UPDATES

EXPLAINER: സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫെയ്സ്ബുക് വിവരങ്ങള്‍ ചോര്‍ത്തിയോ? അറിയേണ്ടതെല്ലാം

സയന്‍സ്/ടെക്നോളജി

കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തല്‍ വിവാദം ഒന്നു ശമിച്ചിട്ട് മൂന്നുമാസം കഴിയുന്നതിന് മുമ്പെ ഫേസ്ബുക്ക് മറ്റൊരു വിവാദത്തില്‍

കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തല്‍ വിവാദം ഒന്നു ശമിച്ചിട്ട് മൂന്നുമാസം കഴിയുന്നതിന് മുമ്പെ, ലോകത്തെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളുമായി-ആപ്പിള്‍, സാംസങ്, മൈക്രോസോഫ്റ്റ്, ബ്ലാക്ബെറി, ചൈനീസ് കമ്പനികളായ ഹുവെയ്, ലെനോവ, ഒപ്പോ, ടി സി എല്‍- ഉണ്ടാക്കിയ വിവരങ്ങള്‍ പങ്കുവെക്കല്‍ ധാരണയുടെ പേരില്‍ വീണ്ടും തര്‍ക്കങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് ഫെയ്സ്ബുക്.

ഇത് സംബന്ധിച്ച് ന്യൂ യോര്‍ക് ടൈംസ് നടത്തിയ ഒരന്വേഷണം ഈ അടുത്തകാലത്ത് പുറത്തുവിട്ടു. ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങളിലേക്ക് ‘ആഴത്തിലുള്ള പ്രാപ്യത’, അവരുടെ സമ്മതം കൂടാതെതന്നെ, സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഫെയ്സ്ബുക് നല്കി എന്നാണ് ഇതില്‍ പറയുന്നത്. ഈപങ്കാളിത്ത വിവാദം എത്ര വലുതാണ്, അത് സ്മാര്‍ട് ഫോണ്‍, ഫെയ്സ്ബുക് എന്നിവയുടെ സാധാരണ ഉപയോക്താക്കള്‍ക്ക് ആശങ്കപ്പെടാനുണ്ടോ?

എന്താണ് ഫെയ്സ്ബുക്കിന് മേലുള്ള ആരോപണം?

ന്യൂ യോര്‍ക് ടൈംസ് പറയുന്നത് ഏതാണ്ട് 60-ലേറെ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളുമായി ഫെയ്സ്ബുക് ‘വിവരങ്ങള്‍ നല്‍കാനുള്ള പങ്കാളിത്തം’ ഉണ്ടാക്കി എന്നാണ്. ഇതില്‍ ചില കരാറുകള്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയ ഏപ്രില്‍ വരെ ഒരു പതിറ്റാണ്ടിലേറെ ഈ ധാരണ നിലനിന്നു. പല ഫോണുകളുടെയും പ്രവര്‍ത്തന സംവിധാനത്തില്‍ ‘like’ ‘share’ എന്നിവയ്ക്കുള്ള ബട്ടണുകള്‍ തന്നെ ഉള്‍പ്പെടുത്തുക വഴി ഫെയ്സ്ബുക്കിന് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനായി. 2012-ല്‍ ആപ് വേറെ തുറക്കാതെ തന്നെ ചിത്രങ്ങളും മറ്റും നേരിട്ട് ഫെയ്സ്ബുക്കിലേക്ക് അയക്കാവുന്ന സംവിധാനം ആപ്പിള്‍ iOS 6-ല്‍ അവതരിപ്പിച്ചു. പിന്നീട് 2011-ല്‍ iOS 11-ല്‍ ആപ്പിള്‍ ഈ സൌകര്യം എടുത്തുമാറ്റി.

എന്നാല്‍ ഇത്തരം ചില സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അപ്പുറത്താണ് ഈ വിവരങ്ങള്‍ പങ്കുവെക്കുന്ന ഇടപാടുകള്‍. ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും ബന്ധങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍, സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എടുക്കാന്‍ അനുവാദം നല്കി. ഒരാളുടെ സുഹൃത്തുക്കളുടെ ഫെയ്സ്ബുക് അക്കൌണ്ടുകളില്‍ നിന്നും ഇങ്ങനെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ള Blackberry Hub എന്ന സംവിധാനം 2013-ലെ Blackberry 10 OS നോടൊപ്പം അവതരിപ്പിച്ചതായി റിപ്പോര്‍ടില്‍ പറയുന്നു. ബ്ലാക്ബെറി ഇപ്പോള്‍ സ്മാര്‍ട് ഫോണുകള്‍ ഉണ്ടാക്കുന്നില്ല. ടി സില്‍ എല്‍ പോലുള്ള മറ്റ് കമ്പനികളാണ് അവര്‍ക്കുള്ള ഫോണുകള്‍ ഉണ്ടാക്കുന്നത്. ബ്ലാക്ബെറി ഫോണുകള്‍ ഇപ്പോള്‍ BB10 OS അല്ല, Android ലാണ് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ടാണീ പങ്കാളിത്തം പ്രശ്നമാകുന്നത്?

