UPDATES

Explainer: തായ്‍ലൻഡിനേക്കാള്‍ അകലെയോ മേഘാലയ?എന്തുകൊണ്ട് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല?

ട്രെന്‍ഡിങ്ങ്

370 അടിയോളം ആഴമുള്ള ഖനിയില്‍ കുടുങ്ങിയത് പതിനഞ്ചോളം തൊഴിലാളികള്‍; രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് മൂന്ന് ഹെൽമെറ്റുകൾ മാത്രം

അനധികൃത ഖനനം മേഘാലയയിൽ ഒരു പുതിയ കാര്യമല്ല. ബ്രിട്ടീഷുകാർ മേഘാലയയിലെ ധാതുനിക്ഷേപം കണ്ടെത്തിയ കാലം മുതൽക്കേ അനധികൃത ഖനനം നടക്കുന്നുണ്ട്. 1970കളിൽ ഈ ഖനനത്തിന്റെ തോത് വർധിക്കുകയുണ്ടായി. കൽക്കരി നിക്ഷേപമുള്ള സ്ഥലങ്ങളിലെ ഓരോ വീടുകളിലെയും അംഗങ്ങൾ ഖനനത്തിലേർപ്പെടാൻ തുടങ്ങി. ഇതൊരു കുടിൽ വ്യവസായം പോലെ പടർന്നു പന്തലിച്ചു. പിന്നീട് ഇത്തരം ഖനനങ്ങൾ കുറെക്കൂടി വലിയ തോതിൽ നടത്താൻ പണമിറക്കാൻ ആളുകളെത്തി. തൊഴിലാളികളെ തുച്ഛമായ വേതനത്തിന് ലഭിക്കുന്നതിനാൽ ഖനനം വ്യാപകമായിത്തീർന്നു. എലിമാളങ്ങൾ പോലുള്ള ചെറിയ പൊത്തുകളിലൂടെ തൊഴിലാളികളെ കടത്തിവിടുന്നു. അങ്ങേയറ്റം അപരിഷ്കൃതമായ ഈ ഖനന രീതിയാണ് മേഘാലയയിൽ പതിനഞ്ചോളം തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുന്നത്.

എന്താണ് സംഭവിച്ചത്?

ഡിസംബർ 13ന് മേഘാലയയിലെ സായ്പുങ്ങിൽ ജയന്തിയ മലനിരകളിലെ ഒരു കൽക്കരി ഖനിയില്‍ പതിനഞ്ചോളം തൊഴിലാളികൾ കുടുങ്ങി. 370 അടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഒരാൾക്ക് കഷ്ടിച്ച് ഇഴഞ്ഞു നീങ്ങാൻ മാത്രം സാധിക്കുന്ന തരം മാളങ്ങൾ (Rat-hole mining) തുരന്നുണ്ടാക്കിയാണ് കൽക്കരി ഖനനം നടത്തുക. ഇങ്ങനെ കുഴിച്ചുനീങ്ങവെ ഒരാൾ നീക്കിയ ദ്വാരത്തിലൂടെ തുരങ്കത്തിലേക്ക് ഒരു നദി ഇരച്ചെത്തുകയായിരുന്നു. ജയന്തിയ കുന്നുകളെ ചുറ്റിയൊഴുകുന്ന ലൈറ്റിൻ നദിയിലെ വെള്ളമാണ് ഖനിയിലെ തുരങ്കങ്ങളിലേക്ക് ഇരച്ചെത്തിയത്. അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തിറങ്ങാനുള്ള വഴികളെല്ലാം അടഞ്ഞു. ഖനിയുടെ മുഖ്യ കവാടത്തിൽ 70 അടിയോളം ആഴത്തിൽ വെള്ളം കയറി.

രക്ഷാപ്രവർത്തനം കാര്യക്ഷമമോ?

