UPDATES

EXPLAINER: മെക്സിക്കന്‍ അതിര്‍ത്തി മതിലിന്റെ പേരില്‍ ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം; പ്രയോഗിച്ചത് ഇല്ലാത്ത അധികാരമോ?

വിദേശം

രാജ്യത്തിന്റെ പരമാധികാരത്തിനും നിലനില്‍പ്പിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിന് യുഎസ് ഭരണഘടന അധികാരം നല്‍കുന്നുള്ളൂ.

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണഘടനാവിരുദ്ധമാണ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു.

അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയും എന്നത് ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ച വാഗ്ദാനമാണ്. മതില്‍ നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ് 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണം എന്ന ട്രംപിന്റെ ആവശ്യം ഡെമോക്രാറ്റുകള്‍ തള്ളിയതിനെ തുടര്‍ന്ന് ട്രംപ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള പണം തടഞ്ഞത് 35 ദിവസം ഗവണ്‍മെന്റ് ഷട്ട് ഡൗണിലേയ്ക്ക് നയിച്ചിരുന്നു. പിന്നീട് ഡെമോക്രാറ്റുകള്‍ വഴങ്ങാതെ തന്നെ ട്രംപ് ഗവണ്‍മെന്‍റ് ഷട്ട് ഡൗണില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചത്. അതിര്‍ത്തിയില്‍ ബാരിയറുകള്‍ നിര്‍മ്മിക്കാന്‍ 1.37 ബില്യണ്‍ ഡോളര്‍ അനുവദിക്കാം എന്നത് ഡെമോക്രാറ്റുകള്‍ സമ്മതിച്ചിരുന്നു. അതേസമയം കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ല.

എന്താണ് ദേശീയ അടിയന്തരാവസ്ഥ? എന്തുകൊണ്ടാണ് ഇത് ഭരണഘടനാവിരുദ്ധമാണ് എന്ന് ഡെമോക്രാറ്റുകള്‍ പറയുന്നത്‌?

രാജ്യത്തിന്റെ പരമാധികാരത്തിനും നിലനില്‍പ്പിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിന് യുഎസ് ഭരണഘടന അധികാരം നല്‍കുന്നുള്ളൂ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റിന് വസ്തുക്കളും ഉല്‍പ്പാദനോപാധികളും പിടിച്ചെടുക്കാനും നിയന്ത്രിക്കാനും വിദേശത്ത് സൈന്യത്തെ വിന്യസിക്കാനും പട്ടാളനിയമം പ്രഖ്യാപിക്കാനും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പിടിച്ചെടുക്കാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമെല്ലാം അധികാരമുണ്ടായിരിക്കും.

അടിയന്തരാവസ്ഥയില്‍ പ്രസിഡന്റിന് ഫെഡറല്‍ ഫണ്ട് എവിടെ നിന്ന് വേണമെങ്കില്‍ മതിലിനായി വക മാറ്റാം. യുഎസ് പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെങ്കിലും അത് വളരെ സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള കാര്യമാണ് എന്ന് ലയോള ലോ സ്‌കൂളിലെ പൊളിറ്റിക്കല്‍ ലോ പ്രൊഫസര്‍ ജെസീക്ക ലെവിന്‍സണ്‍ പറയുന്നു. എന്താണ് അടിയന്തര സാഹചര്യം എന്ന് വ്യക്തമാക്കാന്‍ പ്രസിഡന്റിന് കഴിയും. പ്രതിരോധ വകുപ്പിലെ അലോക്കേറ്റ് ചെയ്യാത്ത ഫണ്ട് വകമാറ്റാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേസമയം അടിയന്തരാവസ്ഥ ട്രംപിനെതിരെ നിയമനടപടികളേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ന്യയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ട്രംപിനെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ അധികാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാകും.

