UPDATES

Explainer: ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത ഭൂട്ടാൻ: പക്വതയുള്ള അയൽവാസിയെ കാണാൻ പ്രധാനമന്ത്രി പോയപ്പോൾ

ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത അയൽരാജ്യമാണ് ഭൂട്ടാൻ.

2016 കണക്കുകൾ പ്രകാരം ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യാപാരം 8,723 കോടി രൂപയുടേതാണ്. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. സവിശേഷമായ ഒരു സൗഹൃദബന്ധം ഇരുരാജ്യങ്ങളും തമ്മിൽ വളർത്തിയെടുക്കാൻ ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽക്കേ ഇന്ത്യ ശ്രമിച്ചു വരുന്നതാണ്. ഭൂട്ടാന്റെ പരമാധികാരത്തെ ഏറ്റവും ബഹുമാനത്തോടെയാണ് ഇന്ത്യ എക്കാലത്തും സമീപിച്ചിട്ടുള്ളത്. തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വത്തെ സ്ഥാപിച്ചു കൊണ്ടേ ഭൂട്ടാൻ ഇന്ത്യക്കൊപ്പം നിന്നിട്ടുമുള്ളൂ. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഭൂട്ടാനെടുത്ത നിലപാട് ഒരുദാഹരണമായി എടുക്കാം. ഭൂട്ടാനിൽ തങ്ങളുടെ പട്ടാളത്തിന് ബേസ് ഒരുക്കാൻ ഇന്ത്യക്ക് താൽപര്യമുണ്ടായിരുന്നു. ഈ ആവശ്യം പക്ഷെ ഭൂട്ടാൻ അംഗീകരിച്ചില്ല. ആ യുദ്ധകാലത്ത് നിഷ്പക്ഷമായ നിലപാടാണ് ഭൂട്ടാനെടുത്തത്. 1949 മുതൽക്കു തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സജീവമാണെങ്കിലും 1971ൽ ഐക്യരാഷ്ട്രസഭാ അംഗത്വം കിട്ടിയതിനു ശേഷമാണ് ഭൂട്ടാൻ കൂടുതൽ ഉത്സാഹത്തോടെയുള്ള ഇടപെടലുകൾക്ക് തയ്യാറായതെന്നു പറയാം. ഇതിനു ശേഷം ഭൂട്ടാൻ ഇന്ത്യയിൽ പൂർണ സ്ഥാനപതിതല ബന്ധം സ്ഥാപിച്ചു.

എന്താണ് ട്രീറ്റി ഓഫ് ഫ്രണ്ട്ഷിപ്പ്?

ഇന്ത്യയും ഭൂട്ടാനും ആദ്യമായി ഒപ്പുവെച്ച സുപ്രധാനമായ നയതന്ത്രബന്ധ ഉടമ്പടിയാണ് സൗഹൃദ ഉടമ്പടി എന്നറിയപ്പെടുന്നത്. 1949ലായിരുന്നു ഇത്. ഈ ഉടമ്പടി ഭൂട്ടാനെ ഇന്ത്യയോട് കൂടുതൽ ആശ്രിതത്വത്തിൽ നിർത്തുന്നതിന് സഹായിച്ചുവെന്നു പറയുന്നതിൽ തെറ്റില്ല. ഈ ഉടമ്പടിയിലെ രണ്ടാം ആർട്ടിക്കിൾ ഇപ്രകാരമൊരു ബന്ധം സ്ഥാപിച്ചിരുന്നു: “ഭൂട്ടാന്റെ ആഭ്യന്തര ഭരണകാര്യങ്ങളിൽ ഇന്ത്യാ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നതല്ല. വിദേശകാര്യങ്ങളിൽ ഇന്ത്യയുടെ ഉപദേശങ്ങൾ സ്വീകരിക്കാമെന്നും വഴിനയിക്കലിന് വിധേയപ്പെടാമെന്നും ഭൂട്ടാൻ സർക്കാർ ഉടമ്പടി ചെയ്യുന്നു.” ഈ വ്യവസ്ഥയോട് ഭൂട്ടാൻ സർക്കാർ ആദ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 1979ലാണ്. അന്നത്തെ രാജാവായ ജിഗ്മെ സിങ്ജി വാങ്ചൂക് (നിലവിലെ രാജാവിന്റെ പിതാവാണിദ്ദേഹം) ആർട്ടിക്കിൾ 2നോട് ഭൂട്ടാന് പ്രതിബദ്ധതിയില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഭൂട്ടാൻ രാജാക്കന്മാർ അന്നേവരെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ഇതാദ്യമായി ഇന്ത്യൻ മാധ്യമപ്രവർത്തകനായ സയീദ് നഖ്‌വിയുമായി രാജാവ് സംസാരിച്ചു. ഈ പ്രസ്താവന ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ കാര്യമായൊരു പ്രതിസന്ധി സൃഷ്ടിച്ചു.