തായ്‍ലാൻഡിലെ ഒരു ഗുഹയിൽ പന്ത്രണ്ട് കുട്ടികൾ കുടുങ്ങിയതും അവരെ പതിനേഴ് ദിവസം നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചതും ദിവസത്തിനു ശേഷം രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തായ്‌ലാൻഡിലേക്ക് സഹായഹസ്തവുമായെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള അതിവിദഗ്ധരായ നീന്തൽക്കാരും പര്യവേക്ഷകരുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തി. സമാനമായൊരു സംഭവം ഇന്ത്യയിൽ നടന്നപ്പോൾ സർക്കാർ പോലും തിരിഞ്ഞുനോക്കാനുണ്ടായില്ല. ഖനികളിൽ കുടുങ്ങിയവർ നഗരവാസികളായിരുന്നില്ല. മേഘാലയയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ നിന്നും അന്നം തേടിയെത്തിയ മനുഷ്യരാണവർ. ഉൾനാടുകളിലുള്ള ഇവരിൽ പലരുടെയും ബന്ധുക്കൾ പോലും തങ്ങളുടെ ഉറ്റവർക്ക് സംഭവിച്ച ദുര്യോഗത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല. വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ പമ്പുകളെത്തിക്കാൻ പോലും സംസ്ഥാന സർക്കാർ ശ്രമിക്കുകയുണ്ടായില്ല. പത്തു ദിവസം പിന്നട്ടപ്പോഴാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്തയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

മേഘാലയയിലെ എലിമാള ഖനനത്തിനെതിരെ പോരാടുന്ന ആഗ്നസ് കാർഷിങ്ങിന്റെ വാക്കുകളിലുണ്ട് ആ 15 തൊഴിലാളികളുടെ ജീവിത യാതന

അപകടമുണ്ടായ അന്നു തന്നെ ദേശീയ ദുരന്ത നിവാരണ സേന (NDRF) സംഭവസ്ഥലത്ത് എത്തിയിരുന്നു. പക്ഷെ ഖനിയിലെ വെള്ളം വേണ്ട വിധത്തിൽ പമ്പ് ചെയ്തു പുറത്തെത്തിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ സേനയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഖനിക്കുള്ളിലെ ജലത്തിന്റെ മർദ്ദം മൂലം പരമാവധി 35 അടി ആഴം വരെയേ സേനയിലെ മുങ്ങൽ വിദഗ്ദ്ധർക്ക് ചെന്നെത്താൻ സാധിച്ചുള്ളു. ഖനിയിലെ വെള്ളത്തിന്റെ അളവ് അത്രയും കുറച്ചെങ്കിൽ മാത്രമേ ദുരന്ത നിവാരണ സേനയ്ക്ക് രക്ഷാ ദൗത്യം സാധ്യമാവൂ. 100 കുതിരശക്തിയുള്ള 10 പമ്പുകൾ എങ്കിലും ഒരുമിച്ച് പ്രവർത്തിപ്പിച്ചാലേ ഖനിയിലെ ജലത്തിന്റെ അളവിൽ പ്രതീക്ഷിക്കുന്ന കുറവുണ്ടാകൂ എന്നതായിരുന്നു സ്ഥിതി. വെറും 25 കുതിര ശക്തിയുള്ള 3 പമ്പുകൾ കൊണ്ട് ഒരു നദിയെ വറ്റിക്കാനുള്ള പാഴ്ശ്രമമാണ് തുടക്കത്തിൽ നടന്നത്.

ദേശീയമാധ്യമങ്ങളിൽ വാർത്ത വരികയും അന്തർ‌ദ്ദേശീയ മാധ്യമങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ സർക്കാർ സംവിധാനങ്ങൾ സമ്മർദ്ദത്തിലായി. ഇന്ന് (ഡിസംബർ 28) ഉച്ചയോടെ മാത്രമാണ് ഉയർന്ന ശേഷിയുള്ള പമ്പുകൾ എത്തിക്കാൻ സര്‍ക്കാരിനായത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം തൊഴിലാളികളെ ജീവനോടെ രക്ഷിക്കുന്ന കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നുമില്ല. അകത്തെത്താന്‍ ഇതുവരെ കഴിയാത്തതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ എന്‍ഡിആര്‍എഫ് ടീമിനെ കുഴക്കുന്നുണ്ട്. ബേസ് ഏരിയയുടെ വ്യാപ്തി, എത്ര ടണലുകള്‍ കല്‍ക്കരി ഖനനത്തിനായി നിര്‍മ്മിച്ചിട്ടുണ്ട് എന്ന കാര്യം, ആഴം എന്നിവ സംബന്ധിച്ചുള്ള അജ്ഞത പ്രശ്‌നമാണ്. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വേണമെന്ന് എന്‍ഡിആര്‍എഫ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനൊടുവിൽ ഏറെ വൈകി ഇന്നാണ് പരിഹാരമുണ്ടായത്. അതേസമയം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പറയുന്നത്.

ഖനിയിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുങ്ങൽ വിദഗ്ധര്‍ പറയുന്നത്. രക്ഷാപ്രവർത്തകർക്ക് ആകെ ലഭിച്ചത് ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് ഹെൽമെറ്റുകൾ മാത്രമാണ്.

എന്താണ് റാറ്റ് ഹോൾ മൈനിങ്?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗ്ഗക്കാരും മറ്റും നടത്തിവരാറുള്ള അനധികൃത ഖനന രീതിയാണ് റാറ്റ് ഹോൾ മൈനിങ്. എലിമാളങ്ങൾ പോലുള്ള ചെറിയ മാളങ്ങളുണ്ടാക്കി നിരങ്ങി നീങ്ങിയാണ് കൽക്കരി ശേഖരിക്കുക. ഗോത്രവർഗക്കാര്‍ക്ക് തങ്ങളുടെ ജീവിതച്ചെലവുകൾക്കുള്ളത് കണ്ടെത്താൻ ഈ ഖനനം കൊണ്ട് അവർക്ക് സാധിക്കുമായിരുന്നു. ഇവ അത്ര വലിയ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിരുന്നുമില്ല. ചെറിയ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന അശാസ്ത്രീയമായ ഈ ഖനന രീതിയെ മൈനിങ് മാഫിയകൾ ഏറ്റെടുത്തതോടെയാണ് പ്രശ്നം ഗുരുതരമായത്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് വ്യാപകമായ ഖനനം നടത്താൻ തുടങ്ങി ഇവർ. സർക്കാരിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ഖനികൾക്ക് നിയതമായ രൂപമൊന്നും ഉണ്ടാകില്ല. മാപ്പുകളും മറ്റും ഉണ്ടാകില്ല. ഇക്കാരണത്താൽ തന്നെ ഏതെല്ലാം ഇടങ്ങളിലാണ് തൊഴിലാളികളുള്ളതെന്ന് അവർക്കല്ലാതെ മറ്റൊരാൾക്കും കാര്യമായ ധാരണയും ഉണ്ടാകില്ല.

കേരളത്തില്‍ പ്രളയ സമയത്ത് ഉപയോഗിച്ച കിര്‍ലോസ്‌കര്‍ പമ്പുകള്‍ മേഘാലയ ഖനി രക്ഷാപ്രവര്‍ത്തനത്തിന്

എന്നാണ് ‘എലിമാള’ ഖനനം നിരോധിക്കപ്പെട്ടത്?

ദേശീയ ഹരിത ട്രിബ്യൂണലാണ് പ്രാകൃതമായ ഈ ഖനന രീതിക്കെതിരെ രംഗത്തെത്തിയത്. തൊഴിലാളികളെ അപകടത്തിലേക്ക് പറഞ്ഞയയ്ക്കുന്നതെന്ന നിലയിലും അശാസ്ത്രീയമായ രീതിയെന്ന നിലയിലും 2014ലാണ് റാറ്റ് ഹോൾ മൈനിങ് നിരോധിക്കപ്പെട്ടത്. എന്നാൽ ഇതിനെതിരെ സർക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ പോകുകയാണുണ്ടായത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരോധനം എലിമാള ഖനികൾക്കു മാത്രമായിരുന്നു. ഇതിനു മുൻപു തന്നെ മേഘാലയ സർക്കാർ എല്ലാ അശാസ്ത്രീയ ഖനനങ്ങളും നിരോധിച്ചിരുന്നു. 2012ൽ കൊണ്ടുവന്ന മേഘാലയ മൈൻസ് ആൻഡ് മിനറൽ പോളിസിയിലൂടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന അനധികൃത ഖനിയുടെ ഉടമ ജ്രിൻ ചുല്ലറ്റ് എന്ന ക്രിപ് ചുല്ലറ്റിനെ ഡിസംബർ 15ന് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഈ നിയമപ്രകാരമായിരുന്നു കുറ്റം ചുമത്തിയത്.

