UPDATES

Explainer: രണ്ട് പതിറ്റാണ്ടിലധികം കേസ് നടത്തിയ പിതാവ് വിടവാങ്ങി; ഇൻക്വസ്റ്റ് തയ്യാറാക്കിയ പൊലീസുകാരൻ ആത്മഹത്യ ചെയ്തു; അഭയ കേസിൽ 27 വർഷത്തിനു ശേഷം വിചാരണ തുടങ്ങുമ്പോൾ

വീഡിയോ

2008 നവംബറിലായിരുന്നു സിസ്റ്റർ അഭയ കൊലക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വിവി അഗസ്റ്റിന്റെ ആത്മഹത്യ.

രാജ്യത്തിന്റെ നീതിന്യായ സംവിധാനം ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെടുന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. എന്നിരിക്കിലും കേരളീയരെ സംബന്ധിച്ചിടത്തോളം അഭയ കേസിനോളം തെളിച്ചമുള്ള മറ്റൊരുദാഹരണം കിട്ടുക പ്രയാസമാണ്. കുറ്റവാളികൾ ആരാണെന്നതിൽ പൊതുസമൂഹത്തിന് അവ്യക്തതകളണ്ടെന്ന് കരുതാനാകില്ല. പക്ഷെ, നിയമത്തിനു ഇനിയും എത്താതിരിക്കാൻ മാത്രം ശക്തരായി ആ കുറ്റവാളികൾ തുടരുന്നു. അഭയ ഇന്ന് ജീവിച്ചിരുന്നെങ്കിൽ 40 വയസ്സുണ്ടാകുമായിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ രണ്ട് പതിറ്റാണ്ടിലധികം പോരാടിയ പിതാവ് തലയോലപ്പറമ്പ് ഐക്കരക്കുന്നേൽ തോമസ് ഇന്നില്ല.

അഭയ കേസിലെ വിചാരണ തുടങ്ങിയെന്ന വാർത്ത വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഒരൈറ്റമായി വാർത്താമാധ്യമങ്ങളിൽ വന്നത് ഇന്നലെയാണ്. അതായത് ജൂലൈ 11ന്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങിയത്. ഒന്നാംപ്രതി ഫാദർ തോമസ് എം കോട്ടൂർ, മൂന്നാംപ്രതി സിസ്റ്റർ സ്റ്റെഫി എന്നിവരുടെ വിചാരണയാണ് തുടങ്ങിയിരിക്കുന്നത്.

സിസ്റ്റർ സ്റ്റെഫി ഹാജരാകാതിരുന്നതിനാല്‍ കേസ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചാംതിയ്യതി ഹാജരായിരിക്കണമെന്ന് കോടതി കർശന നിർദ്ദേശം തുടങ്ങിയിട്ടുണ്ട്. രണ്ടാംപ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ ഇതേ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. 2019 ഏപ്രിൽ മാസത്തിലായിരുന്നു കേരളാ ഹൈക്കോടതി ഇരുവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഉത്തരവിട്ടത്.

ഈ കേസിൽ ഏറ്റവുമൊടുവിൽ നടന്ന നിർണായകമായ നീക്കം അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതി ചേര്‍ത്തതാണ്. 2018 ജനുവരി മാസത്തിലായിരുന്നു ഇത്. ഇദ്ദേഹമാണ് ആദ്യം അഭയ കേസ് അന്വേഷിച്ചതും ആത്മഹത്യയാണെന്ന ആദ്യ വിധിയെഴുത്ത് നടത്തിയതും. അഭയയുടെ ശിരോവസ്ത്രം, ചെരിപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണൽ ഓഫീസർ കിഷോർ ഐഎഎസ്സിൽ നിന്നും എഴുതി വാങ്ങിയത് മൈക്കേലായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതാകുകയും ചെയ്തു.

