ലോകത്തിലെ ആറിലൊന്ന് എണ്ണ കയറ്റുമതിയും, പ്രതിദിനം 17.2 ദശലക്ഷം ബാരൽ, നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്
തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽ മാർഗ്ഗമാണിത്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്‍റെ ആറിലൊന്നും, ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് 167 കിലോമീറ്റർ മാത്രം ദൈര്‍ഘ്യവും 96മുതല്‍ 39 കിലോമീറ്റര്‍ വരെ വീതിയുമുള്ള ഈ കടലിടുക്കിലൂടെയാണ്.
ജൂൺ 13-ന് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഓയിൽ ടാങ്കറുകൾ തകർന്നതും, ഒരു മാസത്തിന് ശേഷം മറ്റ് നാല് കപ്പലുകൾ പിടിച്ചെടുക്കപ്പെട്ടതുമാണ് സമീപകാലത്ത് ഈ പ്രദേശം വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണം. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് ഇറാനിയൻ കപ്പലുകൾ കടലിടുക്കിലൂടെ പോവുകയായിരുന്ന ഒരു ബ്രിട്ടീഷ് വാണിജ്യ കപ്പലിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചതായി യു.കെ പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ ബ്രിട്ടീഷ് ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകള്‍ കൂടി ഇറാന്‍ പിടിച്ചെടുക്കുകയുണ്ടായി. ഇറാന്‍ പിടിച്ചെടുത്ത ഓയില്‍ ടാങ്കര്‍ സ്റ്റെന ഇംപെറോ ഉടന്‍ വിട്ടയയ്ക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ എവിടെയാണ് ഹോർമുസ് കടലിടുക്ക്?
ഒമാനും ഇറാനുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിലെ (ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്) കടല്‍തീരത്തെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. ഈ കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് വെറും 39 കിലോമീറ്റർ വീതിയാണുള്ളത്. ഇരുഭാഗത്തുനിന്നും നോക്കുമ്പോള്‍ ഷിപ്പിംഗ് പാതകൾ തമ്മില്‍ 3 കിലോമീറ്റർ വീതിയേ ഉള്ളൂ.
ഗള്‍ഫില്‍നിന്നും പുറത്തുകടക്കാനുള്ള ഏക മാര്‍ഗ്ഗമാണോ ഇത്?
കടലിലൂടെ ചരക്കുകളെയോ ആളുകളെയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏക മാർഗ്ഗം ഈ കടലിടുക്കാണ്. അതുകൊണ്ടാണ് പ്രശ്നകരമായ ജലപാത ഒഴിവാക്കാൻ യുഎഇയും സൗദി അറേബ്യയും കൂടുതൽ എണ്ണ പൈപ്പ് ലൈനുകൾ നിർമ്മിക്കാൻ പോകുന്നത്.
എത്രത്തോളം ഇന്ധന കൈമാറ്റം നടക്കുക്കുന്നു?
ലോകത്തിലെ ആറിലൊന്ന് എണ്ണ കയറ്റുമതിയും, പ്രതിദിനം 17.2 ദശലക്ഷം ബാരൽ, നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്) അംഗങ്ങളായ സൗദി അറേബ്യ, ഇറാൻ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലുള്ള എണ്ണയുടെ ഭൂരിഭാഗവും പോകുന്നത് ഈ വഴിയാണ്. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായ ഖത്തറും കയറ്റുമതിയുടെ ഭൂരിഭാഗവും നടത്തുന്നത് ഹോര്‍മുസ് വഴിയാണ്.
ഏത് നാവിക സേനയാണ് പ്രദേശത്തെ സംരക്ഷിക്കുന്നത്?
ബഹ്‌റൈന്‍, മനാമ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നിലകൊള്ളുന്ന അമേരിക്കയുടെ ഫിഫ്ത്ത് ഫ്ലീറ്റിനാണ് സമുദ്ര വാണിജ്യ പാതകൾ പരിരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.
കപ്പലുകൾ ആക്രമിക്കപ്പെട്ട ചരിത്രമുണ്ടോ?
