UPDATES

Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

നമ്പി നാരായണൻ പിന്നീടൊരിക്കൽ പറഞ്ഞത്, മാധ്യമപ്രവർത്തകരിൽ പലർക്കും ‘ക്രയോജനിക്’ എന്ന വാക്ക് ശരിയായി ഉച്ചരിക്കാൻ പോലും അറിയില്ലായിരുന്നുവെന്നാണ്.

കേരളത്തിലെ വലതുപക്ഷം അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുള്ള രണ്ട് സന്ദർഭങ്ങളുണ്ടെന്നാണ് ആരോപണം. അവയിലൊന്ന് 1958-ൽ തുടങ്ങിയ വിമോചന സമരമാണ്. ഈ സമരത്തിന് സിഐഎയുടെ ധനസഹായം ലഭിച്ചിരുന്നെന്ന് അക്കാലത്ത് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയായിരുന്ന പാട്രിക് മൊയ്നിഹാൻ വെളിപ്പെടുത്തുകയുണ്ടായി. ആദ്യത്തെ സംഭവത്തിലെ സിഐഎയുടെ പങ്ക് വെളിപ്പെട്ടു വരാൻ അരനൂറ്റാണ്ടോളമെടുത്തെങ്കിൽ രണ്ടാമത്തേതിന്റെ കാര്യത്തിൽ അത്രയധികം സമയമെടുത്തില്ല. പക്ഷെ രണ്ടാമത്തെ കേസിൽ പഴി ചാരപ്പെട്ടവരുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും അപഹരിച്ചതിനു ശേഷമാണ് അത് ഒടുങ്ങിയത്. ആരോപണമേറ്റ വലത് രാഷ്ട്രീയ നേതാക്കളുടെ കരിയറിനെ അത് വലിയ തോതിൽ ബാധിച്ചു. കേസിൽ കുടുങ്ങിയ ശാസ്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും തുടർന്നുള്ള ജീവിതം ദുരന്തസമാനമായി പരിണമിച്ചു.

ഐഎസ്ആർഒ കേസിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെന്നത് ശരിയാണ്. ഈ കേസ് നിർമിച്ചെടുത്തവരും കേസിൽ കുടുങ്ങി ജീവിതം പാഴായവരും ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നതും, അവരിൽ കേസിന്റെ നിർമാതാക്കളിൽ വലിയ വിഭാഗം പേരും താന്താങ്ങളുടെ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ വിഹരിക്കുന്നുണ്ട് എന്നതുമാണ് ഈ വാദപ്രതിവാദങ്ങൾക്ക് കാരണം. അന്വേഷിക്കുന്നവർക്കു മുമ്പിൽ സത്യം ഏതാണ്ട് സുവ്യക്തമാണ്. വളരെച്ചുരുക്കം പേരെങ്കിലും ഈ വസ്തുതകൾ കേസിന്റെ തുടക്കകാലം മുതലേ പറഞ്ഞു കൊണ്ടിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ലോബിയും, ഏതാണ്ടൊരു ഗൂഢാലോചക സംഘം പോലെ പ്രവർത്തിച്ച മാധ്യമപ്രവർത്തകരുമാണ് അന്ന് മേൽക്കൈ നേടിയത്. ഇന്ന് നമ്പി നാരായണൻ തനിക്കുള്ള നീതി അന്വേഷിച്ചലഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുകയാണ്. ചാരക്കേസിന്റെ വസ്തുതകളിലേക്ക് നമുക്കൊന്ന് ശ്രദ്ധിക്കാം.

എന്താണ് ഐഎസ്ആർഒ ചാരക്കേസ്?

ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ വിവരങ്ങൾ മറിയം റഷീദ എന്ന മാലി സ്വദേശിയായ യുവതി ചോർത്തിയെന്നും ഇതിന് സഹായങ്ങൾ നൽകിയത് ഐഎസ്ആർഓയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേർന്നായിരുന്നുവെന്നും ആരോപണമുയർന്നു. ദേശാഭിമാനി പത്രത്തിന്റെ ഉൾപ്പേജിലും ‘തനിനിറം’ എന്ന സായാഹ്ന പത്രത്തിന്റെ ഒന്നാംപേജിലുമാണ് ഈ വാർത്ത വന്നത്; 1994 ഒക്ടോബർ മാസത്തിലായിരുന്നു ഇത്. പിന്നീട് തനിനിറം, മംഗളം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങൾ ഈ വാർത്തയെ അത്യുത്സാഹത്തോടെ ഏറ്റെടുത്തു. മാലിയിൽ നിന്നു തന്നെയുള്ള ഫൗസിയ ഹസ്സൻ എന്ന യുവതിയും കേസിൽ പിടിയിലായി. ഇരുവരും മാലിദീപിലെ ഇന്റലിജൻസ് ഓഫീസർമാരാണ് എന്നായിരുന്നു ആരോപണം. ദശലക്ഷക്കണക്കിന് ഡോളർ വാങ്ങിയാണ് ഈ ഓഫീസർമാർക്ക് നമ്പി നാരായണൻ അങ്ങേയറ്റം രഹസ്യമായി സൂക്ഷിച്ചിരുന്ന റോക്കറ്റ് ലോഞ്ചിങ്ങിന്റെ ഫ്ലൈറ്റ് ടെസ്റ്റ് ഡാറ്റ അടക്കമുള്ളവ കൈമാറിയതെന്ന് കുറ്റം ചാർത്തപ്പെട്ടു. ഇന്ത്യ റഷ്യയിൽ നിന്നും സ്വന്തമാക്കിയ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കലായിരുന്നു മാലിദ്വീപില്‍ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നായിരുന്നു കഥകൾ. അന്ന് കൃഷ്ണമൂർത്തി കസ്തൂരിരംഗനായിരുന്നു ഐഎസ്ആർഓയുടെ ചെയർമാൻ. കേസിൽ ഇടപെടാനാകില്ലെന്ന നിലപാട് കസ്തൂരിരംഗൻ അന്നെടുത്തു. ഇതോടെ നമ്പി നാരായണനും മറ്റ് കുറ്റാരോപിതരും കുടുങ്ങി.

ക്രയോജനിക് സാങ്കേതിക വിദ്യ മാലി വനിതകൾ വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു പ്രധാന ആരോപണം. വികാസ് എൻജിന്റെ സാങ്കേതിക വിദ്യ യുആർഎൽ ഏവിയേഷൻ എന്ന സ്വകാര്യ ഏജൻസി വഴി റഷ്യക്ക് കൈമാറിയെന്നായിരുന്നു മറ്റൊരാരോപണം. ഈ ആരോപണം ഉന്നയിക്കപ്പെട്ട 1994ൽ ഇന്ത്യയുടെ പക്കൽ ക്രയോജനിക് സാങ്കേതിക വിദ്യ ഉണ്ടായിരുന്നില്ല. അതായത്, ഇല്ലാത്ത സാങ്കേതികവിദ്യ മാലി വനിതകൾക്ക് കൈമാറിയെന്നായിരുന്നു ആരോപണം! വികാസ് എൻജിന്റെ സാങ്കേതിക വിദ്യ ഇന്ത്യ 1977-ൽ ഫ്രാന്‍സിൽ നിന്നും വാങ്ങിയതാണ്. ഈ സാങ്കേതികവിദ്യ അതിലും നേരത്തെ ഫ്രാൻസിൽ നിന്ന് യുഎസ്എസ്ആർ വാങ്ങിയിട്ടുണ്ട്. ഫലത്തിൽ, റഷ്യയുടെ പക്കലുള്ള സാങ്കേതികവിദ്യ വീണ്ടും റഷ്യക്ക് ചോർത്തി നൽകി എന്നതായി ആരോപണം!

