UPDATES

EXPLAINER: മരിച്ചത് 112 കുട്ടികള്‍; എന്താണ് ബിഹാറില്‍ സംഭവിക്കുന്നത്? ‘ലിച്ചിപ്പഴം’ കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ?

മസ്തിഷ്‌ക വീക്കം മൂലമാണ് മരണം എന്ന വസ്തുത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യം ശ്രമിച്ചത്.

ബിഹാറിലെ മുസഫര്‍പൂരില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന മസ്തിഷ്‌ക വീക്കം മൂലം മരിച്ചത് 112 കുട്ടികളാണ്. ഇതില്‍ ബഹുഭൂരിപക്ഷം പേരും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍. മിക്കവരും മരിച്ചത് ജൂണ്‍ ഒന്നിന് ശേഷം. സംസ്ഥാനത്ത് ആരോഗ്യ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ഭീതിയും ആശങ്കയും പടര്‍ത്തിയിരിക്കുകയാണ് കുട്ടികളെ കവര്‍ന്നെടുക്കുന്ന ഈ രോഗം.

കൊടുംചൂടില്‍ 70-ലധികം പേര്‍ ബീഹാറില്‍ മരണപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് കുട്ടികളുടെ തുടര്‍മരണങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികള്‍ എഇഎസ് ബാധിച്ചിരിക്കുന്ന കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികളെ ബാധിച്ചിരിക്കുന്ന മാരക രോഗത്തിന് കാരണങ്ങള്‍ പലത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് – ലിച്ചിപ്പഴം കഴിച്ചത്, പോഷകാഹാരക്കുറവ്, കൊടും ചൂട് – ഇവയെല്ലാം. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അടക്കം രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് കൂടുതല്‍ കുട്ടികളേയും പ്രവേശിപ്പിച്ചിരിക്കുന്നത്. മുസഫര്‍പൂരിലെ കുട്ടികളുടെ മരണം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയര്‍ത്തിയിട്ടുണ്ട്.

ലിച്ചി ഹാവോക്, ചംകി ഭൂകാര്‍, കില്ലര്‍ എന്‍സിഫലൈറ്റിസ്, ഡെഡ്ലി ലിച്ചി ടോക്‌സിന്‍ എന്നെല്ലാം ബിഹാറിലെ മഹാരോഗത്തെ മാധ്യമങ്ങള്‍ വിളിക്കുന്നു. പോഷകാഹാരക്കുറവും പരിതാപകരമായ പൊതുജനാരോഗ്യ സംവിധാനവും വലിയ പ്രശ്‌നം തന്നെയാണ്. ജൂണ്‍ ഒന്ന് മുതല്‍ എന്‍സിഫലൈറ്റിസ് ബാധിച്ച 309 കുട്ടികളെ മുസഫര്‍പൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എന്താണ് അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം?

ഉയര്‍ന്ന താപനിലയുള്ള കടുത്ത പനിയോടെയാണ് തുടക്കം. അസുഖം തലച്ചോറിനെ ബാധിക്കുന്നു. വൈറല്‍ ഇന്‍ഫെക്ഷന്‍ ആണ് സംഭവിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറയുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ്‌സ്, രാസ വസ്തുക്കള്‍, വിഷാംശം തുടങ്ങിയവയെല്ലാം രോഗ കാരണമാകാം.

ബിഹാറില്‍ നാല് വര്‍ഷത്തിന് ശേഷം മരണനിരക്ക് വീണ്ടും കുത്തനെ കൂടി

ജൂണ്‍ ഒന്ന് മുതല്‍ എന്‍സിഫലൈറ്റിസ് ബാധിച്ച 309 കുട്ടികളെ മുസഫര്‍പൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ നൂറിലധം കുട്ടികളെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും 85 കുട്ടികള്‍ ഇവിടെ മരിച്ചു. നാല് വര്‍ഷം മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടമരണമുണ്ടായി. 2000-നും 2010-നുമിടയ്ക്ക് മുസഫര്‍പൂര്‍ ജില്ലയില്‍ ആയിരത്തിലധികം കുട്ടികള്‍ മരിച്ചിരുന്നു. 2011 മുതല്‍ 2014 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നൂറിലധികം കുട്ടികള്‍ മരിച്ചിരുന്നു. 2014ല്‍ 355 കുട്ടികളും 2012ല്‍ 275 കുട്ടികളും 2011ല്‍ 197 കുട്ടികളുമാണ് മരിച്ചത്. എന്നാല്‍ 2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞു – 35, 4, 11, 7 എന്നിങ്ങനെയായിരുന്നു മരണ നിരക്ക്. 2019ല്‍ വീണ്ടും കൂട്ട മരണം സംഭവിക്കുന്നു.

ലിച്ചിപ്പഴം എങ്ങനെ മസ്തിഷ്ക വീക്കത്തിന് കാരണമാകുന്നു?

ഹൈപ്പോഗ്ലിസീമിയ എന്നറിയപ്പെടുന്ന കുറഞ്ഞ ബ്ലഡ് ഷുഗര്‍ ലെവലിന് ലിച്ചിപ്പഴം കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് പെട്ടെന്ന് ബാധിക്കുന്നത് പോഷകാഹാരക്കുറവ് പ്രകടമായ കുട്ടികളിലാണ്.

