UPDATES

Explainer: ട്രാവൽ ഏജൻസിയുടെ ക്യാഷ് കൗണ്ടറിൽ നിന്നും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമയിലേക്ക്: നരേഷ് ഗോയലിന്റെ വളർച്ചയുടെയും വീഴ്ചയുടെയും കഥ

ഇന്ധനച്ചെലവ് വർധിക്കുന്നതിനാൽ ചെലവ് കൂടുന്നതായി ജെറ്റ് എയർവേയ്സ് തങ്ങളുടെ ഓഹരിയുടമകളോട് വിശദീകരിച്ചു കൊണ്ടിരുന്നു.

തന്റെ അമ്മാവൻ സേത് ചരൺദാസിന്റെ ട്രാവൽ ഏജൻസിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ൽ (അന്ന് 18 വയസ്സായിരുന്നു പ്രായം) 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോൾ 1.9 ബില്യൺ ഡോളറിന്റെ ആസ്തിയിലേക്കുയർന്നു. ഫോബ്സ് മാസിക കണക്കെടുത്തപ്പോൾ അന്ന് ഇന്ത്യയിലെ പതിനാറാമത്തെ വലിയ പണക്കാരനായി. ഇക്കഴിഞ്ഞ ദിവസം തന്റെയും ഭാര്യയുടെയും പേരിലുള്ള ഓഹരികൾ ‘വായ്പാ പരിഹാര പദ്ധതി’യുടെ ഭാഗമായി കമ്പനിക്ക് തിരിച്ചു നൽകി ജെറ്റ് എയർവേയ്സ് കമ്പനിയുടെ പടിയിറങ്ങിയിരിക്കുകയാണ് നരേഷ് ഗോയൽ. ‘ഒരു ത്യാഗവും ജെറ്റ് എയർവേയ്സിന്റെ നിലനിൽപ്പിനെക്കാൾ വലുതാകുന്നില്ല’ എന്നാണ് ചെയർമാൻ സ്ഥാനം രാജി വെച്ചതിനു ശേഷം ഗോയൽ പറഞ്ഞത്. വര്‍ഷങ്ങളോളം വിവാദങ്ങൾ സ‍ൃഷ്ടിച്ച് തന്റെ സ്ഥാനം കാത്തുപോന്ന ഗോയലിന്റെ ഇപ്പോഴത്തെ തീരുമാനം ത്യാഗമനോഭാവം കൊണ്ടല്ലെന്ന് അറിയുന്നവർക്കറിയാം. കടുത്ത സമ്മർദ്ദമാണ് കമ്പനിയുടെ ഓഹരിയുടമകളിൽ നിന്ന് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് എന്നാണ് റിപ്പോർട്ട്.

ആരാണ് നരേഷ് ഗോയൽ?

വളരെ വിപുലമായ ഉത്തരത്തിന് അർഹതയുള്ള ഒരു ചോദ്യമാണിത്. തൽക്കാലം നമുക്കദ്ദേഹത്തിന്റെ സാമാന്യമായൊരു ജീവചരിത്രം മനസ്സിലാക്കാം. ഒരു എൻആർഐ ബിസിനസ്സുകാരനാണ് നരേഷ് ഗോയൽ. അതായത് ഗോയൽ ഇന്ത്യയിൽ താമസക്കാരനല്ലാത്ത ഒരു ഇന്ത്യൻ ബിസിനസ്സുകാരനാണ്. 1949ല്‍ ജനിച്ച ഗോയലിന് ഇപ്പോൾ പ്രായം 69. നിലവിൽ ലണ്ടനിൽ താമസിക്കുന്നു. ഒരു ജ്വല്ലറി ദല്ലാളിന്റെ മകനായി പഞ്ചാബിലെ സങ്‌രൂരിലായിരുന്നു ജനനം. കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചു. ഈ മരണത്തിനു ശേഷം വീട് സാമ്പത്തികപ്രശ്നങ്ങളെ നേരിട്ടു. കടക്കെണിയിൽ കുടുങ്ങി വീട് ലേലം ചെയ്യപ്പെട്ടു. അമ്മയുടെ അമ്മാവനാണ് പിന്നീടിവരെ നോക്കിയത്. പാട്യാലയിലെ ബ്രിക്രം കോളജ് ഓഫ് കൊമേഴ്സിൽ നിന്നും ബിരുദമെടുത്ത ഗോയൽ അമ്മയുടെ അമ്മാവന്റെ ട്രാവൽ ഏജൻസിയിൽ തന്നെ ജോലിക്കാരനായി മാറി. ‘ഈസ്റ്റ് വെസ്റ്റ് എജൻസീസ്’ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.