1997 മാർച്ച് മാസത്തിൽ അഭയ കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസന്വേഷണം ആദ്യം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കെടി മൈക്കൈലിനെ പേരെടുത്ത് വിമർശിക്കുകയുമുണ്ടായി. ഈ പരാമർശങ്ങൾ പിന്നീട് ഹൈക്കോടതി നീക്കം ചെയ്യുകയാണുണ്ടായത്. കേസിനു പിന്നാലെ എല്ലാക്കാലത്തും ശക്തമായ ചില സ്ഥാപനങ്ങള്‍ നീങ്ങുന്നുണ്ടായിരുന്നു.

എന്തുകൊണ്ടാണ് വർഗീസ് പി തോമസ് രാജി വെച്ചത്?

സിബിഐ ഓഫീസറായിരുന്ന വർഗീസ് പി തോമസ്സാണ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തിൽ ആദ്യം എത്തിച്ചേർന്നത്. തന്റെ കേസ് ഡയറിയിൽ അദ്ദേഹം ഇക്കാര്യം എഴുതിവെക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇദ്ദേഹം രാജി വെച്ചതായുള്ള വാർത്തയാണ് വരുന്നത്. 1993ലായിരുന്നു ഇത്. രാജിയുടെ കാരണം അന്ന് ദുരൂഹമായിരുന്നു. പിന്നീടീ ദുരൂഹത അവസാനിച്ചത് 2994 ജനുവരി മാസത്തിൽ അദ്ദേഹം ഒരു വാർത്താസമ്മേളനം വിളിച്ചപ്പോഴാണ്. കൊച്ചിയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ രാജിയുടെ കാരണമായി പറഞ്ഞത് അഭയ കേസാണ്. കേസിൽ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവർത്തിക്കാൻ സാധിക്കാത്ത വിധത്തിലുള്ള ചില നിർദ്ദേശങ്ങൾ തന്റെ മേലുദ്യോഗസ്ഥനും സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി ത്യാഗരാജനിൽ നിന്നും വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേസ് ഡയറിയിൽ അഭയയുടേത് ആത്മഹത്യയാണെന്ന് എഴുതി വെക്കാനാണ് ത്യാഗരാജൻ നിർദ്ദേശിച്ചത്. ഇത് വലിയ കോളിളക്കമുണ്ടാക്കി. കേരളത്തിലെ എല്ലാ എംപിമാരും ചേർന്ന് അന്നത്തെ സിബിഐ ഡയറക്ടർ കെ വിജയരാമ റാവുവിന് പരാതി നൽകി. ത്യാഗരാജനെ ചുമതലയിൽ നിന്നും മാറ്റി, എംഎൽ ശർമ പകരം വന്നത് ഇങ്ങനെയാണ്.

ഉദ്യോഗസ്ഥർക്കിടയിലും ജുഡീഷ്യറിയിലും രാഷ്ട്രീയക്കാർക്കിടയിലും മാധ്യമങ്ങളിലുമെല്ലാം ശക്തമായ സ്വാധീനമുള്ള സ്ഥാപനങ്ങൾ ഒരു മാഫിയാ സംഘം പോലെ പ്രവർത്തിച്ചതിന്റെ ഫലമാണ് കേസ് വിചാരണയിലെത്താൻ ഇത്രയധികം വൈകിയത്. കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണം നടത്താനും അവരെ ശിക്ഷിക്കാനുമുള്ള അധികാരങ്ങൾ തങ്ങളിൽ നിക്ഷിപ്തമാണെന്നും ഈ സ്ഥാപനങ്ങൾ പറയാതെ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ നടത്തിയ വലിയൊരു ശ്രമത്തിന്റെ ബാക്കിയാണ് കേടതിയിൽ ഇഴഞ്ഞു നീക്കിക്കൊണ്ടിരിക്കുന്ന ഈ കേസ്.

എന്തായിരുന്നു കേസിനാസ്പദമായ സംഭവം?

കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് ഇന്ന് മലയാളികൾക്കെല്ലാം പരിചിതമാണ്. ഇവിടെയാണ് 1992 മാർച്ച് 27ന് സിസ്റ്റർ അഭയ എന്ന രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർത്ഥിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു.

