X

“നമ്മക്ക് ഒരു വിമാനത്താവളം വേണ്ടേടോ? നിങ്ങക്ക് ഭാര്യവീട്ടിൽ പോകാൻ സൗകര്യമാകില്ലേ?” -നായനാരും കണ്ണൂർ വിമാനത്താവളവും

കണ്ണൂരിൽ ഒരു വിമാനത്താവളം വരണമെന്നത് ഇകെ നായനാരുടെ ആഗ്രഹങ്ങളിലൊന്നായിരുന്നെന്ന് ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ പത്നി ശാരദ ടീച്ചർ. ഡൽഹിയിലേക്കുള്ള ഒരു വിമാനയാത്രക്കിടയിൽ ഒപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രി സിഎം ഇബ്രാഹിമിനോടാണ് നായനാർ ആദ്യമായി ഇക്കാര്യം പറഞ്ഞത്. ദേവഗൗഡ മന്ത്രിസഭയിലെ അംഗമായിരുന്ന ഇബ്രാഹിം കർണാടകയിൽ നിന്നുള്ള മന്ത്രിയായിരുന്നെങ്കിലും കണ്ണൂരുകാരനായിരുന്നു.

മട്ടന്നൂരിൽ ഒരു വിമാനത്താവളം വന്നാൽ തനിക്ക് ഭാര്യവീട്ടിൽ‌ പോകാൻ എളുപ്പമാകില്ലേ എന്നായിരുന്നു നർമം കലർത്തിയുള്ള നായനാരുടെ ചോദ്യം. പിന്നീട് ഈ വിഷയം നായനാർ ഗൗരവത്തിലെടുത്തു. മന്ത്രിസഭയിലും പ്രതിപക്ഷ കക്ഷികളോടും കൂടിയാലോചിച്ചതായി മനോരമ റിപ്പോർ‌ട്ട് ചെയ്യുന്നു.

ശൈലജ ടീച്ചറുടെ മകന്റെ വിവാഹത്തിന് പോയപ്പോൾ താൻ മൂർഖൻപറമ്പിലുള്ള വിമാനത്താവളം ദൂരെ നിന്ന് കണ്ടിരുന്നെന്ന് ശാരദ ടീച്ചർ പറയുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ അവിടെ ചെല്ലും. തിരുവനന്തപുരത്തെ മകന്റെ വീട്ടിൽ ഏറെനാളായി പോകാറില്ല. ആരോഗ്യപ്രശ്നങ്ങളാണ് കാരണം. വിമാനത്താവളം വരുന്നതോടെ തന്റെ ആദ്യയാത്ര തിരുവനന്തപുരത്തേക്കായിരിക്കുമെന്ന് ശാരദ ടീച്ചർ പറഞ്ഞു.