അരാംകോയിലെ ആക്രമണം സംബന്ധിച്ച് അന്വേഷണത്തിനായി ആഗോളതലത്തിൽ വിദഗ്ധരെ ക്ഷണിച്ചിരിക്കുകയാണ് സൗദി.
സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളിൽ നടന്ന ഡ്രോൺ ആക്രമണം രാജ്യത്തു നിന്നുള്ള എണ്ണം ഉൽപാദനത്തെ ഭാഗികമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ സ്തംഭനം മാറി സ്ഥിതി പൂർവ്വസ്ഥിതിയിലാകാൻ എത്ര സമയമെടുക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ശനിയാഴ്ചയാണ് (സെപ്തംബർ 14) ആക്രമണം നടന്നത്.
ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം നടത്തിയ സ്‌കഡ് മിസൈല്‍ ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സംഭവത്തിന്റെ ഗൗരവം ഇതിൽ നിന്നു തന്നെ വ്യക്തമാണ്.
എവിടെയാണ് ആക്രമണമുണ്ടായത്?
ഖുറൈസ്, അബ്‌കൈബ് ജില്ലകളിലെ രണ്ട് പ്‌ളാന്റുകളിലാണ് ആക്രമണമുണ്ടായത്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നിന്ന് 500 മൈലിലധികം ദൂരമാണ് ഇവിടേയ്ക്കുള്ളത്. സൗദിയുടെ എണ്ണ കേന്ദ്രങ്ങളേയും വ്യോമ താവളങ്ങളേയും വിമാനത്താവളങ്ങളേയുമെല്ലാം ലക്ഷ്യമിട്ട് നേരത്തെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ഖുറെയ്‌സിലെ ഓയില്‍ പ്ലാന്റില്‍ 15 ലക്ഷം ബാരല്‍ എണ്ണയാണ് ശരാശരി പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. അബ്‌ക്വെയ്ക്കിലേത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന സംവിധാനമാണ്. അബ്‌ക്വേയ്ക്കിലെ 15 കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടായതായി യുഎസ് ഗവണ്‍മെന്‌റ് കരുതുന്നു.
എങ്ങനെയാണ് ആഗോളവിപണിയിൽ ഈ ആക്രമണം പ്രതിഫലിക്കുന്നത്?
ആക്രമണത്തെത്തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന് തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അതിനിടെ, ആവശ്യമെങ്കില്‍ യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതായും, ആഗോള എണ്ണ വിതരണം സുഗമമാക്കുന്നതിനായി എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഭാഗമായി എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 5.7 മില്ല്യണ്‍ ബാരല്‍ കുറവുണ്ടാകുമെന്നാണ് അരാംകോ പറയുന്നത്. അത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിന്റെ പകുതിയോളം വരും. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി.
എന്താണ് അരാംകോയുടെ അവസ്ഥ?
അരാംകോ വൻ പ്രതിസന്ധിയിലാണ് ചെന്നു പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ അരാംകോയ്ക്ക് സാധിച്ചാൽപ്പോലും തങ്ങളുടെ പ്ലാന്റുകൾ തുടർന്നും ആക്രമണങ്ങൾക്ക് ലക്ഷ്യമാകില്ലെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നൽകാൻ അവർക്ക് സാധിക്കണം.
അരാംകോയുടെ 2 ട്രില്യൺ ഡോളറിന്റെ ഓഹരികൾ പൊതുവിപണിയിലെത്തിക്കാൻ സൗദി തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ ആക്രമണം നടക്കുന്നത്. അധികം റിസ്കെടുക്കുന്നതിന് തങ്ങൾക്ക് കൂടുതൽ ലാഭവിഹിതം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ആരാണ് ആക്രമണം നടത്തിയത്?
ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പത്ത് ഡ്രോണുകളുപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഹൂതികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. തങ്ങൾ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയും അവർ മുഴക്കുകയുണ്ടായി. തങ്ങളുടെ അൽ മാസിറാ ടിവി ചാനലിലൂടെയാണ് ഹൂതികൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
‘തിരിച്ചടിക്കാൻ’ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ആക്രമണത്തെ സംബന്ധിച്ച് ഹൂതികൾ പറയുന്നത്. തങ്ങളുടെ പൗരന്മാരെ കഴിഞ്ഞ അഞ്ചു വർഷമായി സൗദി കൊന്നു തീര്‍ക്കുകയാണ്.
എന്താണ് സൗദിയുടെ പ്രതികരണം?
‘ആഗോള ഊർജ്ജ സുരക്ഷിതത്വ’ത്തിനെതിരെ നടക്കുന്ന ആക്രമണമെന്നാണ് സൗദി ഹൂതി ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ‘ഭീകരാക്രമണം’ നടത്തിയവരെ അന്വേഷണത്തിലൂടെ തിരിച്ചറിയുമെന്നും സൗദി പറയുന്നു. തങ്ങളുടെ ഇനിയുള്ള നടപടികൾ ദേശീയ സ്വത്തിനെ സംരക്ഷിക്കാനും, അന്താരാഷ്ട്ര ഊര്‍ജ്ജ സുരക്ഷ വർധിപ്പിക്കാനും, ലോക സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത നിലനിർത്താനും വേണ്ടിയുള്ളതായിരിക്കുമെന്ന് സൗദി അവകാശപ്പെട്ടു.
എന്താണ് സൗദിയും ഹൂതികളും തമ്മിൽ?
യമൻ പ്രസിഡണ്ട് അബ്ദ് റബ്ബ് മൻസൂർ ഹാദിയെ സ്ഥാനഭ്രഷ്ടനാക്കിയ ഹൂതികൾക്കെതിരെ 2015 മാർച്ച് മാസത്തിൽ സൗദിയും സഖ്യസേനകളും ആക്രമണം സംഘടിപ്പിച്ചിരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗദിക്കെതിരെ ഇതിനു ശേഷം ഹൂതികൾ നിരന്തരമായ ആക്രമണങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഈയടുത്ത കാലത്ത് സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണുകൾ പറന്നെത്തിയത് വ്യോമയാന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്താണ് അമേരിക്കയുടെ നിലപാട്?
അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുകയുണ്ടായി. ‘മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് ലോകത്തിന്റെ ഊര്‍ജ്ജവിതരണ കേന്ദ്രം ഇറാന്‍ അക്രമിച്ചിരിക്കുന്നതെന്ന്’ പോംപിയോ പറഞ്ഞു. ‘സൗദി അറേബ്യയ്ക്കെതിരായ നൂറോളം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ടെഹ്റാനാണ്. എന്നിരിക്കെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും വിദേശകാര്യമന്ത്രി ജവാദ് സരിഫും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി നടിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്താണ് ഇറാന്റെ നിലപാട്?
ഇറാനുമേല്‍ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് ആയത്തൊള്ള അലി ഖാംമ്നെയി പ്രസ്താവിച്ചിട്ടുണ്ട്. ഇതിന് തങ്ങൾ വഴിപ്പെടില്ല. യുഎസ്സുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്കോ നീക്കുപോക്കുകൾക്കോ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുഎസ് തങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനും ആണവ ഉടമ്പടിയിലേക്ക് തിരിച്ചുവരാനും തയ്യാറാകുകയാണെങ്കിൽ രണ്ട് രാജ്യങളും തമ്മിലുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അന്വേഷണം
അരാംകോയിലെ ആക്രമണം സംബന്ധിച്ച് അന്വേഷണത്തിനായി ആഗോളതലത്തിൽ വിദഗ്ധരെ ക്ഷണിച്ചിരിക്കുകയാണ് സൗദി. ഇറാനിയൻ ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി സൗദി പറയുന്നു. അന്വേഷണത്തിനായി ഐക്യരാഷ്ട്രസഭയെയും ക്ഷണിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ട്രംപ് പറയുന്നത്?
‘കണ്ടിട്ട് ഇറാന്റെ ആക്രമണം പോലെയുണ്ട്’ എന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ പ്രതികരണം. കൃത്യമായ തെളിവ് കിട്ടാതെ തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.