UPDATES

EXPLAINER: അമേരിക്കയുടെ തോക്കുഭ്രമത്തിന് പിന്നില്‍

2014നും 2017നും ഇടയില്‍, 12 വയസ്സിനു താഴെയുള്ള 2,710 കുട്ടികള്‍ ഉള്‍പ്പെടെ 56,755 അമേരിക്കക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ സ്കൂളുകളില്‍ കൂട്ടവെടിവെപ്പ് തുടരുന്നു. അമേരിക്കയുടെ തോക്കുഭ്രമം അവസാനിപ്പിക്കാന്‍ മാര്‍ച്ച് 24നു ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ മാര്‍ച്ച് ചെയ്തത് ലോകം കണ്ടു. പക്ഷേ, പ്രസിഡന്റ് ട്രംപ് വെടിവെച്ചയാളുടെ മാനസികാരോഗ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്സിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ ട്രംപ് തയ്യാറായില്ല. ഫെബ്രുവരി 14ന് പതിനേഴു കുട്ടികള്‍ കൊല്ലപ്പെട്ട പാര്‍ക് ലാന്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തോക്കുപയോഗനിയന്ത്രണത്തിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ പിന്നിലേക്ക് വലിയുകയാണ്.

എന്തുകൊണ്ടാണ് യു എസില്‍ തോക്കുകള്‍ ഇത്രമാത്രം പ്രാധാന്യമുള്ളതായത്? ഒരു അഴിമുഖം എക്സ്പ്ലെയിനര്‍:

ഭരണഘടനാപരമായ അവകാശം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭരണഘടനയുടെ രണ്ടാം ഭേദഗതിയില്‍ ഇപ്രകാരം പറയുന്നു : “സ്വതന്ത്രരാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി, നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുന്ന പൌരസേനക്ക്, ആയുധം കൈവശം വെക്കാനും കൊണ്ടുനടക്കാനും ഉള്ള അവകാശം നിഷേധിക്കാനാവില്ല ”

തോക്കുകള്‍ കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്, നിയമനിര്‍മ്മാണസഭകളെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭരണഘടന തോക്ക് കൈവശം വെക്കുന്നത് നിരോധിക്കുന്നതില്‍നിന്ന് നിയന്ത്രിക്കുന്നു എന്നാണ്. കുറഞ്ഞപക്ഷം, നിരോധനാത്മകവും നിയന്ത്രിതവുമായ നിയമ ഭേദഗതി പോലും ഭരണഘടനാവിരുദ്ധമാണ്.

തോക്ക് ഉടമസ്ഥതയെ അനുകൂലിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ രണ്ടാം ഭേദഗതിയില്‍ വെള്ളം ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നു. ഇത് ലിബറലുകളെ അമ്പരപ്പിക്കുന്നുണ്ട്. കണ്‍സര്‍വേറ്റീവുകളുടെ ബഹുമാനം ഭരണഘടനയോടോ അതോ ആയുധങ്ങളോടോ എന്ന് അവര്‍ക്ക് മനസ്സിലാവുന്നില്ല. ഒരാള്‍ക്ക് വിവിധതരം സെമി-ഓട്ടോമാറ്റിക് കൈത്തോക്കുകളും റൈഫിളുകളും ശേഷികൂടിയ വെടിമരുന്നറകളും മിനിറ്റില്‍ നൂറുകണക്കിന് റൌണ്ട് വെടിയുതിര്‍ക്കാന്‍ പാകത്തിനുള്ള ശേഖരവും എന്തിനാണ്? ഫ്ലോറിഡയിലെ പാര്‍ക് ലാന്റില്‍ ഉണ്ടായതുപോലുള്ള ഓരോ സ്കൂള്‍വെടിവെപ്പിലും ഏതെങ്കിലും തരത്തിലുള്ള ആയുധനിയന്ത്രണത്തിനായി ലിബറലുകള്‍ ആഹ്വാനം ചെയ്യുന്നു. നിയമനിര്‍മ്മാണസഭ അതില്‍ പരാജയപ്പെടുമ്പോള്‍ പ്രക്ഷോഭവും സംഭ്രാന്തിയും ഇതിനെത്തുടര്‍ന്ന് ഉണ്ടാവുന്നു.

“അവരെ പുറത്താക്കുക, ഞങ്ങള്‍ക്ക് ജീവിക്കണം”: യുഎസ് നഗരങ്ങളില്‍ തോക്ക് ഭീകരതക്കെതിരെ യുവാക്കള്‍ തെരുവില്‍

സ്വന്തം കുട്ടികളെ കൊല്ലുകയോ?

