UPDATES

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?

ഗംഗയുടേയും യമുനയുടേയും പിന്നെ സാങ്കല്‍പ്പിക നദിയായ സരസ്വതിയുടേയും സംഗമസ്ഥാനമായ നഗരം പല ജീവിതരീതികളുടേയും പലതരം കാഴ്ചപ്പാടുകളുടേയും കൂടിച്ചേരല്‍ കേന്ദ്രം കൂടിയാണ്. ചരിത്രത്തിന്റെ ഈ അപനിര്‍മ്മാണം ഒരു വെറും ഭ്രാന്തായി കണ്ട് തള്ളിക്കളയാനാവില്ല.

അലഹബാദ് നഗരം ആദ്യം ഓര്‍മ്മിപ്പിക്കുന്ന മുഖം ജവഹര്‍ലാല്‍ നെഹ്രുവിന്റേതാണ്. അലഹബാദിലെ ആനന്ദ ഭവനിലാണ് മോത്തിലാല്‍ നെഹ്രുവിന്റേയും സ്വരൂപ് റാണിയുടേയും മകനായി 1889 നവംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനനം. നെഹ്രു ഇവിടെ ഏറെക്കാലം ജീവിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. മോത്തിലാല്‍ നെഹ്രുവിന്റേയും ജവഹര്‍ലാല്‍ നെഹ്രുവിന്റേയും നാടായ അലഹബാദ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ രാഷ്ട്രീയമായി ഊര്‍ജ്ജസ്വലമായിരുന്നു. സ്വാഭാവികമായും അത് ദേശീയ പ്രസ്ഥാനത്തിന്റെ വലിയ ശക്തികേന്ദ്രങ്ങളിലൊന്നുമായി മാറി. അതേസമയം മുഗള്‍ സ്വാധീനമുള്ള ഈ പേര് ആര്‍എസ്എസിനെ സംബന്ധിച്ച് എക്കാലവും അതൃപ്തിയുണ്ടാക്കുന്നതായിരുന്നു. അവരുടെ ഡയറക്ടറിയില്‍ ഈ നഗരം എക്കാലവും കുംഭമേളയുടേയും ത്രിവേണീ സംഗമത്തിന്റേയും കേന്ദ്രമായ പ്രയാഗ് ആയിരുന്നു. ഇപ്പോള്‍ ഹിന്ദുരാഷ്ട്രവാദികളുടെ ഈ പേര് മാറ്റല്‍, ചരിത്രത്തെ കുഴിച്ചുമൂടല്‍ പരിപാടിയുടെ ഭാഗമായി അലഹബാദിന്റെ പേര് ‘പ്രയാഗ് രാജ്’ എന്നാക്കി മാറ്റാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

ചരിത്രം
അലഹബാദിന്റെ ബുദ്ധമത ചരിത്രം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 1583ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പടുത്തുയര്‍ത്തിയ അലഹബാദ് കോട്ടയുടെ മുന്നില്‍ ബിസി മൂന്നാം നൂറ്റാണ്ടിലെ അശോക സ്തൂപമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ വര്‍ഷങ്ങളോളം അലഹബാദ് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ വിമത പുത്രന്‍ ഖുസ്രു രാജകുമാരന്റെ ശവകൂടീരവും കോട്ടയ്ക്ക് പുറത്താണ്. നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. അക്ബര്‍ ആണ് ഈ നഗരത്തിന് ഇലാഹാബാദ് (ദൈവത്തിന്‍റെ കേന്ദ്രം) എന്ന് പേരിട്ടത് എന്ന് പറയുന്നു. തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ മുഗള്‍ സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകള്‍ ഓരോന്നായി തുടച്ചുനീക്കുക എന്നത് സംഘപരിവാറിന്‍റെ പ്രത്യേക താല്പര്യമാണ്. താജ് മഹലിനെതിരായ പ്രചാരണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രം തകര്‍ത്ത് ഷാജഹാന്‍ സ്ഥാപിച്ചതാണ് താജ്മഹല്‍ എന്നായിരുന്നു ബിജെപി നേതാവ് വിനയ് കത്യാറിന്റെ കണ്ടുപിടിത്തം.

1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊല നടന്ന പ്രദേശമാണിത്. ബ്രിട്ടീഷ് രേഖകളില്‍ ഇതിന്‍റെ വിശദാംശങ്ങളുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ യുണൈറ്റഡ് പ്രൊവിന്‍സ് ആയിരുന്ന ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായിരുന്നു അലഹബാദ്. 1904 മുതല്‍ 1949 വരെ യുപിയുടെ തലസ്ഥാനമായിരുന്നു അലഹബാദ്. ഇന്ത്യയിലെ നാലാമത്തെ ഹൈക്കോടതിയാണ് 1866ല്‍ സ്ഥാപിക്കപ്പെട്ട അലഹബാദ് ഹൈക്കോടതി. മദ്രാസിനും കല്‍ക്കട്ടയ്ക്കും ബോംബെയ്ക്കും ശേഷം. അലഹബാദ്, ലക്‌നൗ ബഞ്ചുകളിലായി 90 കോടതികളും 160 ജഡ്ജി തസ്തികകളുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയാണ് അലഹബാദ് ഹൈക്കോടതി. അലഹബാദില്‍ മാത്രം 22,000 പ്രാക്ടീസിംഗ് അഡ്വക്കറ്റുമാരുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിതിരിച്ചുവിട്ട, അടിയന്തരാവസ്ഥയ്ക്ക് കാരണമായ നിര്‍ണായക വിധി ഈ ഹൈക്കോടതിയില്‍ നിന്നാണ് വന്നത്. ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധി.