ഉപയോക്താക്കളുടെ വിവരങ്ങളും സ്വകാര്യതയും ഫെയ്സ്ബുക് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കി ഇത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് യഥേഷ്ടം ലഭ്യമാകുമെന്നും. മാത്രവുമല്ല ഈ ധാരണ US Federal Trade Commission (FTC)മായി ഫെയ്സ്ബുക് ഉണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതുപ്രകാരം ഉപയോക്താക്കളുടെ കൃത്യമായ സമ്മതത്തോടുകൂടി മാത്രമേ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ. ഇത് ലംഘിച്ചു എന്നിനി തെളിഞ്ഞാല്‍ അവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും.

എന്താണ് ഫെയ്സ്ബുക്കിന്റെ വാദം?

ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ടിനോട് ‘വിയോജിക്കുന്നു; എന്നു ഫെയ്സ്ബുക് പറഞ്ഞു. എല്ലാ ധാരണകളും കര്‍ശന നിയന്ത്രണമുള്ളതാണെന്നും ആപ് വികസിപ്പിച്ചെടുക്കുന്നവരുമായി ഉണ്ടായിരുന്ന പങ്കാളിത്തം പോലെയല്ല ഇവയെന്നും വ്യക്തമാക്കി. “എല്ലാ പങ്കാളിത്തങ്ങളും ഒരു പൊതുതാത്പര്യത്തിന്റെ പുറത്താണ് ഉണ്ടാക്കിയത്-ഏത് ഫോണായാലും പ്രവര്‍ത്തന സംവിധാനമായാലും OS, ആളുകള്‍ക്ക് ഫെയ്സ്ബുക് ഉപയോഗിക്കാന്‍ കഴിയണമെന്ന ആഗ്രഹം…ഈ API-കള്‍ ഫെയ്സ്ബുക് അനുഭവം പുനസൃഷ്ടിക്കാന്‍ മറ്റ് കമ്പനികലെ സഹായിച്ചു എന്നത് മനസിലാക്കുമ്പോള്‍, തുടക്കം മുതലേ അതില്‍ കര്ശന നിയന്ത്രണവും ഞങ്ങള്‍ ഏര്‍പ്പെടുത്തി. ഫെയ്സ്ബുക് സമാനമായ കാര്യങ്ങള്‍ക്കല്ലാതെ ഉപയോക്താക്കളുടെ വിവരങള്‍ ഉപയോഗിക്കില്ല എന്നുറപ്പാക്കുന്ന കരാറില്‍ ഈ പങ്കാളികള്‍ ഒപ്പുവെച്ചു,”ഫെയ്സ്ബുക് വൈസ് പ്രസിഡണ്ട് ഇമേ ആര്‍ച്ചിബൊങ് പറഞ്ഞു.

API എന്നാല്‍ application programming interfaces എന്നാണ്-മറ്റ് OS-കളില്‍ ഫെയ്സ്ബുക് പ്രാപ്യത സുഗമമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളെ അനുവദിച്ചത് ഇതുവഴിയാണ്. പല OS-കളും ഉള്ള ഒരു സമയത്ത് അവക്ക് വേണ്ടത്ര ആപ് സ്റ്റോറുകള്‍ ഇല്ലാതിരുന്നപ്പോഴാണ്, സാമൂഹ്യ ശൃംഖല വിപുലമാക്കാന്‍ ഇത് ചെയ്തതെന്നാണ് ഫെയ്സ്ബുക് പറയുന്നത്. ആര്‍ച്ചിബൊങ് പറയുന്നു, “ന്യൂ യോര്‍ക് ടൈംസിന്റെ അവകാശവാദത്തില്‍ നിന്നും വിരുദ്ധമായി സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ പോലെയുള്ള വിവരങ്ങള്‍, തങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ ആളുകള്‍ തീരുമാനിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ പ്രാപ്യമാകൂ.”

പക്ഷേ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫെയ്സ്ബുക് വിവരങ്ങള്‍ ശേഖരിച്ചുവെക്കുമോ?

വിവിധ കമ്പനികളുമായി ഏതൊക്കെ തരത്തിലുള്ള ധാരണയാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ API മിക്ക നിര്‍മ്മാതാക്കള്‍ക്കും ചില വിവരങ്ങള്‍ പ്രാപ്യമാക്കിയിരിക്കും. ചില പങ്കാളികള്‍ക്ക് ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വീണ്ടെടുക്കാനാകും എന്നു NYT റിപ്പോര്‍ടില്‍ പറയുന്നുണ്ടെങ്കിലും, ഏതൊക്കെ പങ്കാളികളാണ് തങ്ങളുടെ സെര്‍വറുകളില്‍ അവ ശേഖരിച്ചുവെച്ചിരിക്കുന്നത് എന്നത് വേര്‍തിരിച്ചു പറയുന്നില്ല.