പ്ലേഗും സിബി മാത്യൂവും

വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തങ്ങുകയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും. ഗുജറാത്തിൽ പ്ലേഗ് ബാധ മൂലം നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ കുടുങ്ങിപ്പോയതായിരുന്നു ഇരുവരും. വിസയുടെ കാലാവധി നീട്ടിക്കിട്ടാൻ ഇവർ നിരവധി ഉന്നതരുമായി ബന്ധപ്പെടുകയുണ്ടായി. ഇക്കൂട്ടത്തിൽ അന്നത്തെ ഐജി രമൺ ശ്രീവാസ്തവയും ശശികുമാറുമുണ്ടായിരുന്നു. ഇതിനിടെ ചില കുവൈത്തി പൗരന്മാർ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും ഇന്ത്യയിൽ കഴിയുന്നുവെന്ന് അന്നത്തെ ഡിഐജി സിബി മാത്യൂസിന് വിവരം കിട്ടി. ഇവർക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് മറിയം റഷീദയുടെ ഹോട്ടലിൽ നിന്നുള്ള ടെലിഫോൺ രേഖകൾ ശ്രദ്ധയിൽപ്പെടുന്നത്. വലിയ താമസമില്ലാതെ ചാരക്കഥകൾ പുറത്തുവരാൻ തുടങ്ങി. ഇതെക്കുറിച്ച് നമ്പി നാരായണൻ പിന്നീടൊരിക്കൽ പറഞ്ഞത്, മാധ്യമപ്രവർത്തകരിൽ പലർക്കും ‘ക്രയോജനിക്’ എന്ന വാക്ക് ശരിയായി ഉച്ചരിക്കാൻ പോലും അറിയില്ലായിരുന്നുവെന്നാണ്.

ക്രയോജനിക് സാങ്കേതിക വിദ്യ

റോക്കറ്റ് എൻജിന്റെ ഇന്ധനങ്ങളും അത് നൽ‌കുന്ന ശേഷിയും സംബന്ധിച്ചുള്ള സാങ്കേതികതയും സംബന്ധിച്ച സാങ്കേതികതയാണിത്. ഇന്ത്യയുടെ ജിഎസ്എൽവി ലോഞ്ച് സിസ്റ്റത്തിന് ക്രയോജനിക് എൻജിനുകൾ അത്യാവശ്യമായിരുന്നു. ജിഎസ്എൽവിയുടെ ഖര, ദ്രവ എൻജിനുകളെക്കാൾ സ്പെസിഫിക് ഇംപൾസ് (ഇന്ധനത്തിന്റെ ത്വരണശേഷിയുടെ മാനദണ്ഡം. ഇത്ര ഇന്ധനത്തിന് ഇത്ര ഇംപൾസ് എന്ന്) ഉള്ള എൻജിൻ ഉണ്ടെങ്കിൽ മാത്രമേ ഭൂസ്ഥിര ഉപഗ്രഹങ്ങളുമായുള്ള റോക്കറ്റിന്റെ സഞ്ചാരത്തിന് അതിന്റെ രണ്ടാം ഘട്ടം കടന്നുപോകാനുള്ള തള്ളൽ ശേഷി ലഭിക്കുകയുള്ളൂ. ഇതിന് വിദേശസഹായം വേണ്ടിവന്നു. ഇന്ത്യയുടെ സുഹൃത്തായ റഷ്യയിൽ നിന്ന ഈ എൻജിൻ സാങ്കേതികത അടക്കം വാങ്ങാനുള്ള തീരുമാനം വന്നു.

