UPDATES

Explainer: ഒമാന്‍ കടലിടുക്കിലെ ടോർപ്പിഡോ ആക്രമണങ്ങൾ: യുദ്ധം ആഗ്രഹിക്കുന്നത് യുഎസ്സോ ഇറാനോ?

വിദേശം

കപ്പലുകളെ ആക്രമിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന ഇറാന്റെ പ്രസ്താവനയെ ട്രംപ് അംഗീകരിക്കുന്നില്ല. കപ്പലില്‍ പൊട്ടിത്തറിക്കാതെ ബാക്കിയായ സ്ഫോടകവസ്തുക്കൾ ഇറാനിയൻ സൈന്യം ഒരു ചെറുബോട്ടിലെത്തി നീക്കം ചെയ്യുന്നതിന്റെ വീഡിയോകൾ ലഭ്യമായിട്ടുണ്ടെന്ന് ട്രംപ് പ്രസ്താവിക്കുകയുണ്ടായി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണഗതാഗതം നടക്കുന്ന കടൽപ്പാതയിൽ ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്. ഇതുവഴി പോകുന്ന കപ്പലുകൾക്കു നേരെ പലവട്ടം ആക്രമണങ്ങൾ നടന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നിലുണ്ടായ ആക്രമണത്തിൽ രണ്ട് കപ്പലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയുണ്ടായി. രണ്ട് കപ്പലിനു നേരെയും ടോർപ്പിഡോ ആക്രമണമാണ് നടന്നത്.

ഒമാൻ കടലിടുക്കിനു സമീപത്ത് ഇറാന്റെ സാമീപ്യം സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളും അമേരിക്കയും തങ്ങളുടെ താൽപര്യങ്ങൾക്ക് ഗുണകരമല്ലെന്ന് കാണുന്നുണ്ട്. തങ്ങൾക്കെതിരായ അമേരിക്കയുടെ ഉപരോധങ്ങളെ നേരിടാൻ ഇറാൻ ഈ കടലിടുക്കിനെ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. ഈ കടലിലൂടെയുള്ള എണ്ണനീക്കം തടയുമെന്ന ഭീഷണിയാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായത്. അതെസമയം ഇപ്പോഴത്തെ ആക്രമണങ്ങൾ സംബന്ധിച്ച് ഇറാന് മറ്റൊരു കഥയാണ് പറയാനുള്ളത്.

എന്താണ് കടലിടുക്കിലെ ആക്രമണങ്ങളെ സംബന്ധിച്ച് ഇറാന് പറയാനുള്ളത്?

ഈ ആക്രമണങ്ങൾ തങ്ങൾ സംഘടിപ്പിച്ചതല്ലെന്നാണ് ഇറാന്റെ വാദം. അബുദാബിയിൽ നിന്നും എണ്ണയുല്‍പ്പന്നങ്ങൾ വാങ്ങി പോകുകയായിരുന്ന കപ്പലുകളാണ് ആക്രമണത്തിനിരയായത്. ഈ കപ്പലുകളിലെ ജീവനക്കാരെ തങ്ങളാണ് രക്ഷിച്ചതെന്ന് ഇറാൻ അവകാശവാദമുന്നയിക്കുന്നുണ്ട്. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഇറാൻ സന്ദർശിക്കുന്ന സന്ദർഭത്തിലായിരുന്നു ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്. ഒമാൻ കടലിടുക്കിൽത്തന്നെ കറങ്ങുന്ന യുഎസ് നശീകരണ കപ്പലുകൾക്ക് ആക്രമണത്തിനിരയായ കപ്പലുകളിൽ നിന്നും സഹായമഭ്യർ‌ത്ഥിച്ചുള്ള സന്ദേശങ്ങൾ കിട്ടിയിരുന്നെന്ന് അമേരിക്ക വെളിപ്പെടുത്തുകയുണ്ടായി.

എന്തുകൊണ്ടാണ് ‘ഗൾഫ് ഓഫ് ടോങ്കിൻ’ ട്വിറ്ററിൽ ട്രെൻഡ് ചെയ്തത്?

ഗൾഫ് ഓഫ് ഒമാനിൽ (ഒമാൻ കടലിടുക്ക്) സംഘർഷങ്ങൾ ഒരു യുദ്ധസാധ്യത പരക്കെ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ നടന്ന ആക്രമണം ഇറാൻ സംഘടിപ്പിച്ചതാണെന്ന ആരോപണം യുഎസ് ഉന്നയിച്ചു. ഇതിനെ നിഷേധിച്ച് ഇറാനും രംഗത്തു വന്നു. ഇറാന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ‘ഗൾഫ് ഓഫ് ടോങ്കിൻ’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ചെയ്തു തുടങ്ങിയത്. 1964ലെ ഒരു സംഭവത്തിലേക്കാണ് ഈ ഹാഷ്ടാഗ് ശ്രദ്ധ തിരിച്ചത്. ടോങ്കിൻ കടലിടുക്കിൽ ഒരു അമേരിക്കൻ ഡിസ്ട്രോയറിനെ നോർത്ത് വിയറ്റ്നാമുകാർ‌ ആക്രമിച്ചെന്ന് ആരോപണമുയർന്നു. ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ പ്രസിഡണ്ട് ലിൻഡൻ ബി ജോൺസൻ വിയറ്റ്നാമിലെ ഇടപെടലിന് കൂടുതൽ അമേരിക്കൻ പട്ടാളത്തെ അയയ്ക്കാനുള്ള അനുമതി കോൺഗ്രസ്സിൽ നിന്നും നേടിയെടുത്തത്. പിൽക്കാലത്ത് ഇത്തരമൊരു ആക്രമണം നടന്നിരുന്നില്ലെന്ന് ചരിത്രാന്വേഷകർ കണ്ടെത്തുകയുണ്ടായി. ഇറാനെതിരെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നടത്തുന്നത് സമാനമായൊരു നീക്കമാണെന്ന് സൂചിപ്പിക്കുകയായിരുന്നു ട്വിറ്റർ.