2014നും 2017നും ഇടയില്‍, 12 വയസ്സിനു താഴെയുള്ള 2,710 കുട്ടികള്‍ ഉള്‍പ്പെടെ 56,755 അമേരിക്കക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ തോക്കുപയോഗിച്ചുള്ള അതിക്രമങ്ങളില്‍ നാടകീയമായ വംശീയ, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. പതിനേഴോ അതിനു താഴെയോ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ വെടിവെപ്പില്‍ കൊല്ലപ്പെടാനുള്ള സാധ്യത, വെളുത്ത കുട്ടികളേക്കാള്‍ പത്തുമടങ്ങ് കൂടുതലാണ്. ഓരോ വര്‍ഷവും വെടിവെപ്പിനിരയാവുന്നവരില്‍ പകുതിയും കറുത്തവര്‍ഗ്ഗക്കാരാണ്.

എത്ര തോക്കുകള്‍?

32 കോടി ജനസംഖ്യയുള്ള അമേരിക്കയില്‍ 25.6 കോടി തോക്കുകള്‍ ജനങ്ങളുടെ കൈവശമുണ്ട്. മുതിര്‍ന്ന ഒരാള്‍ക്ക് ഒന്നിലധികം തോക്ക് എന്നര്‍ത്ഥം. ഒരു തലയ്ക്ക് ഒന്നിലധികം തോക്കുകള്‍. പ്യൂ സര്‍വേയുടെ കണക്കനുസരിച്ച് 72% അമേരിക്കക്കാരും ഒരിക്കലെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ട്.

ഏതാണ്ട് 7.5 കോടി അമേരിക്കക്കാരും തോക്ക് സ്വന്തമാക്കിയിട്ടുണ്ട്. തോക്കുകളെ അനുകൂലിക്കുകയും രാഷ്ട്രീയക്കാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്ന ശക്തമായ ലോബിയായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ 50 ലക്ഷം അംഗങ്ങളേ ഉള്ളൂ എന്നാണ് അവകാശപ്പെടുന്നത്. സര്‍വേ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ തോക്കുടമസ്ഥരുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണിത്.

വിശ്വസനീയമായ ഡാറ്റ അനുസരിച്ച്, 7.5 കോടി തോക്കുകളില്‍ പകുതിയും വെറും 3% മുതിര്‍ന്ന അമേരിക്കന്‍ പൌരന്മാരുടെ ഉടമസ്ഥതയിലാണ്. മിക്കവാറും തോക്കുടമസ്ഥര്‍ക്ക് ഒന്നോ രണ്ടോ തോക്കുകളാണുള്ളത്. പക്ഷേ മുന്തിയ ഉടമകളുടെ ഒരു ചെറിയ കൂട്ടം ശരാശരി 17 തോക്കുകള്‍ കൈവശം വെക്കുന്നു. രാജ്യത്തെ മൊത്തം തോക്കുകളുടെ എണ്ണമായ 25.6 കോടിയുടെ പകുതിയോളം ഇവരുടെ കൂട്ടമായ ഉടമസ്ഥതയിലാണ്.

പ്യൂ സര്‍വേ അനുസരിച്ച്, 44% മുതിര്‍ന്ന അമേരിക്കക്കാര്‍ക്കും മന:പൂര്‍വ്വമോ അല്ലാതെയോ വെടിവെപ്പിനിരയായ ഒരാളെയെങ്കിലും വ്യക്തിപരമായി അറിയാം.

തോക്കുകളുടെ ഭീഷണിയില്ലാത്ത ലോകമാണ് എന്റെ സ്വപ്‌നം: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കൊച്ചുമകള്‍ (വീഡിയോ)

തോക്കുകള്‍ കുട്ടികളുടെ നേര്‍ക്കോ?

ഇപ്പോള്‍ തര്‍ക്കത്തിലുള്ള മിക്ക തോക്കുനിയന്ത്രണ നിയമങ്ങളും രണ്ടാം ഭേദഗതിയോട് ചേര്‍ന്നു നില്ക്കുന്നവയാണ്. സ്വയരക്ഷക്കായി അമേരിക്കക്കാര്‍ വീടുകളില്‍ കൈത്തോക്കുകള്‍ സൂക്ഷിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് 2008ല്‍ യു എസ് സുപ്രീം കോടതി വ്യക്തമാക്കി. പക്ഷേ അത് മറ്റു നിയമനിര്‍മ്മാണങ്ങള്‍ക്ക് വാതില്‍ തുറന്നു വെച്ചിട്ടുണ്ട്.

ഡോണാള്‍ഡ് ട്രംപ് ഒരിക്കല്‍ ആയുധനിരോധനത്തെ പിന്തുണച്ചിട്ടുണ്ട്. ട്രംപിനെ വൈറ്റ് ഹൌസില്‍ എത്തിക്കാന്‍ 200 കോടി ഡോളര്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ചെലവഴിച്ചിട്ടുണ്ട്. അതിനാല്‍ എന്‍ആര്‍എയുടെ ഉറ്റമിത്രമാണ് പ്രസിഡന്റെങ്കിലും, തോക്കു കൈവശാവകാശത്തെ പ്രതി അദ്ദേഹത്തിന് കാര്യമായ പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉണ്ടോയെന്ന് വ്യക്തമല്ല.

