X

‘ട്രംപില്‍ നിന്നും അല്‍പം അകലം പാലിക്കുക’; മുന്നറിയിപ്പുകള്‍ക്കിടെ സൗദി രാജകുമാരന്റെ യു എസ് സന്ദര്‍ശനം ആരംഭിച്ചു

നയതന്ത്ര, സാമ്പത്തിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയാണ് മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലുടെ കിരീടാവകാശി ലക്ഷ്യമാക്കുന്നത്

ഡൊണാള്‍ഡ് ട്രംപില്‍ നിന്നും അല്‍പം അകലം പാലിക്കുന്നത് നല്ലതാണ് എന്ന മേഖലയിലെ ഉപദേശകരുടെ മുന്നറിയിപ്പുകള്‍ക്കിടയില്‍ സൗദി കിരീടാവകാശിയുടെ പ്രഥമ അമേരിക്ക സന്ദര്‍ശനം ആരംഭിച്ചു. ചൊവ്വാഴ്ച വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് സ്വാഗതം ചെയ്തു. നയതന്ത്ര, സാമ്പത്തിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയാണ് മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലുടെ കിരീടാവകാശി ലക്ഷ്യമാക്കുന്നത്.

ഇതിന്റെ ഭാഗമായി സിലിക്കണ്‍ വാലിയടക്കം ഏഴു നഗരങ്ങളിലും അദ്ദേഹവും സംഘവും സന്ദര്‍ശനം നടത്തും. സിലിക്കണ്‍ വാലിയിലും ടെക്‌സാസിലും വച്ച് വ്യവസായികളുമായി കിരീടാവകാശി കൂടിക്കാഴ്ചയും നടത്തും. എണ്ണ, ഗ്യാസ് കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയാണ് ടെക്‌സാസില്‍ നടക്കുക. കൂടാതെ ഗൂഗിള്‍, ആപ്പിള്‍, ജനറല്‍ ഇലക്ട്രിക്കല്‍സ്, യൂബര്‍ മേധാവികളെയും ഹോളിവുഡും രാജകുമാരന്‍ സന്ദര്‍ശിക്കും.

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡൊണള്‍ഡ് ട്രംപ് ആദ്യമായി സന്ദര്‍ശിച്ചത് സൗദി അറേബ്യയായിരുന്നു. കഴിഞ്ഞ മേയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പു വച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനവും വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജെറാംഡ് കുഷ്‌നറുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അമേരിക്കയുമായി കൂടുതല്‍ അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്കെതിരേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉള്ളതായാണ് സൂചന. കഴിഞ്ഞ പത്തുമാസത്തിനിടെ നിരവധി തവണയാണ് കുഷ്‌നര്‍ റിയാദ് സന്ദര്‍ശനത്തിനെത്തിയത്. ഇസ്രായേല്‍ പലസ്തീന്‍ വിഷയവും, ഇറാനെതിരായ നീക്കവുമായിരുന്നു കുഷ്‌നറുടെ സന്ദര്‍ശനങ്ങളുടെ പ്രധാന അജണ്ട.

ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന അമേരിക്കന്‍ നിലപാടിനെതിരേ മേഖലയില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദിക്ക് മുന്നുറിയിപ്പുമായി മറ്റ് രാജ്യങ്ങള്‍ രംഗത്തെത്തിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/pQ2kBq

This post was last modified on March 20, 2018 10:47 pm