UPDATES

EXPLAINER: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ പുന:പരിശോധിക്കണം എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി, റദ്ദാക്കണം എന്നല്ല

ഫലത്തില്‍, കേസ് പുന:പരിശോധിക്കുന്നത് പുതുതായി പരിഗണിക്കുന്നതിന് സമാനമായിരിക്കും.

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ പുന:പരിശോധിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന്‍ ഹൈക്കോടതി ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. ഇന്ത്യൻ കോൺസുലേറ്റുമായി കൂടിയാലോചിച്ച് ജാദവിന് അദ്ദേഹത്തിന്‍റെ അഭിഭാഷകനെ തീരുമാനിക്കാം. മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവ് റിസർച്ച് രഹസ്യന്വേഷണ സംഘടനയായ റിസര്‍ച്ച് ആൻഡ് അനാലിസിസ് വിംഗിനുവേണ്ടി (റോ) ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്യുന്നത്. വിയന്ന കൺവെൻഷന് വിപരീതമായി പാകിസ്താന്‍ അദ്ദേഹത്തിന്‍റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചതായി ഐ.സി.ജെ വിലയിരുത്തി. 17 ജഡ്ജിമാരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുത്തത്. പാകിസ്താന്‍ നിയോഗിച്ച ഏക ജഡ്ജി മാത്രമാണ് എട്ട് തീരുമാനങ്ങളേയും എതിര്‍ത്തത്.

ജാദവിനെ ചാരക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത പാകിസ്താന്‍ അദ്ദേഹത്തെ തൂക്കികൊല്ലാന്‍ വിധിച്ചിരുന്നു. പട്ടാള കോടതിയുടെ ഈ നടപടിക്കെതിരേയാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന്, 2017 മെയ് 18-ന്, അപ്പീലിന്മേൽ അന്തിമ തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ വധശിക്ഷ തടഞ്ഞുനിര്‍‍ത്തണമെന്ന് ഐ.സി.ജെ പാകിസ്താനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ഐ.സി.ജെ-യോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:

വധശിക്ഷ താൽക്കാലികമായി നീട്ടിവയ്ക്കുക.

ജാദവിനെതിരെ കുറ്റംചുമത്തിയതും ശിക്ഷ വിധിച്ചതും വിയന്ന കൺവെൻഷന് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക (രേഖകള്‍ പ്രകാരം വിചാരണ വേളയിൽ ജാദവിനെ വിവരം അറിയിച്ചിട്ടില്ല).

വധശിക്ഷ ഒഴിവാക്കാനും സൈനിക കോടതിയുടെ തീരുമാനം റദ്ദാക്കാനും പാകിസ്താനോട് നിർദ്ദേശിക്കുക.
പാകിസ്താന്‍ ജാദവിനെ വെറുതെവിടാന്‍ തയ്യാറായില്ലെങ്കില്‍, വിയന്ന കൺവെൻഷൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ അടിസ്ഥാനത്തില്‍ ജാദവിനെ മോചിപ്പിക്കുക.

പിന്നീട്, ജാദവിനെ സാധാരണ നിയമപ്രകാരം സിവിൽ കോടതിയിൽ വിചാരണ ചെയ്യാൻ പാകിസ്താനോട് നിർദ്ദേശിക്കണമെന്നും ഇന്ത്യ ഐ.സി.ജെ-യോട് ആവശ്യപ്പെട്ടിരുന്നു.

ജഡ്ജി യൂസഫിന്റെ അധ്യക്ഷതയിൽ 17 ജഡ്ജിമാർ പാനലിൽ ഉണ്ടായിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജിയും അതിനുമുമ്പ് ദില്ലി ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ദൽ‌വീർ ഭണ്ഡാരിയാണ് ഐ.സി.ജെ-യിലെ ഇന്ത്യൻ വംശജനായ ജഡ്ജി. ഐ.സി.ജെ-യില്‍ അതുവരെ പാകിസ്താനില്‍ നിന്നുള്ള ജഡ്ജി ഇല്ലാതിരുന്നതിനാൽ അവര്‍ ജസ്റ്റിസ് തസ്സാദുക് ഹുസൈൻ ജിലാനിയെ നിയമിച്ചു.

