UPDATES

Explainer: ആദ്യ ലക്ഷ്യം ക്രിസ്തുമസ് ദ്വീപ്, പിന്നീട് ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്; കടല്‍യാത്ര 11,000 കിലോമീറ്റര്‍; മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍

ട്രെന്‍ഡിങ്ങ്

മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരത്ത് ഇവർ എത്തിയേക്കുമെന്ന സൂചനകളുമുണ്ട്.

ജനുവരി രണ്ടാം വാരത്തിലാണ് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് വാർത്തകൾ പുറത്തുവരുന്നത്. എറണാകുളത്തെ മുനമ്പത്ത് നിന്നും ‌100 ഓളം പേർ ചെറുബോട്ടിൽ ഓസ്ട്രേലിയ ലക്ഷ്യമാക്കി പുറപ്പെട്ടെന്നായിരിന്നു റിപ്പോർട്ട്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് സംഘം പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും ഇത്തരത്തിൽ അനധികൃതമായി ആളുകളെ കടത്തിയവരാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നതെന്നും, ആന്ധ്രാ കോവളം സ്വദേശികളുടെ ദയാ മാതാ എന്ന ബോട്ടിലാണ് യാത്രയെന്നും റിപ്പോർട്ടുകൾ പറയുന്നു.

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന് അടുത്തുള്ള അഴീക്കോട് എന്ന സ്ഥലമാണ് മുനമ്പം തുറമുഖത്തിന്റെ മറുവശത്ത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളായിരുന്നു വിഷയത്തിലേക്ക് ആദ്യം വെളിച്ചം വീശുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്റ് രാജ്യങ്ങളായിരിക്കാം ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരം. പന്ത്രണ്ടാം തീയതി പുലർച്ചയോടെ ബോട്ട് തീരം വിട്ടെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

എന്നാൽ വിദേശത്തേക്ക് കടന്നവരിൽ മലയാളികളില്ലെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലും ഡൽഹി അംബേദ്കർ കോളനിയിലുമുള്ള ശ്രീലങ്കൻ തമിഴ് വംശജരാണ് ബോട്ടിലുള്ള മുഴുവൻ പേരും. വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ പിൻ തലമുറയിൽ പെട്ടവരാണ് ഇവർ. ഇടനിലക്കാരായ ശ്രീകാന്തനും രവീന്ദ്രന്‍ ശ്രീലങ്കൻ അഭയാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തിൽ പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ എൽ.ടി.ടി.ഇ. ബന്ധം സ്ഥിരീകരിച്ച് മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടും ഇന്നലെ പുറത്തുവന്നു. പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച അഞ്ചു ശ്രീലങ്കൻ പാസ്പോർട്ടുകളെ പിൻ പറ്റിയുള്ള അന്വേഷണമാണ് എൽ.ടി.ടി.ഇ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ തീരം വിട്ടതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇടനിലക്കാരിൽ മലയാളികളുണ്ടെന്നാണ് സൂചന. കസ്റ്റഡിയിലുലള്ള പ്രഭു ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്.

ഇവരെ കടത്തിയ ഇടനിലക്കാരായ ശ്രീകാന്തനും രവീന്ദ്രനും വർഷങ്ങളായി അഭയാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നവരാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ‌ സാമ്പത്തിക ലാഭമില്ലാതെ ഇത്രയും ആളുകളെ കടത്താൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇന്റലിജൻസ്. പോലീസ് കസ്റ്റഡിയിലുള്ള പ്രഭു ദണ്ഡപാണിക്ക് എൽ.ടി.ടി.ഇ. ബന്ധമുണ്ടെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ പറയുന്നു. അന്തർ ദേശീയ പ്രാധാന്യമുള്ള കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍നിന്ന് അനധികൃതമായി ഓസ്ട്രേലിയയിലേക്കും ന്യൂസീലന്‍ഡിലേക്കും 400-ലേറെ പേര്‍ കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാഹസികമായ യാത്ര പിന്നിട്ട് ഇതില്‍ എത്രപേര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നത് വ്യക്തമല്ല.