Also Read: നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

അമേരിക്കയുടെ ഇടപെടൽ

ഈ സംഭവങ്ങൾക്കിടെ യുഎസ്എസ്ആർ തകരുകയും താരതമ്യേന ദുർബലമായ റഷ്യ രൂപപ്പെടുകയും ചെയ്തിരുന്നു. ഫ്രാൻസ്, യുഎസ്എ എന്നീ രാജ്യങ്ങളെയാണ് ക്രയോജനിക് സാങ്കേതികവിദ്യ ലഭിക്കുന്നതിനായി ഇന്ത്യ ആദ്യം സമീപിച്ചത്. സാങ്കേതികവിദ്യ കൈമാറുന്ന കാര്യത്തിൽ ഇവർക്ക് താൽപര്യമുണ്ടായിരുന്നില്ല. ആക്രമണകാരികളായ മിസ്സൈലുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നായിരുന്നു അമേരിക്കയുടെ ‘ആശങ്ക’. എന്നാൽ, തങ്ങളുടെ കച്ചവട താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ഇത്തരമൊരു കൈമാറ്റം എന്നതായിരുന്നു അമേരിക്കയുടെ യഥാർത്ഥ പ്രശ്നം.

റഷ്യയുമായി കരാറൊപ്പിട്ടതിൽ ഇന്ത്യക്ക് നേട്ടം പലതായിരുന്നു. സാങ്കേതികത വിദ്യ കൂടി ഇന്ത്യക്ക് പകർന്നു നൽകാൻ റഷ്യ സ്പേസ് ഏജൻസിയായ ഗ്ലാവ്‌കോസ്മോസ് തയ്യാറായി. ഇതിനുള്ള രാഷ്ട്രീയ തീരുമാനം വന്നു. 1991ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിന് 11 മാസങ്ങൾക്കു മുമ്പ് ഗ്ലാവ്‌കോസ്മോസുമായുള്ള കരാർ നിലവിൽ വന്നു. 235 കോടി രൂപയായിരുന്നു കരാർ തുക. ഇത് അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനമിക്സ് ആവശ്യപ്പെട്ട വിലയുടെ ഏതാണ്ട് പകുതിയോളം കുറവായിരുന്നു. കൂടാതെ അമേരിക്കൻ കമ്പനി സാങ്കേതികത കൈമാറാൻ തയ്യാറായിരുന്നുമില്ല. എന്നാൽ യുഎസ്എസ്ആർ സ്പേസ് ഏജൻസി എൻജിനുകൾക്കൊപ്പം സാങ്കേതികതയും കൈമാറാമെന്ന് സമ്മതിച്ചിരുന്നു. അമേരിക്കയ്ക്ക് വലിയൊരു തിരിച്ചടിയായി ഇതെന്ന് പറയേണ്ടതില്ലല്ലോ.

യുഎസ്എസ്ആർ താഴ്ന്ന വിലയിൽ സാങ്കേതികതയുൾപ്പെടെ ക്രയോജനിക് എൻജിനുകൾ വിൽക്കുന്നതിനൊപ്പം ഇന്ത്യയുടെ ഈ മേഖലയിലെ വളർച്ചയും അമേരിക്കയെ ആശങ്കപ്പെടുത്തിയിരുന്നു. ബഹിരാകാശ വ്യാപാരത്തിൽ ഇന്ത്യ സജീവമാകുന്നത് അമേരിക്കയുടെ കച്ചവടത്തെ ബാധിക്കും.

ഇതിനകം യുഎസ്എസ്ആർ ഇല്ലാതായിരുന്നു. റഷ്യ സൈനികമായും ഭരണപരമായും ഏറെ ദുർബലമായ അവസ്ഥയിൽ നിൽക്കുന്ന സന്ദർഭം. അമേരിക്കയുടെ പലവിധത്തിലുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവർക്ക് സാധിച്ചില്ല. ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന കരാറിൽ നിന്ന് അങ്ങനെ റഷ്യ പിന്മാറി.

ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാൻ റഷ്യൻ സ്പേസ് ഏജൻസിക്ക് താൽപര്യമുണ്ടായിരുന്നു. തികച്ചും നിയമവിരുദ്ധമായ വഴിയിലൂടെ ഇത് നടപ്പാക്കാൻ ഐഎസ്ആർഓയും ഗ്ലാവ്‌കോസ്‌മോസും തീരുമാനമെടുത്തു. തിരുവനന്തപുരത്ത് ഇരു സ്പേസ് ഏജൻസികളും ചേർന്ന് ഒരു കമ്പനിയുണ്ടാക്കുകയും ആ കമ്പനിയിൽ വെച്ച് ക്രയോജനിക് എൻജിൻ നിർമിക്കുകയുമായിരുന്നു പദ്ധതി. ഇതുവഴി സാങ്കേതികത ഇന്ത്യയിലെത്തിക്കാം. യുആർഎൽ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ സഹായം തേടി. മൂന്ന് വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. എന്നാല്‍ അവസാനത്തെ വിമാനം എത്തുന്നതിനു മുൻപ് മാധ്യമങ്ങളിൽ മസാലക്കഥകൾ വന്നു തുടങ്ങി.

Also Read: ‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

കേരള രാഷ്ട്രീയം ചാരക്കേസ് ഏറ്റെടുക്കുന്നു

രമൺ ശ്രീവാസ്തവയുമായുള്ള അടുപ്പത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരെ എ ഗ്രൂപ്പ് ശക്തമായ സമ്മർദ്ദം ചെലുത്തിത്തുടങ്ങി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ഈ സമ്മർദ്ദഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്ന് പിൽക്കാലത്ത് ആരോപണമുയർന്നു. മുഖ്യമന്ത്രി രാജിവെച്ചൊഴിയേണ്ടതുണ്ടെന്ന് ഉമ്മൻചാണ്ടി പരസ്യമായി പ്രഖ്യാപിച്ചു. അക്കാലത്ത് ദേശീയ രാഷ്ട്രീയത്തിലെ ‘ലീഡര്‍’ ആയിരുന്ന കരുണാകരനെതിരെ ഇതിനിടെ കരുക്കൾ നീങ്ങുന്നുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെ നീക്കാൻ ഒരു ലോബി പ്രവർത്തിച്ചു വന്നു. ബാബറി മസ്ജിദിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ നരസിംഹറാവുവിനെ സ്ഥാനത്തു നിന്നും ഇറക്കാനായിരുന്നു നീക്കം. ഇതിന്റെ പിന്നണിയിൽ ഗാന്ധി കുടുംബത്തിന്റെ ആരാധകനായ കരുണാകരനും പ്രവർത്തിച്ചിരുന്നുവെന്ന് സംശയിക്കപ്പെട്ടിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്ന തരം റിപ്പോർട്ടുകളും പുറത്തു വരികയുണ്ടായി. ന്യൂപക്ഷത്തെ വെറുപ്പിച്ച നരസിംഹറാവുവിനെ നീക്കി മറ്റുചിലരെ പ്രധാനമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെക്കുറിച്ചുള്ള വാർത്തകളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിലൊന്നിൽ കരുണാകരനുമുണ്ടായിരുന്നു. ഈ അവസരത്തെ മുതലാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ഇടതുപക്ഷവും അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഗവണ്‍മെന്റിനെ അടിക്കാന്‍ കിട്ടിയ ഉഗ്രന്‍ വടിയായിട്ടാണ് അവര്‍ ഈ കേസിനെ കണ്ടത്.

എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതിനെ കേരളത്തിലെ എ ഗ്രൂപ്പുകാർ മുതലെടുക്കാൻ തന്നെ തീരുമാനിച്ചു. അതിശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ കെ കരുണാകരൻ ചാരക്കേസില്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എകെ ആന്റണിയും ഉമ്മൻചാണ്ടിയും തന്നെ ചതിച്ചുവെന്ന് കരുണാകരൻ ഗാന്ധി മൈതാനത്തെ പൊതുസമ്മേളനത്തിൽ തുറന്നു പറഞ്ഞു.

