X

വിങ്ങിക്കരയുന്ന കുഞ്ഞും ട്രംഭൂതവും; ടൈമിന്റെ കവര്‍

മെക്‌സിക്കോ അതിര്‍ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൈം മാസികയുടെ കവര്‍ പേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ അലയൊലികള്‍ക്കിടയിലും ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ ഗെറ്റി ഇമേജസിന്റെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തിയ രണ്ട് വയസ്സുകാരിയുടെ ചിത്രം ഈ വിഷയത്തെ കൂടുതല്‍ ജനങ്ങളുടെ ശ്രദ്ധയിലെത്തിച്ചു.

അമ്മയെ കാണാതെ വിങ്ങിക്കരയുന്ന രണ്ട് വയസ്സുകാരിയുടെ ചിത്രമാണ് ജൂലൈ രണ്ട് ലക്കത്തിലെ ടൈം മാസികയുടെ കവര്‍ പേജിനെ പ്രത്യേകത നിറഞ്ഞതാക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ നിന്ന് കരയുന്ന രീതിയില്‍ കുട്ടിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് കവര്‍ പേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലേക്ക് സ്വാഗതമെന്ന് ട്രംപ് കുട്ടിയോട് പറയുന്ന രീതിയിലാണ് കവര്‍ പേജ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തിന് വ്യാപക പ്രചരണമാണ് ലഭിക്കുന്നത്. പതിവ് പോലെ ആഗോള പ്രസക്തമായ രാഷ്ട്രീയം പറയുക എന്നത്‌ തന്നെയാണ് ടൈം മാസിക ഈ കവര്‍ പേജ് കൊണ്ടും ലക്ഷ്യമിടുന്നത്.

മെക്‌സിക്കോ അതിര്‍ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ നിന്ന് വിങ്ങിക്കരയുന്ന കുഞ്ഞിന്റെ ചിത്രം ജോണ്‍ മൂര്‍ ഒളിച്ചുനിന്നാണ് പകര്‍ത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 22, 2018 10:10 am