UPDATES

Explainer: കാര്യത്തെ മറച്ചുപിടിക്കുന്ന ഹാഷ്ടാഗ് കളികളുമായി മോദി ടീം; ‘കാവൽക്കാരനെ കള്ളനെ’ന്ന് വിളിക്കുന്നത് പ്രയോജനകരമോ?

ഇതുവരെയും തന്നെ മാത്രം ചൗക്കിദാർ എന്ന് വിശേഷിപ്പിച്ചു കൊണ്ടിരുന്ന നരേന്ദ്രമോദി ഈ വിശേഷണത്തെ മറ്റുള്ളവരെക്കൊണ്ടും ഏറ്റെടുപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

റാഫേൽ യുദ്ധവിമാനക്കരാറിൽ പ്രധാനമന്ത്രിയുടെ അവിഹിതമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കുന്ന പ്രസ്താവന മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്ദിൽ നിന്നുണ്ടാകുന്നത് 2018 സെപ്തംബർ മാസത്തിലാണ്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റാഫേൽ കരാറിന്റെ അനുബന്ധ കരാറുകളിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയതെന്ന് ഇദ്ദേഹം പറയുകയുണ്ടായി. ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരമാണ് ദസോള്‍ട്ട് ഏവിയേഷന്‍ 30000 കോടി രൂപ പ്രാദേശിക നിക്ഷേപം നടത്താനുള്ള ഓഫ് സെറ്റ് കരാര്‍ റിലൈന്‍സുമായി ഒപ്പുവച്ചതെന്നും ഫ്രഞ്ച് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ മറ്റ് ചോയ്‌സുകളില്ലായിരുന്നു എന്നുമാണ് ഒലാന്ദ് പറഞ്ഞത്. അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് പകരം കരാര്‍ പങ്കാളിയാക്കിയതില്‍ അഴിമതിയുണ്ടെന്ന് ചില മാധ്യമങ്ങളും ഇന്ത്യയിലെ പ്രതിപക്ഷവും ഉയർത്തിയ ആരോപണങ്ങള്‍ ഒളാന്ദിന്റെ പ്രസ്താവനയിലൂടെ സ്ഥാപിക്കപ്പെടുകയായിരുന്നു.

ഒളാന്ദിന്റെ പ്രസ്താവന വരുംവരെയും (അതിൽപ്പിന്നെയും) അനിൽ അംബാനിയെ കരാറിലേക്ക് ക്ഷണിച്ചത് ഫ്രഞ്ച് സർക്കാരാണ് എന്നായിരുന്നു ഇന്ത്യ പറഞ്ഞു കൊണ്ടിരുന്നത്. ഇത് പൊളിഞ്ഞു. ഇപ്രകാരമായിരുന്നു ഒളാന്ദിന്റെ പ്രസ്താവന: “മൻമോഹൻ സിങ്ങിന്റെ കാലത്ത് 126 റാഫേൽ എയർക്രാഫ്റ്റുകളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഭരണം മാറിയപ്പോൾ ഇത് 36 എയർക്രാഫ്റ്റുകളായി കുറഞ്ഞു. ഫ്രഞ്ച് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആകർഷകമായിരുന്നില്ല. പക്ഷെ മുൻ കരാറിൽ നിന്നും വ്യത്യസ്തമായി വിമാനനിർമാണം ഫ്രാൻസിൽ തന്നെ മതി. ഇപ്പോൾ വിവാദമായിട്ടുള്ള കാര്യവും പുതിയ കരാറിലാണ് വന്നത്. വിമാന നിർമാണ കമ്പനിയായ ഡസ്സോൾട്ടും റിലയൻസ് ഗ്രൂപ്പും ചേർന്നുള്ള ഓഫ്‍സെറ്റ് കരാറും പുതിയ കരാറിന്റെ ഭാഗമായി. എങ്ങനെയാണ് റിലയൻസ് ഈ കരാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്? ഞങ്ങൾക്ക് അതിൽ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യൻ സർക്കാരാണ് ഈ ഗ്രൂപ്പിനെ നിർദ്ദേശിച്ചത്. ഡസ്സോൾട്ടാണ് അംബാനിയുമായി നീക്കുപോക്കുകൾ നടത്തിയത്. ഞങ്ങൾക്കതിൽ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് നൽകിയ ഇടനിലക്കാരനെ (interlocutor) ഞങ്ങൾ സ്വീകരിച്ചു. ഇക്കാരണത്താൽത്തന്നെ ഈ ഗ്രൂപ്പിന് എനിക്ക് എന്തെങ്കിലും ആനുകൂല്യം നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. ജൂലി ഗായറ്റിന്റെ സിനിമയുമായി കരാറിനെന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഭാവന ചെയ്യാൻ പോലും കഴിയുമായിരുന്നില്ല”. പ്രശ്നം ഇതായിരുന്നു: ഒളാന്ദിന്റെ പങ്കാളിയായിരുന്ന ജൂലി ഗായറ്റിന് അനിൽ അംബാനിയുമായുള്ള ബന്ധം വ്യംഗ്യമായി സൂചിപ്പിച്ച് കുറ്റം അപ്പുറത്തേക്ക് ചാരാം എന്ന ലക്ഷ്യമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നതെന്ന് ആരോപിക്കപ്പെട്ടു. ചുരുക്കത്തിൽ പദ്ധതികളാകെ പാളി.