തുടർന്ന് അധികാരത്തിലെത്തിയ എ.കെ ആന്റണി കേസന്വേഷണം സിബിഐക്ക് വിട്ടു. 1994 ഡിസംബർ മൂന്നിനായിരുന്നു ഇത്. സിബി മാത്യൂസ് തന്നെയാണ് കേസ് സിബിഐക്ക് വിടാൻ ശുപാർശ ചെയ്തത്. ചാരക്കേസ് വ്യാജമാണെന്ന് കണ്ടെത്തി സിബിഐ റിപ്പോർട്ട് സമർപ്പിച്ചു; 1996-ൽ. എന്നാല്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയാണ് നായനാര്‍ സര്‍ക്കാര്‍ ചെയ്തത്.  സിബിഐയുടെ കണ്ടെത്തൽ തെറ്റാണെന്നുള്ള ഉദ്യോഗസ്ഥരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയായിരുന്നു നായനാർ സർക്കാരിന്റെ ഈ നടപടി. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. ഈ നീക്കത്തിനെതിരെ നമ്പി നാരായണൻ കോടതിയിൽ പോയെങ്കിലും ഹരജി തള്ളി. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്താനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഈ വിധിക്കെതിരെ നമ്പി നാരായണൻ സുപ്രീംകോടതിയിലെത്തി.

സിബി മാത്യൂസിനെതിരെ രഹസ്യ റിപ്പോർട്ട്

സിബിഐ തങ്ങളുടെ അന്വേഷണം പൂർത്തിയാക്കി കേസ് വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ കൂട്ടത്തിൽ സിബി മാത്യൂസിനെക്കുറിച്ച് ഒരു രഹസ്യ റിപ്പോർട്ടും സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. കെകെ ജോഷ്വ, വിജയൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. ഇവർ കേസന്വേഷണത്തിൽ വരുത്തിയ നിരുത്തവാദിത്തവും റിപ്പോർട്ട് വിശദമായി പരാമർശിച്ചിരുന്നു. മറിയം റഷീദ, തങ്ങളുടെ വിസ കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് സമീപിച്ച ഉദ്യോഗസ്ഥരിലൊരാളായിരുന്നു വിജയനെന്ന് ആരോപണമുണ്ട്. ഇദ്ദേഹത്തിന് ഏറെ അടുപ്പമുള്ളയാളായിരുന്നു സിബി മാത്യൂസ് എന്നും ആരോപണമുയർന്നിരുന്നു. 1998-ൽ ഈ രഹസ്യ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും അന്നത്തെ നായനാർ സർക്കാർ നടപടിയൊന്നും എടുക്കുകയുണ്ടായില്ല.

Also Read: ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

1998ൽ, സംസ്ഥാന സർക്കാർ തനിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് ചോദ്യം ചെയ്ത് നമ്പി നാരായണൻ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതിയുടെ വിധി വന്നു. നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്താണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നടപടിയെടുത്തതെന്ന അതിരൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. കോടതിച്ചെലവടക്കം സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ പിഴയടയ്ക്കാൻ കോടതി വിധിച്ചു.

ഇതെത്തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നമ്പി നാരായണൻ നൽകിയ അപേക്ഷയിലും വിധി വന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു വിധി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വരുന്നതിനെ അതിശക്തമായി എതിർത്ത് ഉമ്മൻ ചാണ്ടി രംഗത്തുണ്ടായിരുന്നു. 2010-ൽ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കവെ കോടതിയിൽ ഈ നിലപാടെടുത്തു. പക്ഷെ, സിബിഐയുടെ രഹസ്യ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു, 2011ൽ. ഇതിലുള്ള സർക്കാരിന്റെ തീർപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നായിരുന്നു. കോടതിയും കേസ് വിട്ടു. ‘കാലപ്പഴക്കമുള്ള കേസ്’ എന്ന ന്യായമായിരുന്നു കോടതിയുടേത്. ഈ ന്യായത്തിനെതിരെ നമ്പി നാരായണൻ വീണ്ടും കോടതിയെ സമീപിച്ചു. സർക്കാർ നടപടി എടുക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വന്നു. ഇത് ചെയ്തില്ലെങ്കിൽ നിയമവാഴ്ച നടക്കുന്നില്ലെന്ന് ജനം കരുതുമെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നമ്പി നാരായണന് നൽകാൻ ആവശ്യപ്പെട്ട പത്തു ലക്ഷം രൂപ നൽകാതെ സർക്കാർ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. ഈ ഹര്‍ജി തള്ളി. 2012-ലായിരുന്നു ഇത്. 2013ൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ നടപടി നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി.