എന്തെല്ലാമായിരുന്നു ദേശീയ ഹരിത ട്രിബ്യൂണലിന്റെ വാദങ്ങൾ?

മേഘാലയ്ക്കും ആസ്സാമിനുമിടയിൽ ഒഴുകുന്ന കോപിലി നദിയെ മലിനീകരിക്കുന്നതിൽ അനധികൃത ഖനനം വലിയൊരു പങ്ക് വഹിക്കുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. മൈനിങ് നടക്കുന്ന പ്രദേശത്തെ എല്ലാ റോഡ് സൈഡുകളിലും പൈലിങ് നടക്കുകയാണ്. വാഹനങ്ങൾ ഒരു വ്യവസ്ഥയുമില്ലാതെ കാടുകളിലേക്കും മറ്റും കയറിയിറങ്ങുന്നു. പ്രദേശത്ത് വലിയ മലിനീകരണത്തിന് ഇത് കാരണമാകുന്നു. പ്രദേശത്തിന്റെ ജൈവവ്യവസ്ഥ തകരാറിലാകുന്നു.

മഴക്കാലത്ത് ഇത്തരം മൈനിങ് ഏറെ അപകടം പിടിച്ചതാണെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുകയുണ്ടായി. മാളങ്ങളിലേക്ക് മഴവെള്ളം കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ വെള്ളം കയറിയാൽ അകത്തുള്ള തൊഴിലാളികൾക്ക് പുറത്തിറങ്ങാനാകില്ല. വെള്ളം ഉടൻ‌ പമ്പ് ചെയ്ത് കളഞ്ഞില്ലെങ്കിൽ അകത്തുള്ളവർക്ക് മരണം സംഭവിക്കാം.

ബ്രിട്ടീഷ് കാലം മുതൽ തുടങ്ങിയ ഖനനം

മേഘാലയയിലെ ഖനനത്തിന് ബ്രിട്ടീഷ് കാലത്തോളം നീണ്ടുചെല്ലുന്ന ചരിത്രമുണ്ട്. 1815ലാണ് മേഘാലയയിലെ ഖാസിയിലും ജയിന്തിയ കുന്നുകളിലും വൻ ധാതുനിക്ഷേപവും കൽക്കരിയുമുള്ളതായി ബ്രിട്ടീഷുകാർ കണ്ടെത്തിയത്. ഖനനം അക്കാലം മുതലേ തുടങ്ങിയിരുന്നെങ്കിലും മേഘാലയയിലെ ഖനന വ്യവസായം വളരാൻ തുടങ്ങിയത് 1970കളിലാണ്. പ്രാദേശികമായി കുടിൽവ്യവസായം പോലെ ഖനനം നടത്താൻ തുടങ്ങി ആളുകൾ. മുതിർന്നവരെല്ലാം ഖനികളിൽ ജോലി ചെയ്യുന്നവരായി മാറി. 1980കളോടെ ഖനനം വൻ വ്യവസായികൾ ഏറ്റെടുത്തു. ഇവിടം മുതൽ ഒരു വൻ മാഫിയ ഖനനത്തെ ചുറ്റിപ്പറ്റി രൂപപ്പെട്ടു. നിലവിൽ ഖനനം സംസ്ഥാനത്തെ ഒരു പ്രധാന തൊഴിൽകേന്ദ്രമാണ്. കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ ഖനന കമ്പനികൾക്ക് പാട്ടത്തിന് കൊടുക്കുന്നത് ഇവിടെ സാധാരണമാണ്.

