UPDATES

EXPLAINER: ഇറാൻ ആണവകരാറില്‍ നിന്നും എന്തുകൊണ്ട് ട്രംപ് പിന്‍മാറി?

വിദേശം

P5+1 സംഘത്തിലെ യുഎസ് ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഇറാനുമായുള്ള കരാർ നിലനിർത്തണമെന്ന നിലപാടുകാരാണ്

ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) നിലവിൽ വന്നതിന് മൂന്നു വർഷം പിന്നിട്ട് ഇക്കഴിഞ്ഞ ദിവസമാണ് (ചൊവ്വാഴ്ച) ഇറാനുമായുള്ള ആണവക്കരാർ ലംഘിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

ഇറാൻ ഒരു ആണവപദ്ധതി രൂപപ്പെടുത്തി വരുന്നുണ്ടെന്നും എന്നാൽ അതിന്റെ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും ട്രംപ് ആരോപിച്ചു. ‘ആണവക്കരാറിനകത്ത് ഒരു വൻ കെട്ടുകഥയാണുണ്ടായിരുന്നതെ’ന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രസംഗത്തിലൂടനീളം കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. ആണവക്കരാർ അനുസരിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നിട്ടും ഇറാനെതിരെ തന്റെ പ്രസംഗത്തിൽ അധിക്ഷേപങ്ങൾ വാരിയെറിയുകയായിരുന്നു ട്രംപ്. ഇറാനെതിരെ യുഎസ് ഉപരോധം പുനസ്ഥാപിക്കുമെന്ന് ഈ പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.

എന്താണ് ഇറാൻ ആണവക്കരാർ?

ഇറാനും ആറ് ലോകരാഷ്ട്രങ്ങളും ചേർന്ന് 2015 ജൂലൈ മാസം മുതൽ നടപ്പിൽ വരുത്തിയ കരാറാണ് ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാൻ ഓഫ് ആക്ഷൻ എന്നറിയപ്പെടുന്നത്. 12 വർഷത്തോളമായി തെഹ്റാന്റെ ആണവപദ്ധതികൾക്ക് കീറാമുട്ടിയായിരുന്ന നിരവധി പ്രശ്നങ്ങൾക്ക് ഈ കരാർ പരിഹാരം കണ്ടെത്തി. രണ്ടു വർഷത്തോളം നീണ്ട ആഴമേറിയ ചർച്ചകൾക്കു ശേഷം നിലവിൽ വന്ന കരാർ,‌ ഇറാന്റെ ആണവപരിപാടികൾ ആണവായുധ നിർമാണത്തിലേക്ക് കടക്കുകയില്ലെന്ന് ലോകത്തിന് ഉറപ്പു നൽകി. പകരമായി ദീർഘകാലമായി ചുമത്തപ്പെട്ടിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്തു. ഈ ധാരണയുടെ പുറത്ത് ഇറാൻ തങ്ങളുടെ യുറേനിയം വിശ്ലേഷണ യന്ത്രങ്ങളിൽ മൂന്നിൽ രണ്ടിന്റെയും പ്രവർത്തനം അവസാനിപ്പിച്ചു. സമ്പുഷ്ട യുറേനിയത്തിന്റെ 98 ശതമാനവും കയറ്റി അയച്ചു. പ്ലൂട്ടോണിയം നിർമാണ റിയാക്ടർ കോൺക്രീറ്റ് നിറച്ച് നശിപ്പിച്ചു.

ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ തുടർച്ചയായ വിശദ നിരീക്ഷണങ്ങൾക്ക് വിധേയമാകാമെന്നും ഇറാൻ സമ്മതിച്ചു. കരാർ നിലവിൽ വന്നതിനു ശേഷം പത്തു തവണ ഈ എജൻസിയുടെ പരിശോധനകൾ നടന്നു. ഏറ്റവുമൊടുവിൽ ഫെബ്രുവരിയിൽ നടന്ന പരിശോധനയിലും ഇറാൻ കരാർ ചട്ടങ്ങൾ പാലിക്കുന്നതായി ഏജൻസി സാക്ഷ്യപ്പെടുത്തി. ഇതിനെല്ലാം പകരമായി 2016 ജനുവരിയിൽ ആണവ സംബന്ധിയായ എല്ലാ ഉപരോധങ്ങളും എടുത്തുമാറ്റപ്പെട്ടു. ഇറാൻ‌ ആഗോളവിപണിയുമായി വീണ്ടും ബന്ധിപ്പിക്കപ്പെട്ടു.

ഏതൊക്കെ രാജ്യങ്ങളാണ് കരാറിൽ ഒപ്പു വെച്ചത്?

ആറ് പ്രധാന ആഗോളശക്തികളാണ് ഇറാനുമായുള്ള ആണവ ചർച്ചയ്ക്ക് ചെന്നത്. P5+1 എന്ന പേരിൽ ഈ സംഘം അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവരോടൊപ്പം ജർമനിയും ഈ സംഘത്തിൽ അംഗങ്ങളായിരുന്നു. ഈ ആണവക്കരാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ ഒരു പ്രമേയമായി കൊണ്ടുവന്ന് അന്താരാഷ്ട്ര നിയമങ്ങളോട് ബന്ധിപ്പിച്ചിരുന്നു. പ്രമേയത്തെ സുരക്ഷാ കൗൺസിലിലെ 15 മെമ്പർമാര്‍ ഐകകണ്ഠ്യേന പിന്തുണച്ചു.

ഡോണൾഡ് ട്രംപ് എന്തുകൊണ്ടാണ് കരാറിനെ തകർക്കാൻ ലക്ഷ്യമിടുന്നത്?