രാഷ്ട്രീയ, സാംസ്കാരിക നായകര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലും ജുഡീഷ്യറിയിലുമെല്ലാം നിറഞ്ഞുനിന്ന നെഹ്രു, കട്ജു, സപ്രു കുടുംബങ്ങളുടെ കേന്ദ്രമാണ് അലഹബാദ്. എന്‍ഡി തിവാരി, വിപി സിംഗ്, മദന്‍ലാല്‍ ഖുറാന തുടങ്ങിയ വിവിധ കക്ഷി നേതാക്കളെല്ലാം അലഹബാദ് യൂണിവേഴ്‌സിറ്റിയുടെ സംഭാവനകളാണ്. ഭൗതികശാസ്ത്രജ്ഞരായ മേഘ്‌നാദ് സാഹ, ദോലത് സിംഗ് കോത്താരി, രസതന്ത്രജ്ഞന്‍ നീല്‍ രത്തന്‍ ധര്‍ എന്നിവരുടെ അലഹബാദ് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ളവരാണ്. മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ, മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖര്‍, മുന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ്, ഭാരത് രത്‌ന ജേതാവ് പുരുഷോത്തം ദാസ് ടാണ്ഡന്‍ തുടങ്ങിയവര്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. എഴുത്തുകാരായ ഫിറാഖ് ഗോരാഖ്പൂരി, ഹരിവംശറായ് ബച്ചന്‍, മഹാദേവി വര്‍മ, സൂര്യകാന്ത് ത്രിപാഠി നിരാലസ ധരംവീര്‍ ഭാരതി, ഡോ.രഘുവംശ്, രാംസ്വരൂപ് ചതുര്‍വേദി തുടങ്ങിയവര്‍ ഏറെക്കാലം ജീവിച്ചത് ഈ നഗരത്തിലാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

1952, 57, 62 വര്‍ഷങ്ങളില്‍ നെഹ്രു ഫുല്‍പൂരില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്തുള്ള അലഹാബാദില്‍ നിന്ന് 57ലും 62ലും ജയിച്ചത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്. 1980ല്‍ വിപി സിംഗും 1984ലെ ഇന്ദിര സഹതാപ തരംഗത്തില്‍ കരുത്തനും കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രിയുമായ എച്ച്എന്‍ ബഹുഗുണയെ നാല് ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ച് നടന്‍ അമിതാഭ് ബച്ചനും അലഹബാദില്‍ നിന്ന് ലോക്‌സഭയിലെത്തി. ബോഫോഴ്‌സ് ഇടപാടില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 1988ല്‍ ബച്ചന്‍ ലോക്‌സഭാംഗത്വം രാജി വയ്ക്കുകയും ഉപതിരഞ്ഞെടുപ്പില്‍ വിപി സിംഗ് ജയിക്കുകയും ചെയ്തു. അമിതാഭ് ബച്ചനാണ് അലഹബാദിലെ അവസാനത്തെ കോണ്‍ഗ്രസ് എംപി. നെഹ്രുവിന്റെ ജന്മനാട് പിന്നീടൊരിക്കലും ഒരു കോണ്‍ഗ്രസ് എംപിയെ തിരഞ്ഞെടുത്തില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, സോഷ്യലിസ്റ്റുകളുടേയും ശക്തികേന്ദ്രമായിരുന്നു അലഹബാദ്. ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ അനിഷേധ്യ നേതാവ് രാം മനോഹര്‍ ലോഹ്യയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു ഇവിടം. 1962ലെ തിരഞ്ഞെടുപ്പില്‍ നെഹ്രുവിനെതിരെ ലോഹ്യ മത്സരിച്ചപ്പോള്‍ നെഹ്രു അല്‍പ്പം വിയര്‍പ്പൊഴുക്കി.

