UPDATES

Explainer: ഒരു ലക്ഷത്തോളം പേരുടെ ജീവിതം തുലച്ച ജോൺസൺ ആൻഡ് ജോൺസന്റെ ഇടുപ്പെല്ല് തട്ടിപ്പ്; അറിയേണ്ടതെല്ലാം

ഹെല്‍ത്ത് / വെല്‍നെസ്സ്

രക്തത്തിൽ അമിതമായ ദ്രവ്യങ്ങളുടെ സാന്നിധ്യമാണ് പലർക്കുമുണ്ടായ രോഗാവസ്ഥ. എല്ലുകൾക്ക് കേട് സംഭവിക്കുന്നതായിരുന്നു മറ്റൊരു പ്രശ്നം.

ജോൺസൺ ആൻഡ് ജോൺസൻ പുറത്തിറക്കിയ ഉപകരണം സ്ഥാപിച്ച് ഇടുപ്പെല്ല് സംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചതായിരുന്നു 52കാരിയായ ജ്യോതി ശർമ. ഇടുപ്പെല്ല് തകരാർ ശരിയായില്ലെന്നതു പോകട്ടെ, ശരീരത്തെ മൊത്തം വിഷമയമാക്കിത്തീർത്തു ഗുണനിലവാരമില്ലാത്ത ഈ ഉപകരണത്തിൽ ഉപയോഗിച്ചിരുന്ന ദ്രവ്യങ്ങൾ. ശാരീരികാരോഗ്യം അമ്പെ തകർന്ന ജ്യോതി ദേശീയ ഉപഭോക്ത‍ൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച് നഷ്ടപരിഹാരം വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. 2 കോടിയുടെ കേസാണ് ഫയൽ ചെയ്തത്. ഈ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ ഉന്നയിച്ച വാദം വിചിത്രമായിരുന്നു. സമാനമായ കേസുകളിൽ ജോൺസണെതിരെ യുഎസ് കോടതിയിൽ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ച് വിധി വന്നിരുന്നു. 2.5 ബില്യൺ ഡോളർ അമേരിക്കയിലെ പരാതിക്കാർക്ക് നൽകണമെന്നായിരുന്നു വിധി. 2013ലെ ഈ വിധി അറിഞ്ഞ ജ്യോതി കമ്പനിയിൽ നിന്നും പണം പിടുങ്ങാനുള്ള ലാക്കോടെയാണ് 2016ൽ പരാതിയുമായി എത്തിയതെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വാദം. ഇടുപ്പെല്ലിന് പ്രശ്നമുണ്ടായിരുന്നെങ്കിലും നിവർന്നു നടന്നിരുന്ന ജ്യോതി ഇപ്പോൾ വീൽച്ചെയറിലാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിൽ ആയിരക്കണക്കിനാളുകളാണ് ജോൺസൺ ആൻഡ് ജോൺസന്റെ ചതിയിൽ പെട്ടുപോയത്.

ആരാണ് ജോൺസൺ ആൻഡ് ജോൺസൺ?

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ. വൈദ്യചികിത്സാ ഉപകരണ നിർമാണത്തിലും, മരുന്നു നിർമാണത്തിലും ഭക്ഷ്യോൽപ്പന്നങ്ങളിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കമ്പനി സ്ഥാപിക്കപ്പെട്ടിട്ട് 132 കൊല്ലങ്ങൾ പിന്നിട്ടു. ഉൽപന്നങ്ങൾ തിരിച്ചു വിളിക്കുന്നതും നിരോധിക്കപ്പെടുന്നതുമൊന്നും ജോൺസൺ കമ്പനിക്ക് പുതിയ കാര്യമല്ല. നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ ഈയടുത്തകാലത്ത് പിൻവലിക്കപ്പെട്ടിരുന്നു. നിരവധി പേർക്ക് ഒവേറിയൻ കാൻസർ പിടിപെടാൻ ഈ പൗഡറിലെ രാസവസ്തുക്കൾ കാരണമായെന്ന് തെളിയിക്കപ്പെടുകയുണ്ടായി. 2018 ജൂലൈ മാസത്തിൽ കമ്പനിക്ക് 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം അടയ്ക്കേണ്ടി വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൗഡറിലെ ചില രാസവസ്തുക്കൾ നീക്കം ചെയ്ത് വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു ജോൺസൺ കമ്പനി.

