UPDATES

Explainer: കെവിൻ വധക്കേസ്: നടന്നത് അരും കൊല, പിന്നില്‍ ജാതി ദുരഭിമാനം, ഒടുവില്‍ പ്രതികള്‍ അഴിക്കൂട്ടിലേക്ക്

ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശിയെന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ സംഭവമെന്ന പ്രത്യേകതയും കേസിനുണ്ട്.

കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നും ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും മാത്രമുള്ള ഒന്നാണെന്ന് വിശ്വസിച്ചിരുന്ന ദുരഭിമാനകൊല മലയാളി സമൂഹത്തിലും നടക്കുമെന്ന് ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ വധം. കെവിന്‍-നീനു പ്രണയ വിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ക്കുള്ള ജാതീയമായ എതിര്‍പ്പാണ് അരുംകൊലയില്‍ കലാശിച്ചത്.

എന്നാൽ, സംഭവം നടന്ന് ഒരു വർഷവും ഒരുമാസവും പിന്നിടുമ്പോൾ കേസിലെ പ്രതികളായ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നു. അതിവേഗത്തിൽ നടന്ന കേസന്വേഷണവും വിചരണയുമാണ് കേസിൽ വേഗത്തില്‍ വിധി വരാൻ ഇടയാക്കിയത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

ദളിത്‌ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പാണ് തട്ടിക്കൊണ്ട് പോകലിലും കൊലപാതകത്തിലും കലാശിച്ചത്. 2018 മെയ്27 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുണ്ടായരുന്നത്. ഇതിൽ അച്ഛൻ ചാക്കോയുള്‍പ്പെടെ നാല് പേരെ കോടതി വെറുതെ വിടുകയും 10 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനേയും കെവിന്റെ ബന്ധുവായ അനീഷിനേയും നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോവുകയും കൊലപ്പെടുത്തുകയുമായിരുന്നന്നാണ് കേസ്.

തട്ടിക്കൊണ്ട് പോയി ഒരു ദിവസത്തിന് ശേഷം തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തെന്മലക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കെവിന്‍ രക്ഷപെട്ടു എന്നായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കെവിന്‍ രക്ഷപെട്ട സ്ഥലത്തിന് സമീപത്തായി ചാലിയേക്കര പുഴയുണ്ടെന്ന കാര്യം അക്രമിസംഘത്തിന് അറിയാമായിരുന്നു. കെവിനെ അക്രമി സംഘം അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അക്രമിസംഘം പിന്തുടര്‍ന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷാനുവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോവലും അക്രമവുമെങ്കിലും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്‍രെ അച്ഛന്‍ ചാക്കോയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ആരെല്ലാമാണ് പ്രതികൾ?

നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ഷാനു ചാക്കോ (27), ബന്ധുവും രണ്ടാംപ്രതിയുമായ പുനലൂര്‍ ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന്‍ (ചിന്നു 24), മൂന്നാംപ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാന്‍ ഇസ്മയില്‍ (21), നാലാംപ്രതി ഇടമണ്‍ റിയാസ് മന്‍സില്‍ റിയാസ് (27), ആറാംപ്രതി തെങ്ങുംതറ പുത്തന്‍വീട്ടില്‍ അശോക ഭവനില്‍ മനു മുരളീധരന്‍ (27), ഏഴാംപ്രതി പുനലൂര്‍ മരുതമണ്‍ ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന്‍ സജാദ് (28), എട്ടാംപ്രതി പുനലൂര്‍ ചാലക്കോട് റേഡിയോപാര്‍ക്ക് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒമ്പതാം പ്രതി പത്തനാപുരം വിളക്കുടി കടശ്ശേരി ടിറ്റുഭവന്‍ ടിറ്റു ജെറോം (25), 11ാം പ്രതി മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സില്‍ ഫസല്‍ ഷരീഫ് (അപ്പൂസ്26), 12ാംപ്രതി വാളക്കോട് ഗ്രേസിങ് ബ്ലോക്ക് ഈട്ടിവിള ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ജഡ്ജി എസ്. ജയചന്ദ്രന്‍ ശിക്ഷ വിധിച്ചത്.

നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെ നാലുപേരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്.

എന്തെല്ലാമായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ

നരഹത്യ, തട്ടിക്കൊണ്ട് പോവല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘംചേര്‍ന്നുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

വിചാരണ എത്രകാലം നീണ്ടു?

113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ എന്നിവയാണ് കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണയിൽ പരിഗണിച്ചത്.
ഇതിനിടെ കൂറു മാറിയ ആറ് സാക്ഷികൾ കോടതിയിൽ നേരത്തെ പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയിരുന്നതിനാല്‍ ഇവർക്കെതിരെ നടപടി വേണമെന്നാണു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസിൽ 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിചാരണസമയത്ത് സാക്ഷിയെ മർദിച്ചെന്ന ആരോപണത്തിൽ കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.

എന്തായിരുന്നു പൊലീസിന്റെ അവിഹിത ഇടപെടലുകൾ?

കെവിനെ കാണാതായതായി ഭാര്യ നീനു നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ വൈകിപ്പിച്ച സംഭവവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നതിനാല്‍ സഹോദരനും സംഘവും കെവിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയന്ന പരാതിയുമായി നീനു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും. പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി ജില്ലയിലുള്ളതിനാല്‍ സുരക്ഷ ചുമതലയുടെ പേരില്‍ മറ്റ് കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നുമുള്ള നീനുവിന്റെ പരാമര്‍ശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം വൈകിട്ട് 5.00 മണിയോടെയാണ് പൊലീസ് നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നത് അന്വേഷണം ആരംഭിക്കുന്നത് വൈകിട്ട് ആറോടെ.