ഈ സന്ദർഭത്തിലാണ് രാഹുൽ ഗാന്ധി രംഗത്തു വരുന്നത്. ഓളാന്ദ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചത് കേട്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെയും സമാനമെന്നു വിളിക്കാവുന്ന പ്രസ്താവനകൾ രാഹുൽ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്തേത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വാക്കുകളെ ആധാരമാക്കിയാണ് ഈ പ്രസ്താവനയെന്നതായിരുന്നു കാരണം. ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്നും മുൻ ഫ്രഞ്ച് പ്രസിഡണ്ട് മോദിയെ കള്ളനെന്ന് വിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും രാഹുൽ പ്രസ്താവിച്ചു.

‘ചൗക്കിദാർ ചോർ ഹെ’ പ്രയോഗം രൂപം കൊണ്ട സാഹചര്യമേത്?

സ്നേഹമസൃണമായ വാക്കുകൾ കൊണ്ട് സ്വയം വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു സ്ഥിരം ശൈലിയാണ്. പ്രസംഗങ്ങൾക്കിടയിൽ മോദി ഇത് നിരന്തരമായി ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ മോദി സ്വയം നൽകിയ ഒരു വിശേഷണമായിരുന്നു ‘ചൗക്കിദാർ’ അഥവാ കാവൽക്കാരൻ എന്നത്. 2013 ഒക്ടോബർ 25ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ഒരു സമ്മേളനത്തിൽ നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു: “എന്നെ നിങ്ങളുടെ കാവൽക്കാരനാക്കൂ. ഞാൻ ഡൽഹിയിലെത്തിയാൽ ഒരു കാവൽക്കാരനെപ്പോലെ നിലകൊള്ളും.”

ഈ പ്രയോഗത്തെ പിടിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അടുത്ത ആക്രമണം. അദ്ദേഹം ഇങ്ങനെൊരു പ്രയോഗം നടത്തി: ‘ചൗക്കിദാർ ചോർ ഹെ.’ കാവൽക്കാരൻ കള്ളനാണ്! പ്രയോഗത്തിന്റെ സൗന്ദര്യം മൂലവും സന്ദർഭത്തിന്റെ സവിശേഷത മൂലവും ഈ വാക്കുകൾ മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായി.

എന്തായിരുന്നു രാഹുലിന്റെ ലക്ഷ്യം?

റാഫേൽ കരാർ ഒരു പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കോൺഗ്രസ്സിനുണ്ടായിരുന്നത്. തികഞ്ഞ കള്ളത്തരം നടന്നിട്ടുണ്ടെന്ന് പൊതുവിൽ ഒരു സമ്മതി ഉയർന്നു കഴിഞ്ഞിട്ടുള്ളതായി കോൺഗ്രസ്സ് വിലയിരുത്തി. റാഫേൽ കരാറിനെ പ്രധാന തെരഞ്ഞെടുപ്പു ചർച്ചയായി ഉയർത്തിക്കൊണ്ടു വരുന്നതിനെ വലിയൊരളവ് മോദിയും ഭയപ്പെട്ടിരുന്നു.

പുൽവാമയിലെ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കൂകൂട്ടലുകൾ പിന്നീടുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് മോദി ക്യാമ്പിന് തെറ്റി. പാകിസ്താനെതിരെയും തിരിച്ച് പാകിസ്താനും നടത്തിയ സൈനിക നീക്കങ്ങൾക്കൊടുവിൽ വിജയപരാജയങ്ങള്‍ തിട്ടപ്പെടുത്തൽ അൽപം പ്രയാസമുള്ള കാര്യമായി മാറി. പ്രത്യേകിച്ചും അന്തർദ്ദേശീയ മാധ്യമങ്ങൾ പാകിസ്താനിലെ ബാലാകോട്ടിൽ നേരിട്ടു പോയി നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ട് വന്നതിനു ശേഷം ഈ ആക്രമണത്തിൽ ഇന്ത്യയുടെ ഒരു സൈനികൻ പാകിസ്താന്റെ പിടിയിലായത് അവർക്ക് നയതന്ത്ര കളികൾക്കുള്ള വഴിയൊരുക്കി നൽകി. ഒടുവിൽ നയതന്ത്രപരമായി അവർ മേൽക്കൈ നേടുകയും ചെയ്തു. പുൽവാമ സംഭവത്തിനു ശേഷം റാഫേൽ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുന്നതിൽ‌ നിന്നും വിട്ടുനിന്ന രാഹുൽ ഗാന്ധി കുറച്ചുനാളുകൾക്കു ശേഷം വീണ്ടും തിരിച്ചെത്തി. കാൽക്കാരൻ കള്ളനാണെന്ന, 30,000 കോടി മോഷ്ടിച്ചയാളാണെന്ന പ്രസ്താവന വീണ്ടും പ്രസംഗവേദികളിലെത്തി.

