X

വികസനത്തിനു സര്‍ക്കാര്‍ സഹായമില്ല; സ്വന്തം ഭൂമി വിറ്റ് കര്‍ഷകര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനൊരുങ്ങി ഒരു ജനപ്രതിനിധി

വാഗ്ദാനങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കുന്ന രാഷ്ട്രീയക്കാര്‍ക്കിടയിലാണ് ശൈലജ റെഡ്ഡിയെ പോലുള്ളവര്‍ വ്യത്യസ്തയാകുന്നത്

 

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് കൈയും കണക്കുമില്ല. പാലം, റോഡ്, വെള്ളം, വെളിച്ചം എന്നിങ്ങനെ അനന്തമായി നീളുന്ന വാഗ്ദാനങ്ങള്‍. ജയിച്ചു കഴിഞ്ഞാലോ….! എന്നാല്‍ പതിവ് രാഷ്ട്രീയക്കാരെ പോലെ വാക്ക് മാത്രം കൊടുത്ത് വോട്ട് വാങ്ങി ജയിച്ച് അധികാരസ്ഥാനത്തിരുന്ന സുഖിക്കാന്‍ ശൈലജ റഡ്ഡി എന്ന ജനപ്രതിനിധി തയ്യാറല്ല. പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ പിന്നെ എന്തിന് ജനങ്ങളുടെ പ്രതിനിധിയായി തുടരണമെന്നാണ് ശൈലജ ചോദിക്കുന്നത്. എന്തൊക്കെ തടസം വന്നാലും താന്‍ ജനങ്ങള്‍ ചെയ്തു കൊടുക്കാമെന്നു പറഞ്ഞ കാര്യങ്ങള്‍ സ്വന്തം നിലയ്ക്കാണെങ്കിലും ചെയ്യുമെന്നു തന്നെയാണ് ശൈലജ റെഡ്ഡി പറയുന്നത്. അതിനുവേണ്ടി തന്റെ സ്വത്തുക്കള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.

തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ചെവെല്ല മണ്ഡലത്തിലെ ജില്ല പരിഷദ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ അംഗമാണ് ശൈലജ റെഡ്ഡി. ഇവിടുത്തെ കര്‍ഷകര്‍ക്ക് വയലുകളിലേക്ക് എത്തി ചേരുന്ന റോഡുകള്‍ നിര്‍മിച്ചു നല്‍കാമെന്നും ഗ്രാമങ്ങളില്‍ മലിനജലം ഒഴുകി പോകാന്‍ ഓവുചാലുകള്‍ ഉണ്ടാക്കി നല്‍കാമെന്നും അടക്കം പലകാര്യങ്ങളും ചെയ്യാമെന്നു താന്‍ വാഗ്ദാനം നല്‍കിയിരുന്നതാണെന്നു ശൈലജ റെഡ്ഡി ന്യൂസ് 18 നോട് പറയുന്നു. എന്നാല്‍ തെലുങ്കാന സര്‍ക്കാര്‍ ജില്ല തലങ്ങളിലെ വികസനത്തിനാവശ്യമായ ഫണ്ട് നല്‍കാന്‍ തയ്യാറാകുന്നില്ല. പലതവണ ഇതിനായി ശ്രമിച്ചതാണ്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രംഗറഡ്ഡി ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ 540 കോടിക്കയ്ടുത്ത് തുക എത്രയും വേഗം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.

അതേസമയം താന്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് ജനങ്ങള്‍ ചോദിക്കന്‍ തുടങ്ങിയെന്നും അവര്‍ക്ക് വികസനം എത്തിക്കാമെന്നു തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ തനിക്ക്  പിന്നീടവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതായെന്നും ശൈലജ റെഡ്ഡി പറയുന്നു. ഇതോടെയാണ് ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ തന്റെ വസ്തുക്കള്‍ തന്നെ വില്‍ക്കാമെന്ന് തീരുമാനത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു. തന്റെ സ്വത്ത് വിറ്റാല്‍ ഏകദേശം 40 ലക്ഷം രൂപയോളം കിട്ടുമെന്നും ഈ തുക ഉപയോഗിച്ച് എന്തെങ്കിലുമൊക്കെ വികസനപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ശൈലജ റെഡ്ഡി പറയുന്നു. തെലുങ്കാന ഭരിക്കുന്ന തെലുങ്കാന രാഷ്ട്ര സമിതിയുടെ അംഗം തന്നെയാണ് ശൈലജ റെഡ്ഡിയും.

 

This post was last modified on March 20, 2018 3:47 pm