ട്രംപിന്റെ പ്രതീക്ഷ

അടിയന്തരാവസ്ഥ പ്രഖ്യാപനം മതില്‍ നിര്‍മ്മാണത്തിനുള്ള ചിലവില്‍ എട്ട് ബില്യണ്‍ ഡോളറിന്റെ കുറവ് വരുത്തുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ. മൊത്തം എസ്റ്റിമേറ്റ് കണക്കായിരിക്കുന്നത് 23 ബില്യണ്‍ ഡോളറാണ്. ദൈര്‍ഘ്യമുള്ള ഒരു നിയമയുദ്ധത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ട്രംപ് സമ്മതിച്ചു. സുപ്രീം കോടതിയില്‍ ജയം ഗവണ്‍മെന്റിനായിരിക്കുമെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. നിങ്ങള്‍ ഒരു കാര്യം മനസിലാക്കിക്കോളൂം എന്ത് ചെയ്തായാലും മതില്‍ നിര്‍മ്മിച്ചിരിക്കും – ട്രംപ് പറഞ്ഞു.

മതില്‍ അനിവാര്യമെന്നതിന് ട്രംപ് നിരത്തുന്ന വാദങ്ങള്‍

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ വേണമെന്നതിന് ട്രംപ് നിരത്തുന്ന പ്രധാന കാരണങ്ങള്‍ മെക്‌സിക്കോയില്‍ നിന്ന് യുഎസിലേയ്ക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തുമാണ്. എന്നാല്‍ കണക്കുകള്‍ പറയുന്നത് മറിച്ചാണ്. ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിയമവിരുദ്ധ കുടിയേറ്റ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഷിപ്പ്‌മെന്റുകള്‍ മിക്കവാറും എത്തുന്നത് പ്രധാന തുറമുഖങ്ങളിലൂടെയാണ് എന്നാണ് കണ്ടെത്തല്‍. ഇത് മതിലിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഡെമോക്രാറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ട്രംപ് ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാന്‍ നോക്കുകയാണ് എന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഈ കണക്കുകളും വാദങ്ങളുമെല്ലാം തെറ്റാണ് എന്നാണ് ട്രംപിന്റെ വാദം.

പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍

ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയും ഡെമോക്രാറ്റിക് സെനറ്റര്‍ ചക്കര്‍ ഷൂമറും ട്രംപിനെതിനെ രംഗത്തെത്തി. പൊതുചിലവുകള്‍ സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതാണ് പ്രസിഡന്റിന്റെ നടപടി എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇതിനെതിരെ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കും. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള യാതൊരു സാഹചര്യവും മെക്‌സിക്കോ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലവിലില്ല. യുഎസിലെ തോക്ക് ഭീകരതയുമായും പ്രസിഡന്റിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപന അധികാരങ്ങളെ നാന്‍സി പെലോസി ബന്ധപ്പെടുത്തി. ഒരു യുഎസ് പ്രസിഡന്റിന് എന്തൊക്കെ തരത്തിലുള്ള മൂല്യങ്ങളാണ് അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ വയ്ക്കാനാവുക എന്ന് അവര്‍ ചോദിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ സംബന്ധിച്ച പൊതുജനാഭിപ്രായം – അഭിപ്രായ സര്‍വേകള്‍ പറയുന്നത്‌, റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും പറയുന്നത്

പ്യൂ റിസര്‍ച്ച് സെന്റര്‍ കഴിഞ്ഞ മാസം നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം പേരും അതിര്‍ത്തി മതിലിനെ എതിര്‍ത്തു. 40 ശതമാനം പേര്‍ പിന്തുണച്ചു. റിപ്പബ്ലിക്കന്മാരുടെ പിന്തുണ മതിലിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ദ്ധിച്ച് 82 ശതമാനത്തിലെത്തിയിട്ടുണ്ട്. അതേസമയം ഡെമോക്രാറ്റുകളില്‍ വെറും ആറ് ശതമാനം മാത്രമാണ് മതിലിനെ പിന്തുണക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 13 ശതമാനമായിരുന്നു.

Share on

മറ്റുവാർത്തകൾ