UPDATES

ബ്ലോഗ്

യുപിഎസ്‌സി ഉള്‍പ്പടെയുള്ള മറ്റ് തൊഴിലധിഷ്ഠിത പരീക്ഷകള്‍ ഇംഗ്ലീഷില്‍ ആകുമ്പോള്‍, പിഎസ്‌സി മാത്രം മലയാളത്തില്‍ ആവുക എന്നാല്‍ അത് ഐക്യ മലയാളത്തിന് എങ്ങനെ ഗുണം ചെയ്യും?

മലയാളം ശക്തിപ്പെടുത്തുക എന്നാല്‍ കുറഞ്ഞപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ശക്തിപ്പെടുക എന്നതാവണം.

മീഡിയങ്ങള്‍ക്കപ്പുറം മാതൃഭാഷ സ്‌കൂള്‍ തലം മുതല്‍ നിര്‍ബന്ധമായി പഠിക്കണം എന്നുള്ളതിനോട് പൂര്‍ണ്ണ യോജിപ്പ് തന്നെയാണ്. പക്ഷെ ശാസ്ത്ര / സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പ്രൈമറി ക്ലാസ്സുമുതല്‍ ഇംഗ്ലീഷില്‍ തന്നെ പഠിക്കുന്നതല്ലേ ഉചിതം. സ്‌കൂളില്‍ മലയാളം മീഡിയം പഠിച്ച് വരുന്ന ഒരു കുട്ടി കോളേജ് തലത്തിലേക്ക് (പഴയ പ്രീ ഡിഗ്രി / ഇപ്പോഴത്തെ പ്ലസ് ടു) എത്തി, പഠനം മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പിന്നിടുമ്പോള്‍ മാത്രമാണ് ഉത്‌പ്രേരകം എന്നാല്‍ കാറ്റലിസ്റ്റാണെന്നും പ്രവേഗം വെലോസിറ്റിയും, പ്രകാശസംശ്ലേഷണം എന്നത് ഫോട്ടോസിന്തസിസും ആണെന്ന് അറിഞ്ഞ് തുടങ്ങുന്നത്. അതായത് ഒരുവന്റെ ഉപരിപഠന കാലയളവില്‍ അവന് ഉപയോഗപ്രദമാകുന്ന രീതിയില്‍ തന്നെ സ്‌കൂള്‍ തലം മുതലുള്ള പഠനരീതി ക്രമീകരിക്കപ്പെടുന്നതാവില്ലേ നല്ലത്. മറ്റ് വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കുന്നതിനാലും സമൂഹത്തിലെ അവന്റെ ഇടപെടലുകള്‍ മലയാളത്തില്‍ ആയതിനാലും, ശാസ്ത്ര വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പഠിച്ചു എന്ന് കരുതി പ്രകാശസംശ്ലേഷണം പോലുള്ള പദങ്ങള്‍ മലയാളത്തില്‍ മനസ്സിലാക്കുന്നതിന് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകുകയുമില്ല.

ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്റ്റിയൂണ്‍ പ്ലൂട്ടോ – സൂര്യനില്‍ നിന്നുള്ള അകലം അനുസരിച്ച് ഗ്രഹങ്ങളെ ഈ ക്രമത്തില്‍ മനഃപാഠമാക്കിയത് പ്രൈമറി ക്ലാസ്സുകളില്‍ എപ്പോഴോ ആണ്. സ്‌കൂള്‍ ഘട്ടം കഴിയുന്നത് വരെ പരീക്ഷകളില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരവും എഴുതാറുണ്ടായിരുന്നു. പിന്നീടുള്ള പഠന കാലയളവിലൊന്നും സൗരയൂഥവും ഗ്രഹങ്ങളും ഒന്നും പാഠ്യപദ്ധതിയുടെ ഭാഗം ആയിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം PSC യുടെ ഒരു ഡിഗ്രി ലെവല്‍ പരീക്ഷയില്‍ ആണ് പിന്നീട് ഇത് സംബന്ധിച്ച ഒരു ചോദ്യം കാണുന്നത്. ചോദ്യം ഇതായിരുന്നു – What is the nearest planet to the Sun from the below option? / താഴെ തന്നിട്ടുള്ളവയില്‍ സൂര്യനോട് അടുത്തുള്ള ഗ്രഹം ഏതാണ്? (Jupiter,Earth,Mars,Venus)

ഭൂമി-എര്‍ത്ത് എന്നും ശനി-സാറ്റേണ്‍ എന്നും ഉള്ള സാമാന്യ ബോധത്തിനപ്പുറം മെര്‍ക്കുറിയുടെയും വീനസ്സിന്റെയും മലയാള ഗ്രഹ തര്‍ജ്ജിമ അറിയാത്തതിനാല്‍ തന്നെ ആ ചോദ്യത്തി’നും’ ഉത്തരം എഴുതാനായില്ല എന്നതില്‍ നിരാശയില്ല.