നരേഷ് ഗോയലിന്റെ മോഹങ്ങൾ മേഘങ്ങൾക്കിടയിലൂടെ പറക്കാൻ തുടങ്ങിയത് ഈ കാലം മുതൽക്കാണ്. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റർനാഷണൽ എയർലൈൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി. എയർലൈൻസ് ബിസിനസ്സ് പാഠങ്ങൾ ഇവിടെ നിന്നാണ് ഗോയൽ പഠിക്കുന്നത്. ജോലിയിൽ പ്രവേശിച്ച 1967 മുതൽ 1974 വരെയുള്ള കാലയളവിൽ നിരവധി ബിസിനസ് യാത്രകളിൽ അദ്ദേഹം ഏർപ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങൾ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ല്‍ ജെറ്റ്എയർ (Jetair) എന്ന പേരിൽ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയിൽ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്ക് മാർക്കറ്റിങ്, വിൽപന എന്നീ മേഖലകളിൽ സഹായം നൽകുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങൾ മനസ്സിലാക്കി ഗോയൽ ജെറ്റ് എയർവേയ്സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തിൽ ഒരു ‘എയർ ടാക്സി’ കമ്പനിയായിട്ടായിരുന്നു തുടക്കം.

എന്താണ് ജെറ്റ് എയർവേയ്സിന്റെ മൂലധനം?

ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വ്യോമയാന സംരംഭമായിരുന്നു ജെറ്റ് എയർവേയ്സ്. 2005ൽ പൊതുജനങ്ങൾക്ക് ഓഹരി വിറ്റു തുടങ്ങിയ ശേഷം 2007ൽ എയർ സഹാറയെ ഇവർ സ്വന്തമാക്കുകയുണ്ടായി. ഇതിൽപ്പിന്നെയാണ് സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നാമനെന്ന സ്ഥാനം ജെറ്റ് എയർവേയ്സ് സ്വന്തമാക്കിയത്. 2012 വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു. പിന്നീട് ഈ സ്ഥാനം ഇൻഡിഗോ സ്വന്തമാക്കിയെങ്കിലും രണ്ടാംസ്ഥാനത്ത് ഇപ്പോഴും ജെറ്റ് എയർവേയ്സ് ഉണ്ട്. കമ്പനിയുടെ 51% ഓഹരിയും നരേഷ് ഗോയലിന്റെ പക്കലാണ് നിലനിർത്തിയത്. 2010 മുതൽക്കേ നഷ്ടത്തിലാണ് ജെറ്റ് എയർവേയ്സ് ഓടുന്നത്. 2016, 2017 എന്നീ വർഷങ്ങളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും ലാഭത്തിൽ ഓടാനായത്. 2017ൽ നേട്ടമുണ്ടാക്കിയ കമ്പനി തൊട്ടടുത്ത വർഷത്തിൽ വലിയ നഷ്ടത്തിലേക്ക് വീണ്ടും കൂപ്പുകുത്തുകയാണുണ്ടായത്. ഇത് എയർലൈൻ വ്യവസായത്തിൽ നിലവിൽ സാധാരണമായി സംഭവിച്ചു വരുന്നതാണെന്നു പറഞ്ഞ് കൈകഴുകുക സാധ്യമല്ല. മറ്റ് കമ്പനികൾക്കും ഇങ്ങനെ ലാഭനഷ്ടങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ജെറ്റ് എയർവേയ്സിന്റേത് കുറക്കൂടി ഭീമമാണ്.

എന്താണ് ഈ നഷ്ടങ്ങൾക്ക് കാരണമായത്?

