UPDATES

Explainer: സ്പെയിനില്‍ ഇടതുപക്ഷം അധികാരത്തിലേക്ക്; മുസ്ലിം വിരോധി ‘സ്പാനിഷ് ട്രംപ്’ പ്രതിപക്ഷത്ത്: എന്താണ് സ്പെയിനിൽ സംഭവിക്കുന്നത്?

എക്സ്പ്ലെയിനര്‍

ട്രംപിനെയും, മോദിയെയും പോലെ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ അതിവിദഗ്ധനാണ് അബാസ്കൽ. ഇരുവരെയും പോലെ ദേശീയവികാരങ്ങൾ ആളിക്കത്തിക്കുന്ന ഏർപ്പാടുകൾ അബാസ്കൽ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടെ തീവ്ര വലതുപക്ഷ ആശയഗതികള്‍ക്ക് ലോകത്തുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ള മുന്നേറ്റം വലിയതാണ്. ഇന്ത്യയും യുഎസ്സും അടക്കമുള്ള നിരവധി ജനാധിപത്യ രാജ്യങ്ങളിൽ ഈ ആശയഗതി അധികാരം പിടിച്ചടക്കുക വരെ ചെയ്തു. ഇപ്പോഴും ഇവരുടെ മുന്നേറ്റം തുടരുക തന്നെയാണെന്ന് കരുതണം. ഇക്കഴിഞ്ഞദിവസം പുറത്തുവന്ന സ്പെയിൻ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഈ സൂചന വ്യക്തമായി നൽകുന്നു. തീവ്രവലത് കക്ഷിയായ വോക്സ് പാർട്ടി ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 24 സീറ്റുകളാണ് ഇവർ സ്വന്തമാക്കിയത്.

വോക്സിന്റെ ജനനം എങ്ങനെ?

ഏതൊരു തീവ്രവലത് കക്ഷിയെയും പോലെ ഫോക്സ് പാർട്ടിയുടെയും ജനനം നിലവിലുള്ള ഒരു യാഥാസ്ഥിതിക വലത് കക്ഷിയിൽ നിന്നായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വളരെയേറെ പിന്നാക്കം പോയ ‘പീപ്പിൾസ് പാർട്ടി’യിലെ അതൃപ്തരായ അംഗങ്ങൾ ചേർന്നാണ് വോക്സ് പാർട്ടി രൂപീകരിച്ചത്. പീപ്പിൾസ് പാർട്ടിക്കെതിരെ പൊതുവിലും പാര്‍ട്ടിക്കകത്തും ഉരുവം കൊണ്ടിരുന്ന അതൃപ്തിയാണ് വോക്സ് പാർട്ടി മുതലെടുത്തത്. അഴിമതിയും സ്വജനപക്ഷപാതവും, പാർട്ടിയിലെ ഉദ്യോഗസ്ഥവൽക്കരണവുമെല്ലാം ഈ പാർട്ടിക്കെതിരെ ജനവികാരമുയർത്തുന്നതിൽ പങ്കു വഹിച്ച ഘടകങ്ങളാണ്. ഇതിനിടയിലേക്കാണ് ജനകീയമെന്ന് തോന്നിക്കുന്ന മുദ്രാവാക്യങ്ങളും വാചോടോപങ്ങളുമായി വോക്സ് പാർട്ടി കടന്നുവരുന്നത്. മുസ്ലിം വിദ്വേഷം, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തോടുള്ള വിരോധം, സ്വവർഗവിവാഹ വിരോധം, സാംസ്കാരിക വൈവിധ്യ വിരോധം തുടങ്ങിയ ആശയങ്ങളാണ് ജനപ്രിയമായ രീതിയിൽ വോക്സ് പാർട്ടി അവതരിപ്പിച്ചത്.

2013ൽ രൂപീകരിക്കപ്പെട്ട ഈ കക്ഷി 2018 ഡിസംബറിൽ സ്പെയിനിന്റെ സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ആൻഡലൂസിയയിൽ നടന്ന പ്രദേശിക തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 10.9 ശതമാനം സ്വന്തമാക്കാൻ വോക്സിന് സാധിച്ചു. ആൻഡലൂസിയൻ പാർലമെന്റിലേക്ക് വോക്സിന്റെ 12 മെമ്പർമാരാണ് ഈ തെരഞ്ഞെടുപ്പിലൂടെ എത്തിച്ചേർന്നത്. ഇതാദ്യമായിട്ടായിരുന്നു സ്പെയിനിൽ ബാലറ്റിലൂടെ ഒരു തീവ്രവലതു കക്ഷി അധികാരസ്ഥാനങ്ങളിലെത്തുന്നത്.

ആരാണ് വോക്സിനെ നയിക്കുന്ന ‘സ്പെയിനിന്റെ ട്രംപ്’?