പറഞ്ഞ് വരുന്നത് PSC ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതിനെ കുറിച്ചാണ്. നമ്മുടെ നാട്ടില്‍ പ്ലസ്ടു/ഡിഗ്രി കഴിഞ്ഞിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയെയും കാത്തിരിക്കുന്നത് മത്സരവും അല്ലാത്തതുമായ നിരവധി പരീക്ഷകളാണ്. അക്കൂട്ടത്തില്‍ ഒന്ന് മാത്രമാണ് PSC നടത്തുന്ന പരീക്ഷകള്‍. നിയമ പഠനത്തിനോ മറ്റ് പ്രൊഫെഷണല്‍ കോഴ്സുകള്‍ക്കോ ഉള്ള എന്‍ട്രന്‍സ് ചോദ്യങ്ങളും, UPSC ഉള്‍പ്പെടെ ഉള്ള മറ്റ് തൊഴിലധിഷ്ഠിത പരീക്ഷകളും ഒക്കെ ഇംഗ്ലീഷില്‍ ആകുമ്പോള്‍, PSC ചോദ്യങ്ങള്‍ മാത്രം മലയാളത്തില്‍ ആവുക എന്നാല്‍ അത് ഐക്യ മലയാളത്തിന് എങ്ങനെ ഗുണം ചെയ്യും എന്ന് മനസ്സിലാകുന്നില്ല.

മലയാളം ശക്തിപ്പെടുത്തുക എന്നാല്‍ കുറഞ്ഞപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ശക്തിപ്പെടുക എന്നതാവണം. ‘പൊതുവിദ്യാഭ്യാസയജ്ഞ’ കാലത്ത് പോലും തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് നഗര മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പലതും കുട്ടികളുടെ അഭാവത്താല്‍ പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഉള്ള എല്‍പി യുപി ഹൈസ്‌കൂളുകളുടെ എണ്ണം 11508 ആണ്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതലും ഒറ്റ ഡിവിഷന്‍ മാത്രമുള്ള മലയാളം മീഡിയം സ്‌കൂളുകളും. എന്നാല്‍ ആ ഒറ്റ ഡിവിഷനിലെ നാമമാത്രമായ കുട്ടികള്‍ പോലും ഇന്ന് ഇംഗ്ലീഷ് മീഡിയം ആണ് തിരഞ്ഞെടുത്തിട്ടുള്ളത് എന്നതാണ് വസ്തുത. ഒരേ ക്ളാസ്സിലെ വിരലിലെണ്ണാവുന്ന കുട്ടികളെ രണ്ട് മീഡിയത്തില്‍ പഠിപ്പിക്കേണ്ടി വരുന്നതിന്റെ പ്രായോഗിതയില്‍ സംശയം ഉണ്ടെങ്കിലും അത് നല്ലതാണെന്ന് തന്നെ കരുതുന്നു, സാധാരണക്കാരന്റെ കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുമല്ലോ.

എന്നാല്‍ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ വിജയഭേരിക്കിടെ ഗൗരവമായി പരിശോധിക്കേണ്ട ചിലതുകൂടിയുണ്ട്. തിരുവനന്തപുരത്ത് പൊതു വിദ്യാലയങ്ങളില്‍ പുതുതായി എത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 13 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലായി 2742 വിദ്യാര്‍ത്ഥികളും 252 സ്റ്റാഫും ആണ് ഉള്ളത്. ഇതില്‍ 100-ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ എണ്ണം വെറും 5 ആണ്. സ്‌കൂള്‍ കോഡ്-സ്റ്റാഫ്-വിദ്യാര്‍ത്ഥികള്‍ എന്ന രീതിയില്‍ തരം തിരിച്ച കണക്കാണ് ചുവടെ; 43026-22-375,43029-16-57,43032-11-37,43037-30-684,43051-17-73,43056-16-120,43060-14-17(class5-10),43069-46-881,43073-15-122,43075-12-128(class5-10),43079-13=100(class5-10),43082-19-94(class5-10),43090-21-54. മേല്‍പ്പറഞ്ഞതാണ് കോര്‍പ്പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ അവസ്ഥ (വിശദാംശങ്ങള്‍ക്ക്: https://sametham.kite.kerala.gov.in/ ).

