X

ഉളുപ്പില്ലാതെ സ്വയം ന്യായീകരിച്ച മന്ത്രി രാജുവിനെ എന്തുവിളിക്കണം? ദുരന്തമെന്നോ വെയ്‌സ്‌റ്റെന്നോ?

സമ്മർദ്ദങ്ങളെ തുടർന്ന് ജർമൻ പര്യടനം വെട്ടിച്ചുരുക്കി ഇന്നലെ കേരളത്തിൽ തിരിച്ചെത്തിയ മന്ത്രിയുടെ മറുപടി കേട്ട് സത്യത്തിൽ കേരളം വീണ്ടും നടുങ്ങി

കേരളത്തെ തകർത്തെറിഞ്ഞ പ്രളയ വിനാശത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച തർക്കം എങ്ങും എത്തിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സി പി എമ്മിന്റെയും കോൺഗ്രസ്സിന്റെയുമൊക്കെ ദേശീയ നേതാക്കൾ പോലും ആവശ്യം ഉന്നയിക്കുന്നെണ്ടെങ്കിലും അതു നടപ്പുള്ള കാര്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇക്കാര്യം കേന്ദ്രം ഇന്നലെ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ദുരന്തമാണ് കേരളത്തിൽ സംഭവിച്ചതെന്ന് സമ്മതിക്കുമ്പോൾ തന്നെ ഇത്തരം ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ലെന്നും ആയതിനാൽ ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ വിദേശ സഹായം കൂടി ലഭിക്കാവുന്ന ലെവൽ-3 വിഭാഗത്തിൽ പെടുത്തിയിരിക്കുന്നുവെന്നുമാണ് കേന്ദ്രം ഇന്നലെ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനോട് ബി ജെ പി ഇതര പാർട്ടികളുടെ നേതാക്കൾ ഇനിയും യോജിച്ചിട്ടില്ലായെന്നതിനാൽ ദേശീയ ദുരന്തമോ ലെവൽ- 3 ദുരന്തമോ എന്നതു സംബന്ധിച്ച തർക്കം ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ല.

എന്നാൽ കേരളത്തെ പ്രളയം വിഴുങ്ങിക്കൊണ്ടിരിക്കെ ജർമനിയിലേക്ക് വെച്ചു പിടിച്ച മന്ത്രി കെ രാജുവിനെ ദുരന്തമെന്നാണോ അതോ വെയ്‌സ്‌റ്റെന്നാണോ വിശേഷിപ്പിക്കേണ്ടതെന്ന കൺഫ്യൂഷനിലാണ് കേരള ജനത. രാജു സി പി ഐക്കാരൻ ആണെങ്കിലും പ്രളയകാലത്തെ മന്ത്രിപുംഗവന്റെ വിദേശ യാത്രയെ വെള്ളതേക്കാനൊന്നും സി പി ഐ നേതാക്കളോ പാർട്ടി അണികളോ തയ്യാറല്ല. സ്വന്തം ഉത്തരവാദിത്വം മറന്നു പ്രവർത്തിക്കുക വഴി പാർട്ടിയെ കൂടി നാണക്കേടിലാക്കിയ മന്ത്രിക്ക് മാതൃകാപരമായ ശിക്ഷ തന്നെ നൽകണമെന്നാണ് അവരുടെ വാദം. മന്ത്രിയുടെ നടപടിയിൽ നേരത്തെ തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പക്ഷെ ഇന്നലെ പറഞ്ഞത് തനിക്കൊറ്റക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാവില്ലെന്നാണ്. അദ്ദേഹം പറഞ്ഞത് തീർത്തും ശരിയായ കാര്യം തന്നെ. ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയിൽ സംസ്ഥാന സെക്രട്ടറി ഒറ്റയ്ക്ക് നടപടിയെടുക്കുന്നത് ഒട്ടും ശരിയാവില്ല. എന്നുകരുതി ഒരു നടപടിയും വേണ്ടെന്നു വെച്ചാൽ അതു പാർട്ടിയുടെ യശസ്സിന് കൂടുതൽ മങ്ങലേൽപ്പിക്കുകയേയുള്ളു. തന്നെയുമല്ല രാജുമാരുടെ എണ്ണം പെരുകുകയും ചെയ്യും.

സമ്മർദ്ദങ്ങളെ തുടർന്ന് ജർമൻ പര്യടനം വെട്ടിച്ചുരുക്കി ഇന്നലെ കേരളത്തിൽ തിരിച്ചെത്തിയ മന്ത്രിയുടെ മറുപടി കേട്ട് സത്യത്തിൽ കേരളം വീണ്ടും നടുങ്ങി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടുമൊക്കെ മുൻകൂട്ടി അനുമതി വാങ്ങിയാണ് ജർമ്മനിക്കു പോയതെന്നുമാണ് മന്ത്രിയുടെ വാദം. അനുമതി വാങ്ങിയത് മൂന്നുമാസം മുൻപായിരുന്നുവെന്നും സ്വാന്തന്ത്ര്യ ദിനത്തിൽ മഴ കനത്ത വേളയിലാണ് കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്ന താൻ മുന്നും പിന്നും ചിന്തിക്കാതെ ജർമനിയിലേക്ക് വെച്ചുപിടിച്ചതെന്നും സൗകര്യപൂർവം മറച്ചുവെക്കുന്ന ഇത്തരം മുട്ടു ന്യായങ്ങൾക്കുള്ള പേരാണ് മന്ത്രിസാർ ഉളുപ്പില്ലായ്മ എന്നത്‌.

മന്ത്രിമാരും എം എൽ എ മാരും രാഷ്ട്രീയ നേതാക്കളുമൊക്കെ വിദേശ യാത്ര നടത്തുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. ഔദ്യോഗികവും അല്ലാത്തതുമായ ഇത്തരം സന്ദർശനങ്ങൾ നാട്ടിൽ പതിവ് സംഭവം തന്നെ. ഇത്തരം സന്ദർശങ്ങൾക്കു വിലക്കൊന്നുമില്ലെങ്കിലും പാവം വായനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്നതിനായി ചില വേന്ദ്രന്മാർ എന്നെ കണ്ട അമേരിക്ക, എന്നെ കണ്ട സോവിയറ്റ് യൂണിയൻ, ജർമ്മനി എന്നൊക്കെ പറഞ്ഞു യാത്രാവിവരണം എഴുതിക്കളയും. വല്ലാത്തൊരു ചെയ്ത്തു തന്നെയാണ് അതെന്നു പറയാതെ നിവർത്തിയില്ല. ഇനിയിപ്പോൾ നമ്മുടെ രാജു മന്ത്രിയും അത്തരം വല്ല പാതകം ചെയ്തുകളയുമോ എന്നറിയില്ല. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on August 21, 2018 1:57 pm