ആരാണ് ബോട്ടിലെ യാത്രക്കാർ

ഡൽഹിയിലെ അംബേദ്കർ കോളനി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ശ്രീലങ്കൻ അഭയാർത്ഥികൾ ഉൾപ്പെട്ടെ സംഘമാണ് ബോട്ടില്‍ കൊച്ചിയിൽ നിന്നു കടന്നെതാണ് പോലീസ് നൽകുന്നവിവരം. ദില്ലി കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ സംഘങ്ങളാണ് പിന്നിലെന്നും എസ് പി പറയുന്നു. മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘത്തില്‍ കുട്ടികളും ഒരു ഗര്‍ഭിണിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുനമ്പം ഉൾപ്പെടെയുള്ള 20 സ്ഥലങ്ങളിൽ നിന്നാണ് ബോട്ടിൽ ആളുകളെ കയറ്റിയത്. അതിനാൽ തന്നെ ബോട്ടിലുള്ളവരുടെ യഥാർത്ഥ കണക്ക് ഇതുവരെ വ്യക്തമല്ല.

നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്യം ലഭിച്ച വിവരങ്ങൾ. എന്നാൽ ബോട്ടിൽ കുത്തിനിറച്ച നിലയിലാണ് ആളുകളുള്ളതെന്നാണ് പിന്നീട് പുറത്ത് വന്ന വിവരങ്ങൾ. ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ കുടുംബം അടങ്ങുന്ന സംഘം ചെറായിലെ സ്വകാര്യ ഹോം സ്റ്റേയിലാണെന്ന് തങ്ങിയത്. അഞ്ച് പേരുടെ കുടുംബത്തിലാണ് ഇതിലായിരുന്നു ഗർഭിണിയും ഉണ്ടായിരുന്നത്. പിന്നീട് 4 പേരുടെ സംഘവുമെത്തി.

ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച യുവതിയും നവജാതശിശുവും നാലു ഗർഭിണികളും സംഘത്തിലുള്ളതായും വിവരമുണ്ട് ഡിസംബർ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 25-കാരിയായ ഡൽഹി സ്വദേശി ഒന്നാംതീയതി പ്രസവിച്ചെന്നും മൂന്നാം തീയതി ആശുപത്രി വിട്ടെന്നുമാണ് രേഖകൾ.

സംഘത്തിലെ 80 പേർ ചോറ്റാനിക്കരയിലെ വിവിധ ലോഡ്ജുകളിൽ കഴിഞ്ഞ ശേഷമായിരുന്നു ദയാ മാതായിലേക്ക് പോയത്. ഡൽഹി വിലാസമാണ് എല്ലാവരും ലോഡ്ജുകളിൽ നൽകിയിരിക്കുന്നത്. ഭക്തരെന്ന മട്ടിലാണ് ഇവർ ചോറ്റാനിക്കരയിൽ കഴിഞ്ഞത്. മാല്യങ്കരയിലെ ജെട്ടിയിൽനിന്നാണ് സംഘം പോയതെന്ന് കരുതുന്നു. തമിഴ് വംശജർ കൂടുതലുള്ള സംഘത്തിലെ പകുതിയോളം പേരാണ് ബോട്ടിൽ പുറപ്പെട്ടതായി വിവരമുള്ളത്.

ഗുരുവായൂരിലും 91 പേർ താമസിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കിഴക്കേനടയിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള പ്രസാദം ഇൻ, പ്രാർഥന ഇൻ, സി എ ടവർ എന്നീ ലോഡ‌്ജുകളിലാണ് 91 അംഗ സംഘം ഈ മാസം അഞ്ചുമുതൽ ഒമ്പതുവരെ താമസിച്ചത്. കൊടുങ്ങല്ലൂർ സിഐ കെ വി ബൈജുവിന്റെ നേതൃത്വത്തിൽ ഇവിടങ്ങളിൽ പരിശോധനയും നടത്തിയിരുന്നു. വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അനധികൃതമായി ഇന്ത്യ വിടുന്നതിനായി 230 പേരാണ് കൊച്ചിയിലെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

തിരച്ചിൽ നടപടികൾ

മനുഷ്യക്കടത്തെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ബോട്ട് കണ്ടെത്തുന്നതിനായി നാവിക സേനയും കോസ്റ്റ്ഗാർഡും ചേർന്നാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. തീരസേനയുടെ രണ്ടും നാവികസേനയുടെയും ഒരു കപ്പലുമാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ആയിരക്കണക്കിന് മീൻപിടിത്ത ബോട്ടുകൾ കടലിൽ ഉള്ളതിനാൽ സമാനമായ ഇവരുടെ ബോട്ട് കണ്ടെത്തുക എളുപ്പമല്ലെന്നാണ് വിവരം.