ഭൂമിശാസ്ത്രപരമായി ചൈനയുമായി അടുത്തു പേരുമാറേണ്ട ആവശ്യകത ഭൂട്ടാനുണ്ട്. ഇതുകൂടാതെ 1971ൽ ഐക്യരാഷ്ട്രസഭാ അംഗത്വം ലഭിച്ചതിനു ശേഷം ഭൂട്ടാൻ അന്തർ‌ദ്ദേശീയ സൗഹൃദങ്ങൾ വളർത്തി വരികയായിരുന്നു. ഭൂട്ടാനിൽ ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങൾക്ക് തങ്ങളുടെ ദൗത്യങ്ങൾ നടപ്പാക്കുന്നതിന് ഇന്ത്യയുമായുള്ള 1949ലെ കരാറിലെ ആർട്ടിക്കിൾ 2 ഒരു തടസ്സമാണെന്ന് ഭൂട്ടാന് തോന്നി. യുഎൻ രക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളിലൊരു രാജ്യം ചൈനയാണല്ലോ. വർഷങ്ങൾക്കു ശേഷം 2007ൽ ആർട്ടിക്കിൾ 2ൽ പുതുക്കലുകൾ വരുത്തുകയുണ്ടായി. ദേശീയ താൽപര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് ഈ പുതുക്കൽ പറഞ്ഞു. വിദേശകാര്യങ്ങളിൽ ഇന്ത്യയുടെ ഉപദേശം സ്വീകരിക്കുമെന്ന വ്യവസ്ഥ നീക്കം ചെയ്തു.

എന്തെല്ലാമാണ് ഇന്ത്യയും ഭൂട്ടാനും തമ്മിൽ നിലവിലുള്ള സഹകരണങ്ങൾ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂട്ടാനിൽ നിന്നുള്ള ഹൈഡ്രോപവർ വൈദ്യുതിയുടെ വാങ്ങൽ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ അന്തർ‌ദ്ദേശീയ തലത്തിൽ രൂപപ്പെട്ടിട്ടുള്ള പൊതുസമ്മതങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പാരമ്പര്യേതര ഉർജ്ജ സ്രോതസ്സുകളെ കൂടുതലാശ്രയിക്കാൻ ഇന്ത്യ ബാധ്യസ്ഥമാണ്. ഹൈഡ്രോപവറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും 2006ൽ ഒരു കരാറിലേര്‍പ്പെടുകയുണ്ടായി. 10,000 മെഗാവാട്ട് ഹൈഡ്രോപവർ വൈദ്യുതി ഉൽപാദിപ്പിക്കാനായി ഇന്ത്യ സഹായിക്കുമെന്നതായിരുന്നു ഈ കരാർ. മിച്ചം വരുന്ന വൈദ്യുതി ഇന്ത്യ വില കൊടുത്ത് വാങ്ങുകയും ചെയ്യും. 2020ാമാണ്ടോടെ ഈ പദ്ധതി പൂർത്തീകരിക്കാനാണ് കരാർ. അഞ്ച് ദശകങ്ങളായി ഉറച്ചു കഴിഞ്ഞ ബന്ധമാണ് ഇന്ത്യ-ഭൂട്ടാൻ ഹൈഡ്രോപവർ വാങ്ങലുമായി ബന്ധപ്പെട്ടത്.

പതിനൊന്നാം പഞ്ചവൽസര പദ്ധതി

ഭൂട്ടാന്റെ പതിനൊന്നാം പഞ്ചവൽസര പദ്ധതിയിലേക്ക് ഇന്ത്യയുടെ വലിയൊരു സംഭാവനയുണ്ട്. അയ്യായിരം കോടി രൂപയുടെ സംഭാവന ഈ കാലയളവിൽ ഇന്ത്യ നടത്തും.