ചൈന കമ്പനികള്‍ അവരുടെ സെര്‍വറുകളില്‍ ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നോ ഈ വിവരങ്ങള്‍ മായ്ച്ചുകളയാന്‍ അവരോടു ആവശ്യപ്പെടുമോ എന്നോ ഫെയ്സ്ബുക് വ്യക്തമാക്കിയിട്ടില്ല. ഹുവെയ്-ഒരു ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് അമേരിക്കന്‍ അധികൃതര്‍ ഏറെക്കാലമായി കരുതുന്ന കമ്പനി-വിവരങ്ങള്‍ ഫോണുകളിലാണ് ശേഖരിച്ചതെന്നും, കമ്പനിയുടെ സെര്‍വറുകളില്‍ അല്ലെന്നും ഫെയ്സ്ബുക് ഉറപ്പിച്ച് പറയുന്നു. മിക്ക പങ്കാളിത്തങ്ങളും അവസാനിക്കുകയും അല്ലെങ്കില്‍ അവസാനിക്കാന്‍ പോവുകയുമാണെന്നും ഫെയ്സ്ബുക് പറഞ്ഞു. ഇത് കൂടാതെ NYT വാര്‍ത്തയില്‍ പറഞ്ഞ Blackberry Hub ഉദാഹരണം ഉപയോക്താവ് ഫെയ്സ്ബുക് എക്കൌണ്ട് Hub-ല്‍ നിന്നും തുറന്നാല്‍ മാത്രമേ സംഭവിക്കൂ.

ഇത്തരം കരാറുകള്‍ വഴി എത്ര ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ തിട്ടമില്ല. ഉദാഹരണത്തിന് Android, iOS എന്നെ സംവിധാനങ്ങള്‍ മേധാവിത്തം പുലര്‍ത്തിയ 2013 സമയത്തിറക്കിയ Blackberry 10 OS വിപണിയില്‍ അത്ര പ്രചാരം നേടിയിരുന്നില്ല.മൈക്രോസോഫ്റ്റിന്റെ Windows Mobile OS പോലും വിപണി പങ്കാളിത്തത്തില്‍ Android, iOS എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തിയില്ല.

ഇതൊക്കെയായാലും മൂന്നാം കക്ഷി ആപ്പുകളുടെ കാര്യത്തില്‍ ഫെയ്സ്ബുക്കിന്റെ ഇതുവരെയുള്ള രീതികള്‍ വെച്ചുനോക്കിയാല്‍ ഈ കരാറുകള്‍ സംബന്ധിച്ച ആശങ്കകളെ തള്ളിക്കളയാന്‍ കഴിയില്ല. പങ്കാളിത്തത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഫെയ്സ്ബുക് പറയുമ്പോഴും BlackBerry Hub ല്‍ നിന്നും ഉപയോക്താവിന്റെ അനുവാദം കൂടാതെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാനായി എന്നാണ് NYT അന്വേഷണം കാണിച്ചത്.

സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്താണ് പറയുന്നത്?

ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സാംസങ് ഒന്നും പറഞ്ഞിട്ടില്ല. ഫെയ്സ്ബുക്കില്‍ നിന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചു എന്നത് ആപ്പിള്‍ നിഷേധിച്ചിട്ടുണ്ട്. “ഞങ്ങള്‍ ഒരുകാലത്തും ഈ ഡാറ്റ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടില്ല” ആപ്പിള്‍ CEO ടിം കുക് പറഞ്ഞു. “ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ടില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് ബന്ധമില്ലാത്തതാണ്. ഞങ്ങള്‍ ഒരു തരത്തിലുള്ള വിവരങ്ങളും ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.”

ഫെയ്സ്ബുക് ഇനി എന്തു ചെയ്യും?

ചൈനീസ് കമ്പനികളുമായുള്ള ഈ ഇടപാടുകള്‍ യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് വിധേയമാകാതിരിക്കില്ല. കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫെയ്സ്ബുക് സി ഇ ഒയും സഹ സ്ഥാപകനുമായ മാര്‍ക് സുക്കര്‍ബര്‍ഗിന് സെനറ്റിന്റെ വാണിജ്യ, നീതിന്യായ സമിതിയുടെ സംയുക്ത യോഗത്തിന് മുന്നില്‍ മൊഴി നല്‍കേണ്ടി വന്നിരുന്നു. വിവരങ്ങള്‍ പങ്കുവെക്കുന്ന വിഷയത്തില്‍ അയാള്‍ക്ക് ഇനി കൂടുത ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. ഫെയ്സ്ബുക്കിന്റെ സ്വകാര്യത രീതികള്‍ US FTC അന്വേഷിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നും കമ്പനി ചോദ്യങ്ങള്‍ നേരിടുന്നു. കാംബ്രിഡ്ജ് അനലിറ്റിക്ക സംഭവത്തില്‍ 87 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി അവര്‍ ഇതിനകം തന്നെ സമ്മതിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Share on

മറ്റുവാർത്തകൾ