2016 മാർച്ചിലാണ് ജാദവിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. അതിനെകുറിച്ച് ഇരു രാജ്യങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

പാകിസ്താന്‍റെ വാദങ്ങള്‍:

ഇറാന്‍റെയും പാകിസ്താന്‍റെയും അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ ജാദവ് ചാരപ്പണി നടത്തിയതായി കണ്ടെത്തിയതെന്ന് പാകിസ്താൻ അവകാശപ്പെടുന്നു. ഹുസൈൻ മുബാറക് പട്ടേല്‍ എന്ന അപരനാമത്തിലുള്ള ഇന്ത്യൻ പാസ്‌പോര്‍ട്ടുമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും, അദ്ദേഹം ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ റോ-യുടെ ചാരനാണെന്നും അവര്‍ പറയുന്നു. ചാരനാണെന്ന് സമ്മതിക്കുന്ന ജാദവിന്റെ വീഡിയോ പാകിസ്താൻ പുറത്തുവിടുകയും ചെയ്തു.

ഇന്ത്യയുടെ വാദങ്ങള്‍:

നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ഇറാനിൽ സ്ഥിരതാമസമാക്കിയ ജാദവ് അവിടെ ഒരു ബിസിനസ്സ് നടത്തി വരികയായിരുന്നുവെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഇറാനില്‍നിന്നുമാണ് ജാദവിനെ പാകിസ്താന്‍ പിടികൂടിയതെന്നും, അവിടെനിന്ന് അദ്ദേഹത്തെ പാകിസ്താനിലേക്ക് കൊണ്ടുപോവുകയും, ചോദ്യം ചെയ്യുകയും, തെറ്റായ പ്രസ്താവന പുറപ്പെടുവിക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.

ചാരവൃത്തിയും ഭീകരവാദ പ്രവര്‍ത്തനവും ആരോപിച്ചുകൊണ്ടാണ് പാക് സൈനിക കോടതി 2017 ഏപ്രിലിൽ ജാദവിന് വധശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ ഇന്ത്യൻ സർക്കാർ പരമാവധി ശ്രമിച്ചിരുന്നു. കൂടാതെ തെളിവുകള്‍ അടക്കമുള്ള രേഖകള്‍ക്കായി പലതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.

നിയമപരമായി ഇന്ത്യ പറഞ്ഞത്:

ജാദവിന്റെ അറസ്റ്റിനെക്കുറിച്ച് പാകിസ്താൻ ഇന്ത്യയെ അറിയിച്ചില്ല. വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36 പ്രകാരം പാകിസ്താൻ തന്റെ അവകാശങ്ങളെക്കുറിച്ച് ജാദവിനെ അറിയിച്ചിട്ടില്ല (വിദേശ മണ്ണിൽ തടങ്കലിൽ കഴിയുമ്പോൾ രാജ്യത്തിന്റെ കോൺസുലേറ്റിനെ അറിയിക്കാനുള്ള അവകാശം). ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥർക്ക് ജാദവിനെ കാണാൻ പാകിസ്താൻ അനുവാദം നല്‍കിയില്ല.

ജാദവിനെതിരെ ചാരവൃത്തിയാണ് ആരോപിക്കപ്പെട്ടത് എന്നതുകൊണ്ട് കോൺസുലേറ്റിന്‍റെ സഹായം അനുവദിക്കാന്‍ സർക്കാർ ബാധ്യസ്ഥരല്ല എന്നാണ് പാകിസ്താന്‍ പ്രധാനമായും വാദിച്ചിരുന്നത്. 2008-ൽ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പിട്ട ഒരു കരാർ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തതെന്ന് അവർ അവകാശപ്പെട്ടു. രാഷ്ട്രീയമായ കാരണങ്ങളാലോ സുരക്ഷാ കാരണണങ്ങളാലോ ആരെങ്കിലും തടവിലാക്കപ്പെട്ടാല്‍ കോൺസുലർ പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നാണ് കരാറിലെ വ്യവസ്ഥ.

2008-ലെ കരാര്‍ വിയന്ന കൺവെൻഷനു കീഴിലുള്ള വ്യവസ്ഥകളുടെ വിപുലീകരണം മാത്രമാണെന്ന് ഐ.സി.ജെ വിധിച്ചു. അതിനാൽ, ആർട്ടിക്കിൾ 36 പ്രകാരം ഒരു രാജ്യത്തിനും അവരുടെ ബാധ്യതകൾ മറികടക്കാൻ കഴിയില്ല. ഇതിനർത്ഥം, ജാദവിന് കോൺസുലർ പ്രവേശനം അനുവദിക്കാൻ പാകിസ്താൻ ബാധ്യസ്ഥരാണെന്നും, അതിനുള്ള അവകാശത്തെകുറിച്ച് അദ്ദേഹത്തെ അറിയിക്കണമെന്നുമാണ്.