1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത്, ഇരു രാജ്യങ്ങളും പരസ്പരം എണ്ണ കയറ്റുമതി ചെയ്യുന്നത് പതിവായി തടസ്സപ്പെടുത്തിയിരുന്നു. 1988 ൽ യുഎസ് യുദ്ധക്കപ്പൽ വിൻസെൻസ് ഒരു ഇറാനിയൻ പാസഞ്ചർ വിമാനത്തെ വെടിച്ചിട്ടു. 290 പേർ കൊല്ലപ്പെട്ട ആ ദുരന്തത്തെ കയ്യബന്ധം പറ്റിയതാണെന്നാണ് വാഷിംഗ്ടൺ പറഞ്ഞത്. അൽ-ക്വൊയ്ദയുമായി ബന്ധമുള്ള ഒരു സംഘം ജാപ്പനീസ് ഓയിൽ ടാങ്കര്‍ ആക്രമിച്ച സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദശകത്തിൽ സ്ഥിതികള്‍ക്ക് ചൂടുപിടിക്കാന്‍ കാരണം?
2012-ന്‍റെ തുടക്കത്തിൽ, ഇറാന്‍റെ എണ്ണ കയറ്റുമതിക്ക് യുഎസ്, യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന്‍റെ പ്രതികാരമായി ഈ പ്രദേശത്തുകൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഇടപെടുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് ടെഹ്‌റാനെ തടയുന്നതിനുള്ള പാശ്ചാത്യ ശക്തികളുടെ സംയോജിത പരിപാടിയുടെ ഭാഗമായിരുന്നു ആ ഉപരോധം.
ടെഹ്‌റാനിലെല്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയാനും സമ്പദ്‌വ്യവസ്ഥയെ നിര്‍വീര്യമാക്കാനുമുള്ള യു.എസ് ഉപരോധത്തിന് മറുപടിയായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണ ടാങ്കറുകൾക്ക് പ്രശ്‌നമുണ്ടാകുമെന്ന് ഇറാൻ സർക്കാർ ഭീഷണിപ്പെടുത്തി.
2019 മെയില്‍ എന്താണ് സംഭവിച്ചത്?
2019 മെയ് മാസത്തിൽ രണ്ട് സൗദി ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നാല് കപ്പലുകൾ ഹോര്‍മുസിനടുത്തുള്ള ഫുജൈറയില്‍വെച്ച് ആക്രമിക്കപ്പെട്ടു. ജൂൺ 13-ന് ഒമാൻ ഉൾക്കടലിൽ രണ്ട് ഓയിൽ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിതരണത്തെക്കുറിച്ചും ഹോർമുസ് കടലിടുക്കിലൂടെ കയറ്റുമതിയുടെ സുരക്ഷയെക്കുറിച്ചുമുള്ള പുതിയ ചോദ്യങ്ങളും ആശങ്കകളും ഉയർത്തി.
ഏറ്റവും പുതിയ സംഭവവികാസങ്ങള്‍?
ജൂലൈ 11-ന് മൂന്ന് ഇറാനിയൻ കപ്പലുകൾ ബ്രിട്ടീഷ് വാണിജ്യ കപ്പൽ കടന്നുപോകുന്നതിന് തടസ്സമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ബ്രിട്ടണ്‍ ആരോപിക്കുകയും ഇറാന്‍ നിരസിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് ജിബ്രാൾട്ടർ തീരത്തുവെച്ച് യൂറോപ്യൻ യൂണിയന്‍റെ വിലക്കിനു വിരുദ്ധമായി സിറിയയിലേക്ക് ക്രൂഡ് ഓയിൽ കടത്തിയതായി സംശയിക്കുന്ന ഇറാനിയൻ ഓയിൽ ടാങ്കർ യുകെ പിടിച്ചെടുത്തു. അതിനുശേഷമാണ് ഇറാന്‍റെ ചെറുവിമാനം തകര്‍ത്തുവെന്ന അവകാശവാദവുമായി യു.എസ് രംഗത്തുവരുന്നത്. തൊട്ടു പിറകെ ബ്രിട്ടന്‍റെ രണ്ട് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകളും വന്നു. ഇറാന്‍ പിടിച്ചെടുത്ത ഓയില്‍ ടാങ്കര്‍ സ്റ്റെന ഇംപെറോ ഉടന്‍ വിട്ടയയ്ക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.