എന്തുകൊണ്ട് ഈ പ്രയോഗം രാഹുലിനെ ഏറെ ആകർഷിക്കുന്നു?

മോദി തന്റെ 2014 തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം തുടങ്ങിയതു തന്നെ ചൗക്കിദാർ പ്രയോഗം നിരന്തരമായി ഉപയോഗിച്ചു കൊണ്ടായിരുന്നു. രാജ്യത്തിന് കാവല്ക്കാരനില്ലെന്നും, അതിർത്തിയിൽ കാക്കാനാളില്ലെന്നും, വിദേശശക്തികളുടെ സാമ്പത്തികാധിനിവേശത്തെ ചെറുക്കാനാളില്ലെന്നുമായിരുന്നു ചൗക്കിദാർ പ്രയോഗത്തിലൂടെ മോദി പറഞ്ഞു കൊണ്ടിരുന്നു. ഇപ്പോൾ ആ കാവൽക്കാരനിലൂടെ ഇന്ത്യക്ക് വന്നുപെട്ട അവസ്ഥയെന്ത് എന്ന മറുചോദ്യം ഉന്നയിക്കുവാൻ രാഹുൽ ശ്രമിക്കുന്നതിൽ അത്ഭുതപ്പെടാനാകില്ല. പുൽവാമ ആക്രമണം ഇന്ത്യയുടെ അതിർത്തി സുരക്ഷയെക്കുറിച്ച് ഗൗരവപ്പെട്ട സംശയങ്ങളാണ് ഉയർത്തിയത്. ആക്രമണം സംഘടിപ്പിച്ച പാകിസ്താനിലെ തീവ്രവാദ ശക്തികൾക്കു നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണം കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ചൈന തടസ്സം നില്‍ക്കുന്നു. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി ആർജവത്തോടെയുള്ള നീക്കങ്ങൾക്ക് സഹായകമല്ലെന്ന ആരോപണം ശക്തം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഏറെ മോശമായ സാഹചര്യം നിലനില്‍ക്കുന്നു. ചുരുക്കത്തിൽ, നരേന്ദ്രമോദി ഇക്കാലമത്രയും സ്വയം വിശേഷിപ്പിച്ചു പോന്ന ചൗക്കിദാർ എന്ന വാക്കിനെ ചോദ്യം ചെയ്യേണ്ട സമയം തന്നെയാണിതെന്ന് രാഹുൽ കരുതുന്നു.

റാഫേലിൽ കേന്ദ്രീകരിക്കുന്നോ മോദിയിലേക്ക് ചുരുങ്ങുന്നോ?

രസകരമായ ഒരു സംഗതി, പുലബന്ധമില്ലാത്ത കാര്യങ്ങളെ കൂട്ടിയിണക്കാനും അതിനെ നിരന്തരമായി പറഞ്ഞ് സ്ഥാപിക്കാനുമുള്ള പുതിയ കാലത്തിന്റെ പ്രചാരണ രീതികളെ ബിജെപി മനോഹരമായി ഇപ്പോഴും ഉപയോഗിക്കുന്നു എന്നതാണ്. ‘ചൗക്കിദാർ കള്ളനാണ്’ എന്ന പ്രയോഗം കൊണ്ട് റാഫേൽ കരാറിലെ കള്ളക്കളികൾ മുതൽ ബാലാകോട്ടിലെ ആക്രമണത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട നുണകൾ വരെയുള്ള കാര്യങ്ങൾ ഉള്ളടക്കം ചെയ്യാനാണ് രാഹുൽ ശ്രമിക്കുന്നത്. എന്നാൽ ഇതിനെ ചെറുതായൊന്ന് തിരിച്ചിടാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളെ വഴിതിരിച്ചുവിടാൻ ഇത്തരം കളികൾ കൊണ്ട് സാധിക്കുമെന്നതാണ് ചരിത്രം.

എന്താണ് #MeinBhiChowkidar ഹാഷ്ടാഗ് പറയുന്നത്?