എന്തായിരുന്നു കേസന്വേഷിച്ച എഎസ്ഐ വിവി അഗസ്റ്റിന്റെ മരണത്തിനു പിന്നിൽ?

2008 നവംബറിലായിരുന്നു സിസ്റ്റർ അഭയ കൊലക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വിവി അഗസ്റ്റിന്റെ ആത്മഹത്യ. കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചായിരുന്നു ആത്മഹത്യ. ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ വെച്ച്. തന്റെ മരണത്തിന് ഉത്തരവാദികൾ സിബിഐയാണെന്ന് കത്തെഴുതി വെച്ചിരുന്നു വിവി അഗസ്റ്റിൻ. അഭയയുടെ മരണം നടന്നതിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന അഗസ്റ്റിനായിരുന്നു. ഇദ്ദേഹമാണ് പല തെളിവുകളും അന്ന നശിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇടയ്ക്കൊരു ഘട്ടത്തിൽ മാപ്പുസാക്ഷിയാകാനും ഇദ്ദേഹം തയ്യാറായി. എന്നാൽ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. താൻ കടന്നുപോകുന്ന സമ്മർദ്ദങ്ങളിലേക്ക് ഈ നിലപാട് മാറ്റങ്ങൾ സൂചന നൽകിയിരുന്നു. കേസിൽ അഗസ്റ്റിന്റെ മൊഴികളിലുള്ള വൈരുദ്ധ്യം സിബിഐ കണ്ടെത്തിയിരുന്നു.

2008ലെ സംഭവവികാസങ്ങൾ

2008ലാണ് കേസിൽ സുപ്രധാനമായ വഴിത്തിരിവുകളുണ്ടായത്. നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. 2008 നവംബർ 18ന് സഞ്ജു മാത്യു വിശദമായ മൊഴി നൽകിയിരുന്നു. ഇതേ നവംബർ മാസത്തിൽ തന്നെയാണ് വിവി അഗസ്റ്റിൻ ആത്മഹത്യ ചെയ്തതും. 2008 ഡിസംബർ 29ന് പ്രതികളുടെ ജാമ്യാപേക്ഷ മജിസ്റ്റ്റേറ്റ് തള്ളി.

കേസിൽ കൂടുതൽ വിവാദങ്ങൾ

കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി. 2012 ജൂലൈയിലായിരുന്നു ഇത്. അഭയ കേസ് പ്രതികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായിരുന്നത്. കോളജിലെ ഹിന്ദി അധ്യാപികയായ സിസ്റ്റര്‍ ലൗസിയുമായി പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈയില്‍ എന്നിവര്‍ക്ക് ബന്ധമുണ്ട്. ആര്‍ച്ച്ബിഷപ് കുന്നശ്ശേരിയുമായുള്ള സിസ്റ്ററുടെ ബന്ധത്തിന് ഇരുവരും ഒത്താശ നല്‍കിയിരുന്നതായും സി.ബി.ഐ ആരോപിച്ചു.

ഇക്കഴിഞ്ഞ ദിവസം തുടങ്ങിയ വിചാരണയിൽ കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി ഹാജരാകാത്തതിനെ തുടർന്നാണിത്. ഓഗസ്റ്റ് 5ന് സ്റ്റെഫി ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നും സ്ത്രീകളെ താമസിപ്പിക്കുന്ന സന്യാസീ മഠങ്ങളിൽ സമാനമായ സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. അഭയ കേസിനു ശേഷം സമൂഹം ഇത്തരം കേസുകളിൽ കൂടുതല്‍ കരുതൽ കൊടുക്കുന്നുണ്ടെന്ന് കരുതാവുന്നതാണ്. എങ്കിലും വേട്ടക്കാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ ഇന്നും മുൻകാലത്തേതിനെക്കാൾ കരുത്തോടെ നിലകൊള്ളുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് സ്ത്രീജനങ്ങൾ തെരുവിലിറങ്ങി പൊതുജനങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന ഘട്ടത്തിലേക്കു വരെ കാര്യങ്ങളെത്തിയിട്ടുണ്ട്.

Share on

മറ്റുവാർത്തകൾ