അംഗീകാരമില്ലാത്ത സൈക്യാട്രിക് മരുന്നുകള്‍ വിപണിയിലെത്തിക്കുകയും ഇവ വിറ്റഴിക്കാനായി ഡോക്ടർമാർക്ക് കൈക്കൂലി നൽകുകയും ചെയ്യുകയുണ്ടായി ജോൺസൺ കമ്പനി. ഈ കേസിലും 2.2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്നു. ക്ഷമാപണവും നടത്തി. നിയമപരമല്ലാത്ത മാർഗങ്ങളുപയോഗിച്ച് തങ്ങളുടെ ചില മരുന്നുകളുടെ വില കൂട്ടാൻ കമ്പനി ശ്രമിച്ചതും കോടതിയുടെ വിമർ‌ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം നിരവധി ആരോപണങ്ങളാണ് ജോൺസൺ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സംഭവത്തിൽ കുടുങ്ങിയവരിൽ ധാരാളം പേർ ഇന്ത്യാക്കാരാണ്.

എന്താണ് ഇടുപ്പെല്ല് തട്ടിപ്പ്?

2010ലാണ് ജോൺസൺ ആൻഡ് ജോൺസൺ തങ്ങളുടെ കൃത്രിമ ഇടുപ്പെല്ല് ഉപകരണങ്ങൾ തിരിച്ചുവിളിക്കുന്നത്. DePuy (Deputy International Limited) എന്ന ഉപ ബ്രാൻഡിലൂടെയാണ് ജോണ്‍സൺ കമ്പനി ഈ ഉൽപന്നം പുറത്തിറക്കിയിരുന്നത്. യുകെ ആസ്ഥാനമാക്കിയാണ് ഈ ഉപബ്രാൻഡ് പ്രവർത്തിക്കുന്നത്. ഈ ഉപകരണത്തിലെ ദ്രവ്യഭാഗങ്ങൾ ദ്രവിക്കുകയും അത് ശരീരത്തിന്റെ ആന്തരഭാഗങ്ങളിലേക്ക് ഒലിച്ചിറങ്ങി ശരീരത്തെ വിഷലിപ്തമാക്കുകയും ചെയ്തു. ഉപകരണം ഘടിപ്പിച്ച സന്ധികളിലെ മൃദുല കോശങ്ങളെല്ലാം നശിച്ചു. ചില രോഗികൾക്ക് ഇത് ദീർഘകാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കി. ഉപകരണത്തിന്റെ ദ്രവ്യഭാഗങ്ങളിൽ നിന്നും പുറത്തുവന്ന കോബാൾട്ട്, ക്രോമിയം എന്നിവ രക്തത്തിലേക്കും സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിലേക്കും കലര്‍ന്നു.

2005ലാണ് ഈ ഉൽപന്നം യുഎസ്സിൽ ആദ്യമായി ലഭ്യമായിത്തുടങ്ങിയത്. ഇന്ത്യയിൽ പരാതി ഉന്നയിച്ച പലരും 2006ൽ ജോൺസന്റെ ഡിപൈ കൃത്രിമ ഇടുപ്പെല്ല് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയവരാണ്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പ്രത്യേക ക്ലിയറൻസ് നൽകിയാണ് ഈ ഉപകരണത്തെ വിപണിയിലെത്താൻ സഹായിച്ചത്. ഉപകരണം പ്രാഥമിക ക്ലിനിക്കൽ പരീക്ഷണങ്ങൾ പോലും പൂർത്തിയാക്കിയിരുന്നില്ല. 2008 മുതൽ എഫ്ഡിഐക്ക് പരാതികൾ കിട്ടിത്തുടങ്ങി. ഈ ഉപകരണം ഉപയോഗിച്ച രോഗികളിൽ 13 ശതമാനത്തോളം പേർക്ക് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി എഫ്ഡിഐയുടെ കണക്കുകൾ പറയുന്നു. എട്ട് രോഗികളിൽ ഒരാൾക്ക് എന്ന തോതിൽ ഉപകരണം പരാജയപ്പെട്ടു. അത്യന്തം അസാധാരണമായ സാഹചര്യമായിരുന്നു ഇത്. 2010ൽ ഡിപൈ തങ്ങളുടെ ഉപകരണം സ്വയം പിൻവലിച്ചു. പരാതികൾ കൂമ്പാരം കൂടിയിട്ടും പെട്ടെന്നൊന്നും പിൻവലിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായില്ല.

