UPDATES

Explainer: ലോകമേ നിന്റെ നെഞ്ചിൻകൂടാണ് കത്തുന്നത്: ആമസോൺ മഴക്കാടുകളിൽ തീയെരിയുമ്പോൾ

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കിയത് ആഴ്ചകൾക്കു മുമ്പാണ്. ആമസോൺ ബ്രസീലിന്റെ മാത്രം സ്വത്താണെന്നും അത് എങ്ങനെ ഉപയോഗിക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് ബോൾസൊനാരോ പറയുന്നത്.

‘ഭൂമിയുടെ ശ്വാസകോശ’മെന്നാണ് ആമസോൺ മഴക്കാടുകളെ വിശേഷിപ്പിക്കാറ്. ഈ വിശേഷണം തന്നെ ആമസോൺ മഴക്കാടുകളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയ വാർത്തകൾ പറയുന്നത് ഈ കാടുകൾ കത്തിയമർന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ ഭീതിതമാണ് ഈ വിവരങ്ങൾ.

എന്താണ് ആമസോൺ മഴക്കാടുകളിൽ ഇപ്പോള്‍ സംഭവിക്കുന്നത്?

തീപിടിത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. ഈ തീപ്പിടിത്തം ഇപ്പോഴും പലയിടങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്.

വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുമുണ്ട്.

എന്താണ് ബ്രസീൽ സർക്കാർ ഈ തീപ്പിടിത്തത്തെ കുറിച്ച് പറയുന്നത്?

എല്ലാ ആധികാരിക വിവരങ്ങളേയും തള്ളിക്കളയുന്ന നിലപാടാണ് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബോള്‍സോനാരോ എടുത്തിരിക്കുന്നത്. കര്‍ഷകര്‍ ഭൂമി വൃത്തിയാക്കാന്‍ കാട് വെട്ടിമാറ്റി തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകയാണിതെന്നാണ് അവകാശവാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ആധികാരികതയുള്ള ഏജന്‍സികൾ പറയുന്നു. വരണ്ട കാലം കാട്ടുതീ ഉണ്ടാവാനും വ്യാപിക്കാനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ മനുഷ്യരാണ് കാടിന് തീയിട്ട് ഇപ്പോഴത്തെ കാട്ടുതീകൾ സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കിയത് ആഴ്ചകൾക്കു മുമ്പാണ്. ആമസോൺ ബ്രസീലിന്റെ മാത്രം സ്വത്താണെന്നും അത് എങ്ങനെ ഉപയോഗിക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് ബോൾസൊനാരോ പറയുന്നത്. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

എന്താണ് തീപ്പിടിത്തങ്ങളുടെ വ്യാപ്തി?

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് ഇന്‍പെ പറയുന്നു. 2013-നു ശേഷം ഉണ്ടായ റെക്കോര്‍ഡു തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്.തീ നിയന്ത്രണാതീതമായതോടെ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായതെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഇൻപെ) പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് വിവരങ്ങള്‍ പറയുന്നത്.

എന്താണ് അന്തർദ്ദേശീയ പ്രതികരണം?

തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുകയുണ്ടായി. ഈ വിഷയം ജി 7 ഉച്ചകോടിയിലെ അജണ്ടയിൽ ഒന്നാമതായി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ‘നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്നത്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ ബ്രസീലിന് പങ്കാളിത്തമില്ലാത്ത ജി7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചർച്ച നടത്താനുള്ള ആഹ്വാനം കൊളോണിയൽ മനോഭാവ’മാണെന്ന് മാക്രോൺ പറയുന്നു. കാട്ടുതീ അപകടകരമാംവിധം വർധിച്ചതോടെ ലോകവ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

‘നമ്മുടെ ഗ്രഹത്തില്‍ 20% ഓക്സിജൻ ഉൽ‌പാദിപ്പിക്കുന്ന ശ്വാസകോശത്തിനാണ് തീപിടിക്കുന്നതെന്ന്’ മാക്രോണ്‍ ട്വീറ്റ് ചെയ്തു.ആമസോണിലെ തീപിടുത്തത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പറഞ്ഞു. ‘ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ നടുവിൽ നിന്നുകൊണ്ട്,ഓക്സിജന്റെയും ജൈവവൈവിധ്യത്തിന്റെയും ഒരു പ്രധാന സ്രോതസ്സ് കൂടുതൽ നശിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ആമസോൺ പരിരക്ഷിക്കണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ആഗോള മാധ്യമങ്ങൾ ആമസോൺ കാടുകളിലെ തീപ്പിടിത്തം റിപ്പോർട്ട് ചെയ്യാത്തതിനെ രൂക്ഷമായി വിമർ‌ശിച്ചാണ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’ – ഡി കാപ്രിയോ കുറിച്ചു.

നിലപാടിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മലയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ്പങ്കുവച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ. 2017ല്‍ അമേരിക്കയില്‍ ട്രംപിനെതിരെ നടന്ന ജനകീയ കാലാവസ്ഥാമാര്‍ച്ചില്‍ താരം പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ആഗോള പരിസ്ഥിതി പ്രക്ഷോഭക സംഘടനകളുടെ തലപ്പത്തുള്ള ഡി കാപ്രിയോ ആഗോളതാപനത്തിനെതിരായ പ്രചാരകൻ കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ #PrayForAmazonia എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.