ബോട്ടിലുള്ളത് 10 ലക്ഷം രൂപയുടെ ഡീസൽ

ഈ മാസം ഏഴിനും 11-നും ഇടയിൽ 12,000 ലിറ്ററോളം ഇന്ധനമാണ് ദേവമാതാ ബോട്ടിൽ നിറച്ചതെന്നാണ് വിവരം. പത്ത് ലക്ഷം രൂപയ്ക്കുള്ള ഇന്ധനമാണ് വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവയിൽ ശേഖരിച്ചിട്ടുള്ളത്. ഇക്കാര്യം മുനമ്പത്തെ ബോട്ടുടമകളും സ്ഥിരീകരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളാണ് സംഘത്തിലുണ്ടായിരുന്നവർ സംസാരിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്ധനത്തിനായി പണം നേരിട്ട് നൽകിയെന്നും പമ്പ് ഉടമകൾ പറയുന്നു.

അന്വേഷണ സംഘം

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്താണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ വിഷയം അന്വേഷിക്കുന്നതിനായി എറണാകുളം റൂറൽ അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വടക്കേക്കര എസ്.ഐ. സ്പെറ്റോ ജോണാണ് അന്വേഷണോദ്യോഗസ്ഥനായി 16 പേരുടെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ശ്രീലങ്കൻ അഭയാർത്ഥികളെ അനധികൃതമായി കടത്താൻ ശ്രമിച്ച കേസിൽ 2015ലും മുനമ്പത്ത് സമാനമായ കേസുണ്ടായിരുന്നു. അന്ന് ഇടപെട്ട സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മുനമ്പം-മാല്യങ്കര തീരപ്രദേശങ്ങളിൽ എൽടിടിഇക്ക് വേണ്ടി 2008ല്‍ ബോട്ട് നിർമാണം നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. മുനമ്പത്ത് നിർമാണം നടത്തിക്കൊണ്ടിരുന്ന ബോട്ട് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. എല്ലാ ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയായിരുന്നു നൂറ് അടിയോളം നീളമുള്ള കൂറ്റൻ ബോട്ടിന്റെ നിർമാണം.

ആരാണ് ശ്രീകാന്തന്‍?

മനുഷ്യക്കടത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന വ്യക്തിയാണ് തമിഴ്നാട് സ്വദേശി ശ്രീകാന്തൻ. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ശ്രീകാന്തന്‍ മുന്‍പും ഓസ്ട്രേലിയിലേക്ക് ആളുകളെ കടത്തിയിട്ടുണ്ടെന്നും രാജ്യാന്തര മനുഷ്യക്കടത്തു സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. മനുഷ്യകടത്തിനായി കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഇയാളാണെന്ന് ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറയുന്നു. എന്നാൽ ഇയാൾ കസ്റ്റഡിയിലാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും എസ് പി പറയുന്നു.

ശ്രീകാന്തന്റെ ബാങ്ക് അക്കൗണ്ടില്‍ അടുത്തിടെ ഉണ്ടായ വലിയ തുകകളുടെ ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളം വെങ്ങാനൂരിലെ ഇയാളുടെ വീട്ടില്‍നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. വെങ്ങാനൂരില്‍ തന്നെ ശ്രീകാന്തനു മറ്റൊരു വീടു കൂടിയുണ്ടെന്നും പൊലീസ് കണ്ടെത്തി. ഒന്നര ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്ന സംഘത്തിന് ബോട്ടിലുണ്ടായിരുന്നവർ നല്‍കേണ്ടത്. ബോട്ടിൽ വിദേശത്തേക്ക് പുറപ്പെട്ട ചിലരുടെയും ശ്രീകാന്തന്റെയും ബന്ധുക്കളിൽ ചിലർ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ രണ്ടു രാജ്യങ്ങളിലേക്കും ഇവർ പോകാനുള്ള സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

കസ്റ്റഡിയിൽ രണ്ട് പേർ

അനധികൃതമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. മുനമ്പത്തുനിന്നും പുറപ്പെട്ട ബോട്ടിൽ കയറാനാവാതെ ഡൽഹിയിലേക്ക് മടങ്ങിയ വ്യക്തിയാണ് പ്രഭു ദണ്ഡപാണി. ഡല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘം ഇന്ന് രാവിലെ 10 മണിയോടെ കേരളത്തിലെത്തിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉൾപ്പെടെയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കൊടുങ്ങല്ലൂരില്‍ കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് സംഘം യാത്രതിരിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിനു തയാറായവരിൽ നിന്നു പണപ്പിരിവു നടത്തിയത് പ്രഭുവാണെന്നാണ് വിവരം.