തിരുവനന്തപുരം നഗരസഭ പ്രദേശത്ത്, പ്രശസ്തവും അല്ലാത്തതുമായ നിരവധി എയ്ഡഡ് -അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ നടുവിലായാണ് മണ്ണന്തല ഗവ ഹൈസ്‌കൂള്‍ (സ്‌കൂള്‍ കോഡ്:43029) സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ 57 കുട്ടികള്‍ (മലയാളം മീഡിയം-36, ഇംഗ്ലീഷ് മീഡിയം-21) മാത്രമാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. 2-3 കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു സര്‍ക്കാര്‍ ഹൈസ്‌കൂളായ കറ്റച്ചക്കോണം ഹൈസ്‌കൂളില്‍ (സ്‌കൂള്‍ കോഡ്:43032) ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ എണ്ണം 37 (മലയാളം മീഡിയം-20 , ഇംഗ്ലീഷ് മീഡിയം-17). തുടര്‍ച്ചയായി SSLC പരീക്ഷയില്‍ 100% വിജയം ഈ സ്‌കൂളുകള്‍ നേടിയെടുക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് പരിതാപകരമായ അവസ്ഥയുടെ ഒരു ഉദാഹരണം മാത്രമാണ്.

PSC പരീക്ഷകള്‍ മലയാളത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണയേകി മാതൃഭാഷാ സ്‌നേഹികളും സാംസ്‌കാരിക നായകരും ധീഷണാശാലികളും അടക്കം സമൂഹം ശ്രദ്ധിക്കുന്ന അല്ലെങ്കില്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താനാവുന്ന നിരവധി മഹാരഥന്മാരാണ് ഒത്തുചേര്‍ന്നത്. ആ ഇടപെടല്‍ ഫലം കാണുകയും ചെയ്തു. എന്നാല്‍ അവരുടെ അടിയന്തിര ശ്രദ്ധയും ഇടപെടലും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട മേഖല തകര്‍ച്ച നേരിടുന്ന നമ്മുടെ പൊതുവിദ്യാലയങ്ങളാണ് എന്നതാണ് സത്യം. മികവുറ്റ മാതൃഭാഷാ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളെ മാറ്റാനുള്ള ഊര്‍ജ്ജം പകരാന്‍ കഴിയുക മറ്റാരേക്കാളും ഇവര്‍ക്കാവും. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി ഭാഷാസ്‌നേഹികളും, ധീഷണാശാലികളുമായ സാംസ്‌കാരിക നായകരുടെ ഒരു ഗ്രൂപ്പ് നേരിട്ട് ഇടപെട്ട് നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥക്ക് വലിയ മാറ്റം ഉണ്ടാക്കാനാകും. എഴുത്തുകാരും പ്രഗത്ഭരും അടങ്ങുന്ന ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഓരോ സ്‌കൂളിന്റെയും ചുമതല ഏറ്റെടുത്ത്, അവിടുത്തെ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് അവ സമൂഹത്തെ ബോധ്യപ്പെടുത്തി കൂടുതല്‍ കുട്ടികളെ എങ്ങനെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനാവും എന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ സര്‍ക്കാരിന് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാനാകും, ഭൗതീക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമാകും. നിശ്ചയദാര്‍ഢ്യമുള്ള ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മാത്രമെ സാംസ്‌കാരിക നായകര്‍ക്ക് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാനും ആശാവഹമായ മാറ്റങ്ങള്‍ പൊതുവിദ്യാലയങ്ങളിലും സമൂഹത്തിലും സാധ്യമാക്കാനും കഴിയുകയുള്ളൂ എന്നും വിശ്വസിക്കുന്നു. ഒടുവില്‍ എല്ലാ PSC പരീക്ഷകളും മലയാളത്തിലേക്ക് മാറുമ്പോള്‍ അത് വായിക്കാന്‍ പ്രാപ്തരായ ഉദ്യോഗാര്‍ത്ഥികളെ കിട്ടാനായെങ്കിലും ഐക്യ മലയാള പ്രസ്ഥാനവും, ശാസ്ത്ര സാഹിത്യ പരിഷത്തും, സാംസ്‌കാരിക നായകരും, സാഹിത്യകാരും, എല്ലാ ഭാഷാ സ്‌നേഹികളും നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ കൂടി ക്രിയാത്മകമായി ഇടപെടണം എന്ന ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: ഹിന്ദി വന്ന ജനിതക വഴി

 

ജിജിന്‍ സാംബശിവന്‍

ജിജിന്‍ സാംബശിവന്‍

MIC, SCT, KLA - Kerala university / ALG University Master of Business Administration · bachelor of technology · Bachelor of Laws

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