ഇന്ധനച്ചെലവ് വർധിക്കുന്നതിനാൽ ചെലവ് കൂടുന്നതായി ജെറ്റ് എയർവേയ്സ് തങ്ങളുടെ ഓഹരിയുടമകളോട് വിശദീകരിച്ചു കൊണ്ടിരുന്നു. 2018 ഓഗസ്റ്റ് 29ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ്: കമ്പനിയുടെ മൊത്തം വിമാനങ്ങളുടെ ‘സീറ്റ് കിലോമീറ്റർ ചെലവ്’ (CASK) 2018 മാർച്ച് മാസത്തിൽ നിന്നും അതേ വർഷം ജൂൺ മാസത്തിലെത്തുമ്പോൾ 4.66രൂപയിൽ നിന്ന് 4.77 രൂപയിലേക്ക് വർധിച്ചിട്ടുണ്ട്. (കോസ്റ്റ് പെർ‌ അവൈലബിൾ സീറ്റ് കിലോമീറ്റർ എന്നത് വിമാനങ്ങളുടെ മൊത്തം സീറ്റ് ലഭ്യതയും ആകെ ദൂരവും തമ്മിലുള്ള ഗുണനമാണ്. ഓരോ സീറ്റിനുമുള്ള ആകെ ചെലവ് കണ്ടെത്താനുപയോഗിക്കുന്ന അടിസ്ഥാന മാനദണ്ഡമാണിത്. ഓരോ ‘സീറ്റ് കിലോമീറ്ററി’നുമാണ് ലാഭനഷ്ടങ്ങൾ കണക്കാക്കുകക.) സീറ്റ് കിലോമീറ്റർ ചെലവ് കൂടിയതിന് ആനുപാതികമായി വരുമാനം വർധിക്കുകയുണ്ടായില്ല. പ്രസ്തുത കാലയളവിലെ റെവന്യൂ പെർ അവൈലബിൾ സീറ്റ് കിലോമീറ്റർ മാര്‍ച്ച് മാസത്തിൽ 4.12 രൂപയിൽ നിന്ന് 4.10 രൂപയിലേക്ക് കുറയുകയാണുണ്ടായത്.

ഈ പ്രതിസന്ധിയെ നേരിടാൻ ജെറ്റ് എയർവേയ്സ് എന്താണ് ചെയ്തത്?

വിപണിയിൽ തങ്ങൾക്ക് നിലവിലുള്ള സ്ഥാനം വിട്ടു കൊടുത്തുള്ള കളികൾക്ക് ജെറ്റ് എയർവേയ്സ് തയ്യാറുണ്ടായിരുന്നില്ല. നഷ്ടത്തിലായിട്ടും വിപണിവിഹിതം വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. ചെയ്യാനുണ്ടായിരുന്ന ഒരേയൊരു സംഗതി ടിക്കറ്റ് വിലകൾ കൂട്ടുക എന്നതും വിമാനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ നിന്ന് പിൻവാങ്ങുക എന്നതുമായിരുന്നു. ഇതിന് രണ്ടിനും ജെറ്റ് എയർവേയ്സ് തയ്യാറായില്ല. ടിക്കറ്റ് നിരക്കുയർത്തിയാൽ കടുത്ത മത്സരമുള്ള വിപണിയിൽ പിന്നാക്കം പോകും. ഇന്ത്യയിൽ ഇടത്തരക്കാരാണ് വിമാനയാത്രികരിൽ അധികവും. ഇവരെ അകറ്റിയാൽ ബിസിനസ്സ് പൊളിയുമെന്ന ഭീതിയാൽ മത്സരത്തിൽ പങ്കുചേർന്നു തന്നെ കമ്പനി നിന്നു. മറ്റൊരു മാർഗമുണ്ടായിരുന്നത് ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്തലായിരുന്നു. 2018 ഓഗസ്റ്റ് മാസത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ 25% വരെ കുറവുണ്ടാകുമെന്ന് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് വന്നു. രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില കുതിച്ചുയരുന്നതുമാണ് കാരണമെന്ന് ജെറ്റ് എയർവേയ്സ് തങ്ങളുടെ ജീവനക്കാരെ അറിയിച്ചു.

എന്താണ് ജെറ്റ് എയർവേയ്സിന്റെ അധോലോക ബന്ധങ്ങൾ?