ഒന്നര ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്ന സംഘത്തിന് നല്‍കേണ്ടത്. കേരള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയില്‍ നടത്തിയ റെയ്ഡില്‍ വിദേശത്തേക്ക് കടന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശി ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് സംഘം തീരം വിട്ടത്. മത്സ്യ ബന്ധനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രീകാന്ത് ബോട്ട് വാങ്ങാന്‍ പങ്കാളിയാക്കിയതെന്ന് സഹഉടമ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. അനില്‍കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

രണ്ട് കോടിയുടെ ബോട്ട്

കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ദയാ മാതാ ബോട്ട് ഒരു കോടി രണ്ടു ലക്ഷം രൂപ നല്‍കിയാണ് അനില്‍കുമാറും ശ്രീകാന്തനും വാങ്ങിയത്. മത്സ്യബന്ധനത്തിനെന്ന പേരില്‍ അനില്‍കുമാറിന്റെ പേരില്‍ ബോട്ട് റജിസ്റ്റര്‍ ചെയ്തു.

തീരം വിട്ടെന്ന് കരുതുന്ന 230 പേര്‍ക്ക് ഒരേ സമയം ദയാ മാതാ ബോട്ടിൽ കയറാനാകില്ലെന്നാണ് ബോട്ടിന്‍റെ മുൻ ഉടമ ജിബിൻ പറയുന്നത്. നിലവിൽ നൂറ് പേര്‍ മാത്രമേ രാജ്യം വിട്ടിട്ടുള്ളൂ എന്നാണ് നിഗമനം. എന്നാൽ ബാക്കിയുള്ളവര്‍ എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാര്‍ത്ഥി ക്യാംപുകളിൽ പരിശോധന നടത്തിയെങ്കിലും ഇവിടെ പലരും ഒരു മാസമായി സ്ഥലത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബോട്ടിൽ സ്ഥലമില്ലാതിരുന്നതുമൂലമാണ് പലരുടെയും യാത്ര മുടങ്ങിയതെന്നാണ് വിവരം.

അന്വേഷണത്തിന് ദേശീയ ഏജൻസികളും

മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തില്‍ മുനമ്പം മനുഷ്യക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ചോദ്യം ചെയ്തു. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ ഐഎ)യും ഇവരം ചോദ്യം ചെയ്യുക. ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ ആശയ വിനിമയം നടത്തിയിരുന്നു. സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്‍റിൽ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇടപെടൽ.

വിഷയത്തിൽ ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ (എസ്ഐഎസ്) സഹായം തേടും. സംഘത്തിനൊപ്പം ബോട്ടിലുള്ള ശ്രീലങ്കൻ സ്വദേശികളെന്ന് കരുതുന്ന മാരിയപ്പൻ സത്യരാജൻ (34), സഹോദരൻ തമ്പിരാജൻ സത്യരാജൻ(24) എന്നിവരെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കാനാണ് ശ്രീലങ്കൻ അധികൃതരുടെ സഹായം തേടുന്നത്. ഇവർക്കു പുറമേ 50 ശ്രീലങ്കൻ വംശജരും ദയാ മാതാ ബോട്ടിലുണ്ടെന്ന റിപ്പോർട്ടുകളും ഇതിന് പിന്നിലുണ്ട്. വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് കേസിൽ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണിയുടെ മൊഴികൾ.

കേരള തീരത്തെ സുരക്ഷാ വീഴ്ച

കേരളാ തീരത്തെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നേരത്ത തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള തീരത്ത് കൂടുതല്‍ നിരീക്ഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പോലീസ് ഗൗരവത്തിലെടുത്തിരുന്നില്ലെന്നതിന്റെ തെളിവാണ് മുനമ്പം മനുഷ്യക്കടത്തെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുനമ്പം ഹാര്‍ബറില്‍ ദിവസേന കുറഞ്ഞത് 700 ബോട്ടുകളെങ്കിലും എത്തുന്നുണ്ട്. എന്നാല്‍, ഈ ബോട്ടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പലപ്പോഴും രേഖപ്പെടുത്തുന്നില്ല. ഹാര്‍ബറില്‍ അടുക്കാതെ തീരത്തോടു ചേര്‍ന്ന് കടന്നുപോകുന്ന ബോട്ടുകളും ധാരാളമാണ്.