എന്താണ് ഈ കാട്ടുതീയിലേക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ സംഭാവന?

കാട്ടുതീകളെയും ആഗോളതാപനത്തെയും വകവെക്കാത്ത വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനാണ് ഇന്ന് ലോകത്തെമ്പാടും മുൻതൂക്കം. ഡോണൾഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കൾ ഇത്തരം പ്രശ്നങ്ങളിൽ എടുക്കുന്ന നിലപാടുകൾ എന്നും വനനശീകരണത്തിന് കാരണമാകുന്ന നിലപാടെടുക്കുന്നവർക്ക് അനുകൂലമായിരുന്നു. കാലിഫോർണിയയിലും കാറ്റലോണിയയിലുമെല്ലാം വൻ കാട്ടുതീകളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. കാലിഫോർണിയയിലെ കാട്ടുതീയുടെ കാരണം വനപാലനത്തിലെ പിഴവായാണ് ട്രംപ് കണ്ടത്. വികസനത്തെ തടയുന്ന നീക്കങ്ങളായാണ് കാട്ടുതീ സംബന്ധിച്ച പരിസ്ഥിതി സ്നേഹികളുടെ വാദങ്ങളെ ഇക്കൂട്ടർ വ്യാഖ്യാനിക്കുന്നത്. പരിസ്ഥിതി തീവ്രവാദികളെ ഉപയോഗിച്ച് ഈ കളി വിദഗ്ധമായി കളിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നുമുണ്ട്.

ഈ കാട്ടുതീകൾ ആരെയെല്ലാം ബാധിക്കുന്നു?

എല്ലാവരെയും ബാധിക്കുന്നു എന്നാണുത്തരം. കാലിഫോർണിയയിൽ തീപ്പിടിത്തമുണ്ടായപ്പോൾ ആദ്യം വീടുവിട്ടോടേണ്ടി വന്നവരുടെ കൂട്ടത്തിൽ കിം കർദാഷിയാൻ അടക്കമുള്ള സെലിബ്രിറ്റികളും ഉണ്ടായിരുന്നു.

കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന ഉയർന്ന ചൂടാണ് തീപ്പിടുത്തങ്ങൾക്കെല്ലാം അടിസ്ഥാനപരമായി കാരണമാകുന്നത്. ഈ തീപ്പിടിത്തങ്ങൾ സാമ്പത്തികമാന്ദ്യം അടക്കമുള്ള പ്രതിസന്ധികൾ ഗ്രാമങ്ങളിലുണ്ടാക്കുന്നു. സമ്പന്നർ പണം ചെലവിട്ട് ചൂടിൽ നിന്നും രക്ഷ നേടും. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെടുകയാണ്. ആഗോള താപനത്തിന്‍റെ പ്രത്യാഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ, വെള്ളം, ഭക്ഷണം, പാർപ്പിടം എന്നിവയടക്കമുള്ള അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുമെന്ന് കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എൻ നിയോഗിച്ച ഫിലിപ്പ് ആൽസ്റ്റൺ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ആരോഗ്യ രംഗത്തും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നമ്മള്‍ നേടിയ പുരോഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ആൽസ്റ്റൺ പറയുന്നു. ലോക ജനസംഖ്യയുടെ പകുതിയോളംവരുന്ന ഏറ്റവും ദരിദ്രരായവര്‍ 10% കാർബൺ ഡൈ ഓക്സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. എന്നാല്‍, അതിന്‍റെ 75% വഹിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആമസോണും കേരളവും തമ്മിലെന്ത്?

ആമസോണിൽ നിന്നുമുള്ള ഭൂമിശാസ്ത്രപരമായ അകലം കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതിൽ നിന്നും കേരളത്തെ മാറ്റി നിർത്തില്ല. ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിക്കഴിഞ്ഞിട്ടുള്ള കേരളത്തിൽ കാട്ടുതീയും വലിയ പ്രശ്നമായി വളരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തട്ടേക്കാട് വന്യജീവി സങ്കേതത്തിലുണ്ടായ തീപ്പിടിത്തം ഈ നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കാലവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു തന്നെ വേണം കേരളത്തിലെ വർധിക്കുന്ന കാട്ടുതീകളെക്കുറിച്ചും ചർച്ച ചെയ്യാനെന്നാണ് വിദഗ്ധർ പറയുന്നു. കാട്ടുതീയിൽ അടിക്കാടുകള്‍ കത്തിനശിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു. അടിക്കാടുകള്‍ ക്തതിനശിക്കുകയും കാട്ടുതീയുണ്ടാവുകയും ചെയ്ത മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടായത്. ഇത് ആപത്കരമായ സൂചനയാണെന്നും മാറിയ കാലാവസ്ഥയില്‍ കാട്ടുതീയുടെ പ്രഹരം അടിക്കടിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ഇരയായി മാറിയിട്ടും ഇപ്പോഴും അത്തരം ചർച്ചകളിലേക്ക് പോകാൻ കേരളം തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

Share on

മറ്റുവാർത്തകൾ