ആസ്ത്രേലിയന്‍ വഴി നോക്കിക്കൂടേ?

ആസ്ത്രേലിയയിലെ പോര്‍ട്ട് ആര്‍ഥറില്‍ 28വയസ്സുള്ള മാര്‍ട്ടിന്‍ ബ്രയന്റ് നടത്തിയ കൂട്ടവെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 1996 ലെ ആ കൂട്ടക്കുരുതിക്കു ശേഷം ആസ്ത്രേലിയ ആയുധശേഖരത്തിന്റെ മൂന്നിലൊന്നും കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്തു. അതിന്റെ തുടര്‍ച്ചയായി, ആസ്ത്രേലിയ, 10 ലക്ഷം സെമി-ഓട്ടോമാറ്റിക് റൈഫിളുകളും മറ്റു തോക്കുകളും തിരിച്ചു വാങ്ങുന്നതുള്‍പ്പെടെ, വിട്ടുവീഴ്ചയില്ലാത്ത ആയുധനിയന്ത്രണനിയമം അവതരിപ്പിച്ചു.

ആസ്ത്രേലിയന്‍ ഗവേഷകരുടെ അഭിപ്രായപ്രകാരം, കൂട്ടവെടിവെപ്പ് അവസാനിപ്പിക്കാന്‍ ആസ്ത്രേലിയ ചെയ്തത് അമേരിക്കയില്‍ നടപ്പാവണമെങ്കില്‍, ആയിരം കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് 9 കോടി സെമി-ഓട്ടോമാറ്റിക് റൈഫിളുകളും മറ്റു വലിയ തോക്കുകളും നിര്‍ബന്ധപൂര്‍വ്വം തിരിച്ചു വാങ്ങേണ്ടിവരും.

തെരുവിലിറങ്ങൂ യുവത്വമേ

അത് സഹായകമാകുമോ?

പട്ടാളശൈലിയിലുള്ള റൈഫിളുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത്, ഭൂരിഭാഗം തോക്കതിക്രമ ഇരകളെയും രക്ഷിക്കില്ല, കാരണം മിക്കവാറും പേര്‍ കൊല്ലപ്പെടുന്നത് സാധാരണ കൈത്തോക്കുമൂലമാണ്. എഫ് ബി ഐയില്‍നിന്നുള്ള ഏറ്റവും മികച്ച ഡാറ്റ പ്രകാരം, 2010 മുതല്‍ 2014വരെയുള്ള കാലയളവില്‍, തോക്കുപയോഗിച്ച കൊലപാതകങ്ങളില്‍ വെറും 3.55% മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള റൈഫിളുകള്‍ ഉപയോഗിച്ചു നടത്തിയിട്ടുള്ളത്.

അമേരിക്കയിലെ ഭൂരിഭാഗം തോക്കുനിയന്ത്രണ ഗ്രൂപ്പുകളും സമ്മതിക്കുന്നത് തോക്കുവില്പനയില്‍, ആഗോളതലത്തിലുള്ള പശ്ചാത്തലപരിശോധനക്കു വേണ്ടി പൊരുതുന്ന നിയമമാണ് ഏറ്റവും നല്ലതെന്നാണ്. അവര്‍ അവരുടെ ശ്രദ്ധ, അക്രമത്തിനുള്ള ആയുധം നിരോധിക്കുക എന്നതില്‍നിന്ന്, സംയുക്ത പശ്ചാത്തലപരിശോധനാ സംവിധാനത്തിലെ പഴുതുകള്‍ അടക്കുക എന്നതിലേക്ക് മാറ്റി. ഇപ്പോള്‍ അത് വ്യക്തികള്‍ തമ്മില്‍, പശ്ചാത്തലപരിശോധന ഇല്ലാതെ സ്വകാര്യവ്യാപാരം നടത്താന്‍ അനുമതി കൊടുക്കുന്നുണ്ട്.

പല തോക്കുനിയന്ത്രണ വക്താക്കളും നിലവിലെ സംരംഭം വളരെ സൌമ്യമാണെന്ന് ഭയക്കുന്നു. കുറേക്കൂടി മൌലികമായ ഇടതുപക്ഷനില അതിന് ആവശ്യമാണെന്ന് അവര്‍ കരുതുന്നു. രണ്ടാം ഭേദഗതിയെക്കുറിച്ച് കടുത്ത ആശയങ്ങളുള്ള ചെറിയ ഗ്രൂപ്പുകളാല്‍ പലപ്പോഴും എന്‍ ആര്‍ എ തീവ്ര നിലപാടുകളിലേക്ക് തള്ളപ്പെടുന്നുണ്ട്.

തല്കാലം അമേരിക്ക കൂടുതല്‍ രക്തച്ചൊരിച്ചിലുള്ള നാളുകളിലേക്കാണ് ഉറ്റുനോക്കുന്നത്.

അമേരിക്കയില്‍ എത്ര തോക്കുകളുണ്ട്?

Share on

മറ്റുവാർത്തകൾ