UPDATES

Explainer: ഇസ്രായേൽ വീണ്ടും ബഞ്ചമിൻ നെതന്യാഹുവിന്റേതാകുമ്പോൾ

എക്സ്പ്ലെയിനര്‍

തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

സ്വന്തം പാർട്ടിപ്രവർത്തകർ ‘മോശ’ എന്ന് വിശേഷിപ്പിച്ച ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ച് ഇസ്രായേലിൽ പ്രചരിക്കുന്ന ഒരു ചൊല്ലുണ്ട്. ‘നിങ്ങൾ അയാളെ എത്ര തടയാൻ ശ്രമിക്കുന്നുവോ, അയാൾ അത്രയും ശക്തനായികൊണ്ടിരിക്കും.’ ഈ കരുത്തൻ നേതാവ് തന്നെ തുടർച്ചയായി നാലാം വട്ടം ഇസ്രയേലിന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുമ്പോൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പലസ്തീനുമായും സിറിയയുമായും ഇറാനുമായുള്ള ഇസ്രയേലിന്റെ ബന്ധങ്ങളിൽ തുടർന്ന് എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. 2009 മുതൽ തുടർച്ചയായി ഇസ്രയേലിനെ നയിച്ച് കൊണ്ടിരുന്ന നെതന്യാഹു ഇതോടെ അഞ്ചാമതും പ്രധാനമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിനെ ഏറ്റവും കൂടുതൽ കാലം നയിച്ച നേതാവ് എന്ന ബഹുമതി കൂടി സ്വന്തമാക്കാനിരിക്കുന്ന നെതന്യാഹുവിന്റെ ഭരണത്തുടർച്ച എന്തൊക്കെയാണ് സൂചിപ്പിക്കുന്നത്?

തിരഞ്ഞെടുപ്പ് ഫലം?

ഇസ്രായേൽ പൊതു തിരഞ്ഞെടുപ്പിന്റെ 97 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ലിക്കുഡ് പാർട്ടിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും സമനിലയിലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇരുപാർട്ടികൾക്കും 35 സീറ്റുകൾ വീതമാണ് ലഭിച്ചത്. വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചടക്കിയാണ് നെതന്യാഹു തന്റെ കസേര ഉറപ്പിച്ചത്. തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

ആരായിരുന്നു നെതന്യാഹുവിന്റെ മുഖ്യ എതിരാളി?

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും മുൻ മിലിട്ടറി ചീഫ് ബെന്നി ഗ്രന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. ഇസ്രായേൽ കൊടിയുടെ നീലയും വെള്ളയും നിറങ്ങൾ സൂചിപ്പിച്ചുകൊണ്ട്  ഇസ്രയേലിനെ ആകെ ഒരുമിപ്പിക്കുമെന്ന് പ്രചാരണം നടത്തിക്കൊണ്ടാണ് ഗ്രാന്റ്സ് ഇസ്രായേൽ രാഷ്ട്രീയ ഭൂമികയിലേക്ക് പ്രവേശിക്കുന്നത്. നെതന്യാഹുവിന്റെ എതിർക്കുകയും തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്യണമെന്നത് മാത്രമായിരുന്നു ഗ്രാൻസിന്റെ ലക്‌ഷ്യം. നിരവധി സർവേകൾ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി ഈ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഗാസയിലെ രണ്ട് ഏറ്റുമുട്ടലുകളിൽ സൈന്യത്തെ നയിച്ചിരുന്ന ഗ്രാന്റ്സ് നെതന്യാഹുവിനുമേൽ ചെലുത്തിയ സമ്മർദ്ദം നിസ്സാരമായിരുന്നില്ല.

എന്തൊക്കെയാണ് നെതന്യാഹുവിന് ഗുണം ചെയ്തത്? രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായിരുന്നോ?

നിരവധി അഴിമതി ആരോപണങ്ങൾ നെതന്യാഹുവിന് മേൽ രാജ്യത്തിന്റെ അറ്റോർണി ജനറൽ തന്നെ ആരോപിച്ച കാലഘട്ടത്തിലാണ് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ആരോപണങ്ങളെയെല്ലാം നെതന്യാഹു തനിക്ക് അനുകൂലമാക്കി മാറ്റിത്തീർത്തു എന്നതാണ് തിരഞ്ഞെടുപ്പിൽ വളരെ നിർണായകമായത്. നിഷ്കളങ്കനായ തനിക്കെതിരെ ചില ഇടതുപക്ഷ പാർട്ടികൾ മനഃപൂർവം പല ആരോപണവും കെട്ടിച്ചമയ്ക്കുന്നു, അവർ ദുർമന്ത്രവാദവേട്ട നടത്തുന്നുവെന്നൊക്കെയായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായും നെതന്യാഹു നല്ല ബന്ധമാണ് പുലർത്തിയിരുന്നതെന്നത് ആഗോള ശ്രദ്ധ നേടിയിട്ടുള്ള കാര്യമാണ്. ട്രംപിന്റെ പല വിവാദ പരാമർശങ്ങളെയും നെതന്യാഹു പിന്താങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ ഭീകര സംഘം എന്ന് വിളിച്ചതിനെ നെതന്യാഹു പിന്തുണച്ചിരുന്നു. നെതന്യാഹുവും പുടിനുമായുള്ള നല്ല ബന്ധം ഇസ്രായേൽ സൈന്യത്തെ ശക്തിപെടുത്തിയെന്ന് നെതന്യാഹുവിന്റെ എതിരാളികൾ പോലും അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചില ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ താൻ വീണ്ടും അധികാരത്തിലെത്തിയാൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസ കേന്ദ്രങ്ങൾ പിടിച്ചടക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതും ദേശീയവാദികൾക്കിടയിൽ ഇദ്ദേഹത്തിന്റെ മതിപ്പ് വർധിപ്പിച്ചിട്ടുണ്ട്.

ഇനി എന്തൊക്കെയാണ് ഇസ്രായേലിൽ നടക്കുക?

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിലാണ് ഇപ്പോൾ ലോകത്തിനു ആശങ്ക. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട ഫലങ്ങൾ പുറത്തു വന്നതിനു ശേഷം തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

Share on

മറ്റുവാർത്തകൾ