UPDATES

EXPLAINER: മോദിയുടെ രണ്ടാം വരവിലെ ആദ്യ കടമ്പ – ട്രംപുമായുള്ള ചര്‍ച്ച അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുമോ?

വിദേശം

വ്യാപാരം, പ്രതിരോധം, സുരക്ഷ, 5 ജി നെറ്റ്‌വര്‍ക്ക്, ഡാറ്റ ലോക്കലൈസേഷന്‍, ഇറാന്‍ പ്രശ്‌നം, ഭീകരവാദം തുടങ്ങി വിവിധ വിഷയങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്തു.

പരസ്പരം ഉല്‍പ്പന്ന ഇറക്കുമതിക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ ചുമത്തിയുള്ള യുഎസ് – ഇന്ത്യ വ്യാപാര സംഘര്‍ഷം, ചൈനയുമായി തീവ്രമായ വ്യാപാരയുദ്ധം യുഎസ് നടത്തുന്നതിന് ഇടയിലാണ്. ഈ പശ്ചാത്തലത്തിലാണ് ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടന്നത്. റഷ്യയുമായുള്ള എസ് 400 വ്യോമവേധ മിസൈല്‍ സംവിധാന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണം എന്ന യുഎസ് ആവശ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തള്ളിയിരുന്നു.

അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ഇന്ത്യയുമായ ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ നേരത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നത്. വ്യാപാരം, പ്രതിരോധം, സുരക്ഷ, 5 ജി നെറ്റ്‌വര്‍ക്ക്, ഡാറ്റ ലോക്കലൈസേഷന്‍, ഇറാന്‍ പ്രശ്‌നം, ഭീകരവാദം തുടങ്ങി വിവിധ വിഷയങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്തു.

വ്യാപാര സംഘര്‍ഷം

വ്യാപാര തര്‍ക്കം തന്നെയാണ് ഇന്ത്യയും യുഎസും തമ്മില്‍ നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം. ഉരുക്ക്, അലുമിനിയം അടക്കമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ഇന്ത്യ തിരിച്ചടി നല്‍കിയത് 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയാണ്. ദീര്‍ഘകാലമായി ഇന്ത്യക്ക് യുഎസ് നല്‍കിയിരുന്ന വ്യാപാര ഇളവുകള്‍ പിന്‍വലിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇത്.

ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി അംഗീകരിക്കാനാവില്ലെന്നും ഇത് ഉടന്‍ പിന്‍വലിക്കണം എന്നുമാണ് ഒസാക്കയില്‍ ട്രംപ് പറഞ്ഞത്. അതേസമയം യുഎസ് തീരുവ കൂട്ടിയത് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. ഉയര്‍ന്ന താരിഫ് പിവലിക്കാന്‍ കഴിയില്ല എന്നാണ് മൈക്ക് പോംപിയോ എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞത്. ഇന്ത്യക്ക് നല്‍കിയിരുന്ന പ്രത്യേക കയറ്റുമതി ഇളവുകള്‍ റദ്ദാക്കിയാണ് ഇറക്കുമതി തീരുവ യുഎസ് കുത്തനെ കൂട്ടിയത്. ഇളവുകള്‍ പിന്‍വലിച്ച നടപടി റദ്ദാക്കണം എന്ന് മോദി ആവശ്യപ്പെട്ടു. വ്യാപാര സംബന്ധമായ തര്‍ക്കം പരിഹരിക്കാനായി ഉടന്‍ യുഎസ് വ്യാപാര സെക്രട്ടറിയും ഇന്ത്യയിലെ ബന്ധപ്പെട്ട മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചു.

ആപ്പിള്‍, ആല്‍മണ്ട് തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത്. ഈ ഉയര്‍ന്ന നികുതി യുഎസ് കമ്പനികളുടെ അന്താരാഷ്ട്ര വ്യാപാരത്തേയും ട്രംപിന്റെ ഗ്രാമീണ കര്‍ഷക വോട്ട് ബാങ്കിനേയും ബാധിക്കുന്നതാണ്. അതേസമയം യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അത്രയും തീരുവ ഏര്‍പ്പെടുത്തുന്നില്ല എന്ന് വാണിജ്യ മന്ത്രാലയം പറയുന്നു. ദേശീയ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് തയ്യാറല്ല എന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു.