രോഗനിര്‍ണയത്തില്‍ സംഭവിച്ച പാളിച്ചകളും അപാകതകളും

എല്ലാ കേസുകളേയും അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം എന്ന് മാത്രം വിളിക്കുന്നതില്‍ വലിയ കാര്യമില്ലെന്നും കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഏത് രോഗവും എഇഎസ് എന്ന് വിളിക്കപ്പെടാം എന്നും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എമിറിറ്റസ് പ്രൊഫസറും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ് മുന്‍ പ്രസിഡന്റുമായ ആയ ഡോ.ടിജെ ജോണ്‍ ന്യൂസ് 18-നോട് പറഞ്ഞത്.

മരണത്തിന്റെ കാരണം ലിച്ചിപ്പഴത്തില്‍ ഒതുക്കുന്നവര്‍ മനുഷ്യസൃഷ്ടിയായ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളേയും പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥയേയും അവഗണിച്ചതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍സിഫലൈറ്റിസ് മൂലമാണ് മരണം എന്ന വസ്തുത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യം ശ്രമിച്ചത്. ബ്ലഡ് ഷുഗര്‍ കുറഞ്ഞത് മൂലം എന്നതില്‍ മാത്രം പ്രശ്‌നം ഒതുക്കി.

ഉഷ്ണതരംഗം, കാലാവസ്ഥ

ആദ്യ നിഗമനങ്ങള്‍ മാറ്റി വച്ച് അതിരൂക്ഷമായ ഉഷ്ണ തരംഗമാണ് കുട്ടികളുടെ മരണകാരണം എന്നാണ് എസ്‌കെഎംസിഎച്ച് ആശുപത്രിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പിന്നീട് പ്രതികരിച്ചത്. വൈറസ് അല്ല മരണകാരണം എന്നും എസ്‌കെഎംസിഎച്ച് ആശുപത്രി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലും കൊടും ചൂടാണ് ഇതിന് കാരണമായത്. കാലാവസ്ഥ പ്രധാന പ്രശ്‌നമാണ്. മറ്റ് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ രാത്രി തണുപ്പുണ്ട്. എന്നാല്‍ മുസഫര്‍പൂരില്‍ സ്ഥിതി വ്യത്യസ്തമാണ്. മഴ ഇല്ല താനും. ലിച്ചിപ്പഴമാണ് കാരണമെന്ന വാദത്തെ ഇവര്‍ തള്ളിക്കളയുന്നു. മരണനിരക്ക് കുറഞ്ഞപ്പോഴൊന്നും കുട്ടികള്‍ ലിച്ചിപ്പഴം കഴിക്കാത്ത അവസ്ഥയുണ്ടായിരുന്നില്ല.

പോഷകാഹാരക്കുറവിന് പിന്നിലെ സാമ്പത്തിക, സാമൂഹിക കാരണങ്ങള്‍

പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ്. മതിയായ ഭക്ഷണം ലഭിക്കാതെ, പോഷകാഹാരം ലഭിക്കാതെ വെറും വയറ്റില്‍ ലിച്ചിപ്പഴം കഴിച്ച കുട്ടികളെയാണ് കൂടുതലും രോഗം ബാധിച്ചിരിക്കുന്നത്.

സാമ്പത്തികനിലയും ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ ലഭ്യതയും തമ്മിലുള്ള ബന്ധം വലിയ ഘടകമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും പരിഹാരമില്ല. പോഷകാഹാരം കിട്ടുന്നില്ല എന്ന് മാത്രമല്ല, ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ വിശപ്പടക്കാന്‍ ലിച്ചിപ്പഴം അടക്കം കിട്ടുന്നതെന്തും കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പോഷകാഹാരക്കുറവിന്റെ പ്രശ്‌നം മറച്ചുപിടിക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ ശ്രമം എന്ന ആരോപണമുണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (പ്രൈമറി ഹെല്‍ത്ത് സെന്റര്‍) കുറവ് പ്രശ്‌നമാണ്. കുട്ടികളെ ആശുപത്രികളിലെത്തിക്കാന്‍ വളരെയധികം സമയമെടുക്കുന്നു. സമയത്തിന് ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് മരണ നിരക്ക് വര്‍ദ്ധിപ്പിച്ചു. പലരും കടുത്ത പനിയുണ്ടായി ആരോഗ്യനില മോശമായി കഴിഞ്ഞ്, എട്ട് മണിക്കൂറെല്ലാം കഴിഞ്ഞാണ് ആശുപത്രിയിലെത്തുന്നത്. സമയത്തിന് ആശുപത്രിയിലെത്തിച്ച കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്ന പരാതിയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചില്ല എന്നാണ് വിമര്‍ശനം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ബിഹാര്‍ സര്‍ക്കാരിനും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

2017ല്‍ ഗോരഖ്പൂരില്‍ സംഭവിച്ചത്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലുള്ള ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2017-ല്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവം രാജ്യത്താകെ ഞെട്ടലുണ്ടാക്കിയിരുന്നു. എന്‍സിഫലൈറ്റിസ് ബാധിതരായ കുട്ടികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. പൊതു ആരോഗ്യ സംവിധാനത്തിന്റെ പിടിപ്പുകേട് തന്നെയായിരുന്നു ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണമായത്. ഓക്‌സിജന്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ് അന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചത്.

Share on

മറ്റുവാർത്തകൾ