(കുറിപ്പ്: എല്ലാ സാഹചര്യങ്ങളിലും, കോൺസുലർ പ്രവേശനം തേടണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ തടവിലാക്കിയ രാജ്യം തടവുകാരന് ഒരു ഫോം നൽകേണ്ടതുണ്ട്.)

തനിക്കുവേണ്ടി അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള ജാദവിന്‍റെ അവകാശത്തെയാണ് അത് നേരിട്ട് ബാധിച്ചത്. കോൺസുലർ പ്രവേശനമില്ലാത്തതിനാൽ വിചാരണ വേളയില്‍ ജാദവിനെ പ്രതിനിധീകരിക്കുന്നതിനായി ഒരു അഭിഭാഷകനെ നിയമിക്കാൻ സാധിച്ചില്ലെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. എന്നാല്‍ ജാദവാണ് അഭിഭാഷകന്‍ വേണ്ടാ എന്ന് തീരുമാനിച്ചതെന്നും പകരം ഡിഫെന്‍ഡിംഗ് ഓഫീസറെ തിരഞ്ഞെടുക്കുകയായിരുന്നെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. ഡിഫെന്‍ഡിംഗ് ഓഫീസര്‍ എന്ന ആശയം സാധാരണ കോര്‍ട്ട് മാര്‍ഷലില്‍ നടപടികളുടെ ഭാഗമാണ്. സൈനിക കോടതിയില്‍ വിചാരണ ചെയ്യുന്ന വ്യക്തിയെ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ പ്രതിരോധിക്കുന്ന രീതിയാണിത്.

ചാരവൃത്തി ആരോപിക്കപ്പെടുന്ന ജാദവിന് എന്തുകൊണ്ടാണ് ഒരു ഡിഫെന്‍ഡിംഗ് ഓഫീസര്‍ക്കു പകരം ശരിയായ രീതിയില്‍ അഭിഭാഷകനെ നിയമിക്കാതിരുന്നത് എന്നതിന് പാകിസ്താൻ സർക്കാർ ഒരു കാരണവും നിരത്തിയില്ല. കോൺസുലർ പ്രധിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കാതെ ജാദവിനെ ശരിയായി വിചാരണ ചെയ്തിട്ടില്ലെന്നും, അതിനാൽ ഇത് വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36-ന്റെ ലംഘനമാണെന്നും ഐ.സി.ജെ അഭിപ്രായപ്പെട്ടു.

അതേസമയം, ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി നിരസിച്ചു. മുന്‍ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി ആർട്ടിക്കിൾ 36 പ്രകാരം കോൺസുലർ പ്രവേശനത്തിനുള്ള അവകാശത്തിന്റെ ലംഘനത്തിനെതിരെ മാത്രമേ വിധി പറയാൻ കഴിയൂ എന്ന് വ്യക്തമാക്കി. ജാദവിനെതിരെയുള്ള പട്ടാള കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് നിരവധി തവണ അവസരം നല്‍കിയിരുന്നു എന്നാണു പാക് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ ആ വാദം അന്താരാഷ്ട്ര കോടതി അംഗീകരിച്ചില്ല. മറിച്ച്, ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കി കേസ് ഫലപ്രദമായി അവലോകനം ചെയ്യാൻ പാകിസ്താനോട് നിർദ്ദേശിക്കുകയാണ് ചെയ്തത്. പാകിസ്താൻ ഹൈക്കോടതികൾക്ക് വിധി പുന:പ്പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. അതിനാൽ പട്ടാള കോടതിയേക്കാള്‍ അധികാരങ്ങളുള്ള പാകിസ്താനിലെ ഹൈക്കോടതിയിലായിരിക്കാം ഇനി കേസ് പുനരവലോകനം ചെയ്യുന്നത്. ന്യായമായ വിചാരണയുടെ എല്ലാ ഘടകങ്ങളും അതില്‍ ഉണ്ടായിരിക്കണമെന്ന് ഐ.സി.ജെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഫലത്തില്‍, കേസ് പുന:പരിശോധിക്കുന്നത് പുതുതായി പരിഗണിക്കുന്നതിനു സമാനമായിരിക്കും.

Share on

മറ്റുവാർത്തകൾ