സിബിഐ രഹസ്യ റിപ്പോർട്ടിൽ നടപടി വേണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സിബി മാത്യൂസ് ഹൈക്കോടതിയിൽ പോയി. ഡിവിഷൻ ബഞ്ചിന്റെ വിധി സിബി മാത്യൂസിന് അനുകൂലമായിരുന്നു. ഈ വിധിക്കെതിരെ 2015-ൽ നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചു. 2018 ജനുവരിയിൽ നമ്പി നാരായണന്റെ ഹരജിയിൽ തീരുമാനം കോടതിക്കെടുക്കാമെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. ഒടുവിൽ, 2018 സെപ്തംബർ 14-ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ് എത്തി.

Also Read: ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

ചാരക്കേസും കേരളത്തിലെ മാധ്യമങ്ങളും

ചാരക്കേസിൽ മാധ്യമങ്ങൾ ഇടപെട്ടതിനെക്കുറിച്ച് ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. വലിയ പഠനങ്ങൾക്ക് സാധ്യതയുള്ള ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. പ്രൊഫഷണലിസം മുഖമുദ്രയാണെന്ന് അഹങ്കരിക്കുന്ന മാധ്യമങ്ങൾ പോലും എത്ര അൺപ്രൊഫഷണലായാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നതിന് സുവ്യക്തമായ തെളിവുകൾ ലഭ്യമാണ്. പത്രമാധ്യമങ്ങളുടെ അപ്രമാദിത്വം നിലനിന്നിരുന്ന ഒരു കാലത്ത് എതിർചോദ്യങ്ങളില്ലാത്ത മാടമ്പിമാരായിരുന്നു മാധ്യമപ്രവർത്തകർ. മലയാള മാധ്യമപ്രവർത്തനം ഒരു ഫ്യൂഡൽ കാലം പിന്നിടുന്നതിന്റെ അവസാന ആളിക്കത്തൽ കൂടിയായിരുന്നു ചാരക്കേസ്.

ചാരക്കേസ് ഇന്നും മാധ്യമവിദ്യാർത്ഥികൾക്ക് ഒരു പഠന വിഷയമല്ല. മാധ്യമങ്ങൾ ഈ കേസ് കൈകാര്യം ചെയ്ത രീതി മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളൊന്നും പാലിക്കാത്ത രീതിയിലായിരുന്നെന്ന് ശക്തമായ ആരോപണങ്ങളുണ്ട്. വെറും മസാലക്കഥകളെഴുതുന്നവരായി മാധ്യമപ്രവർത്തകർ പരിണമിച്ചു. ഇവരെല്ലാം ഇന്നും മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാരയിലുണ്ട് എന്നതും ഇതൊരു പഠനവിഷയമാകുന്നതിന് തടസ്സമായി നിലനിൽക്കുന്നു. ഈയിടെ മറ്റൊരു അപവാദക്കേസിൽ അറസ്റ്റിലായി ജയിലിൽക്കിടന്ന മാധ്യമപ്രവർത്തകനും ചാരക്കേസിനെ നിറംപിടിപ്പിച്ച മസാലക്കഥകളിലൂടെ ലോകത്തിനു മുന്നിൽ തെറ്റായി അവതരിപ്പിച്ചവരിൽപ്പെടുന്നു.

Also Read: ഇഎംഎസ് മന്ത്രിസഭയുടെ പുറത്താക്കല്‍; തെളിവുകളുമായി സിഐഎ രേഖകള്‍

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

കെട്ടുകഥകളുടെ തടവറക്കാലങ്ങൾക്ക് ആരാണ് മറുപടി പറയേണ്ടത്?

ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

Share on

മറ്റുവാർത്തകൾ