X

മോദിയുടെ നാലര വര്‍ഷത്തെ 84 വിദേശയാത്രയ്ക്ക് ജനങ്ങള്‍ക്കുള്ള ചെലവ് രണ്ടായിരം കോടി രൂപ

2016-ല്‍ നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ ജപ്പാനിലേക്ക് നടത്തിയ യാത്ര വിവാദമാവുകയും ചെയ്തു

കഴിഞ്ഞ നാലര വര്‍ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 84 വിദേശ യാത്രകള്‍ക്കായി രാജ്യത്തെ ജനങ്ങള്‍ക്ക് ചെലവായത് രണ്ടായിരം കോടി രൂപയെന്ന് വിദേശകാര്യമന്ത്രാലയം. മോദി യാത്ര ചെയ്യുന്ന എയര്‍ ഇന്ത്യ-വണ്ണിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ചെലവുകളാണ് ഇത്. പാര്‍ലമെന്റില്‍ ഒരു അംഗം ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി മന്ത്രി വികെ സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്തയില്‍ പറയുന്നു.

ചുമതലയേറ്റ ശേഷം മോദി ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ധാരാളം ലോകയാത്രകള്‍ നടത്തുകയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരടാക്കമുള്ളവരെ സന്ദര്‍ശിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി ചൈനീസ് നഗരമായ വുഹാനില്‍ വച്ച് നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിന് ഇതുവഴി അയവു വരികയും ചെയ്തു എന്നതിന്റെ പേരിലാണ് ഇത്.

അതേസമയം മറ്റ് ചില യാത്രകള്‍ വിവാദമാകുകയും ചെയ്തു.

2016ല്‍ നോട്ട് നിരോധിച്ചതിന് തൊട്ടുപിന്നാലെ ജപ്പാനിലേക്ക് നടത്തിയ യാത്ര അത്തരത്തിലൊന്നാണ്. കോടിക്കണക്കിന് ജനങ്ങളെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തേണ്ട സാഹചര്യമുണ്ടാക്കിയ ശേഷം മോദി ജപ്പാനിലേക്ക് പോയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയത്. ആഫ്രിക്കന്‍ സന്ദര്‍ശനം നടത്തിയ മോദി അവിടുത്തെ റുവാണ്ടയില്‍ 200 പശുക്കളെ സമ്മാനിച്ചതായിരുന്നു മറ്റൊരു വിവാദം. ബീഫ് ഭക്ഷിക്കുന്ന രാജ്യത്ത് ഈ പശുക്കള്‍ കശാപ്പ് ചെയ്യപ്പെടാനിടയുണ്ടെന്നാണ് വിവാദമുയര്‍ന്നത്.

ഒപ്പുവച്ച ചില കരാറുകളും ധാരണാപത്രങ്ങളും വ്യക്തതയില്ലാത്തതാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ യോഗ കോളേജ് ആരംഭിക്കാനുള്ള കരാറില്‍ ഒപ്പിട്ടുവെന്നും തുര്‍ക്ക്‌മെനിസ്ഥാനില്‍ യോഗ, പരമ്പരാഗത ഇന്ത്യന്‍ ചികിത്സ എന്നിവ പ്രചരിപ്പിക്കുന്നതില്‍ സഹകരണം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ചൈനയും പാലസ്തീനുമായും കരാറുകള്‍ ഒപ്പിട്ടു. ഒമാനുമായി ആരോഗ്യരംഗത്ത് സഹകരണം ഉറപ്പാക്കി. പോര്‍ച്ചുഗലുമായും വിയറ്റ്‌നാമുമായും സമാധാന പ്രവര്‍ത്തനങ്ങളില്‍ സഹകരണം ഉറപ്പാക്കിയെന്നും ബ്ലൂംബര്‍ഗ് വാര്‍ത്തയില്‍ പറയുന്നു.

മോദിയുടെ വിദേശ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ കമ്മിഷന്‍

നിങ്ങളിനിയും മോദിക്കൊപ്പം ചേര്‍ന്ന് അയാളെ പപ്പുമോന്‍ എന്നു വിളിച്ചോളൂ

This post was last modified on December 14, 2018 12:15 pm