‘സ്പെയിനിന്റെ ട്രംപ്’ എന്ന വിശേഷണം പടിഞ്ഞാറൻ മാധ്യമങ്ങളുടേതാണ്. ഇരുവരുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനുമുള്ള സാമ്യം തന്നെയാണ് ഈ വിളിക്കു പിന്നിൽ. ഇക്കാലമത്രയും പിന്തുടർന്നു പോന്ന രാഷ്ട്രീയ മൂല്യങ്ങളെ മൊത്തം അട്ടിമറിച്ചു കൊണ്ടുള്ള ട്രംപിന്റെ പെരുമാറ്റങ്ങൾ അറ്റ്ലാന്റിക് തീരങ്ങളിലുടനീളമുണ്ടാക്കിയ അലകൾ ചെറുതല്ലെന്നും ഈ വിശേഷണം നമ്മെ ഓർമിപ്പിക്കുന്നു. സാന്റിയാഗോ അബാസ്കൽ എന്ന 43കാരനാണ് വോക്സിനെ നയിക്കുന്നത്. ട്രംപിന്റെ സാമൂഹിക പുനസ്ഥാപന മൂല്യങ്ങളിലും നിയമപാലന ക്രമത്തിലും താൻ ആകൃഷ്ടനാണെന്നും അതാണ് തന്റെ മാതൃകയെന്നും അബാസ്കൽ ഒരിക്കൽ പറയുകയുണ്ടായി. ട്രംപിന്റെ 2016 തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിച്ച സ്റ്റീവ് ബാനണിൽ നിന്നും താൻ ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും അബാസ്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ട്രംപിനെയും, മോദിയെയും പോലെ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ അതിവിദഗ്ധനാണ് അബാസ്കൽ. ഇരുവരെയും പോലെ ദേശീയവികാരങ്ങൾ ആളിക്കത്തിക്കുന്ന ഏർപ്പാടുകൾ അബാസ്കൽ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു. സ്പെയിനിന്റെ വടക്കേ മുനമ്പിലുള്ള ബ്രിട്ടീഷ് പ്രദേശമായ റോക്ക് ഓഫ് ജിബ്രാൾട്ടറിൽ സ്പാനിഷ് പതാക ഉയർത്തിയ അബാസ്കലിന്റെ നടപടി ഇത്തരത്തിലുള്ള ഒന്നായിരുന്നു. സ്പാനിഷ് ആയിരിക്കുന്നതിന്റെ അഭിമാനത്തെക്കുറിച്ചാണ് എപ്പോഴും ഇദ്ദേഹത്തിന്റെ സംസാരങ്ങൾ.

കാറ്റലൻ മുന്നേറ്റത്തോടുള്ള സമീപനം

സ്വാഭാവികമായും വോക്സ് പാർട്ടി കാറ്റലോണിയയുടെ സ്വാതന്ത്ര്യ വാദത്തെ അംഗീകരിക്കുന്നില്ല. നിലവിലെ സ്വയംഭരണ സംവിധാനത്തെപ്പോലും അംഗീകരിക്കുന്നില്ല. അധികാരകേന്ദ്രീകരണമാണ് വോക്സ് പാർട്ടിയുടെ നയം. ലിബറൽ നയങ്ങള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായി വോക്സ് പാർട്ടി പറയുന്നു. കാറ്റലൺ ഹിതപരിശോധനയ്ക്കു പിന്നാലെയാണ് വോക്സ് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയതും നേട്ടം കൊയ്തതുമെന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. കാറ്റലൻ സ്വാതന്ത്ര്യവാദം സ്പാനിഷ് സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ള ഭിന്നതയെ മുതലെടുക്കാൻ ഈ പാർട്ടിക്ക് സാധിച്ചു. ബാസ്ക്, കാറ്റലൻ ദേശീയതാവാദത്തെയാണ് തങ്ങളുടെ ശത്രുക്കളായി വോക്സ് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഈ രണ്ട് സ്വാതന്ത്ര്യവാദങ്ങളിലുമുള്ള വംശപരമായ ഔന്നത്യം പറച്ചിലിന്റെ പശ്ചാത്തലം വോക്സ് പാർട്ടിക്ക് വളമായി മാറിയിട്ടുണ്ടെന്ന് പറയാതിരിക്കാൻ വയ്യ. ബാസ്ക് ദേശീയതാവാദികൾ പറയുന്നത് തങ്ങളുടെ വംശത്തിന് തികച്ചും വ്യത്യസ്തമായ ഒരു ജനിതക സവിശേഷതയുണ്ടെന്നാണ്. കാറ്റലൺ നേതാവായ ക്വിം ടോറ സ്പെയിൻകാരുടെ ജനിതകത്തിൽ കേടുണ്ടെന്ന് പറഞ്ഞ സംഭവവും ഓർക്കേണ്ടതുണ്ട്. ഈ വരേണ്യതാ വാദത്തിന്റെ പ്രത്യാഘാതം കൂടി തീവ്രദേശീയവാദത്തിന്റെ വളർച്ചയുടെ കാരണങ്ങളിൽ പെടുത്തേണ്ടി വരും.

