാരമായിരുന്നു കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.

This post was last modified on October 12, 2018 11:00 am

Related Post
Leave a Comment