UPDATES

Explainer: ഡാറ്റ പ്രൊട്ടക്ഷൻ ബിൽ: ഇന്ത്യക്കാര്‍ക്ക് സ്വകാര്യത വേണ്ടതുണ്ടോ? ശ്രീകൃഷ്ണ കമ്മീഷൻ പറയുന്നത്

ട്രെന്‍ഡിങ്ങ്

സർ‌ക്കാരിന് സ്വകാര്യ വിവരങ്ങളിൽ ഏതുതരം കടന്നുകയറ്റവും നടത്താൻ അധികാരമുണ്ട് എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വിമർശനം.

സ്വകാര്യത ഒരു വലിയ ചർച്ചാവിഷയമാണ് ഇന്ത്യയിൽ. മുൻ യുപിഎ സർക്കാർ, ഒരു സാങ്കേതികജ്ഞനായ നന്ദന്‍ നിലേകനിയുടെ സഹായത്തോടെ കൊണ്ടുവന്ന ആധാർ കാർഡ് സംവിധാനത്തിനു ശേഷമാണ് സ്വകാര്യതയും അതിന്റെ ദുരുപയോഗവും സംബന്ധിച്ച ചർച്ചകൾ ശക്തമായത്. ഇന്ത്യയിൽ സ്വകാര്യതയുടെ വില അത്രകണ്ട് ബോധ്യപ്പെടാത്ത ദരിദ്രജനങ്ങളാണ് ഉള്ളതെന്നതിനാൽ ഇതൊരു വലിയ പ്രശ്നമായി മാറിയിട്ടില്ല എന്നാണ് വിമർശകരുടെ വിലയിരുത്തൽ. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് പൗരബോധം വളർന്ന ഒരു നാട്ടിൽ അസാധ്യമാണെന്ന് അവർ പറയുന്നു. എന്നാൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനും തീവ്രവാദികളെ തിരിച്ചറിയാനും ആധാർ ആവശ്യമാണെന്നാണ് അന്നത്തെ യുപിഎ സർക്കാരും ഇന്നത്തെ എൻഡിഎ സർക്കാരും വാദിക്കുന്നത്.

ഈ പ്രശ്നം കൂടുതൽ ചർച്ചകളിലേക്ക് പോയത് ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രശ്നത്തിനു ശേഷമാണ്. വിവരശേഖരണത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിക്കു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവം പുറത്തു വന്നതോടെ ഇത്തരം ദുരുപയോഗങ്ങളെ പ്രതിരോധിക്കുന്ന നിയമസംവിധാനം ആവശ്യമാണെന്നു വന്നു. സ്വകാര്യത സംബന്ധിച്ച ഇന്ത്യയുടെ ഇന്നത്തെ യഥാർത്ഥ പ്രശ്നങ്ങളെ ശരിയായ വിധത്തിൽ അഭിസംബോധന ചെയ്യാൻ ജസ്റ്റിസ് ശ്രീകൃഷ്ണയുടെ കരട് ബില്ലിന് സാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയിലെത്തിയിട്ടുണ്ട്. എങ്കിലും നമ്മുടെ നാടിന്റെ ഇന്നത്തെ പരിതസ്ഥിതിയിൽ സ്വകാര്യത എന്നൊരു വിഷയം നിർണായകമാണെന്ന് ഭരണസംവിധാനം തിരിച്ചറിഞ്ഞത് വലിയൊരു കാര്യമാണെന്നു വേണം പറയാൻ. ജനങ്ങളുടെ മൊത്തം സ്വകാര്യതയെ കൈക്കലാക്കി വലിയൊരു സർവ്വയലൻസ് സ്റ്റേറ്റ് നിർമിക്കാൻ ഭരണകൂടം ശ്രമം നടത്തുകയാണെന്ന ആരോപണം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം ഇതിനെ നോക്കിക്കാണാൻ.

എന്താണ് പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ?

ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണ തലവനായ വിദഗ്ധസമിതി ‘പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2018’ എന്നു പേരിട്ടിട്ടുള്ള ബില്ലിന്റെ കരട് 2018 ജൂൺ 28ാം തിയ്യതി സർ‌ക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. നിയമം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച നിർണായകമായ നിർദ്ദേശങ്ങളാണ് ഈ കരടിൽ ശ്രീകൃഷ്ണ മുമ്പോട്ടു വെച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്നതും വിനിമയം ചെയ്യപ്പെടുന്നതും വെളിപ്പെടുത്തപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതുമായ സ്വകാര്യവിവരങ്ങള്‍ക്കെല്ലാം ബാധകമായ നിയമത്തിന്റെ കരടാണിത്. ഇന്ത്യയിൽ കച്ചവടം ചെയ്യുന്നവരോ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നവരോ ആയ ആര്‍ക്കും ഈ നിയമം ബാധകമാണ്.

അതേസമയം ഇന്ത്യയിലില്ലാത്ത വിദേശ പൗരന്മാരുടെ ഡാറ്റ വിനിമയവും മറ്റും നടത്തുന്ന കമ്പനികളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് ബിൽ അധികാരം നൽകുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ‘നിർണായകമായ’ സ്വകാര്യ വിവരങ്ങൾ യാതൊരു കാരണവശാലും രാജ്യാതിർത്തിക്ക് പുറത്ത് ഏതെങ്കിലും വിധത്തിൽ കൈകാര്യം ചെയ്യപ്പെടുന്നത് ഈ നിയമം വിലക്കുന്നു. അതേസമയം ‘നിർണായകമായ’ വിവരങ്ങൾ ഏതൊക്കെയാകണം എന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഒരു വര്‍ഷത്തോളം നീണ്ട ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് ‍കരട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സർക്കാരിന് സമർപ്പിച്ച ഈ കരട് ബില്ല് ഇപ്പോൾ പൊതുജനത്തിന്റെ ചർച്ചകൾക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

എന്തൊക്കെയാണ് സ്വകാര്യ വിവരങ്ങൾ?