ആര്‍എസ്എസ്, ഹിന്ദുത്വ രാഷ്ട്രീയ സ്വാധീനം

ആര്‍എസ്എസിന്റെ ചരിത്രത്തിലെ ഒരേയൊരു ഉത്തരേന്ത്യന്‍ സര്‍സംഘചാലക് ആയിരുന്ന, രാജു ഭയ്യ എന്നറിയപ്പെട്ട രാജേന്ദ്ര സിംഗിന്റെയും നാടാണിത്. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, വിഎച്ച്പി നേതാവായിരുന്ന അശോക് സിംഗാള്‍ എന്നിവരുടേയും പ്രവര്‍ത്തനമേഖലയായിരുന്നു ഇത്. രാജേന്ദ്ര സിംഗും ജോഷിയും അലഹബാദ് സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍മാരായിരുന്നു. ജോഷി ഇപ്പോഴും അലഹബാദില്‍ തന്നെയാണ് താമസം. ആനന്ദ് ഭവന്റെ തൊട്ടടുത്താണ് അശോക് സിംഗാളിന്റെ വീടായ മഹാവീര്‍ ഭവന്‍. 1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫുല്‍പൂരില്‍ നെഹ്രുവിന്റെ എതിരാളിയായിരുന്ന പ്രഭുദത്ത് ബ്രഹ്മചാരിക്ക് അലഹബാദിലെ ജുന്‍സിയില്‍ ഒരു ആശ്രമമുണ്ടായിരുന്നു. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം.

സാംസ്കാരിക ബഹുസ്വരത

അലഹബാദ് നഗരം സാംസ്‌കാരിക ബഹുസ്വരത വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഇടമാണ്. നിരവധി കാശ്മീരി, ബംഗാളി കുടുംബങ്ങള്‍ തലമുറകള്‍ മുമ്പ് ഇവിടെ വന്ന് ഇവിടത്തുകാരായി മാറി – കാശ്മീരില്‍ നിന്നുവന്ന നെഹ്രു കുടുംബത്തെ പോലെ. പഠിക്കാനും സര്‍ക്കാര്‍ ജോലികള്‍ക്കായും അഭിഭാഷകവൃത്തിയുടെ ഭാഗമായുമെല്ലാം. ഗംഗയുടേയും യമുനയുടേയും പിന്നെ സാങ്കല്‍പ്പിക നദിയായ സരസ്വതിയുടേയും സംഗമസ്ഥാനമായ നഗരം പല തരം ജീവിതരീതികളുടേയും പലതരം കാഴ്ചപ്പാടുകളുടേയും കൂടിച്ചേരല്‍ കേന്ദ്രം കൂടിയാണ്.

ചരിത്രത്തിന്‍റെ കുഴിച്ചുമൂടല്‍

അലഹബാദ് നഗരത്തിലെ നെഹ്രു പ്രതിമ നീക്കം ചെയ്ത നടപടി വലിയ വിവാദമായിരുന്നു. നഗരത്തില്‍ നിന്ന് അതിന്‍റെ ചരിത്രത്തെ പിഴുതുമാറ്റുന്ന പോലെയാണ് നെഹ്‌റു പ്രതിമ ക്രെയിന്‍ ഉപയോഗിച്ച് പിഴുതുമാറ്റിയത്. കുംഭമേളയ്ക്ക് വേണ്ടി നഗരം മോടി പിടിപ്പിക്കുന്നതിനായി എന്ന് പറഞ്ഞാണ് പ്രതിമ നീക്കിയത്. ഇപ്പോള്‍ വലിയൊരു ചരിത്രം അവകാശപ്പെടാനുള്ള നഗരത്തിന്റെ പേര് തന്നെ അതല്ലാതായി മാറ്റാനാണ് ശ്രമം. മുഗള്‍സാരായ് റെയില്‍വേ സ്‌റ്റേഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായ സ്‌റ്റേഷനായത് പോലെയും അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് ആയത് പോലെയും അലഹബാദും മാറുകയാണ്, അല്ല മാറ്റുകയാണ്. ചരിത്രത്തിന്റെ ഈ അപനിര്‍മ്മാണം ഒരു വെറും ഭ്രാന്തായി കണ്ട് തള്ളിക്കളയാനാവില്ല. ഇത് ഇന്ത്യയെന്ന ജനാധിപത്യ നിര്‍മ്മിതിയുടെ അടിസ്ഥാനഘടകമായ ബഹുസ്വരതയെ ഇല്ലാതാക്കി ഒരു ഏകശിലാ രാഷ്ട്രം രൂപീകരിക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണ്. ജനുവരിയിലെ കുംഭമേളയ്ക്ക് മുമ്പായി പേര് മാറ്റാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. പ്രയാഗ് അലഹബാദിന്‍റെ ഒരു ഭാഗം മാത്രമാണ്. എന്നാല്‍ അത് മാത്രമല്ല അലഹബാദ്. ചരിത്രത്തിന്‍റെ ഈ അപനിര്‍മ്മാണ പ്രക്രിയയില്‍ അഹമ്മദാബാദും അഹമ്മദ്നഗറും ഔറംഗബാദും ഹൈദരാബാദുമെല്ലാം ഊഴം കാത്ത് കിടക്കുകയാണ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടും.

അലഹബാദിലെ നെഹ്രുവിന്റെ വീടിന് സമീപമുള്ള നെഹ്‌റു പ്രതിമ നീക്കി: കുംഭമേളയ്ക്ക് വേണ്ടിയെന്ന് വിശദീകരണം

Share on

മറ്റുവാർത്തകൾ