എങ്ങനെയാണ് ഇടുപ്പെല്ല് മാറ്റ ശസ്ത്രക്രിയ നടക്കുന്നത്

ഇടുപ്പിലെ സന്ധിയിൽ തുടയെല്ലിന്റെ അറ്റത്ത് ഘടിപ്പിക്കുന്ന ഗോളാകൃതിയിലുള്ള ഒരു ഭാഗവും അതിനെ ഉറപ്പിച്ചു നിറുത്തുന്ന ഒരു ചുഴിയും ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ ചുഴിയിൽ ഗോളാകൃതിയിലുള്ള ഭാഗത്തെ സംഗമമായി ചലിക്കുന്നതിന് അനുവദിക്കുന്ന മൃദുലമായ ഒരു ഭാഗം ഉണ്ടായിരിക്കും. ഇത് പ്ലാസ്റ്റിക് കൊണ്ടോ മറ്റ് മൃദുല പദാർത്ഥങ്ങൾ കൊണ്ടോ നിർമിക്കുന്നു. ഇതിനിടയിൽ ല്യൂബ്രിക്കന്റിന്റെ ഒരു പാടയും സ്ഥാപിക്കുന്നു. ഇത് ഉപകരണത്തിന്റെ ദ്രവ്യഭാഗങ്ങളെ തേയ്മാനത്തിൽ നിന്ന് രക്ഷിക്കുന്നു. സെറാമിക്സ് കൊണ്ടോ ഏതെങ്കിലും ദ്രവ്യങ്ങൾ കൊണ്ടോ ഇവയെല്ലാം നിർമിച്ചെടുക്കാം. ബലമുള്ള പ്ലാസ്റ്റിക് കൊണ്ടുമാകാം നിർമാണം.

ജോണ്‍സൺ ഡിപൈയുടെ ഉപകരണത്തിലെ നിർമാണ പാളിച്ച എന്താണ്?

കൃത്രിമ ഇടുപ്പെല്ലിനു വേണ്ടി ജോൺസൺ ഡിപൈ ഉപയോഗിച്ച ദ്രവ്യങ്ങൾ കോബാൾട്ട്, ക്രോമിയം, മോളിബ്ഡെനം എന്നിവയാണ്. ഈ ദ്രവ്യങ്ങള്‍ ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് ഗുണകരമാണോയെന്ന് പരീക്ഷണത്തിലൂടെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ ഉപകരണത്തിന്റെ ഗോളാകൃതിയിലുള്ള ഭാഗം അതിന്റെ ചുഴിയിൽ കറങ്ങുന്ന ഘട്ടത്തിൽ ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നു. ഈ തേയലിൽ പുറത്തുവരുന്ന ദ്രവ്യം ശരീരത്തിൽ വിഷമായി പടരുന്നു.

ഡിപൈ ജോൺസൺ ഇടുപ്പെല്ല് മൂലമുണ്ടായ രോഗാവസ്ഥകൾ

രക്തത്തിൽ അമിതമായ ദ്രവ്യങ്ങളുടെ സാന്നിധ്യമാണ് പലർക്കുമുണ്ടായ രോഗാവസ്ഥ. എല്ലുകൾക്ക് കേട് സംഭവിക്കുന്നതായിരുന്നു മറ്റൊരു പ്രശ്നം. കോശങ്ങൾക്ക് അകാലനാശം വരുന്നതും കോശങ്ങൾ നശിക്കുന്നതും ശരീരത്തിൽ നീരെടുക്കുന്നതും നാഡികൾക്ക് തകരാർ സംഭവിക്കുന്നതുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇന്ത്യയിലെ രോഗബാധ

ആഗോളതലത്തിൽ 93,000 പേരാണ് ജോൺസൺ കമ്പനിയുടെ ഇടുപ്പെല്ല് സ്ഥാപിച്ച് രോഗികളായത്. ഇതിൽ 4700 പേർ ഇന്ത്യാക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎസ്സിൽ മാത്രം എട്ടായിരത്തോളം പേർ രോഗബാധിതരായി. ഇവർക്കാണ് 2.5 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. 2005ല്‍ യുഎസ്സിൽ ലഭ്യമായിത്തുടങ്ങിയ ഉപകരണം ഇന്ത്യയിൽ തൊട്ടടുത്ത വർഷം, 2006ൽ ലഭ്യമായിത്തുടങ്ങി.

കേന്ദ്ര ഔഷധ ഗുണനിലവാര നിയന്ത്രണ അധികൃതരുടെ ഇടപെടൽ

ഇന്ത്യയിൽ ജോൺസൺ കമ്പനിയുടെ കൃത്രിമ ഇടുപ്പെല്ലുകൾ ഉപയോഗിച്ച് രോഗബാധിതരായവരുടെ പരാതികൾ കൂടി വന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇടപെടാൻ നിർബന്ധിതരായി. 2017ൽ ഒരു വിദഗ്ധസമിതിയെ വിഷയം പഠിക്കാൻ മന്ത്രാലയം നിയോഗിച്ചു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ ഇഎൻടി പ്രൊഫസറും ഡീനുമായിരുന്ന അരുൺകുമാർ അഗർവാളായിരുന്നു ഈ സമിതിയുടെ തലവൻ.

ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേന്ദ്ര ഡ്രഗ് സ്റ്റാൻഡേഡ് കണ്‍ട്രോൾ ഓർഗനൈസേഷൻ ഒരു കമ്മറ്റി സ്ഥാപിച്ച് പരാതികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കമ്മറ്റി ഓരോ സംസ്ഥാനത്തു നിന്നും പരാതികൾ സ്വീകരിക്കണമെന്നായിരുന്നു നിർദ്ദേശം. ഇന്ത്യയില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ജോൺസൺ കമ്പനിയുടെ ഉപകരണങ്ങൾ വാങ്ങി ഉപയോഗിച്ചവരെ പൂർണമായും കണ്ടെത്താനാകുന്നില്ല എന്നതാണ്. രോഗികളായവരെ കണ്ടെത്താൻ ഔഷധ ഗുണനിലവാര നിയന്ത്രണ അധികൃതർ പത്രങ്ങളിൽ പരസ്യം നൽകാൻ വരെ തീരുമാനിക്കുകയുണ്ടായി. ലഭ്യമായ വിവരങ്ങൾ പ്രകാരം 4700 രോഗികളുണ്ട് രാജ്യത്താകെ. ഇവരിൽ 1032 പേരെ മാത്രമേ അധികൃതർക്ക് കണ്ടെത്താനായിട്ടുള്ളൂ. നാലുപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മറ്റുള്ളവർ പൂര്‍ണമായും കിടപ്പിലായിരിക്കാമെന്നാണ് ഊഹിക്കപ്പെടുന്നത്. കമ്പനി ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടില്ല. കമ്പനി പറയുന്നത് തങ്ങളുടെ പക്കൽ നിന്നും വലിയ വില നൽകി ഉൽപന്നങ്ങൾ വാങ്ങിയവരെ കണ്ടെത്താനായിട്ടില്ല എന്നാണ്. ഇത് ഇന്ത്യ അധികൃതർ അതേപടി സ്വീകരിച്ച മട്ടാണ് കാര്യങ്ങൾ. കമ്പനിയിൽ നിന്നും വിവരങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയതായി അറിവില്ല. മാധ്യമങ്ങളിൽ പരസ്യം നൽകാനുള്ള തീരുമാനം വന്നിരുന്നു എന്നതിൽ നിന്നും തന്നെ അധികൃതരുടെ സമീപനത്തിന്റെ സ്വഭാവം ഊഹിക്കാം. നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന ഭീതിയുള്ള കമ്പനി ഉത്സാഹം കാണിക്കാതിരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്തിനാണ് ഇത്തരമൊരു നിലപാടെടുക്കുന്നത്.

നഷ്ടപരിഹാരം

2010ൽ അമേരിക്കയിൽ ജോൺസൺ കമ്പനിയുടെ ഉൽപന്നം പിൻവലിക്കപ്പെട്ടതിനു മൂന്നു വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ ജാഗ്രതാ നിർദ്ദേശം കൊടുക്കുന്നത്. വളരെ പതുക്കെയാണ് കാര്യങ്ങൾ നീങ്ങുന്നത്. 2017ൽ മാത്രമാണ് ആരോഗ്യമന്ത്രാലയം വിദഗ്ധസമിതിയെ വെച്ചത്. ഇക്കാര്യം ജോൺസൺ ആൻഡ് ജോൺസൺ കോടതിയിൽ തങ്ങളുടെ പ്രധാന വാദമുഖമായി ഉന്നയിക്കുന്നുണ്ട്. അമേരിക്കയിൽ വൻ നഷ്ടപരിഹാരം ലഭിച്ചത് കണ്ടപ്പോൾ മുതലെടുക്കാൻ ഇന്ത്യാക്കാർ ശ്രമിക്കുകയാണെന്ന വാദം ജോൺസൺ ഉന്നയിച്ചു കഴിഞ്ഞു. 20 ലക്ഷം രൂപ വീതമാണ് ഇരകൾക്ക് ജോൺസൺ നൽകേണ്ടത്. രോഗികളെയും രോഗത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെയും കുറിച്ച് വിദഗ്ധസമിതി ഇനിയും പഠിക്കേണ്ടതുണ്ട്. ഇവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

Share on

മറ്റുവാർത്തകൾ