പൊതുവുടമയിലും സ്വകാര്യ ഉടമയിലുമുള്ള കമ്പനികൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങളാണ് ഈ കരട് നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്വകാര്യ വിവരങ്ങൾ എന്നതിൽ ഇവയെല്ലാം ഉൾ‌പ്പെടും: പാസ്സ്‌വേഡുകൾ, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ഔദ്യോഗിക വിവരങ്ങൾ, ലൈംഗിക ജീവിതം, സെക്ഷ്വൽ ഓറിയന്റേഷൻ, ബയോമെട്രിക് വിവരങ്ങൾ, ജനിതക വിവരങ്ങൾ, ട്രാൻസ്ജെൻഡർ സ്റ്റാറ്റസ്, ഇന്റർസെക്സ് സ്റ്റാറ്റസ്, ജാതി, ഗോത്രം, മത-രാഷ്ട്രീയ വിശ്വാസം തുടങ്ങിയവ. ഇതിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.

എന്തൊക്കെയാണ് കരട് നിയമം മുമ്പോട്ടു വെക്കുന്നത്?

വ്യക്തമായ സമ്മതത്തോടു കൂടി മാത്രമേ സ്വകാര്യവിവരങ്ങൾ ഉപയോഗിക്കപ്പെടാവൂ എന്ന് ബില്ലിന്റെ കരട് രൂപം നിർദ്ദേശിക്കുന്നു. വ്യക്തമായതും കൃത്യമായതും അറിവോടു കൂടിയതുമായ സമ്മതമാണ് ആവശ്യം. കൊടുത്തപോലെ സമ്മതം തിരിച്ചെടുക്കാനും സാധിക്കണം. ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് നൽകുന്ന സ്വകാര്യവിവരങ്ങളിന്മേൽ ഉപയോക്താവിന് എപ്പോഴും നിയന്ത്രണമുണ്ടായിരിക്കണമെന്നും കരട് ബിൽ നിർദ്ദേശിക്കുന്നുണ്ട്. അനുവാദമില്ലാതെ സ്വകാര്യവിവരങ്ങൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നൽകുവാനും കരട് നിർദ്ദേശിക്കുന്നു.

ആധാർ‌ വിവരങ്ങളും സ്വകാര്യതയും

ആധാർ നിയമം സംബന്ധിച്ച നിർണായകമായ ചില നിർദ്ദേശങ്ങളും ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി മുമ്പോട്ടു വെച്ചു. ആധാർ നിയമത്തിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്നാണ് ആ നിർദ്ദേശം. ആധാറിലെ നിർണായകമായ സ്വകാര്യവിവരങ്ങൾ ലഭ്യമാക്കുന്നവരെ നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്. അതെസമയം, ആധാർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ അതിന്മേലുള്ള വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ ആവശ്യപ്പെടുന്നുണ്ട്.

വിമർശനങ്ങൾ

സർ‌ക്കാരിന് സ്വകാര്യ വിവരങ്ങളിൽ ഏതുതരം കടന്നുകയറ്റവും നടത്താൻ അധികാരമുണ്ട് എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വിമർശനം. സ്വകാര്യവിവരങ്ങൾ വിദേശത്ത് ഏങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനാണ് പ്രധാന ഊന്നൽ നൽകിയിരിക്കുന്നത്. ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ വിദേശ കമ്പനികളുടെ ഡാറ്റ ദുരുപയോഗത്തെ മാത്രമാണ് ഈ കരട് മുന്നിൽക്കാണുന്നത്. ജനങ്ങൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികളുടെ പേരിൽ‌ സർക്കാരിന് സ്വകാര്യവിവരങ്ങൾ ഉപയോഗിക്കാമെന്നും കരട് പറയുന്നുണ്ട്. അതായത്, നിലവിലുള്ള സ്ഥിതിഗതികളിൽ നിന്നും കാര്യമായ മുന്നേറ്റമൊന്നും ഇക്കാര്യത്തിൽ വരാനിടയില്ലെന്നും വിമർശകർ പറയുന്നു.

ഒപ്പം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് സ്വകാര്യത സംബന്ധിച്ച് പുറപ്പെടുവിച്ച ചരിത്രവിധിയില്‍ പറയുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് സ്വകാര്യത എന്നാണ്. വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാകാതിരിക്കാനുള്ള അവകാശം ഓരോത്തര്‍ക്കും ജീവിച്ചിരിക്കാനുള്ള അവകാശത്തിനൊപ്പം ലഭിക്കേണ്ടതു തന്നെയാണെന്നും ആ വിധിയില്‍ സുപ്രീം കോടതി ആവര്‍ത്തിക്കുമ്പോള്‍ പുതിയ നിയമ നിര്‍മാണം എന്നത് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും.

EXPLAINER: നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

സ്വകാര്യത എന്താണെന്നറിയാത്ത ഇന്ത്യാക്കാർ വായിക്കാൻ; വാട്സാപ്പ് ഉപയോഗിക്കണമെങ്കിൽ ഇനി 16 വയസ്സാകണം

സ്വകാര്യത വിധി: 42 വര്‍ഷത്തിന് ശേഷം അച്ഛന്റെ ‘തെറ്റി’ന് മകന്റെ തിരുത്ത്, മുട്ടിലിഴയാതെ നിവര്‍ന്നു നിന്ന ജസ്റ്റിസ് ഖന്ന

Share on

മറ്റുവാർത്തകൾ