അമേരിക്കയുടെ പക്കൽ തെളിവുകളുണ്ടോ?

കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ സംഘടിപ്പിച്ചത് ഇറാനാണെന്നതിന് അമേരിക്കയുടെ പക്കൽ ഉറപ്പുള്ള തെളിവുകളുണ്ടെന്ന് കരുതാനാകില്ല. കപ്പലിലുള്ളവരെ രക്ഷിക്കാൻ ഹ്യൂണ്ടായ് ദുബൈ കപ്പൽ എത്തിയപ്പോൾ ഇറാനിയൻ മിലിട്ടറി ബോട്ടുകള്‍ അവരെ വളയുകയും എല്ലാവരെയും വിട്ടുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതും ട്രംപിന്റെ വസ്തുതയുള്ളതെന്ന് കരുതാൻ കഴിയാത്ത വാദങ്ങളുമല്ലാതെ ഒന്നും ഇറാനെതിരെ തെളിയിക്കപ്പെട്ടിട്ടില്ല.

മേഖലയിലെ തങ്ങളുടെ സന്നാഹങ്ങൾക്കു നേരെ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിനെ നേരിടാനായി മേഖലയിലേക്ക് കൂടുതൽ യുഎസ് സൈനിക സന്നാഹങ്ങളെത്തിക്കുകയാണ്. തങ്ങളുടെ താൽപര്യങ്ങൾക്കു നേരെ ഏതു തരത്തിലുള്ള ആക്രമണം നടന്നാലും അതിന്റെ ഉത്തരവാദിത്വം ഇറാനായിരിക്കുമെന്ന മുന്നറിയിപ്പും യുഎസ് നൽകിയിരുന്നു.

എന്താണ് യുഎസ്സിന്റെ ഉന്നം?

ഇറാനിലെ അധികാരവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ദീർ‌ഘകാലമായുള്ള ആഗ്രഹം തന്നെയാണ് യുഎസ്സിനെ ഒരു യുദ്ധത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിലെത്തിച്ചിരിക്കുന്നത്. രാജ്യത്ത് സാധ്യമായത്രയും സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ യുഎസ് ഇതിനകം തന്നെ ശ്രമിച്ചിട്ടുണ്ട്. 2017ൽ അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറുകയാണുണ്ടായത്. ഇതിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നത്തിൽ ഇറാൻ കുടുങ്ങിയിട്ടുമുണ്ട്. എങ്കിലും അവർ അതിജീവിക്കുന്ന സാഹചര്യത്തിലാണ് പട്ടാളനീക്കത്തിനുള്ള പദ്ധതി അമേരിക്ക തയ്യാറാക്കുന്നത്. പറ്റിയൊരു സാഹചര്യം വന്നാൽ യുദ്ധം നടക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

എന്താണ് ട്രംപിന് പറയാനുള്ളത്?

കപ്പലുകളെ ആക്രമിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന ഇറാന്റെ പ്രസ്താവനയെ ട്രംപ് അംഗീകരിക്കുന്നില്ല. കപ്പലില്‍ പൊട്ടിത്തറിക്കാതെ ബാക്കിയായ സ്ഫോടകവസ്തുക്കൾ ഇറാനിയൻ സൈന്യം ഒരു ചെറുബോട്ടിലെത്തി നീക്കം ചെയ്യുന്നതിന്റെ വീഡിയോകൾ ലഭ്യമായിട്ടുണ്ടെന്ന് ട്രംപ് പ്രസ്താവിക്കുകയുണ്ടായി. ഈ സ്ഫോടകവസ്തുക്കളിൽ ഇറാൻ എന്നെഴുതിയിരിക്കാമെന്നും അതിനാലാണ് അവ നീക്കം ചെയ്യാൻ ഇറാൻ ധൃതി കൂട്ടിയതെന്നും ഫോക്സ് ന്യൂസിനോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡണ്ട് പറയുകയുണ്ടായി. യുഎൻ സെക്രട്ടറി ജനറൽ‌ പക്ഷെ ഇതിനെ അതേപടി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സത്യം പൂർണമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു. ധൃതിയോടെ നിഗമനങ്ങളിലെത്തരുതെന്നായിരുന്നു റഷ്യയുടെ പ്രതികരണം. അതെസമയം ഇതൊരു ‘അന്തർദ്ദേശീയ വിഷയം’ ആണെന്നാണ് ട്രംപ് പ്രചരിപ്പിക്കുന്നത്. ഇത് പരിഹരിക്കാൻ രാജ്യാന്തര പൊതുസമ്മതം രൂപപ്പെടുത്താൻ അമേരിക്ക ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.

എന്താണ് ഇറാന്റെ പ്രതികരണം?

ഇറാനിയൻ പ്രസിഡണ്ട് ബസ്സൻ റൂഹാനി നേരിട്ട് ഈ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. മേഖലയുടെ സ്ഥിരതയ്ക്ക് യുഎസ് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളെ പരാമർശിക്കാതെയായിരുന്നു ഇത്. തങ്ങളുടെ നയതന്ത്ര പദ്ധതികളെ അട്ടിമറിക്കാനുള്ള മനപ്പൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തു.

Share on

മറ്റുവാർത്തകൾ