അനധികൃതമായ ഖനനം മിക്കതും നടക്കുന്നത് അശാസ്ത്രീയമായ രീതിയിലാണ്. ഇത് കൽക്കരി സ്രോതസ്സുകളെ നശിപ്പിക്കുന്നതിലേക്കാണ് ആത്യന്തികമായി നയിക്കുക. കാര്യക്ഷമത കുറവായതിനാൽ ഇത്തരം ഖനനത്തിലൂടെ ലഭിക്കുന്ന കൽക്കരിയുടെ അളവിലും വലിയ കുറവുണ്ടാകും. 1973ൽ ഇത്തരം ഖനികളെ മൊത്തം ദേശീയവൽക്കരിച്ച് കേന്ദ്ര സർക്കാർ നിയമം പാസ്സാക്കിയിരുന്നു. എങ്കിലും അനധികൃത ഖനികൾ വീണ്ടും രൂപപ്പെടുകയും നിർബാധം തുടരുകയും ചെയ്തു. ഇതിന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം അടങ്ങുന്ന വൻ ശൃംഖലയുടെ പിന്തുണയുമുണ്ട്.

ഖനന മാഫിയയ്ക്കെതിരെ പ്രതിരോധം?

ആഗ്നസ് കാർഷിങ് എന്ന സാമൂഹ്യപ്രവർത്തകയുടെ നേതൃത്വത്തിൽ കൽക്കരി ഖനന മാഫിയയ്ക്കെതിരെ സമരങ്ങൾ നടന്നു വരുന്നുണ്ട്. ഇവരെ ഈയിടെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. മൈനിങ് മാഫിയയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇവർ മരണത്തോടു മുഖാമുഖം കിടക്കുകയുണ്ടായി ഈയിടെ. നവംബർ എട്ടിന് ജയിന്തിയ കുന്നുകളിലെ അനധികൃത മൈനിങ് സംബന്ധിച്ച പ്രശ്നങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഇറങ്ങിയ ആഗ്നസ് അടക്കമുള്ള സാമൂഹ്യപ്രവർത്തകരെ ഖനന മാഫിയക്കാർ നിയോഗിച്ച ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.

അനധികൃ‌ത ഖനികൾ നിരോധിക്കുക സാധ്യമോ?

അനധികൃത ഖനികള്‍ നിരോധിക്കുക സാധ്യമല്ലെന്നാണ് ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് ചീഫ്‌സ് ഓഫ് മേഘാലയ ചെയര്‍മാന്‍ ജോണ്‍ എഫ് ഖാര്‍സിംഗ് പറയുന്നത്. ജയന്തിയ ഹില്‍സിലെ ഗോത്രവര്‍ഗ നേതാവാണ് ജോണ്‍ എഫ് ഖാര്‍സിംഗ്. 12, 13 തരം ഭൂമി ഉടമസ്ഥതകളാണ് മേഘാലയയിലുള്ളതെന്ന് ഖാര്‍സിംഗ് പറയുന്നു. ആളുകള്‍ തോന്നിയ പോലെ ഭൂമി കയ്യേറി ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന നിലയാണ്. 1973 കോള്‍ മൈന്‍സ് നാഷണലൈസേഷന്‍ ആക്ട് മേഘാലയയില്‍ നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ 2017ല്‍ കത്ത് നല്‍കിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഭൂമിയിലെ അവകാശങ്ങളെ ബാധിക്കുമെന്ന വാദമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. എന്നാൽ ഗോത്രവർഗക്കാരുടെ പേരു പറഞ്ഞ് ഖനന മാഫിയയെ സഹായിക്കുകയാണ് സർക്കാരെന്നാണ് എതിർവാദം.

അനധികൃത ഖനികള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍പിപി – ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് മാസമായിട്ടും നടപടിയുണ്ടായില്ല. മറിച്ച് അനധികൃത ഖനികള്‍ കൂടുകയാണ് ചെയ്തത്. ഇപ്പോഴത്തെ അപകടം നടന്നപ്പോഴും പരമാവധി നിശ്ശബ്ദച പാലിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അപകടത്തെക്കുറിച്ചോ രക്ഷാപ്രവർത്തനത്തെക്കുറിച്ചോ പ്രാഥമികമായ വിവരം പോലുമില്ലാത്തവരെപ്പോലെയാണ് മന്ത്രിമാർ പോലും പെരുമാറുന്നതെന്ന് വിമർശനം ഉയർന്നിരുന്നു.

Share on

മറ്റുവാർത്തകൾ