2016 നവംബർ മാസത്തിൽ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം കണ്ടതോടെ ആണവക്കരാറിന്റെ ഭാവിയുടെ കാര്യത്തിൽ സംശയങ്ങളുയർന്നിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിൽ തന്റെ വോട്ടർമാര്‍ക്ക് ട്രംപ് വാഗ്ദാനവും നൽകിയിരുന്നു. ‘ഇറാനുമായുള്ള വിനാശകരമായ കരാർ പൊളിക്കു’മെന്നായിരുന്നു പ്രഖ്യാപനം. പലരും കണക്കുകൂട്ടിയത് ഇറാനുമായുള്ള കരാർ കൂടുതൽ തീവ്രതയോടെ നടപ്പാക്കുകയും അതോടൊപ്പം ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്യുമെന്നായിരുന്നു. ഇതുവഴി തെഹ്റാൻ തന്നെ കരാറിൽ നിന്ന് പിന്തിരിയുന്ന അവസ്ഥ ട്രംപ് സൃഷ്ടിക്കുമെന്നായിരുന്നു.

ജനുവരി മാസത്തിൽ കോൺഗ്രസ്സിന്റെ സമ്മർ‌ദ്ദത്തിൽ‌ ഉപരോധങ്ങളിൽ ചിലത് മനസ്സില്ലാമനസ്സോടെ നീക്കം ചെയ്യാൻ ട്രംപ് നിർബന്ധിതനായി. എങ്കിലും ഇതൊരു ‘അവസാനത്തെ അവസരമാണെ’ന്ന് ഇറാന് മുന്നറിയിപ്പു നൽകുകയും ചെയ്തു ട്രംപ്. കരാറിലെ നിർണായകമായ ചില പഴുതുകൾ പരിഹരിക്കാൻ തനിക്കൊപ്പം ചേരണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടു. ഉപരോധങ്ങൾ നീക്കം ചെയ്യാൻ കോൺഗ്രസ്സ് മുന്നോട്ടുവെച്ച അവസാന തിയ്യതി മെയ് 12 ആണ്. ഈ ദിവസം അടുക്കും മുമ്പ് കരാറിൽ നിന്നു തന്നെ പിന്തിരിഞ്ഞിരിക്കുകയാണ് ട്രംപ്.

ട്രംപിനെ സംബന്ധിച്ചിടത്തോളം ഇറാൻ ആണവക്കരാർ ഒട്ടും പര്യാപ്തമല്ല. ഇറാന്റെ മേഖലയിലെ പെരുമാറ്റങ്ങളെയും മിസൈൽ പദ്ധതികളെയും അഭിസംബോധന ചെയ്യാൻ കരാറിന് കഴിയുന്നില്ല. ട്രംപിന്റെ ഇത്തരം നിലപാടുകൾക്ക് ശക്തി പകരുന്നത് അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഇറാൻ വിരുദ്ധരാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വിദേശകാര്യമന്ത്രി മൈക്ക് പോംപിയോ എന്നിവരാണ് അവരിൽ ചിലർ.

ബരാക് ഒബാമയുടെ വിദേശകാര്യനയത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു ഇറാൻ ആണവക്കരാർ. ബരാക് ഒബാമ സൃഷ്ടിച്ചെടുത്ത പാരമ്പര്യത്തെ ഒന്നൊന്നായി ഉടയ്ക്കുകയാണ് ട്രംപ് എന്നതിന് മറ്റൊരുദാഹരണമായി ഇറാൻ ആണവക്കരാറിൽ നിന്നുള്ള യുഎസ്സിന്റെ പിന്മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.

ഒപ്പുവെച്ച മറ്റുള്ളവരുടെ നിലപാടെന്ത്?

P5+1 സംഘത്തിലെ യുഎസ് ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഇറാനുമായുള്ള കരാർ നിലനിർത്തണമെന്ന നിലപാടുകാരാണ്. “ഇറാന് ഒരിക്കലും ആണവായുധം കിട്ടില്ല എന്ന ഉറപ്പു വരുത്താനുള്ള എല്ലാ വഴികളും ഉണ്ടെങ്കിലും ഈ കരാറിന് ചില കോട്ടങ്ങളും ഉണ്ട്” യുകെ വിദേശകാര്യമന്ത്രി ബോറിസ് ജോൺസണ്‍ പറഞ്ഞു.

കരാറിനെ എതിർത്ത പുറത്തു നിന്നുള്ളവർ?

ഇറാന് ഉപരോധത്തിൽ ഇളവു നല്‍കുന്നതിനെ എതിർത്ത പ്രധാനികൾ ഇസ്രായേലും സൗദി അറേബ്യയുമാണ്. കരാറിന് കടകവിരുദ്ധമായി പ്രവർത്തിച്ച് ഇറാൻ P5+1 രാജ്യങ്ങളെ ചതിക്കുകയാണെന്നതിന് തെളിവുണ്ടെന്ന അവകാശവാദത്തോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറെ രേഖകൾ പുറത്തു വിട്ടിരുന്നു. എന്നാൽ, നെതന്യാഹുവിന്റെ വാദങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ തള്ളി. കരാർ നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് പ്രസ്തുത രേഖകൾ അടിവരയിടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

മേഖലയിൽ ചില തീവ്രവാദ സംഘടനകളുടെ പിന്നിൽ ഇറാനാണെന്നാണ് സൗദി വിശ്വസിക്കുന്നത്. യമനിലെ ഹൂതി തീവ്രവാദികളും ഇതിൽപ്പെടുന്നു.

ഇറാനുമായുള്ള ആണവകരാറില്‍ നിന്നുമുള്ള ട്രംപിന്റെ പിന്മാറ്റം: യുദ്ധവെറിയുടെ ചതി

Share on

മറ്റുവാർത്തകൾ