ഇതുവരെയും തന്നെ മാത്രം ചൗക്കിദാർ എന്ന് വിശേഷിപ്പിച്ചു കൊണ്ടിരുന്ന നരേന്ദ്രമോദി ഈ വിശേഷണത്തെ മറ്റുള്ളവരെക്കൊണ്ടും ഏറ്റെടുപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. പെട്ടെന്നൊരു നിമിഷം പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പേരിൽ മാറ്റം വരികയായിരുന്നു. ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നായിത്തീര്‍ന്നു പേര്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പേജ് തന്നെയാണോ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്നവർ അത്ഭുതപ്പെടവേ, മറ്റൊരാൾ കൂടി മോദിയെ പിന്തുടരുന്നതും ട്വിറ്റരാറ്റികൾ കണ്ടും. അദ്ദേഹത്തിന്റെ പേര് ‘ചൗക്കിദാർ അമിത് ഷാ.’ നിരവധി കേന്ദ്രമന്ത്രിമാരും ഇതിനെ പിന്തുടർന്നു.

എങ്ങനെയാണ് മോദിയുടെ ഓൺലൈൻ പ്രചാരക സംഘം കാര്യങ്ങളെ തിരിച്ചിടുന്നത്?

രാഹുൽ ഗാന്ധി താനുന്നയിക്കുന്ന വലിയൊരു പ്രശ്നത്തെ ചെറിയൊരു ചെപ്പിലൊതുക്കുകയായിരുന്നു ‘ചൗക്കിദാർ ചോർ ഹെ’ എന്ന പ്രയോഗത്തിലൂടെ ചെയ്തത്. എന്നാൽ മോദിയുടെ പ്രചാരകർ ആ പ്രയോഗത്തെ അതിന്റെ പിന്നിലെ അർത്ഥങ്ങളെ ഊരിമാറ്റി തങ്ങളുടെ ഭാഗത്തേക്ക് എടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. രാഹുൽ തന്നെ കള്ളൻ എന്ന് വിളിക്കുമ്പോൾ അത് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും കള്ളനെന്ന് വിളിക്കുകയാണെന്ന് വരുത്തിത്തീർക്കാനാണ് മോദി ടീമിന്റെ ശ്രമം. ദേശീയസുരക്ഷ, സാമ്പത്തിക അരക്ഷിതാവസ്ഥ, കർഷക ആത്മഹത്യകൾ, കാർഷികരംഗത്തെ പ്രതിസന്ധി തുടങ്ങിയ ഗൗരവപ്പെട്ട വലിയ വിഷയങ്ങളെ ലഘൂകരിച്ച് വെറുമൊരു ചീത്തവിളിയുടെ നിലവാരത്തിലേക്ക് രാഹുലിന്റെ പ്രയോഗത്തെ എത്തിച്ചിരിക്കുന്നു. ഇതോടൊപ്പം മറ്റൊന്നു കൂടി സാധിക്കുന്നുണ്ട് മോദി ടീം. 2014ലെ തെരഞ്ഞെടുപ്പിലേതു പോലെ പ്രധാന വിഷയങ്ങൾ ചർച്ചയിലെത്തിക്കാതെ ചില തരികിടകളിലേക്ക് വഴിമാറ്റി രക്ഷപ്പെടുന്ന രീതി തന്നെയാണ് ഇവിടെയും പയറ്റുന്നതെന്ന് ചിലർ സംശയിക്കുന്നുണ്ട്. ഡെയ്‌ലിഓ-യിൽ മിൻഹാസ് മെർചന്റ് എഴുതിയ ലേഖനം പറയുന്നത് നോക്കുക: “നയതന്ത്രമറിയുന്ന ഏതൊരു രാഷ്ട്രീയ ചിന്തകനും ഈ സാഹചര്യത്തിൽ പൊതുജനശ്രദ്ധ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങളിലേക്ക് തിരിക്കുകയാണ് ചെയ്യുക. വീണ്ടും വീണ്ടും റാഫേൽ അഴിമതിയിൽ കടിച്ചുതൂങ്ങാതെ വളരെ ഗൗരവപ്പെട്ട ഇതര വിഷയങ്ങളിലേക്കു കൂടി ചർച്ചയെ കൊണ്ടുപോകേണ്ടതുണ്ട്. എന്നാൽ മോദിയുടെ ഏറ്റവും വലിയ ശക്തിയെന്ന് പൊതുവിൽ അറിയപ്പെടുന്ന അഴിമതിരാഹിത്യം എന്ന ഒറ്റ ലക്ഷ്യത്തെ മാത്രം ആക്രമിക്കുകയാണ് രാഹുൽ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിലൂടെ മോദിയുടെ ഏറ്റവും വലിയ ദൗർബല്യങ്ങള്‍ ആരുടെയും ശ്രദ്ധ പതിയാതെ കിടക്കുന്നു.”

Share on

മറ്റുവാർത്തകൾ