ക്രിസ്മസ് ദ്വീപെന്ന അതിജീവന സ്വപ്നം

മുനമ്പത്തു നിന്ന് മനുഷ്യക്കടത്തുകാര്‍ മത്സ്യബന്ധന ബോട്ടിൽ ആളുകളെ കൊണ്ടുപോയത് ക്രിസ്മസ് ഐലന്റിലേക്ക് തന്നെയാണോ പോയതെന്ന വിഷയത്തിൽ അവ്യക്തത തുടരുകയാണ്. മറ്റേതെങ്കിലും ഇടത്താവളത്തിൽ ഇറങ്ങിയോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരണമെങ്കിൽ വിദേശരാജ്യങ്ങളുടെ കൂടി സഹായം ആവശ്യമാണ്. ന്യൂസിലാന്റാണ് ലക്ഷ്യമെന്നാണ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളവര്‍ നൽകുന്ന വിവരം. കൊച്ചിയിൽ നിന്നും 11,470 കിലോ മീറ്റർ അധികം ദൂരത്തിലുള്ള ഈ ന്യൂസിലാന്റ് നേരിട്ട് എത്തുക പ്രയാസമായതിനാൽ ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരിട്ടുള്ള യാത്രക്ക് 47 ദിവസമെടുക്കുമെന്നാണ് വിവരം. എന്നാൽ ഇതിനിടയിൽ മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരത്ത് ഇവർ എത്തിയേക്കുമെന്ന സൂചനകളുമുണ്ട്.

ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള ക്രിസ്മസ് ദ്വീപ് തീരത്താണ് മനുഷ്യക്കടത്തുകാര്‍ യാത്രക്കാരെ എത്തിക്കുന്നത്. ഇവിടെ അനധികൃതമായി എത്തുന്നവരെ രാജ്യത്തെ തീരദേശസംരക്ഷണസേന പിടികൂടി ജയിലിലിടുന്നതാണ് പതിവ്. ഇന്ത്യയിൽ നിന്നുള്ള ശ്രീലങ്കൻ അഭയാർത്ഥികളാണ് സംഘത്തിൽ ഭൂരിഭാഗവുമെന്നതിനാൽ ഇവരെ തിരികെ സ്വീകരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് വിമുഖത കാണിക്കുകയായിരുന്നു പതിവ്. അതിനാല്‍, ഇത്തരക്കാരുടെ ജയില്‍ വാസത്തിന് ശേഷം തൊഴിലില്‍ ഏര്‍പ്പെടാന്‍ പെര്‍മിറ്റ് നല്‍കി രാജ്യത്ത് നിൽക്കാൻ അനുവദിക്കുകയായിരുന്നു രീതി. സാവകാശം ഓസ്ട്രേലിയന്‍ പൗരത്വവും ലഭിക്കുമായിരുന്നു. ഈ വിധത്തില്‍ ഓസ്‌ട്രേലിയയിലെ ആനുകൂല്യങ്ങള്‍ നേടി അവിടെ സ്ഥിരതാമസമാക്കിയ അനേകം ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് അറിവ്.

എന്നാൽ കുടിയേറ്റം വര്‍ദ്ധിച്ചതോടെ ഓസ്‌ട്രേലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കാതെ മത്സ്യബന്ധനം ചെയ്യുന്നവര്‍ക്ക് മാത്രമായി തിരിച്ചിട്ടുള്ള ചില ദ്വീപുകളിലേക്കു മാറ്റുകയാണ് പുതിയ രീതിയെന്നാണ് വിവരം. പൗരത്വം ലഭിക്കുകയുമില്ല. എന്നാൽ ഈ വിവരങ്ങൾ മറച്ചുവച്ചാണ് മനുഷ്യക്കടത്ത് സംഘങ്ങൾ വൻ തുക ഈടാക്കി ആളുകളെ ഇപ്പോഴും എത്തിക്കാൻ ശ്രമിക്കുന്നത്. മരണം മുഖാമുഖം കണ്ടുള്ള അപകടകരവും അതിസാഹസികവുമായ കടല്‍യാത്രയിലൂടെ ഓസ്‌ട്രേലിയയില്‍ ചെന്നെത്താന്‍ മുന്‍ഗാമികളുടെ സുഖജീവിതത്തെക്കുറിച്ചുള്ള അറിവുകൾ മാത്രമാണ് പലരുടെയും പ്രേരണ.

Share on

മറ്റുവാർത്തകൾ