പ്രതിരോധ സഹകരണം ചര്‍ച്ചയായി, റഷ്യയുമായുള്ള ഇന്ത്യയുടെ എസ് 400 മിസൈല്‍ കരാര്‍ ചര്‍ച്ചയായില്ല

പസഫിക് മേഖലയിലുള്‍പ്പടെ ഇന്ത്യ – യുഎസ് സൈനിക സഹകരണം ചര്‍ച്ചയായി. ഏഷ്യയിലെ പ്രധാന സൈനിക പങ്കാളിയായി യുഎസ് കാണുന്നത് ഇന്ത്യയെ ആണ്. ഇതിന്റെ ഭാഗമായാണ് 2+2 കരാര്‍ അടക്കമുള്ളവ ഉണ്ടാകുന്നത്. കോംകാസ (കമ്മ്യൂണിക്കേഷന്‍സ് കംപാറ്റബിളിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ്) കരാറിലാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചത്. അതേസമയം യുഎസ് എതിര്‍പ്പുന്നയിക്കുന്ന ഇന്ത്യയുടെ പ്രധാന പ്രതിരോധ കരാര്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തില്ല എന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. അഞ്ച് ബില്യണ്‍ ഡോളറിന്റെ (34,49,87,500 ഇന്ത്യന്‍ രൂപ) കരാറിലാണ് ഒപ്പ് വച്ചത്.

ഈ കരാര്‍ റദ്ദാക്കണം എന്നാണ് യുഎസ് ആവശ്യപ്പെട്ടത്. കരാര്‍ റദ്ദാക്കിയില്ലെങ്കില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് നിയമത്തില്‍ ഇളവ് വേണം എന്ന് ഇന്ത്യ ആവശ്യപ്പെടുന്നു.

ഇറാന്‍ പ്രശ്‌നം

ഇറാന്‍ – യുഎസ് സംഘര്‍ഷം യുദ്ധത്തിന്റെ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ കപ്പലിന് നേരെയുള്ള ആക്രമണത്തിന്റെ ഇറാനാണ് എന്ന പ്രചാരണം യുഎസ് ശക്തമാക്കിയിരുന്നു. ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറിയത് തന്നെ ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണം എന്ന സമ്മര്‍ദ്ദം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്് മേല്‍ യുഎസ് ചെലുത്തിയിരുന്നു. മേഖലയില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിന് പുറമെ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ സംബന്ധിച്ച ആശങ്കകളും മോദി ട്രംപുമായി പങ്കുവച്ചു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയിലും പ്രകൃതി വാതകത്തിലും 11 ശതമാനവും നല്‍കുന്നത് ഇറാനാണ്. യുഎസ് സമ്മദ്ദത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസി ഇന്ത്യക്കാരെ ബാധിക്കുന്നതിന്റെ ആശങ്കയും മോദി പങ്കുവച്ചു. ഇന്ത്യന്‍ എണ്ണ ടാങ്കറുകളുടെ സുരക്ഷയ്ക്കായി രണ്ട് നേവി കപ്പലുകളെ ഹോര്‍മുസിലേയ്ക്ക് അയച്ച കാര്യം മോദി പറഞ്ഞു. ട്രംപ് ഈ നടപടിയെ അഭിനന്ദിച്ചു. എണ്ണ വിലയിലെ സ്ഥിരതയ്ക്കായി ചെയ്യാവുന്നതെല്ലാം യുഎസ് ചെയ്യുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞു.

ഫൈവ് ജി

ഫൈവ് ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ഫൈവ് ജി മാര്‍ക്കറ്റ് ആകും. ഇന്ത്യ ഇത് സംബന്ധിച്ചെടുക്കുന്ന തീരുമാനം ലോകത്ത് ട്രെന്‍ഡ് ആയി മാറുമെന്നും മോദി അവകാശപ്പെട്ടു. സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ മികവ്, സ്റ്റാര്‍ട്ട് അപ്പുകള്‍, ഡിസൈന്‍, ഫൈവ് ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ സിലിക്കണ്‍ വാലിയുടെ പങ്ക് ഇതെല്ലാം പരസ്പരം ഗുണകരമാകുന്ന വിധം ഉപയോഗിക്കപ്പെടണം. ഇതില്‍ മേക്ക് ഇന്‍ ഇന്ത്യക്ക് വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും മോദി സംസാരിച്ചു. ട്രംപ് ഇതിനെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടേയും വകുപ്പ് മന്ത്രിമാര്‍ / സെക്രട്ടിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചു.

Share on

മറ്റുവാർത്തകൾ