എങ്ങനെയായിരുന്നു 2019ലെ വോക്സ് മുന്നേറ്റം?

വലതുപക്ഷ പാര്‍ട്ടികളായ പീപ്പിള്‍സ് പാര്‍ട്ടിയുടെയും സിറ്റിസണ്‍സിന്റെയും വോട്ടുകളാണ് വോക്സ് പിടിച്ചെടുത്തത്. ഈ രണ്ട് പാർട്ടികൾക്കും രാജ്യത്തിനകത്തെ ദേശീയതാവാദങ്ങളെ പിടിച്ചു നിർത്താനായില്ലെന്ന പൊതു നൈരാശ്യത്തെ വോട്ടാക്കി മാറ്റാൻ വോക്സിന് സാധിച്ചു.

സോഷ്യൽ ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിനു പിന്നിൽ?

Podemos എന്നും PSOE എന്നും പേരായ രണ്ട് കക്ഷികൾക്കാണ് ഏറ്റവുമധികം സീറ്റുകൾ നേടി അധികാരത്തിലേക്ക് കയറാനുള്ള സാധ്യത കൽപ്പിക്കപ്പെട്ടിരിക്കുന്നത്. 350 സീറ്റില്‍ PSOE 123 സീറ്റിലും പൊഡെമോസ് 42 സീറ്റിലും വിജയിച്ചു. നിലവിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആയിരിക്കും നേതാവ്. വ്യവസായ വിപ്ലവത്തെത്തുടർന്ന് രൂപീകൃതമായ ഒരു തൊഴിലാളി വർഗ പാർട്ടിയാണ് പിഎസ്ഒഇ. തുടക്കത്തിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോടായിരുന്നു ഈ പാർട്ടിയുടെ കൂറ്. തൊഴിലാളി വർഗ സർവ്വാധിപത്യം ലക്ഷ്യമായിരുന്നു. പിന്നീടിത് സോഷ്യൽ ഡെമോക്രസിയിലേക്ക് മാറി. നിലവിൽ ഈ കക്ഷി തൊഴിലാളി വർഗ്ഗ വിപ്ലവലക്ഷ്യമുള്ള ഒരു കമ്മ്യൂണിസ്റ്റ് കക്ഷിയല്ല. ഇടത് മധ്യമമാർഗം പുലർത്തുന്ന ഒരു പുരോഗമന സോഷ്യൽ ഡെമോക്രാറ്റിക് കക്ഷിയാണ്. പോഡ്മോസ് പാർട്ടിക്ക് ഇവരോട് ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു ലിബറൽ ഇടതു നിലപാട് പുലർത്തുന്ന കൂട്ടര്‍ തന്നെയാണെന്നു പറയാം. സാമ്പത്തിക ആഗോളീകരണത്തിന്റെ കെടുതികളിൽ നിന്നും ലോകത്തെ രക്ഷിക്കണമെന്നാണ് ഇവർ കരുതുന്നത്. എന്നാൽ ആഗോളതലത്തിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരസഹകരണം ആവശ്യമാണുതാനും. ഇതിനിടയിൽ തൊഴിലില്ലായ്മാ പ്രശ്നങ്ങളും തൊഴിലാളികളുടെ പ്രശ്നങ്ങളുമെല്ലാം ഉയർത്തിക്കാട്ടുന്ന ഒരു ‘ഇടത് ജനകീയമുഖം’ ഈ പാർട്ടിക്കുണ്ട്. അഴിമതിക്കെതിരായി സ്പെയിനിലെ യുവാക്കൾ നിരത്തുകളിലിറങ്ങിയ സന്ദർഭത്തിൽ സംഭവിച്ചതാണ് ഈ പാർട്ടി. ഏതാണ്ടൊരു ന്യൂജൻ സോഷ്യൽ ഡെമോക്രാറ്റിക് കക്ഷി എന്നു വിളിക്കാം. 2014ൽ രൂപീകരിക്കപ്പെട്ട ഈ കക്ഷിക്ക് 42 സീറ്റാണ് ലഭിച്ചിരിക്കുന്നത്. വലിയ പങ്കും യുവാക്കളുടെ വോട്ടാണ്. അക്കാദമീഷ്യൻമാരുടെ ഒരു ചെറിയ സംഘമാണ് ഈ നിലയിൽ വളർന്നെത്തിയതെന്നു കാണണം. ചുരുക്കത്തിൽ സ്പെയിനിന്റെ ഇന്നത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണയിക്കുന്നത് പുതുതായി രൂപം കൊണ്ടിട്ടുള്ള രണ്ട് പാർട്ടികളാണെന്ന് കാണാം. Podemosഉം വോക്സും.

Share on

മറ്റുവാർത്തകൾ