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും ജെറ്റ് എയർവേയ്സും തമ്മിലുള്ള അഹിതമായ ബന്ധം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് ‘A Feast of Vultures’ എന്ന പുസ്തകത്തിലൂടെയാണ്. മാധ്യമപ്രവർത്തകനായ ജോസി ജോസഫ് എഴുതിയ ഈ പുസ്തകം വലിയ കോളിളക്കങ്ങളുണ്ടാക്കി. നരേഷ് ഗോയലിന് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നിവരുമായി ബന്ധമുണ്ടെന്നത് സ്ഥാപിക്കുന്ന രേഖകളാണ് ഈ പുസ്തകത്തിലൂടെ വെളിപ്പെട്ടത്. ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിൽ ഈ അഹിതബന്ധം എത്രത്തോളം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നവയായിരുന്നു ഈ രേഖകൾ.

എന്താണ് ഈ പരാജയത്തിന്റെ അടിസ്ഥാന കാരണങ്ങൾ?

കടുത്ത മത്സരത്തെ നേരിടാൻ വേണ്ടത്ര അടിത്തറയില്ലാതെ ബിസിനസ്സ് മുമ്പോട്ടു നീങ്ങിയതിന്റെ തിക്തഫലമെന്ന് നരേഷ് ഗോയലിന്റെ അഥവാ ജെറ്റ് എയർവേയ്സിന്റെ ഈ പരാജയത്തെ വിശദീകരിക്കാം. ഇന്ധനവില കയ്യിൽ കിട്ടാതെ കുതിച്ചുയരുമ്പോഴും ടിക്കറ്റ് വിലയിൽ മാറ്റം വരുത്താൻ ശേഷി നഷ്ടപ്പെട്ട് അന്തിച്ചു നിൽക്കാനേ ജെറ്റ് എയർവേയ്സിന് കഴിഞ്ഞുള്ളൂ. ഒരു എയർലൈൻ കമ്പനിയുടെ ചെലവിന്റെ പകുതിയും ഏവിയേഷൻ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇതിന്മേലുണ്ടാകുന്ന ഏതു മാറ്റവും കമ്പനിയുടെ വളർച്ചയ്ക്ക് നിർണായകമാണ്.

ഇത്തിഹാദും ജെറ്റ് എയർവേയ്സും തമ്മിലെന്ത്?

2013ലാണ് ഇത്തിഹാദ് എയർലൈൻസ് 379 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ജെറ്റ് എയർവേയ്സിൽ നടത്തിയത്. കമ്പനി നഷ്ടത്തിലായപ്പോൾ കൂടുതൽ നിക്ഷേപത്തിനായി ഇത്തിഹാദിനെ സമീപിച്ചുവെങ്കിലും അവരതിന് തയ്യാറായില്ല. ചെയർമാനായ നരേഷ് ഗോയലിന് നിലവിൽ കമ്പനിയിലുള്ള റോൾ കുറയ്ക്കണമെന്ന താൽപര്യവും ഇത്തിഹാദിനുണ്ടായിരുന്നു.

എന്താണ് ഓഹരിവിപണിയുടെ പ്രതികരണം

നിലവിൽ കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത് വായ്പ നൽകിയ സ്ഥാപനങ്ങളാണ്. മാനേജ്മെന്റും ബോർഡും ഇപ്പോൾ ഇവരുടെ കൈവശമാണ്. പുതിയ നിക്ഷേപകരെ ഇവർ കണ്ടെത്തും. ചെയർമാന്റെ പക്കലുള്ള ഓഹരികൾ ഇപ്പോഴുള്ളതിൽ നിന്നും പകുതിയോളമായി കുറയും. എസ്ബിഐയുടെ നേത‍ൃത്വത്തിലുള്ള വായ്പക്കാരിൽ നിന്ന് 1500 കോടിയുടെ അടിയന്തിര സഹായം കമ്പനിക്ക് ലഭിക്കും. നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനാണിത്. ഓഹരിവിപണിയിൽ ഈ നീക്കങ്ങൾ അനുകൂല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓഹരിവിലകൾ ചെറിയ തോതിൽ ഉയർന്നിട്ടുമുണ്ട്.

Share on

മറ്റുവാർത്തകൾ