നിരവധി മേഖലകളിൽ ധാരണാപത്രങ്ങൾ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഭൂട്ടാൻ സന്ദർശനത്തിൽ പത്ത് ധാരണാപത്രങ്ങളാണ് ഒപ്പു വെക്കപ്പെട്ടത്. ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഇൻഫർമേഷൻ ടെക്നോളജി, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഈ ധാരണാപത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

ബഹിരാകാശ നയതന്ത്രം

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ജിസാറ്റ്-9 അഥവാ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന ജിയോസ്റ്റേഷനറി സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിച്ചത്. 2017ൽ വിക്ഷേപിക്കപ്പെട്ട ഈ സാറ്റലൈറ്റ് ഇന്ത്യയുടെ ‘അയൽജീവിതം ആദ്യം’ എന്ന നയത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീ‌പുകൾ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് ഈ സാറ്റലൈറ്റിന്റെ സേവനം ഉപയോഗിക്കാം. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും ടെലിവിഷൻ സംപ്രേഷണത്തിനും ടെലി എജുക്കേഷൻ പദ്ധതികൾക്കുമെല്ലാം ഈ സാറ്റലൈറ്റിന്റെ സേവന അയൽരാജ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം. പാകിസ്താൻ ഈ സാറ്റലൈറ്റിന്റെ നിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടായിരുന്നെങ്കിലും സഹകരിച്ചുള്ള നിർമാണത്തിന് ഇന്ത്യക്ക് താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പിൻവാങ്ങുകയായിരുന്നു.

ദേശീയ ടെലിവിഷൻ ബ്രോഡ്കാസ്റ്റ്, അടിയന്തിര ആശയവിനിമയം, ആഭ്യന്തര-അന്തർദ്ദേശീയ ശബ്ദവിനിമയങ്ങളുടെ ബാക്കപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഭൂട്ടാൻ ഈ സൗകര്യം ഉപയോഗിക്കുന്നു.

ഇന്ത്യ-ചൈന ബന്ധത്തിൽ ഭൂട്ടാന്റെ ഇടമെന്ത്?‌

ദോക്‌ലാം വിഷയത്തിൽ ഇന്ത്യ ഭൂട്ടാനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്നു. ചൈനീസ് സർക്കാർ ദോക്‌ലാം പീഠഭൂമിയിൽ ഒരു റോഡ് നിർമാണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ദോക്‌ലാമിൽ നിലവിലുള്ള സ്ഥിതി തുടരണമെന്ന പക്വമായ നിലപാട് ഭൂട്ടാന്‍ സ്വീകരിച്ചു. ഇന്ത്യ അതിന് പിന്തുണ നൽകി. ഭൂട്ടാൻ ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യ അങ്ങോട്ട് സൈന്യത്തെ അയച്ചു. എന്നാൽ പിന്നീട് ഈ സൈന്യത്തെ പിൻവലിക്കണമെന്ന് ഭൂട്ടാൻ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ ഭൂട്ടാന്റെ സഹായമെന്ത്?

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമാണ് ഭൂട്ടാന്‍. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യാൻ ഭൂട്ടാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇന്ത്യയെ ഏറെ സഹായിക്കുന്നുണ്ട്.

ചൈനാ കാർഡ്

ശ്രീലങ്കയും നേപ്പാളുമടക്കമുള്ള അയൽരാജ്യങ്ങൾ ഇന്ത്യ-ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഏപ്പോഴും മുതലെടുത്തു കൊണ്ടിരിക്കുന്നവരാണ്. ചൈനയുടെ പല ഓഫറുകളിലും ഇക്കൂട്ടർ വീണു പോയിട്ടുണ്ട്. എന്നാൽ ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത അയൽരാജ്യമാണ് ഭൂട്ടാൻ. ദോക്‌ലാമുമായി ബന്ധപ്പെട്ട് ചൈന വലിയ ചില ഓഫറുകൾ ഭൂട്ടാനു മുമ്പിൽ വെച്ചിരുന്നു. എന്നാൽ ഭൂട്ടാൻ അത് സ്വീകരിക്കുകയുണ്ടായില്ല. പക്വതയുള്ള അയൽവാസിയാണ് ഇന്ത്യക്ക് ഭൂട്ടാൻ.

Share on

മറ്റുവാർത്തകൾ