പോലീസിന്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ട സംഭവത്തിൽ ഗാന്ധിനഗര്‍ എഎസ്‌ഐ എം എസ് ഷിബു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. നീനുവിന്റെ പരാതിയില്‍ നടപടി വൈകിപ്പിച്ച കോട്ടയം ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ് ഐ ഷിബുവിനേയും, എ എസ്.ഐ സണ്ണിയേയും സസ്‌പെന്‍ഡ് ചെയ്തും കോട്ടയം എസ്പി അബ്ദുള്‍ റഫീഖിനെ സ്ഥലം മാറ്റിയുമായിരുന്നു സര്‍ക്കാര്‍ ഈ ആരോപണത്തില്‍നിന്ന് മുഖം രക്ഷിച്ചത്.

ദുരഭിമാനക്കൊല?

വിധി പറയുമ്പോൾ കേസ് ദുരഭിമാനക്കൊലയായി കോടതി കണക്കാക്കുമോ എന്നതായിരുന്നു ഏറെ നിര്‍ണ്ണായകം. ഇക്കാര്യം പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവും. പ്രതികള്‍ക്ക് വധശിക്ഷവരെ ലഭിച്ചേക്കാവുന്ന കേസിൽ പ്രതികളുടെ പ്രായം, മറ്റ്  കേസുകളിൽ മുൻപ് പ്രതികളായിട്ടില്ല തുടങ്ങിയവ പരിഗണിച്ചാണ് വധശിക്ഷ നൽകാതിരുന്നത്. കെവിന്‍കേസ് കോടതി ദുരഭിമാനക്കൊലയായി പരിഗണിച്ചതിനാൽ കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് മാറുകയുമായിരുന്നു.

എന്തായിരുന്നു കമ്മീഷനുകളുടെ ഇടപെടലുകൾ?

കെവിന്റേത് ജാതി കൊലയെന്ന് വ്യക്തമായതോടെ ദേശീയപട്ടിക ജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതെന്തുകൊണ്ടെന്ന് കാട്ടി ഡിജിപിയോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഇഷാന്‍, നിയാസ്, റിയാസ് എന്നിവര്‍ പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന സൂചനകളാണ് പിന്നീട് പുറത്തുവന്നത്. അറസ്റ്റിലായ നിയാസിന്റെ അമ്മയുടെ മൊഴിയാണ് ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. കെവിന്റെ മരണത്തില്‍ 14 പേരെ പ്രതികളാക്കിയതായി പിന്നാലെ പൊലീസ് അറിയിച്ചു.

എന്തായിരുന്നു കുറ്റപത്രം?

2018 ഓഗസ്റ്റ് മാസം 21- ാം തിയതി കെവിന്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍ എന്നും കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രം ചൂണ്ടികാട്ടി. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.

മോചന ദ്രവ്യം ആവശ്യപ്പെടാതെ  തട്ടിക്കൊണ്ടു പോയി കുറ്റതെളിഞ്ഞ ആദ്യ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശിയെന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ സംഭവമെന്ന പ്രത്യേകതയും കേസിനുണ്ട്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഒന്ന് മുതല്‍ നാലു വരെ പ്രതികളായ പ്രതികളായ ഷാനു ചാക്കോ , നിയാസ്, ഇഷാന്‍, റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഐ.പി.സി 120 ബി പ്രകാരം എഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. 2, 4, 6, 9, 11, 12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തെന്നും തെളിഞ്ഞിരുന്നു.

എന്താണ് ശിക്ഷാവിധി?

നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾക്കും ഇരട്ട ജീവപര്യന്ത്യം ശിക്ഷയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 40000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴതുകയിൽ നിന്നും ഒരു ലക്ഷം രൂപ പ്രധാന സാക്ഷി അനീഷിനും, ബാക്കി തുക തുല്യമായി നീനു ചാക്കോയ്ക്കും, കെവിന്റെ പിതാവിനും തുല്യമായി വീതിച്ച് നല്‍കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുവിച്ചാൽ മതിയാവും.

364 എ വകുപ്പ്, 302ാം വകുപ്പുകൾ അനുസരിച്ചാണ് ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ പ്രതികളുടേതായി കോടതിയിലുള്ള മുന്ന് കാറുകൾ വിറ്റ് പണം ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതികരിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ എന്ന ആവശ്യം കോടതി പരിഗണിക്കാതിരുന്നതെന്നാണ് കരുതുന്നതെന്നും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് ഉദ്ദേശിക്കുന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കുന്നു

പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു. കൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്,ഒമ്പത് ,പതിനൊന്ന്,പന്ത്രണ്ട് പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്,ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്.

നീനു ചാക്കോ

കെവിന്റെ മരണത്തോടെ തനിച്ചായ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ സ്വന്തം മകളായി ഏറ്റെടുത്തു. പ്രിയപ്പെട്ടവന്റെ വേര്‍പാടിലും അവന്റെ ആഗ്രഹംപോലെതന്നെ പഠനം തുടരാന്‍ നീനു തീരുമാനിക്കുകയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്നതിനിടയാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നീനു ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

Share on

മറ്റുവാർത്തകൾ